Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ലോകത്തിനു വേണ്ടിയുള്ള കഥ പറച്ചിലുകൾ

n-prabhakaran

ചിന്തകളുടെ, സാധാരണവും ചിലപ്പോഴൊക്കെ അസാധാരണവുമാവുന്ന ആശയങ്ങളുടെ സവിശേഷമായ ആഖ്യാനങ്ങളാണ് എന്നും കഥകൾ. സുരക്ഷിതമായ ഇടങ്ങൾ വെടിയുന്നതു കൊണ്ടു തന്നെ അസുഖകരമായതും പലവിധ കാരണങ്ങളാൽ സങ്കീർണ്ണമായതുമായ പ്രമേയ സ്ഥലികൾ കഥകളെ ചടുലവും തീവ്രവുമാക്കുന്നു. അതു തന്നെയാണ് കഥയ്ക്ക് സാംസ്കാരിക പ്രതിരോധത്തിന്റെ സൂക്ഷ്മമായ തലം കൂടി സാധ്യമാക്കുന്നതും.

കലകളെല്ലാമെന്ന പോലെ കഥയും ഒരേ സമയം സാമൂഹികോൽപന്നവും സാമൂഹ്യവിമർശനവുമായിരിക്കും. കല /കഥ ആനന്ദത്തിനുള്ളതാണോ ആലോചനയ്ക്കുള്ളതാണോ എന്ന വിഷയങ്ങളൊന്നും പുതിയ വായനകളിൽ ചർച്ചയ്ക്കുള്ള വിഷയം പോലുമല്ല. ചിന്തയും ആനന്ദവും ഒരേ പോലെ കഥകളിലുണ്ട്, രണ്ടും തമ്മിലുള്ള സംഘർഷമാണ് കലാസൃഷ്ടിയെ വ്യതിരിക്തമാക്കുന്നതെന്ന നിരീക്ഷണങ്ങളുണ്ടാവുന്നുണ്ട്. സാമൂഹ്യ യാഥാർഥ്യങ്ങൾ കഥയെന്ന മാധ്യമത്തിലൂടെ കടന്നുപോരുമ്പോൾ അത് സവിശേഷമായ രാസപരിണാമങ്ങൾക്കു വിധേയമാവുന്നുണ്ടാവണം. അവ കഥയുടെ ഉള്ളടരുകളിൽ വേറിട്ടുനിൽക്കാതെ, സൂക്ഷ്മമായി ഉൾച്ചേരുമ്പോഴാണ് കഥയിലെ ആനന്ദവും ആലോചനയും കൂടുതൽ തീവ്രമായി അനുഭവവേദ്യമാവുക. എൻ. പ്രഭാകരന്റെ പുതിയ കഥകളുടെ ആന്തരഘടന  രൂക്ഷമായിത്തന്നെ അതിന്റെ, സാമൂഹികോല്പന്നമെന്ന അനന്യത സ്ഥാപിക്കുന്നതും സമൂഹവിമർശനമാണതിന്റെ ദൗത്യമെന്നുറപ്പിക്കുന്നതും വളരെ യുക്തിഭദ്രതയോടെയാണ്, ആനന്ദാംശങ്ങളെ ഒട്ടും പോറലേൽപ്പിക്കാതെയുമാണ്.

"ഒരു തോണിയുടെ ആത്മകഥയിൽ നിന്ന് "എന്ന കഥ തന്റെ എഴുത്തു ജീവിതത്തിലെ സുപ്രധാനമായൊരു വഴിത്തിരിവിനെ കുറിക്കുന്ന ഒന്നാണെന്ന് അദ്ദേഹം തന്നെ സമാഹാരത്തിന്റെ ആമുഖക്കുറിപ്പിൽ പറയുന്നുണ്ട്. ഈ സമാഹാരത്തിലെ രണ്ടോ മൂന്നോ കഥകളൊഴിച്ചാൽ മറ്റെല്ലാം ഏതെങ്കിലും തരത്തിൽ കഥാസാഹിത്യത്തിലെ വഴിത്തിരിവുകളോ മാറി നടക്കേണ്ട വഴികളെക്കുറിച്ചുള്ള ആലോചനകളോ ആണ്. ആർക്കു വേണ്ടി എഴുതുന്നു, എന്തിന്, എന്തുകൊണ്ട്, കഥകൾ വായിക്കപ്പെടുന്നതിലെ അപകടകരമായ വ്യതിചലനങ്ങൾ, എഴുതപ്പെട്ട രചനയുടെ സ്വാതന്ത്ര്യം തുടങ്ങി എഴുപതുകൾ മുതൽ മലയാളകഥയിലും നോവലിലും തനിമയുള്ളൊരിടം സൃഷ്ടിച്ചെടുത്ത ഒരെഴുത്തുകാരൻ തീർച്ചയായും ആത്മവിശ്വാസത്തോടെ, ആത്മബോധത്തോടെ പറയേണ്ടുന്ന കാര്യങ്ങൾ മുഴുവനും പ്രകടമായിത്തന്നെ, മയപ്പെടുത്തലുകളില്ലാതെ ആമുഖത്തിൽ പറഞ്ഞുറപ്പിക്കുന്നുമുണ്ട്. കടൽയാത്രകളെ പ്രണയിച്ചതോണി വെറുമൊരു ആമുഖമല്ല, എഴുത്തുകാരന്റെ സ്വത്വത്തെ അദ്ദേഹം തന്നെ കണ്ടെടുക്കലാണ്. ഇത്തരം സ്വയം വിമർശനങ്ങൾ എഴുത്തിനെ, ചിന്തയെ നവീകരിക്കുന്നു. നിലപാടുകളുടെ രാഷ്ട്രീയാടിത്തറയെ ഒന്നു കൂടി ദൃഡപ്പെടുത്തുന്നു.

എൻ. പ്രഭാകരന്റെ കളിയെഴുത്ത് എന്ന ആക്ഷേപഹാസ്യകഥയുയർത്തിയ വിവാദങ്ങൾ ഇനിയും വിസ്മൃതമായിട്ടില്ല. അതിന്റെ തുടർച്ചയായി ധാരാളം ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ക്രീഡാങ്കണം എന്ന സങ്കൽപരാജ്യത്തെ അധ്യാപക പരിശീലന പദ്ധതികളെക്കുറിച്ചുള്ള വിവരണമാണ് കഥ. കഥപറച്ചിലിൽ മനപൂർവ്വം സ്വീകരിച്ചിട്ടുള്ള ചരിത്രാഖ്യാനങ്ങളുടേതായ ഡോക്യുമെന്റേഷൻ രീതി, പുതിയകാല മനുഷ്യരുടെ നിലപാടില്ലായ്മ, ഭീരുത്വം, ചരിത്രപഠനങ്ങളിലെ നിരർത്ഥകത തുടങ്ങി കൗതുകകരമായ പല പുതുമകളും നിരീക്ഷണങ്ങളുമുണ്ടെങ്കിലും ഈ കഥ അതിൽ പറഞ്ഞുവെച്ച പലതും കേരളത്തിലെ അധ്യാപക പരിശീലന പദ്ധതികളെക്കുറിച്ചാണെന്ന വിമർശനങ്ങളുടെ പേരിലാണ് ചർച്ചയായത്. കഥയുടെ സൗന്ദര്യാത്മകവശങ്ങളും ക്രാഫ്റ്റിന്റെ മികവും കാണാതെ പോവുന്നതും എഴുത്തുകാരനെ വ്യക്തിപരമായി അവഹേളിക്കുന്നതിനുള്ള ഉപകരണമായി അയാളുടെ രചനയെത്തന്നെ ഉപയോഗപ്പെടുത്തുന്നതും വായനയിലെ, ആസ്വാദനത്തിലെ നിലവാരമില്ലായ്മ മാത്രമല്ല, എഴുതപ്പെട്ടതിനോടുള്ള അധീശത്വത്തിന്റെ ഭീതി കൂടിയാണ് വെളിപ്പെടുത്തുക. ഭൂരിപക്ഷത്തിന്റെ/ആൾക്കൂട്ടത്തിന്റെ യുക്തികൾ എല്ലായ്പ്പോഴും അധികാരത്തോട്, അതിന്റെ അരാഷ്ട്രീയനിലപാടുകളോട് ചായ്‌വു കാണിക്കുന്നു. എതിർശബ്ദങ്ങളോട് കടുത്ത വിമുഖതയും പ്രകടിപ്പിച്ചേക്കും. അത്തരമൊരു ആൾക്കൂട്ട ഭീകരതയായിരുന്നു കളിയെഴുത്തിനു നേരെ ഉയർന്നു വന്ന ആക്രോശങ്ങൾക്കു പിന്നിലുള്ള മനശാസ്ത്രവും.

സമൂഹത്തിന്റെ സാമൂഹികവും ധൈഷണികവുമായ ജീവിതത്തെ നിർണയിക്കുന്നതിൽ, ക്രമീകരിക്കുന്നതിൽ, വിദ്യാഭ്യാസ പദ്ധതികൾക്ക് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. കേരളമാകട്ടെ, വിദ്യാഭ്യാസത്തിനും അനുബന്ധ പദ്ധതികൾക്കും ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്ന ഇന്ത്യൻ സംസ്ഥാനവും. വിദ്യാഭ്യാസമെന്നത് അറിവുനേടുകയെന്നതിനപ്പുറം, തൊഴിൽ സാധ്യതകളിലൂന്നിയതാണ് മലയാളികൾക്ക്. കഴിഞ്ഞ ഒന്നര ദശകങ്ങളായി ബോധന രീതികളിലും ജ്ഞാനത്തോടുള്ള മനോഭാവത്തിലും സമീപനത്തിലും വന്ന ഗുരുതരമായ മാറ്റങ്ങളുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചുള്ള കഥയാണ് കളിയെഴുത്ത്. വിദ്യാഭ്യാസ രംഗത്തെ യാഥാർഥ്യബോധമില്ലാത്ത പരിഷ്കാരങ്ങൾ പലപ്പോഴും ഒരു തരം യാന്ത്രിക പുനരുത്പാദനപ്രക്രിയയായി മാത്രം വിദ്യാഭ്യാസത്തെ കാണുന്നവയാണ്‌. സർഗ്ഗാത്മകത വളർത്താനും ആന്തരികവും ബാഹ്യവുമായ ശേഷികൾ കണ്ടെത്താനുമൊക്കെ ഉദ്ദേശിച്ചു കൊണ്ട് ആസൂത്രണം ചെയ്യപ്പെട്ടവയെന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പുതിയ ബോധനരീതികൾ യന്ത്രങ്ങളെപ്പോലെ മനുഷ്യനെ കൈകാര്യം ചെയ്യുന്ന സൈന്റിസ(Scientism)ത്തിന്റെ വഴിയിലൂടെയാണ് ചിലപ്പോഴെങ്കിലും സഞ്ചരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസരംഗം കർക്കശമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുന്ന എഴുത്തുകാരൻ അതിൽ അസ്വസ്ഥനാകുന്നതു സ്വാഭാവികവും.

ഒരു പാഠവും ഒറ്റയ്ക്കു നിൽക്കുന്നതല്ല. ഒരു പാഠവും അകാരണമായി സൃഷ്ടിക്കപ്പെടുന്നതുമല്ല. അത് ഉല്പാദിപ്പിക്കപ്പെടുന്ന സാമൂഹിക ഘടനയെ കൃത്യമായിത്തന്നെ പ്രതിഫലിപ്പിക്കുന്നതായിരിക്കും അതിന്റെ ആശയതലം. കേരളത്തിന്റെ വിദ്യാഭ്യാസരംഗവുമായി ചേർത്തു വെച്ച് കളിയെഴുത്ത് പോലൊരു രചന എന്തുകൊണ്ടുണ്ടാവുന്നു എന്നുള്ള ചർച്ചകളായിരുന്നു യഥാർഥത്തിൽ നടക്കേണ്ടിയിരുന്നത്. അത്തരം വായനാരീതികൾക്ക്, പഠനങ്ങൾക്ക് സാമൂഹിക വിമർശനം /പരിഷ്കരണം എന്ന ധർമ്മം അനായാസം സാധ്യമാവുകയും ചെയ്യുമായിരുന്നു. നിലവിലുള്ള സംസ്കാരക്രമങ്ങളെക്കുറിച്ചുള്ള ഒരു സാമൂഹികസംവാദത്തിനുള്ള എത്രയോ പഴുതുകൾ കഥയിൽ ബോധപൂർവ്വം തന്നെ എഴുത്തുകാരൻ സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും ഉപയോഗപ്പെടുത്തപ്പെടാതെ പോയി. വായനയിലെ ഇത്തരം ഫാസിസത്തെക്കുറിച്ച് അദ്ദേഹം തന്നെ ആമുഖത്തിൽ രേഖപ്പെടുത്തുന്നതും വളരെ പ്രസക്തമാണ്. സിദ്ധാന്തങ്ങളെ വസ്തുനിഷ്ഠമായ അറിവായി രൂപാന്തരപ്പെടുത്താനും പ്രായോഗികതലത്തിൽ കൃത്യതയോടെ ഉപയോഗപ്പെടുത്താനും പൊതുബോധത്തിന് വ്യക്തമായി മനസിലാക്കിക്കൊടുക്കാനും കഴിയാത്ത എന്തു വായനയും ഏതു പരിഷ്കരണവും ലക്ഷ്യരഹിതമായ ബൗദ്ധികകേളികൾക്കപ്പുറം ഒന്നുമല്ല. 

കളിയെഴുത്തുകളുടെ കാര്യമെന്തെന്ന് കണ്ടെത്താനോ സ്വയം വിമർശനത്തിനോ തിരുത്തലിനോ അതൊന്നും ഉപകാരപ്പെടുകയുമില്ല. 

കളിയെഴുത്തിനെ എഴുത്തുകാരന്റെ മാത്രം കാര്യമായെടുത്ത് വിചാരണ ചെയ്യുന്നതിനിടയിൽ ധ്വനി സാന്ദ്രമായ "ഒരു തോണിയുടെ ആത്മകഥയിൽ നിന്ന് " എന്ന കഥ  വായിക്കപ്പെടാതെ പോവുന്നുവെങ്കിൽ വായനക്കാരെ സംബന്ധിച്ച് അതൊരു ദുരന്തം തന്നെയാണ്. ഒരു പക്ഷേ എഴുത്തുകാരനെ സംബന്ധിച്ചും. പ്രാചീന ജാപ്പനീസ് കവിതയുടെ ആശയത്തെ സാർവ്വകാലികമായ മനുഷ്യാവസ്ഥകളുമായി യുക്തിഭദ്രമായി ബന്ധിപ്പിച്ച് കഥയുടെ രൂപത്തിലുള്ള മറ്റൊരു കവിത തന്നെയാക്കി മാറ്റിയിരിക്കുന്നതാണ് കഥ. ശ്വാസതടസത്തിന്റെ കടുത്ത നാളുകൾക്കിടയിൽ പെട്ടന്ന് തോണിയായും തോണിക്കാരനായും മാറുന്ന ആഖ്യാതാവ്. വിജനമായ സമുദ്രത്തിലൂടെ ഏകാന്തമായ യാത്ര. രണ്ടു ദ്വീപുകൾ, രണ്ടു കാമിനിമാർ. യാത്ര അവസാനിക്കുന്നില്ല. വേറൊരു തീരത്തേക്ക്, വേറെ അനുഭവങ്ങൾക്കായി വീണ്ടും യാത്ര. ഒരു സഞ്ചാരിക്കു വേണ്ടി ജീവിതം എന്നും അത്ഭുതങ്ങൾ കരുതി വെയ്ക്കുന്നു. കാര്യകാരണങ്ങളുടെ, യുക്തിയുടെ ചരടറ്റു പോവുന്ന ഭ്രമാത്മകതയുടെ സാധ്യതയിലൂന്നിയതാണ് ഈ കഥയിലെ തോണിയാത്ര. പക്ഷേ ഏറ്റവും യുക്തിസഹമായി, ദാർശനികമാനങ്ങളോടെ അത് ജീവിതത്തെ നിർവചിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യമാണ് കഥയുടെ സവിശേഷത. പ്രണയവും സ്ത്രീ പുരുഷ ബന്ധത്തിന്റെ കെട്ടുപാടുകളില്ലാത്ത വിശാലതയും ബന്ധങ്ങളുടെ അർത്ഥശൂന്യതയും സ്നേഹത്തിന്റെ യാഥാർത്ഥ്യം ഒരിക്കലും മനസിലാക്കാനാവാത്ത മനുഷ്യന്റ നിസഹായതയും ജീവിതത്തിന്റെ ഹ്രസ്വതയുമൊക്കെ മനോഹരമായി ഏറ്റവും സുതാര്യമായി കഥയിൽ ആഖ്യാനം ചെയ്തിരിക്കുന്നു. നിശബ്ദമായ സാരവത്തായ പ്രയാണത്തിന്റെ മായികനിമിഷങ്ങൾ മറ്റൊരു ലോകത്തെയും കാലത്തെയും അനുഭവിപ്പിക്കുകയാണ്. ജീവിതത്തിന്റെ ആകുലതകളിൽ നിന്നകലെ അപൂർവ്വമായ പ്രശാന്തിയുടെ, ഉത്തുംഗമായൊരു മാനസികാവസ്ഥയുടെ സ്വച്ഛത.

അധിനിവേശത്തിന്റെ ചരിത്രപരവും കാലികവുമായ അനുഭവപരിസരങ്ങൾക്കുള്ളിൽ സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രതിസന്ധികളും പ്രതിരോധങ്ങളും എൻ പ്രഭാകരന്റെ കഥകളുടെ അനവധിയായ ആഖ്യാന സാധ്യതകളിലൂടെ മുമ്പും ആവിഷ്കൃതമായിട്ടുണ്ട്. രാഷ്ട്രീയ വല്കരിക്കപ്പെട്ടതല്ലാത്തതായി നിത്യജീവിതത്തിൽ ഒന്നും അവശേഷിക്കാത്ത സമകാലസാഹചര്യങ്ങളിൽ പുതിയ കഥകളുടെ പ്രത്യയശാസ്ത്രമന്വേഷിക്കുന്നത് പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ കൃത്യമായിത്തനെ വെളിപ്പെടുത്തുന്നു. ലവർമുക്ക് എന്ന കഥയിൽ പബ്ലിക് മെമ്മറി ഈസ് ഷോർട്ട് എന്നൊരു കഥാപാത്രം പറയുന്നുണ്ട്. ആഴമില്ലാത്ത ചിന്തകളും പഴക്കമില്ലാത്ത ഓർമ്മകളുമാണ് പൊതുബോധത്തെ രൂപപ്പെടുത്തുന്നത്. പഴയ കാലം അതിന്റെ ബഹുതലസ്പർശിയായ ചരിത്രവും പെട്ടന്നു വിസ്മൃതമാവാം. മൂന്നു മതങ്ങളിലെ ദൈവങ്ങളും സഹവർത്തിത്വത്തോടെ കഴിഞ്ഞിരുന്ന, അതു കൊണ്ടു തന്നെ ദൈവമുക്ക് എന്നു പേരുണ്ടായിരുന്ന സ്ഥലം, അതിന്റെ മതേതരമായ പാരമ്പര്യം വെടിഞ്ഞ് കലാപഭൂമിയാവുന്നത് പെട്ടന്നാണ്. ദൈവമുക്കായിരുന്നിടം വർഗീയതയുടെ വിഷഭൂമികയാവുന്നു. ഹിംസയും വിദ്വേഷവും പെരുകുന്നു. അവിടം കാലങ്ങൾക്കു ശേഷം ലവർ മുക്കാക്കുന്നത് ഒരു വളർത്തു കുരങ്ങനും. പരിണാമ പ്രക്രിയയിൽ ആധുനികമനുഷ്യനു വളരെ പിറകിലുള്ള, വിശേഷബുദ്ധിയില്ലാത്ത മൃഗം. ഈ വൈരുദ്ധ്യത്തിലൂടെ നിശിതവും ക്രൂരവുമായൊരു പരിഹാസമാണ് എഴുത്തുകാരൻ ഒട്ടും ഒളിപ്പിക്കാതെ കഥയിൽ തുറന്നു പ്രദർശിപ്പിക്കുന്നത്. 

മനുഷ്യനെ, അവന്റെ അസ്തിത്വത്തെ,സ്വാതന്ത്യത്തെ ഹിംസിക്കുന്ന ദൃശ്യവും അദൃശ്യവും സൂക്ഷ്മവും സ്ഥൂലവുമായ നിരവധി അധീശത്വങ്ങളുണ്ടെന്ന് പറയുന്ന കഥയാണ് കാലൻ വരുന്ന വഴി. യുക്തിവാദിയായ ശിവദാസൻ മാഷിന്റെ ശവസംസ്കാരം സമുദായ ശ്മശാനത്തിൽ നടത്തേണ്ടി വരുന്നതും എതിർപ്പുണ്ടായിരുന്ന മകൻ ജീവേഷിനടക്കം നിശ്ശബ്ദനാവേണ്ടി വന്നതും കാലത്തിന്റെ  അനിവാര്യതയാണ്. യുക്തിവാദിസംഘത്തിന്റെ പഴയ ജില്ലാ സെക്രട്ടറി ജി.എം.കെ. കുന്നോരം യുക്തിവാദികളെ സമാശ്വസിപ്പിച്ചു കൊണ്ടു നടത്തുന്ന ചരമപ്രസംഗമാണ് കഥയുടെ കാതൽ. സമൂഹത്തിന്റെ പൊതുതാല്പര്യങ്ങൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ വിധേയരാക്കുന്ന വിട്ടുവീഴ്ചകളുടെ, അനുസരണയുടെ പരിശീലനമാണ് വ്യക്തികൾക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അരാഷ്ട്രീയ വല്ക്കരണം ഒരുതരം സാംസ്കാരികാടിമത്തത്തിന്റെ സൂചകവുമാണ്. യുക്തിവാദവും സമാനമായ നിരവധി ആശയ മണ്ഡലങ്ങളും ബഹുസ്വരമാക്കിയ, സംവാദാത്മകമാക്കിയ സാംസ്കാരികാന്തരീക്ഷം കേരളത്തിൽ ഭൂതകാലസ്മൃതി ആയിക്കഴിഞ്ഞു. "യുക്തി ഇരുമ്പുലക്കയല്ല, അതിനെ ആവശ്യത്തിനനുസരിച്ച് ഒടിക്കാനും വളയ്ക്കാനും നമുക്കു കഴിയണം. കാര്യങ്ങൾ ഈ വിധത്തിൽ മനസിലാക്കാൻ കഴിയുന്നതു കൊണ്ടാണ് നമ്മൾ യുക്തിവാദികളാവുന്നത് മനസിലായോ"( പുറം: 31) ജാതീയതയും മതാധിപത്യവും തഴച്ചുവളരുന്ന സാമൂഹികവ്യവസ്ഥയിൽ യുക്തിവാദികൾക്ക് ഇത്തരം വഴുവഴുപ്പൻ നിലപാടുകളേ കരണീയമായുള്ളു. സ്വതന്ത്ര വിചാര സരണിയും സ്വതന്ത്ര പ്രവൃത്തിയുമുള്ള നിർഭയ പൗരന്മാരാകുക എന്നൊക്കെയുള്ള ഉദ്ബോധനങ്ങൾ(ഡോ.ബി.ആർ .അംബദ്കർ) ഓർമയിൽ നിന്നു പോലും മാഞ്ഞു പോകും. ഭീരുക്കളായിരിക്കുക, ഭയപ്പെട്ടു കൊണ്ടേയിരിക്കുക എന്നതാവും പുതിയ ലോകം പിന്തുടരുന്ന ഉപദേശം. ശത്രു മിത്രം എന്ന കഥ കുറച്ചു കൂടി വ്യക്തമായി ഇത്തരം നിലപാടുകൾ തുറന്നു കാട്ടുന്നു. ലോകം അതിനു തോന്നിയ വഴിക്ക് തെളിച്ചു കൊണ്ടു പോവുന്ന വെറും കന്നുകാലികളാവുന്ന മനുഷ്യരാണ് ഭൂരിപക്ഷവും. അങ്ങനെയല്ലാതെ ലോകത്തെ തന്റെ വഴിക്കു കൊണ്ടു പോവുന്ന ധിമിൻഷിൻ എന്ന മനുഷ്യന്റെ കഥയാണ് ശത്രു മിത്രം. അയാൾ പക്ഷേ ഒറ്റപ്പെട്ടവനാണ്. അധികാരശക്തികളോടു ബന്ധപ്പെട്ടു നിൽക്കുന്ന അതേ സമയം അവരെ ഭയപ്പെടുത്തുന്ന ഒരു തരം ബദൽ അധികാരശക്തി (counterpower) ആണ് അയാളുടേത്. ജനാധിപത്യ രഹിതമായ ഫാസിസത്തിന്റെ വേറൊരു മുഖം. ബഹുവിധമായ രൂപങ്ങളിൽ അധികാരം അതിന്റെ വലക്കണ്ണികൾ മുറുക്കുന്നത് ഈ കഥയിൽ കാണാം. സാധാരണ മനുഷ്യർ കൂടുതൽക്കൂടുതൽ ഭീതിദരാവേണ്ടി വരുന്നതും.

കൂളിപാതാളം എന്ന കഥ മനുഷ്യന്റെ വാർദ്ധക്യകാല നിസഹായതകളെയും ഗൃഹാതുരതയെയും ദയവോടെ പിൻപറ്റുന്നു. പക്ഷേ ഇതൊരു നൊസ്റ്റാൾജിയ കഥയല്ല താനും. പൊതുപ്രവർത്തനവും എഴുത്തും സാഹിത്യ സദസുകളുമൊക്കെയായി തിരക്കുപിടിച്ച ജീവിതം നയിച്ചിരുന്ന മോഹനന് വാർദ്ധക്യസഹജമായ എല്ലാറ്റിനോടുമുള്ള താല്പര്യരാഹിത്യം ബാധിച്ചത് പെട്ടന്നാണ്. അയാൾക്ക് മറന്നു പോവുന്നതും പരസ്പര ബന്ധം മുറിഞ്ഞുപോവുന്നതും ഒരു അച്ചടക്കസമൂഹത്തെ മെനഞ്ഞെടുക്കാനുള്ള ഭരണകൂട ശ്രമങ്ങളെയും അതിന്റെ രാഷ്ട്രീയാധികാരത്തെയും കഠിനമായി നിരസിക്കുന്ന ചില ജനകീയ മുന്നേറ്റങ്ങളുടെയും നേതാക്കളുടെയും പേരുകളാണെന്നതാണ് കഥയുടെ വ്യംഗ്യമായ രാഷ്ട്രീയം. ഒടുവിൽ ഡമോക്രസിയുടെ മലയാളം ഓർത്തെടുക്കാനാവാതെ വന്ന ദിവസം അയാൾ പൂർണമായും പരാജിതനാവുന്നു. അതിൽ നിന്നുള്ള മോചനം തേടിയാണ് ജന്മനാട്ടിലെ കൂളിപാതാളമെന്ന മായികലോകത്തേക്ക് അയാൾ പോവുന്നത്. "മുന്നടി വയ്യടി ഇല്ലയ്യാ, കണ്ണിൽ കരിമയി ഇല്ലയ്യാ " എന്നു പാടി രാത്രി മറവിൽ നൃത്തം ചെയ്യുന്ന കൂളികളുടെ, നീർച്ചാലുകളുടെ, മരക്കൂട്ടങ്ങളുടെ താഴ്​വാരം. നരി പതുങ്ങുന്ന തണുത്തു നിഗൂഡമായൊരു വിഭ്രമലോകം. പക്ഷേ, അവിടെയിപ്പോൾ ഗ്രേസ് വാലിയെന്ന വില്ലാ പ്രൊജക്ടാണ്. കുട്ടിക്കാലത്തു പേടിച്ചിരുന്ന നരികളൊക്കെ ഇന്നു മനുഷ്യ രൂപത്തിൽ പുറത്തിറങ്ങി നടക്കുന്നു. എല്ലാവരുടേതും യാതൊരു മമതയും സഹിഷ്ണുതയുമില്ലാത്ത പെരുമാറ്റം." നൊസ്റ്റാൾജിയ അല്ലേ, ഇതൊരു പഴയകാല രോഗമാണ്. കൊണ്ടു നടന്നോളൂ. പക്ഷേ മനുഷ്യരെ മെനക്കെടുത്തന്ന ചോദ്യോം സംശയവുമൊക്കെയായി ഇവിടിങ്ങനെ ചുറ്റിപ്പറ്റി നടക്കണ്ട "(പു: 65) എന്നൊരു ചെറുപ്പക്കാരൻ അയാളെ പരിഹസിക്കുകയും ചെയ്യുന്നു. നട്ടുച്ചക്ക് പെരുവഴിയിൽ കൂളികളുടെ പാട്ട് കേട്ട് അന്ധാളിച്ചു പോകുന്ന മോഹനനിലാണ് കഥ അവസാനിക്കുന്നത്.

മറ്റൊരു ലോകത്തെ കഥപറച്ചിലുകാർ എന്ന കഥ എഴുത്ത്, ആസ്വാദനം, പുതിയ കാലം തുടങ്ങി ജീവിതവുമായി, രചനയുമായി, അതിജീവനവുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും കുറിച്ചുള്ള എഴുത്തുകാരന്റെ അളന്നു മുറിച്ചുള്ള നിരീക്ഷണങ്ങൾ കൊണ്ടാണു ശ്രദ്ധേയമാവുന്നത്. അതൊരു കഥ എന്നതിനപ്പുറം ആത്മവിമർശനവും നിരീക്ഷണവുമാവുന്നുണ്ട്. തന്നിൽ നിന്നു തന്നെ അന്യവൽക്കരിക്കപ്പെടുന്ന സമൂഹത്തിന്റെയും വ്യക്തിയുടെയും അതിജീവന പ്രതിസന്ധികളെക്കുറിച്ചുള്ള ധൈഷണിക വിചാരങ്ങളാണ് കഥയുടെ കേന്ദ്ര സത്ത. പലതരത്തിലുള്ള മർദ്ദക സ്വഭാവം പ്രകടിപ്പിക്കുന്ന സമൂഹത്തിൽ എഴുത്തുകാരനു പറയാനുള്ളത് സന്ദിഗ്ദ്ധതകളില്ലാതെ രേഖപ്പെടുത്തേണ്ടതുണ്ട്. പ്രത്യക്ഷമായ അർഥങ്ങളെക്കാൾ നിലീനമായ അർഥങ്ങളും ആശയങ്ങളും കഥയിൽ സുലഭമാണ്. വായനക്കാരുടെ മനസിൽ രൂപപ്പെടുന്ന വ്യത്യസ്തങ്ങളായ ആശയ ഘടനകൾ, ഓരോരുത്തർക്കും അവർക്കാവശ്യമുള്ള രീതിയിൽ ഓരോന്നായിത്തന്നെ വായിച്ചെടുക്കാവുന്നത്. 

മറ്റൊരു ലോകത്ത് ജീവിക്കുന്ന അവിനാശിന്റെ ചിന്തകളാണ് കഥയിലുള്ളത്. ചിന്തകളായതുകൊണ്ട് തന്നെ അവ ഏകമുഖങ്ങളല്ല. ഒന്നിൽ നിന്ന് പലതിലേക്ക് ശൃംഖലകളായി പരന്നു നിറയുന്നു. പരസ്പര ബന്ധമില്ലാത്ത ധാരാളം അനുഭവശകലങ്ങൾ കഥയിൽ കടന്നു വരുന്നുണ്ട്. നിഗൂഡമായ, സ്വയം പിടികിട്ടാത്ത ആന്തരലോകങ്ങൾ, ഏകാകിയാവുക, അവനവൻ തന്നെയാവുക എന്ന മാനസികാവസ്ഥയിലാണ് അവിനാശിന്റെ സ്വത്വം .അയാൾ മരിച്ചവരോടു മാത്രമാണ് സംസാരിക്കുന്നത്. ആരോടും, സ്വന്തം മനസിനകത്തുവെച്ചു പോലും ആരോടും ആശയ വിനിമയത്തിനു മുതിരില്ലെന്നയാൾ നിശ്ചയിക്കുന്നു. ഡെക്കാമറോൺ കഥകളെയും മറ്റും അനുസ്മരിപ്പിക്കും വിധം ചെറുപ്പക്കാർ സംഘം ചേർന്നു കഥ പറയുന്നിടത്തു കൂടി, അവിനാശ് പോകുന്നു. പക്ഷേ അവിടെ ഒരു കഥയും ഒരു വർത്തമാനവും പൂർണമല്ല. ആവണമെന്നവർക്കു നിർബന്ധവുമില്ല. ഒന്നു തീരും മുമ്പ് അടുത്തതിലേക്ക്. സമകാലസാഹിത്യത്തെയും എഴുത്തുകാരുടെ നിലപാടില്ലായ്മകളെയും സിദ്ധാന്ത പ്രകടനം മാത്രമാവുന്ന സാഹിത്യ പഠന രീതികളെയും കഥ വിമർശിക്കുന്നു. കാവി വസ്ത്രം ധരിച്ച വാണിഭക്കാരും പുതുതായി ബോധോദയം ലഭിക്കുന്ന ആളെ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും ബൗദ്ധന്മാർക്കു പോലും വേണ്ട, അതുകൊണ്ട് ഉടൻ രാജ്യം വിട്ടു പോകണമെന്ന ശാസനയുമെല്ലാം കഥയെ ഏറ്റവും കാലികമാക്കുന്നു.

ചില അനിവാര്യമായ പരിഹാരങ്ങളെക്കുറിച്ച് കഥ സൂചിപ്പിക്കുന്നുണ്ട്. അന്യതാ ബോധത്തിൽ നിന്ന്, ലക്ഷ്യ രഹിതമായ അസ്തിത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടേണ്ടതാണെന്നും സ്വന്തം സർഗ്ഗാത്മകതയിലൂടെ സ്വയം പുനർനിർമ്മിക്കുന്നതിലൂടെയേ അതു സാധ്യമാവുകയുള്ളുവെന്നും നിർമ്മമമായ ശൈലിയിൽ പറഞ്ഞുറപ്പിക്കുകയാണ് മറ്റൊരു ലോകത്തെ കഥ പറച്ചിലുകാർ. അതു പറയാനുള്ള അവകാശം എഴുത്തുകാരനുണ്ട് താനും. അദ്ദേഹം എപ്പഴേ ബോധോദയം ലഭിച്ചവനാണ്.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review