Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉജ്ജയിനി– നടക്കാതെ പോയ എംടി, ഒഎൻവി ചിത്രം

M.T, O.N.V എം.ടി,ഒ.എൻ.വി

നദിയുടെ തീരത്താണ് ഉജ്ജയിനി. അവിടെ ശിപ്രയിലെ തെളിനീർക്കണങ്ങളോടുകൂടിയ കുളിർകാറ്റ് വീശിക്കൊണ്ടിരുന്നു. കാറ്റിൽ നീർത്താർമണമുണ്ട്. രാജവീഥികൾക്കിരുപാടും മാനം മുട്ടുന്ന മാളികകളുണ്ട്. അവയുടെ ജാലകങ്ങളിലൂടെ സുന്ദരിമാരുടെ കേശസംസ്കാരധൂപത്തിന്റെ ശ്യാമരേഖകൾ പുറത്തേക്കുവരുന്നതും മട്ടുപ്പാവുകളിൽ മയിലുകൾ ചോടുവയ്ക്കുന്നതും കണ്ടു നടക്കുക. പിന്നെ, ശിപ്രാ തീരത്തെ മഹാകാല ക്ഷേത്രം. സന്ധ്യാപൂജയ്ക്ക് അകമ്പടിയായുള്ള പെരുമ്പറയുടെ മത്ന്രധ്വനി. നേരമിരുളുമ്പോൾ കാമുകസങ്കേതം തേടിപ്പോകുന്ന കാതരനേത്രങ്ങൾക്ക് മിന്നൽപ്പിണർകൊണ്ട് വഴികാട്ടണമെന്ന് കവി മേഘത്തോടഭ്യർഥിക്കുന്നു. 

ഈ ഉജ്ജയിനി കാളിദാസൻ സൃഷ്ടിച്ചതാണ്. ചരിത്രത്തിലും ഇന്ത്യയുടെ ഭൂപടത്തിലും ഉജ്ജയിനി ഒരു സത്യമാണ്. കാലം തിളക്കത്തിനു മങ്ങലേൽപിച്ചുവെങ്കിലും ഇന്നും കവികളും കലാകാരൻമാരും കാമുകരും ഭക്തരും തേടിപ്പോകുന്ന ഉജ്ജയിനി.

കാളിദാസകൃതികൾ വായിക്കുന്നതിനിടെയും പഠിപ്പിക്കുന്നതിനിടെയും ഒഎൻവി മനസ്സുകൊണ്ട് ഒരായിരം തവണ സന്ദർശിച്ച പുണ്യനഗരം. ഭോപ്പാലിൽ ഇന്ത്യയിലെ വിവിധഭാഷകളിലെ എഴുത്തുകാരുടെ സംഗമത്തിനു കളമൊരുക്കുന്ന ഭാരത് ഭവനിൽ കവിത അവതരിപ്പിക്കാൻ ക്ഷണം കിട്ടിയപ്പോൾ കവി ആദ്യമായി ഉജ്ജയിനി സന്ദർശിച്ചു. അതിഥി മന്ദിരത്തിൽ താമസിക്കുന്നതിനിടെ ഒരു പുലർച്ചെ അത്യപൂർവ്വമായ ഒരു കാഴ്ചയ്ക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. 

തളിർത്തുനിൽക്കുന്ന പലാശവൃക്ഷങ്ങളിൽനിന്ന് മയിലുകൾ ഒന്നിനുപുറകെ ഒന്നായി പറന്നു മറുശാഖിയിലേറുന്നു. ചിറകു വിടർത്തിയല്ലാ, ചിറകു പിന്നോട്ടു കൂർപ്പിച്ചാണവയുടെ പ്രയാണം. മരപ്പൊത്തുകളിൽനിന്ന് പുറത്തേക്ക് ഒന്നെത്തിനോക്കിയിട്ട് പെട്ടെന്നു തല പിൻവലിക്കുന്ന കൊച്ചുതത്തകൾ പുറത്തേക്കൊന്നു ചുറ്റിപ്പറന്ന് ചിരിച്ചു പൊത്തിൽവന്നിരിക്കുന്നു. താഴെ വരിനെല്ലിന്റെ ഉമി കുമിഞ്ഞുകൂടി കിടക്കുന്നതു കണ്ടില്ല. അങ്ങനെയായിരുന്നെങ്കിൽ എല്ലാം കാളിദാസൻ വർണിച്ചതുപോലെയാകുമായിരുന്നു. വനജ്യോത്സന എന്ന മുല്ലവള്ളിയേയും കണ്ടില്ല. എങ്കിലും ഒരുതരം വനലാവണ്യമാണവിടെ. കവിയുടെ ഉപബോധ മനസ്സിന്റെ ചിത്രമാരോ വരച്ചതുപോലെ തങ്ങിനിന്നിരുന്നു. 

പിന്നീട് ഒരിക്കൽ എംടി, സംവിധായകൻ ഹരിഹരൻ, സൂര്യകൃഷ്ണമൂർത്തി എന്നിവർക്കൊപ്പവും ഒഎൻവി ഉജ്ജയിനി സന്ദർശിച്ചു. കാളിദാസനെ ആദരിച്ചെതിരേറ്റ നഗരം. ദുഃഖഭാരത്തോടെ, വ്രണിതാഭിമാനത്തോടെ കവിക്ക് ഉപേക്ഷിച്ചുപോകേണ്ടിവന്ന നഗരവുമാണ് ഉജ്ജയിനി. ആരവവും ഏകാന്തതയും ഒരുപോലെ കവിയെ പഠിപ്പിച്ച നഗരം. 

ആദ്യത്തെ ഉജ്ജയിനി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷം ഒഎൻവി നേരത്തേ എഴുതിവച്ചിരുന്ന കാവ്യാഖ്യായിക എഴുതിപ്പൂർത്തിയാക്കി. മലയാളത്തിന് ഒഎൻവി എന്ന കവി സമ്മാനിച്ച ഏറ്റവും ശ്രദ്ധേയമായ ക്യാവ്യസംഭാവന. ആധുനിക കാലത്ത് അപൂർവമായ ദീർഘകാവ്യം. 

1992 ഓഗസ്റ്റ് 27. ഒഎൻവി ഉജ്ജയിനി പൂർത്തിയാക്കി. 

സമാന്യം ദീർഘമായ കാവ്യാഖ്യായികയിലെ ഒരധ്യായം ഒഎൻവി ആദ്യം ചൊല്ലുന്നതു തുഞ്ചൻപറമ്പിൽ. എംടി യുടെ നിർബന്ധത്തെത്തുടർന്ന്. അന്നുരാത്രി തന്നെ തിരൂരെ ഒരു ഹോട്ടൽമുറിയിൽവച്ച് ഉജ്ജയിനി പൂർണമായി ഒഎൻവി ചൊല്ലി-എംടിക്കു കേൾക്കാൻ വേണ്ടി. അപ്പോൾതന്നെ കയ്യെഴുത്തുപ്രതി എംടി വാങ്ങിവച്ചു- ആഴ്ചപ്പതിപ്പിൽ നല്ല പ്രധാന്യത്തോടെ കൊടുക്കാൻവേണ്ടി. കവിത പ്രസിദ്ധീകരിച്ചു. എം.കൃഷ്ണൻനായർ ഉൾപ്പെടെയുള്ളവർ ലോഭമില്ലാതെ പ്രശംസയും ചൊരിഞ്ഞു. ഗുപ്തകീർത്തിയുടെ മണ്ണടിഞ്ഞ മന്ദിരമല്ല ഉജ്ജയിനിൽ ഒഎൻവി തിരഞ്ഞത്. ആടിമേഘത്തെ പ്രേമദൂതിനായി നിയോഗിച്ച കവിയുടെ കാൽപാടുകൾ. കവിത നന്നായി ഇഷ്ടപ്പെട്ട എംടി ഒരാഗ്രഹം പോലെ പറഞ്ഞു: ഞാനിതൊരു സിനിമയാക്കിയിരിക്കും. 

നടക്കാതെ പോയ ചേതോഹരമായ സ്വപ്നങ്ങളിലൊന്ന്. ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറുമായിരുന്നു ഉജ്ജയിനി. മലയാളത്തിലെ മഹാരഥൻമാരായ രണ്ട് എഴുത്തുകാരുടെ സംഗമം. രണ്ട് ജ്ഞാനപീഠ ജേതാക്കളുടെ കൂടിച്ചേരൽ. 

ഉജ്ജയിനിയുടെ കാവ്യഭൂമിയിൽ കാളിദാസന്റെ ആത്മാവു തിരഞ്ഞ കവി യാത്രയായിട്ടു രണ്ടുവർഷം. ഇന്ന് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം എംടി ക്കു സമർപ്പിക്കുന്നു. വീണ്ടുമൊരു കൂടിച്ചേരൽ. കവിയുടെ അനശ്വരമായ കവിതകളിലൂടെ ഒരിക്കൽക്കൂടി മലയാളം കടന്നുപോകുമ്പോൾ ആദരിക്കപ്പെടുകയാണ് അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത്. സ്നേഹിക്കപ്പെടുകയാണ്. 

1982-ൽ വയലാർ അവാർഡ് സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിനൊടുവിൽ ഒഎൻവി ഒരു കവിത ചൊല്ലി; പാഥേയം. 

ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും 

ഒരുനാൾ കവർന്നുപറന്നുപോവാൻ 

നിഴലായി, നിദ്രയായ് പിൻതുടർന്നെത്തുന്ന 

മരണമേ, നീ മാറിനിൽക്കൂ ! 

അതിനുമുമ്പതിനുമുമ്പൊന്നു ഞാൻ പാടട്ടെ 

അതിലെന്റെ ജീവനുരുകട്ടെ !

അതിലെന്റെ മണ്ണു കുതിരട്ടെ, പിളർക്കട്ടെ 

അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ ! 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം