Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിനി കണ്ണുതുറപ്പിക്കട്ടെ

ns madhavan സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്ന കോളം തുടരുന്നു...

രോഗിയെ പരിചരിക്കുന്നതിനിടയിൽ നിപ്പ രോഗം ബാധിച്ച നഴ്സ് ലിനിയുടെ മരണം ആദ്യപേജിലുള്ള പത്രങ്ങളുടെ ഉൾപ്പേജിൽ, മറ്റൊരു വാർത്തകൂടിയുണ്ടായിരുന്നു: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ചു കേരള സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഈ മിനിമം വേതനം എന്നു പറയുന്നതു വെറും 20,000 രൂപയാണെന്നുകൂടി ഓർക്കുക. ആതുരസേവനരംഗത്ത്, നിപ്പപോലുള്ള രോഗമുള്ളവരെ പരിചരിക്കുന്നവരുടെ മരണം അസാധാരണമല്ല. 

2014ൽ ആഫ്രിക്കയിൽ എബോള മഹാമാരിയെ തുടർന്നു മരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം ഞെട്ടിക്കുന്നതായിരുന്നു: 240. മരിച്ചവരിൽ ഭൂരിപക്ഷവും നഴ്സുമാരായിരുന്നു. ഇത്തരം മരണങ്ങൾക്കു പ്രധാനകാരണമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാണിക്കുന്നത്, ശുശ്രൂഷിക്കുന്നവർക്കുള്ള പൂർണസുരക്ഷാ കവചങ്ങൾ വേണ്ടത്ര ഇല്ലെന്നതാണ്. പിന്നെയെന്തിനു ഡോക്ടർമാരും നഴ്സുമാരും ശുശ്രൂഷ എന്ന സാഹസത്തിനു തുനിയുന്നു എന്നതിനു ഡബ്ല്യുഎച്ച്ഒയുടെ ഉത്തരം കണ്ണുതുറപ്പിക്കുന്നതാണ്: സഹാനുഭൂതി.

അന്തരിച്ച ലിനി, സർക്കാരിന്റെ കണ്ണിൽ ഒരു നഴ്സ് പോലും അല്ല. ആതുരശുശ്രൂഷയിൽ വിദഗ്ധയായ അവർ സർക്കാർ ആശുപത്രിയിൽ ദിവസക്കൂലിക്കാണു ജോലിചെയ്തിരുന്നത്. സഹാനുഭൂതി മാത്രമായിരിക്കും, രാപകൽ രോഗിയെ ശുശ്രൂഷിച്ചു രോഗത്തിന് അടിമപ്പെടാൻ ലിനിയെ പ്രേരിപ്പിച്ചത്. 1960കൾ മുതൽ കേരളത്തിൽനിന്നുള്ള നഴ്സുമാർ പടിഞ്ഞാറൻ രാജ്യങ്ങളിൽജോലിചെയ്യുന്നുണ്ട്. 

ആ രാജ്യങ്ങളിലെ നഴ്സുമാർ പൊതുജനാരോഗ്യ മേഖലയിൽ എതാണ്ട് ഡോക്ടർമാർക്ക് ഒപ്പമാണ്. പല പരിഷ്കൃത രാജ്യങ്ങളിലും ചിലതരം മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യാൻ നഴ്സുമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. ലിനിയുടെ ത്യാഗം നഴ്സിങ് മേഖലയെക്കുറിച്ച്, മിനിമംവേതനത്തിനും അപ്പുറം, സമഗ്രമായി ചിന്തിക്കുവാനുള്ള പ്രേരണകൂടിയാകണം. 

നന്നാക്കരുത്, പ്ലീസ് ! 

ഐഎഎസ് അടക്കമുള്ള വിവിധ കേന്ദ്ര സർവീസുകളിലേക്കുള്ള നിയമനം, യുപിഎസ്‌സിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു നടന്നുപോരുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റും ഉദ്യോഗാർഥികൾ അപേക്ഷാഫോമിൽ നൽകിയിട്ടുള്ള മുൻഗണനാക്രമവും അനുസരിച്ചാണു സർവ‌ീസുകൾ തീരുമാനിക്കുക. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു പത്രങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത അനുസരിച്ച്, തുടർന്നു സർവീസുകൾ നിശ്ചയിക്കുക യുപിഎസ്‌സിക്കു പകരം കേന്ദ്ര സർക്കാർ ആയിരിക്കും. 

എല്ലാ സർവീസുകൾക്കും ജോലിയിൽ പ്രവേശിക്കുമ്പോൾ മസൂറിയിലെ അക്കാദമിയിൽ ഒരുമിച്ച്, അടിസ്ഥാനപരമായ കാര്യങ്ങളിൽ പൊതുവായ പരിശീലനമുണ്ട്. ഫൗണ്ടേഷൻ കോഴ്സ് എന്നാണ് ഇതിന്റെ പേര്. യുപിഎസ്‌സി സുതാര്യമായ പ്രക്രിയയിലൂടെ നൽകുന്ന മാർക്കുകളോടൊപ്പം, ഫൗണ്ടേഷൻ കോഴ്സിനു മസൂറി അക്കാദമിയിലെ ഉദ്യോഗസ്ഥർ ആത്മനിഷ്ഠവും അതാര്യവുമായി നൽകുന്ന മാർക്കുകൾ കൂട്ടി പൊതു റാങ്ക് ലിസ്റ്റ് പുനർനിർണയിക്കുക എന്നതാണ് ഇപ്പോഴത്തെ പരിഗണനാവിഷയം. ഞാൻ 

ഐഎഎസ് പരിശീലനം നടത്തിയ വർഷത്തെ മസൂറിയിലെ ഡയറക്ടർ, അതിനുതൊട്ടു മുൻ വർഷം ഫൗണ്ടേഷൻ കോഴ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നൽകിയത് അദ്ദേഹത്തിന്റെ മകനുതന്നെയാണെന്ന കാര്യം ഈ ഘട്ടത്തിൽ ഓർക്കുന്നു. 

ഐഎഎസിലും മറ്റും കാലാകാലങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും വൈമുഖ്യമോ ഉത്സാഹക്കുറവോ കാണിച്ചതായി കേട്ടിട്ടില്ല. ഇംഗ്ലിഷിൽ ഒരു പറച്ചിലുണ്ട്, ചീത്തയാകാത്ത കാര്യങ്ങൾ നന്നാക്കാൻ പോകരുത്. എത്രയോ ചീത്തയായ കാര്യങ്ങൾ ചുറ്റും കിടക്കുമ്പോൾ ആ ചൊല്ല് കൂടുതൽ അർഥവത്താകുന്നു.

ഇനിയേസ്റ്റ, ഇനി ? 

മേയ് 21നു ബാർസിലോനയ്ക്കുവേണ്ടി ആന്ദ്രെ ഇനിയേസ്റ്റ അവസാനമായി കളിച്ചതു ഫുട്ബോൾ പ്രേമികൾ കണ്ടു. മഹാനടന്മാർ അരങ്ങൊഴിയുമ്പോൾ സംഭവിക്കുന്ന വികാരപ്രകടനങ്ങൾ നൂകാംപ് സ്റ്റേഡിയത്തിലും നടന്നു. എന്നാൽ രാച്ചെന്ന്, ഒറ്റക്കാണിപോലും ഇല്ലാത്ത സമയം,  ഇനിയേസ്റ്റ സ്റ്റേഡിയത്തിൽ വീണ്ടും പ്രവേശിച്ചു. അദ്ദേഹം ഷൂ അഴിച്ചുവച്ച് മൈതാനത്തിനു നടുവിൽ, കിക്കോഫ് നടക്കുന്ന ഇടത്തേക്കു നടന്നു. അവിടെ പുല്ലിൽ രാത്രി ഒന്നരവരെ ഇരുന്നു. ഒരു ഫൊട്ടോഗ്രഫർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. അദ്ദേഹമെടുത്ത ദൃശ്യങ്ങൾ, ഫുട്ബോൾ സാധാരണയായി നൽകുന്ന ആഹ്ലാദത്തിനും ആവേശത്തിനും പകരം അഗാധമായ വിഷാദം ഫുട്ബോൾ പ്രേമികൾക്കു പകർന്നു. 

ആന്ദ്രെ ഇനിയേസ്റ്റ ആന്ദ്രെ ഇനിയേസ്റ്റ

മൈതാനത്തിനു നടുവിലിരുന്ന് എന്തൊക്കെയായിരിക്കും ഇനിയേസ്റ്റ ഓർത്തിരിക്കുക. ബാർസിലോനയുടെ കുട്ടികൾക്കുള്ള പ്രോഗ്രാമിൽ, 1996ൽ, 12 വയസ്സുള്ളപ്പോൾ ചേരാൻ വന്ന ദിവസം ഓർത്തിരിക്കാം. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം എന്നാണ് അദ്ദേഹം അതെക്കുറിച്ച് ‘ദി ആർട്ടിസ്റ്റ്, ബീയിങ് ഇനിയേസ്റ്റ’ എന്ന ആത്മകഥയിൽ എഴുതിയത്. 

സ്റ്റേഡിയത്തിന് അടുത്തുള്ള ഹോട്ടൽ റയ്യയിൽ താമസിച്ചിരുന്ന അച്ഛനും മുത്തച്ഛനും കുട്ടിയുടെ കരച്ചിൽകാരണം തലേന്നു രാത്രി ഉറങ്ങാൻ പറ്റിയില്ല. പിറ്റേന്നു കുട്ടിയെയുംകൂട്ടി തിരിച്ചുപോകാം എന്നു പറഞ്ഞ അവരോട് ഇനിയേസ്റ്റയുടെ അമ്മ മേരിയാണു പറഞ്ഞത്, “അവനൊന്നു ശ്രമിച്ചുനോക്കട്ടെ.” 

മിഡ്‌ഫീൽഡിലെ മാന്ത്രികനായ ഇനിയേസ്റ്റ, താൻ എത്തിച്ച പല പന്തുകളും ഗോളാക്കിയ മെസ്സിയെ ഓർത്തിരിക്കാം. കളി ബാർസിലോനയ്ക്ക് എതിരാകുമ്പോൾ മെസ്സി ചെവിയിൽ പറയും, “ആന്ദ്രെ, നീ എന്റെ അടുത്തുനിന്നു പോകരുത്”. നൂകാംപിലെ 22 വർഷം പരിചയമുള്ള പുൽത്തകിടിയെ അവസാനമായി സ്പർശിക്കാനായിരിക്കും, ഇനിയേസ്റ്റ നഗ്നപാദനായിത്തന്നെ അവിടെ എത്തിയത്. ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ഇനിയേസ്റ്റയുടെ പാതിരാ ഉറക്കമിളപ്പ്, ബിൽ ഷാങ്ക്ലിയുടെ പ്രസിദ്ധമായ ഉദ്ധരണി എന്നെ ഒരിക്കൽക്കൂടി ഓർമിപ്പിച്ചു, “ചിലരുടെയൊക്കെ വിചാരം ഫുട്ബോൾ ജീവന്മരണ പ്രശ്നമാണെന്നാണ്, എന്നാൽ ഞാൻ തറപ്പിച്ചു പറയുന്നു, ഫുട്ബോൾ അതിനെക്കാളൊക്കെ എത്രയോ കൂടിയ കാര്യമാണ്." 

സ്കോർപ്പിയോൺ കിക്ക്: നിപ്പ വൈറസ് ഇല്ലെന്നു പ്രചരിപ്പിക്കുന്ന മോഹനൻ വൈദ്യർക്കും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെ കേസെടുത്തിട്ടു കാര്യമില്ല; അവരെ നിപ്പ രോഗികളെ പരിചരിക്കാനായി, നിർബന്ധസേവനത്തിനു വിടണം.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം