Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധഭീഷണിയിൽനിന്നു പുരസ്കാരത്തിലേക്ക്; ഓൾഗയുടെ സാഹസികയാത്ര

Olga Tokarczuk ഓൾഗ തോകാർചുക്

വിദ്യാർഥിപ്രക്ഷോഭത്തെത്തുടർന്ന് ജൻമനാട്ടിൽനിന്നു പലായനം ചെയ്യേണ്ടിവന്ന കുടുംബത്തിലെ അംഗമാണ് ഓൾഗ തോകാർചുക്. ഇപ്പോൾ ഉക്രൈനിലുള്ള പ്രദേശത്തുനിന്ന്  അഭയാർഥികളായി പോളണ്ടിലേക്ക് ജീവിതം പറിച്ചുനട്ടു ഓൾഗയുടെ പിതാവിന്റെ കുടുംബം. അന്ന് ആറു വയസ്സാണ് ഓൾഗയ്ക്ക്. വായിച്ചറിഞ്ഞ വിവരങ്ങളേക്കാൾ നേരിട്ടറിഞ്ഞ ചരിത്രമായിരിക്കാം തനിക്കു ശരിയെന്നു തോന്നിയതു വിളിച്ചുപറയാനും, വധഭീഷണി പോലും കൂസാതെ ജീവിക്കാനും ഓൾഗയെ പ്രാപ്തയാക്കിയത്. കവിതയിൽ തുടങ്ങി നോവലുകളിലൂടെ പ്രശസ്തയായ ഓൾഗ തോകാർചുക് എന്ന എഴുത്തുകാരി ഇനി ഇംഗ്ലിഷ് ഭാഷയുടെ വിശാലമായ ലോകത്തേക്ക് – ഫ്ളൈറ്റ്സ് എന്ന നോവലിലൂടെ മാൻ ബുക്കർ രാജ്യാന്തര സാഹിത്യ പുരസ്കാരത്തിനർഹയായി. വെജിറ്റേറിയനിലൂടെ ബുക്കർ പുരസ്കാരം നേടിയ കൊറിയൻ എഴുത്തുകാരി ഹാങ് കാങ് ഉൾപ്പെടെയുള്ളവരെ പിന്നിലാക്കിയാണ് അപ്രതീക്ഷിതമായി ഓൾഗ ബുക്കർ പുരസ്കാരം പോളണ്ടിലെത്തിക്കുന്നത്.

വാഴ്സ സർവകലാശാലയിൽ മനഃശാസ്ത്രമായിരുന്നു ഓൾഗയുടെ പഠനവിഷയം. ഒരു ഡോക്ടറേക്കാൾ മനശാസ്ത്രജ്ഞനായിരിക്കാം ജനങ്ങളെ കൂടുതൽ സഹായിക്കാൻ കഴിയുന്നത് എന്ന വിചാരത്തിലാണ് ഓൾഗ വിഷയം തിരഞ്ഞെടുത്തതും പഠിച്ചതും. പഠനശേഷം ഒരു ആശുപത്രിയിൽ ലഹരിയുടെ അടിമകളായവരെ ചികിൽസിക്കുന്ന ജോലി ഏറ്റെടുത്തു. സഹപ്രവർത്തകനായ മനശാസ്ത്രജ്ഞനെ വിവാഹം കഴിച്ചു. ഒരു മകനു ജൻമം കൊടുത്തു. അഞ്ചുവർഷമേ ദീർഘിച്ചുള്ളൂ ഓൾഗയുടെ ആശുപത്രിജീവിതം. ഒരു രോഗിയെ ചികിൽസിക്കുന്നതിനിടെ കഠിനായ ഒരു യാഥാർഥ്യം അവർ മനസ്സിലാക്കി; ആ രോഗിയേക്കാൾ ചികിൽസ വേണ്ടതു തനിക്കാണ്. അയാളേക്കാൾ അസ്വസ്ഥയാണു താൻ. ജോലി ഉപേക്ഷിച്ച ഓൾഗ ആശ്വാസം കണ്ടെത്തിയതു കവിതയിൽ. ഒരു കവിതാസമാഹാരം. തൊട്ടുപിന്നാലെ നോവൽ–ദ് ജേർണി ഓഫ് ദ് പീപ്പിൾ ഓഫ് ദ് ബുക്ക്. 17–ാം നൂറ്റാണ്ടിലെ ഫ്രാൻസിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലിന് മികച്ച നവാഗത കൃതിക്കുള്ള പുരസ്കാരം. പുസ്തകങ്ങൾ തുടർച്ചയായി വരുന്നു. പുരസ്കാരങ്ങളും. 30 വയസ്സു പിന്നിട്ട ഓൾഗ അസ്വസ്ഥയായിരുന്നു അപ്പോഴും. കുടുംബത്തെ നാട്ടിൽവിട്ട് ഒറ്റയ്ക്കൊരു യാത്ര– തായ്‍വാനിൽനിന്നു ന്യൂസിലൻഡിലേക്ക്. കഠിന ശൈത്യത്തിന്റെ പിടിയിലമർന്ന പോളണ്ടിൽനിന്നു മകനെയും കൂട്ടി മലേഷ്യയിലേക്ക് അടുത്ത യാത്ര. ഓൾഗ നയിക്കുന്നത് അനന്യമായ ജീവിതം; എഴുത്തിലെന്നപോലെ ജീവിതത്തിലും. 

എഴുത്തിനുപുറമെ പോളണ്ടിൽ വീടിനടുത്ത് ഒരു ലിറ്റററി ഫെസ്റ്റിവൽ നടത്തുകയാണ് ഇപ്പോൾ ഓൾഗ. പോളണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയാണെങ്കിലും ഇംഗ്ളിഷ് ഭാഷ സംസാരിക്കുന്നവർക്കിടയിലേക്ക് വിവർത്തനത്തിലൂടെ പരിചിതയാകുന്നതേയുള്ളൂ അവർ. ഓൾഗയുടെ ആറാമത്തെ നോവലാണ് ഫ്ളൈറ്റ്സ്– അടുത്തിടെമാത്രം ഇംഗ്ളിഷിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചത്. യാത്രയാണു ഫ്ളൈറ്റ്സിന്റെ പ്രമേയം. അലഞ്ഞുതിരിയുന്ന ഒരു ഗോത്രത്തിന്റെ കഥയ്ക്കൊപ്പം അസ്വസ്ഥനായി യാത്ര ചെയ്യുന്ന ഒരു വ്യക്തിയുടെ നിരീക്ഷണങ്ങൾകൂടിയാണ് ഫ്ളൈറ്റ്സ്. 17–ാം നൂറ്റാണ്ടിലെ ഒരു ശരീരശാസ്ത്രജ്ഞന്റെ ജീവചരിത്രം. പാരിസിൽനിന്നു പോളണ്ടിലെ വാഴ്സോയിലേക്ക് ഒരു ഹദയത്തിന്റെ യാത്രയും നോവലിന്റെ പ്രധാനപ്രമേയത്തിലുണ്ട്. ചിന്നിച്ചിതറിയ ഘടനയാണു നോവലിന്റേത്. ഒടിഞ്ഞുനുറുങ്ങിയ ഭാഗങ്ങൾ ഓരോന്നായി പെറുക്കിയെടുത്ത് പൂർണരൂപത്തിലെത്തിക്കുന്നതുപോലെ ആദിമധ്യാന്തമുള്ള കഥ വികസിപ്പിക്കേണ്ടതു വായനക്കാർ. അവരെ കഥാനിർമിതി എന്ന പ്രയത്നത്തിലേക്കു പ്രേരിപ്പിക്കാനുള്ള ശേഷിയുണ്ട് ഓൾഗയുടെ എഴുത്തിന്. 

2014 ൽ പുറത്തുവന്ന ദ് ബുക്സ് ഓഫ് ജേക്കബ് എന്ന ഇതിഹാസമാനങ്ങളുള്ള ചരിത്രനോവലാണ് പോളണ്ടിൽ ഓൾഗയെ ഏറ്റവും കൂടുതൽ പ്രശസ്തയാക്കിയത്. 900 പേജുള്ള ബ്രിഹദ്കൃതി. അടുത്തുതന്നെ ഈ പുസ്തകം ഇംഗ്ളിഷിൽ പ്രസിദ്ധീകരിക്കും. 18–ാം നൂറ്റാണ്ടിൽ നിർബന്ധിതമായി യഹൂദൻമാരെ കത്തോലിക്കരാക്കി മതപരിവർത്തനം നടത്തിയ ഒരു മതനേതാവിന്റെ ജീവിതമാണ് ദ് ബുക്സ് ഓഫ് ജേക്കബ്. ഒരു ലക്ഷത്തി എഴുപതിനായിരത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ഓൾഗയ്ക്കു നൈക്ക് പുരസ്കാരവും നേടിക്കൊടുത്തു. പോളിഷ് ബുക്കർ എന്നാണു നൈക്ക്  അറിയപ്പെടുന്നത്. പുരസ്കാരലബ്ധിക്കു പിന്നാലെ എഴുത്തുകാരി നടത്തിയ പരാമർശങ്ങളാകട്ടെ വലിയ വിവാദമാകുകയും ജീവനു തന്നെ ഭീഷണിയുമായി. പോളണ്ടിനെക്കുറിച്ചായിരുന്നു പരാമർശങ്ങൾ. അടിച്ചമർത്തലിന്റെ ഇരയാണു പോളണ്ട് എന്നാണു കാലങ്ങളായി തുടരുന്ന വിശ്വാസവും പ്രചാരണവും.

വൈദേശികാധിപത്യത്തിന്റെ ഇര. രാജ്യസ്നേഹികൾ എഴുതിയും പറഞ്ഞും ആവർത്തിച്ചെഴുതിയും പ്രചരിപ്പിച്ച ചരിത്രം. ഇങ്ങനെയൊരു ചരിത്രമുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ പോളണ്ടും ഒട്ടും പിന്നിലല്ലെന്നായിരുന്നു ഓൾഗയുടെ പരാമർശം. കോളനികൾ സൃഷ്ടിക്കാനും അടിച്ചമർ‌ത്തി ഭരിക്കാനും ശ്രമിച്ചിട്ടുണ്ട് പോളണ്ടും. ഓൾഗയുടെ പരാമർശം വല്ലാതെ ക്ഷോഭിപ്പിച്ചു രാജ്യസ്നേഹികളെ. ഓൾഗ വഞ്ചകിയാണെന്നും രാജ്യത്തിന്റെ വളർച്ചയ്ക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണെന്നുംവരെ പ്രചാരണമുണ്ടായി. പ്രക്ഷോഭം ചൂടുപിടിച്ചതിനെത്തുടർന്ന് പ്രസാധകർ ഓൾഗയ്ക്കു സംരക്ഷണം ഏർപ്പെടുത്തി. പുറത്തിറങ്ങുമ്പോഴെല്ലാം കൂടെ നടക്കാൻ അംഗരക്ഷകർ. രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട വശങ്ങൾ ചർച്ച ചെയ്യണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. നിഷ്കളങ്കമായിരുന്നു എന്റെ അഭിപ്രായങ്ങൾ– ഓൾഗ പിന്നീടു വിശദീരിച്ചു. 

ഡ്രൈവ് യുവർ പ്ളോ ഓവർ ദ് ബോൺസ് ഓഫ് ദ് ഡെഡ് എന്ന ഓൾഗയുടെ നോവലിന്റെ ചലച്ചിത്രരൂപവും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. 2009–ൽ ബെർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം ക്രിസ്തുമതത്തിന് എതിരാണെന്നും പാരിസ്ഥിതിക തീവ്രവാദം വളർത്തുന്നതാണെന്നുമായിരുന്നു വിമർശനങ്ങൾ. വിവാദങ്ങളെ ചിരിച്ചുകൊണ്ടു നേരിട്ട ഓൾഗ, വിമർശനങ്ങൾ ചിത്രത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തിയാൽ കൂടുതൽപേർ ചിത്രം കാണാനെത്തുമെന്നാണു പ്രതികരിച്ചത്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം