Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്നാൾപ്പൂച്ച

ajijesh അജിജേഷ് പച്ചാട്ട്

"ഇൗ പൂച്ചകളെന്തിനാണ്

എന്നെയിങ്ങനെ എപ്പോഴും തുറിച്ചുനോക്കുന്നത്

അവറ്റകളെന്തായിരിക്കും എന്നോട് 

നിശബ്ദരായി പിറുപിറുക്കുന്നത്?'

കുന്നത്ത് പറമ്പ്....

ഏകദേശം രണ്ടരയേക്കറോളം പോന്ന ശരീരത്തിൽ തട്ടുതട്ടുകളായി പച്ചപ്പ് ധരിച്ച കളിസ്ഥലം. പെരുന്നാൾ, ഒാണം, വിഷു- ഇത്തരം വിശേഷദിവസങ്ങളിൽ സിരകളിൽ അലിഞ്ഞുചേർന്ന ക്രിക്കറ്റ് ജ്വരം, പതിവിനു വിപരീതമായി വെയിലിനു മുമ്പുതന്നെ മൂത്തു തുടങ്ങും. ഒഴിവുദിവസങ്ങളാണല്ലോ അന്ന്. ഒന്നും നോക്കാതെ രാവിലെതന്നെ സകലയെണ്ണവും ബാറ്റും സ്റ്റമ്പും പന്തും കൊണ്ട് വീട്ടിൽ നിന്നിറങ്ങും. പിന്നെ ഭക്ഷണമില്ലാതെ, മൈതാനത്തിനടുത്തുള്ള ചെട്ട്യാരുടെ കിണറ്റിൽ നിന്നും മുക്കിക്കുടിക്കുന്ന പച്ചവെള്ളത്തിന്റെ ബലത്തിൽ വീറുള്ള കളിയാണ് വൈകുന്നേരം വരെ. അതിനിടയിൽ പലരുടെയും അമ്മമാരും അച്ഛന്മാരും തിരഞ്ഞുവരും. ചിലർ വടിയുമായി മൈതാനം മുഴുവൻ പായിപ്പിക്കും. ചന്ദ്രേട്ടൻ വരുമ്പോഴുള്ള ഹജീഷിന്റെ ഒാട്ടമൊക്കെ ഇപ്പോഴും കൺമുന്നിലുണ്ട്. വല്ലാത്ത കാലമായിരുന്നു അത്. കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു പെരുന്നാൾ ദിവസത്തിൽ അങ്ങനെയൊരു സംഘത്തിൽ അംഗമായതിന്റെ പേരിൽ ചില ഒാർമകൾ മനസ്സിൽ പെയ്യുകയാണിപ്പോൾ...

പെരുന്നാളാണെന്ന് അറിയുമ്പോൾ ഞങ്ങൾ അൽപം ആർത്തിയോടെ കാത്തിരിക്കുന്ന ചില വിഭവങ്ങളുണ്ട്. പച്ചത്തേങ്ങയരച്ച വറവിട്ട കോഴിക്കറി, തെളിഞ്ഞ മേഘക്കീറിന്റെ വട്ടത്തിലുള്ള കുഴഞ്ഞ അരിപ്പത്തിരി, പിന്നെ മസാലഗന്ധം പൊങ്ങുന്ന വരട്ടിയ പോത്തിറച്ചി... തൊട്ടപ്പുറത്തെ പെരുന്നാൾ ആഘോഷക്കാരിൽ നിന്നും പുറപ്പെടുന്ന മുറതെറ്റാത്ത പെരുന്നാൾ സഞ്ചിയിൽ ഇൗ വക പദാർത്ഥങ്ങൾ ഉണ്ടായിരിക്കും. അവ ചിലപ്പോൾ ഉച്ചക്ക് തന്നെ എത്തും, അല്ലെങ്കിൽ വൈകുന്നേരം. എപ്പോഴായാലും തീൻമേശയിൽ നിരന്ന് കിടക്കുന്ന അവയിൽ നിന്നും ചിറകുകൾ മുളച്ച ഗന്ധം ഇരിക്കാൻ ഇടങ്ങളില്ലാതെ രുചിമുകുളങ്ങൾക്ക് ചുറ്റും അസ്വസ്ഥമായി പറക്കാൻ തുടങ്ങും. എന്റേയും മേശുട്ടന്റേയും(അനിയൻ) കൈകൾ ഇടയ്ക്കിടെ പാത്രങ്ങളിലേക്ക് മുങ്ങാംകുഴിയിടുകയും ചെയ്യും. എന്തുകൊണ്ടോ ആ പെരുന്നാളിന് വിഭവസഞ്ചി എത്തിയില്ല. ഞാനാണെങ്കിൽ ഉച്ചവരെ കാത്തുകാത്ത് ഉച്ചകഴിഞ്ഞ് കളിക്കാനും ഇറങ്ങി. 

കുന്നത്ത്പറമ്പ് എന്നെ സംബന്ധിച്ച് ഒരു ചതിയനാണ്. ഇരുട്ടിയാലും വെളിച്ചമുണ്ടെന്ന് ധരിപ്പിക്കുന്ന കൊടുംചതിയൻ. അച്ഛനോട് ഒരുപാടൊരുപാട് തല്ല് വാങ്ങിത്തരുന്ന കണ്ണീച്ചോരയില്ലാത്ത ദുഷ്ടൻ. കളി കഴിഞ്ഞപ്പോൾ സമയം ഏഴുമണിയായി. അത് ഞാനറിഞ്ഞത് ഓടിയോടി വിയർത്ത് കിതച്ച് ഒരുവിധത്തിൽ മതിലൊക്കെ ചാടി വീടിന്റെ പിന്നാമ്പുറത്തേക്കെത്തിയപ്പോഴാണ് എന്നുമാത്രം. അടുക്കളഭാഗത്തു കൂടെ കയറിയാൽ അച്ഛൻ കാണില്ല എന്നത് എന്റെ വെടി തീർന്ന കണക്കുകൂട്ടൽ മാത്രമായിരുന്നു, പിന്നാമ്പുറത്ത് പൊട്ടിച്ചെടുത്ത ചാട്ടവാറുപോലുള്ള കുരുമുളക് വള്ളി കയ്യിൽ പിടിച്ച് എന്നെയും കാത്ത് നിൽക്കുകയാണ് അച്ഛൻ. എന്തോ ഭാഗ്യത്തിന് കണ്ടില്ല, പൊടുന്നനെ അച്ഛനിൽനിന്ന് വഴുതി മാറി മുൻവശത്തെത്തി. മുൻവാതിൽ മെല്ലെ തള്ളി നോക്കി. വാതിൽ ലോക്ക്ഡ് ആണ്. വിയർത്തതിന് പുറത്ത് ഒന്നൂടി വിയർത്തു, അച്ഛൻ പണി തന്നുകഴിഞ്ഞു. പിന്നെ ഒരു മുജ്ജന്മകള്ളനെപ്പോലെ വീടിന്റെ ചുമര് പറ്റി വിറകുപുര ലക്ഷ്യമാക്കി നടക്കുകയേ നിവൃത്തിയുള്ളൂ. വൈകുന്നേരങ്ങളിൽ വിളക്ക് കത്തിക്കുന്നതിന് മുമ്പ് വീട്ടിലെത്തണം എന്നത് അച്ഛന്റെ കർശനനിയമങ്ങളിലൊന്നാണ്. അനുസരിച്ചില്ലെങ്കിൽ കുഴപ്പമൊന്നുമില്ല. കൈയ്യിൽ കിട്ടിയാൽ പൊതിരെത്തല്ല് ഉറപ്പാണ്, അന്നേ ദിവസം വീട്ടീന്ന് പുറത്താക്കലുമുണ്ടാവും. മാത്രവുമല്ല ചോറും കിട്ടില്ല. 

ശബ്ദമുണ്ടാക്കാതെ വിറകുപുരയിൽ കയറിയപ്പോൾ അപ്രതീക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാകാം ഒന്നുരണ്ടു പൂച്ചകൾ, മൂലയിൽ കൂട്ടിയിട്ടിരുന്ന ചകിരികൾക്കിടയിൽ നിന്നും തെറിച്ചോടി. അവറ്റകളുടെ പാർപ്പുകേന്ദ്രമാണ് അത്. വല്ലപ്പോഴും ഇതുപോലെ വഴി തെറ്റി കയറുമ്പോൾ എന്റെ ഇഷ്ടകേന്ദ്രവും. വൈക്കോൽ കൂനക്ക് മുകളിലേക്ക് ശരീരം നിക്ഷേപിക്കുമ്പോൾ നല്ല ദാഹമുണ്ടായിരുന്നു. രാവിലെ മുതൽ തുടങ്ങിയ അദ്ധ്വാനമല്ലേ... ഇനി തുള്ളി വെള്ളം കുടിക്കണമെങ്കിൽ അച്ഛൻ കുളിയൊക്കെ കഴിഞ്ഞ് ഉള്ളിൽ കയറണം. അന്നാണെങ്കിൽ മോട്ടോറും പൈപ്പും ഒന്നുമില്ല. കിണറിൽ നിന്ന് മുക്കി കുടിക്കുമ്പോൾ കപ്പി കരയാതെ ശ്രദ്ധിക്കണം. അതൊന്നുമല്ലെങ്കിൽ പിന്നെ അകത്തു കയറാൻ ആകെയുള്ള വഴി അച്ഛന് പിടികൊടുക്കുക എന്നതാണ്. പക്ഷേ കുരുമുളക് വള്ളിയുടെ തീപ്പൊള്ളലിനെ കുറിച്ചോർത്തപ്പോൾ അതിന് ശേഷിയില്ലാതെയായി. ചാട്ടവാറൊക്കെ കുറച്ചപ്പുറത്തേക്ക് മാറി നിൽക്കും. അജ്ജാതി വേദനയാണ്. കൊടിവള്ളികൊണ്ടുള്ള അടി എന്നെ സംബന്ധിച്ച് ആദ്യത്തെ അനുഭവമൊന്നുമല്ല. അടികിട്ടുന്ന എല്ലാ പിടിക്കപ്പെടലുകൾക്കും ഒടുവിൽ കളിജ്വരത്തെ ഞാൻ മനസ്സറിഞ്ഞ് ശപിക്കാറുണ്ട്. വീണ്ടും അതേ അപകടച്ചുഴിയിൽ അകപ്പെടുമെങ്കിലും... 

മേശുട്ടനാണെങ്കിൽ എങ്ങനെയെങ്കിലും വിളക്ക് കത്തിക്കുന്നതിന് മുമ്പ് വീടുപിടിക്കും, അതെവിടെയാണെങ്കിലും. അതവന്റെയൊരു വല്ലാത്ത ഗുട്ടൻസാ.. വിറകുപുരയിൽ കിടക്കുമ്പോൾ അച്ഛന്റെ വർത്തമാനങ്ങളും ചോറുണ്ട ശേഷം കൈകഴുകി തുപ്പുന്നതുമായ ശബ്ദങ്ങളും എനിക്കരികിലേക്ക് വളർന്നങ്ങനെ വരുന്നുണ്ട്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ, അച്ഛൻ കാണാതെ അമ്മ എനിക്കുള്ള ചോറുമായി മുന്നിൽ അവതരിക്കാറുണ്ട്. പക്ഷേ അമ്മയെ കാണാതായപ്പോൾ എന്നെ കീഴ്പ്പെടുത്താൻ അച്ഛൻ എവിടൊക്കെയോ രഹസ്യാന്വേഷകനെപ്പോലെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടെന്ന് ഞാൻ ഉറപ്പിച്ചു. വയറ്റിനുള്ളിൽ അരുവിയുടെ ഒഴുക്കും പുഴയുടെ ഒാളങ്ങളും ഒടുവിൽ കടലിന്റെ തിരയിളക്കങ്ങളും ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. വീട്ടിനുള്ളിൽ വെളിച്ചമുണ്ട്, നിഴലനക്കങ്ങളുണ്ട്. പൊടുന്നനെ പ്രതീക്ഷയിൽ കസവ് ചേർത്ത് ഞാൻ നിൽക്കുന്ന ഭാഗത്തുള്ള ജനൽ തുറക്കപ്പെട്ടു. അമ്മയെ പ്രതീക്ഷിച്ചിടത്ത് അപ്പുറത്ത് പക്ഷേ മേശുട്ടനായിരുന്നു.

- ഡാ അമ്മയെവിടെ? യ്യാ വാതിലൊന്നു തുറക്ക്വോ?

ഞാൻ വയറുഴിഞ്ഞ് ജനലിനോട് ചേർന്നു നിന്ന് പതുക്കെ അവനോട് ചോദിച്ചു.

-നോ രക്ഷ മോനേ, അച്ഛൻ കിടന്നിട്ടില്ല.. ഒരെമ്മിനാണ് ഞാനിന്ന് അടീന്ന് ഒഴിവായത്.

അവന്റെയൊരെമ്മ്... പല്ലിറുമ്പുകയേ രക്ഷയുള്ളൂ.

അവൻ ഇടക്കിടെ പല്ലുകൾക്കിടയിൽ വിരൽനഖങ്ങൾ കോർത്ത് എന്തൊക്കെയോ പുറത്തെടുത്തുകൊണ്ടിരുന്നു. പെട്ടെന്ന് ആരോ മുറിച്ചിട്ട പോത്ത് വരട്ടിയ മണത്തിന്റെ ചെറിയൊരു കഷണം എനിക്ക് കിട്ടി.

അപ്പോൾ പെരുന്നാൾ സഞ്ചി എത്തിയിട്ടുണ്ട്, അതോടെ ഉമിനീർഗ്രന്ഥിയുടെ നിയന്ത്രണം മുറിഞ്ഞു.

- ഒക്കെ തീർന്നോ?

തീർക്കില്ല എന്നറിയാമായിരുന്നിട്ടും ഞാൻ തിരക്കി.

- നിന്റെ ഒാരി അവിടെയുണ്ട്. ഒൗ പോത്തിറച്ചിയിൽ എരിവ് കൊറച്ച് കൂടുതലാ. എന്നാലും അടിപൊള്യാ..

നിന്ന നിൽപ്പിൽ അവന്റെ ചേളയടക്കി പൊട്ടിക്കാനാണ് തോന്നിയത്. മനുഷ്യനിവിടെ കൊടല് കത്തി നിൽക്കുമ്പോഴാ അവന്റെയൊരു എരിവും അടിപൊളിയും.

- അല്ലെടാ ചോറ് കിട്ടാൻ വല്ല വഴിയുമുണ്ടോ..?

ഞാൻ അവനെ ദയനീയമായി നോക്കി.

- പൊന്നുമോനേ.. തല്ലുകൊള്ളാൻ വയ്യ. ഇൗ മാസത്തെ കോട്ട തീർന്ന്.

അവൻ ഭംഗിയായി ചിരിച്ച് കയ്യൊഴിഞ്ഞു. അവനെ പറഞ്ഞിട്ട് കാര്യമില്ല. കുരുമുളക് വള്ളിയുടെ അടിയെ ഇഷ്ടപ്പെടുന്ന ആരെങ്കിലും ഉണ്ടാവ്വോ ഇൗ ലോകത്ത്!

- കുഞ്ഞോള് ഉറങ്ങ്യോ?

അവസാനം ആശ്രയം പിന്നെ പെങ്ങളാണ്.

- പിന്നേ, അവളൊറൊങ്ങീണ്ടാവും.

അവൻ തിരിഞ്ഞുനടന്നു. പരോള് കിട്ടാത്ത ജയിൽപ്പുള്ളിയെപ്പോലെ ഞാൻ ജനലഴിയും പിടിച്ച് അങ്ങനെത്തന്നെ നിന്നു.

കുഞ്ഞോള് ഉണ്ടെങ്കിൽ സുഖമായിരുന്നു. പലപ്പോഴും പുറത്താക്കപ്പെടുമ്പോൾ തണുപ്പില്ലാതെ കിടക്കാൻ മുകൾ നിലയിലുള്ള സിറ്റൗട്ടിലേക്ക് ഇരുമ്പ് കോണി ചാരി തരുന്നത് അവളാണ്. അവളന്ന് ഉറങ്ങിയത് മുകളിൽ കിടക്കാം എന്ന എന്റെ പ്രതീക്ഷയും കൂട്ടിപ്പിടിച്ചായിരുന്നു.

ദൈവമേ, പെരുന്നാൾ ഭക്ഷണം പോയിട്ട് സമാധാനമായി കിടന്നുറങ്ങാനും കഴിയില്ലേ..

പുറത്താണെങ്കിൽ തണുപ്പിന്റെ കനം കൂടിക്കൂടി വരികയാണ്. അയൽപ്പക്കത്തുള്ളവരുടെ വെളിച്ചങ്ങളും അണഞ്ഞുതുടങ്ങി. ഞാൻ തിരിച്ച് വിറകുപുരയുലെത്തി. പോത്തിന്റെ ചെറിയൊരെല്ല് കടിച്ചു പൊട്ടിക്കുന്ന പൂച്ച എന്നെ നോക്കി മുരണ്ടു. പട്ടിണിയാവുമെന്ന് തോന്നിയപ്പോൾ വിശപ്പും കൊതിയുമൊക്കെ പകുതി അമർന്നു. വീട്ടിനുള്ളിലെ അവസാന വെളിച്ചവും അണഞ്ഞു. ഇനി അമ്മയേയും പ്രതീക്ഷിക്കേണ്ടതില്ല. ഒരു പക്ഷേ അച്ഛന്റെ കാവൽയജ്ഞത്തിൽ അമ്മയും ഇരപ്പെട്ട് കഴിഞ്ഞിരിക്കാം.

ഉറക്കം വരാതെ വൈക്കോൽക്കൂനക്ക് മുകളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാൻ പാതിരയോടടുത്ത് ഒരിക്കൽക്കൂടി വിറകുപുരയുടെ പുറത്തിറങ്ങി. അവസാനശ്രമം എന്ന നിലയിൽ ഉള്ളിൽ കയറാനുള്ള പഴുതുകൾ തിരഞ്ഞ് വീടിന് ചുറ്റും നടന്നു. ഒരു രക്ഷയുമില്ലായിരുന്നു. അമർന്നുതുടങ്ങിയ വിശപ്പ് യാതൊരു ഉളുപ്പുമില്ലാതെ പിന്നെയും തലപൊക്കി തുടങ്ങി. ഒടുവിൽ തളർന്ന് അടുക്കളഭാഗത്തെ തിണ്ണിയിലിരിക്കുമ്പോൾ ഞാൻ വാതിൽക്കലേക്ക് ഒരിക്കൽക്കൂടി നോക്കി.

ഏകദേശം കാൽഭാഗത്തോളം വായതുറന്ന് ആരെയോ കാത്തുനിൽക്കുന്നതുപോലെ അടുക്കളവാതിൽ! കുന്നത്ത് പറമ്പിലെ പിച്ചിൽ വച്ച് ശീമക്കൊന്ന കൊണ്ടുണ്ടാക്കിയ മിഡിൽസ്റ്റമ്പ് പന്തുകൊണ്ട് പിഴുത സന്തോഷമായിരുന്നു എനിക്ക്. തപ്പിപ്പിടിച്ച് ഉള്ളിൽ കയറിയ ഞാൻ അടുപ്പിനരികിലേക്കാണ് ആദ്യമെത്തിയത്.

പാത്രങ്ങളിലെല്ലാം തിരഞ്ഞിട്ടും ഒരുതുണ്ട് ഇറച്ചി പോലും കാണാൻ കഴിഞ്ഞില്ല. എല്ലാം വടിച്ചുവച്ചിരിക്കുന്നു. എല്ലാവരും കൂടി നല്ല രീതിയിൽ തന്നെ പറ്റിച്ചെന്ന് എനിക്കുറപ്പായി. ചുറ്റുഭാഗവും ഉറഞ്ഞുനിന്ന ഇറച്ചിയുടെ ഗന്ധത്തിൽ രുചിയമർത്തി ബാക്കിയായ പത്തിരി ചവച്ചരച്ച് കുറച്ച് പച്ചവെള്ളവും കുടിച്ച് ഞാൻ മുറിയിലേക്ക് കയറി. അലച്ചിലുകളുടെ ക്ഷീണം ഉറക്കത്തിലേക്ക് എന്നെ കൊത്തിവലിക്കുകയും ചെയ്തു. പിറ്റേന്നും നേരം വെളുക്കാതിരുന്നില്ല. എല്ലാവരും എഴുന്നേറ്റു, പല്ലുതേച്ചു, ചായ കുടിച്ചു. ഇതിനിടയിലെപ്പോഴോ അച്ഛനിൽ നിന്നും കിട്ടിയ മൂർച്ചയുള്ള നോട്ടമൊഴിച്ചാൽ എല്ലാം തികച്ചും സമാധാനപരം.ചരിത്രത്തിലാദ്യമായി അച്ഛന്റെ അടിയിൽ നിന്നൊഴിവായതിൽ എനിക്കും സന്തോഷമായി.

കുന്നത്തുപറമ്പിൽ പിന്നെയും കളിയുണ്ടാകുകയും വീട്ടിൽ കുരുമുളകുവള്ളി ഒടിയുകയും ചെയ്തു കൊണ്ടിരുന്നു. സിക്സും ഫോറും അടിച്ചുവരുമ്പോൾ അച്ഛന്റെ കൈയ്യിലെ കുരുമുളകുവള്ളി ഇറുകെ പുണർന്ന് അഭിനന്ദിച്ച രാത്രികൾക്കും കുറവൊന്നുമുണ്ടായില്ല.

അന്ന് വീട്ടിൽനിന്നും പുറത്താക്കപ്പെടുമ്പോൾ കോണി ചാരിത്തരാറുള്ള കുഞ്ഞോള് ഇപ്പോൾ വിവാഹിതയാണ്, അധ്യാപികയാണ്, ഒരു കുഞ്ഞിന്റെ അമ്മയുമാണ്. എന്നെ നിസ്സഹായമായി കയ്യൊഴിയാറുള്ള മേശുട്ടൻ ഇന്ന് മലേഷ്യയിലെ ഒരു പ്രശസ്ത കമ്പനിയിൽ ജോലി ചെയ്യുന്നു. അന്ന് കുന്നത്ത് പറമ്പിൽ കളിച്ചവരൊന്നും ഗാംഗുലിയും ദ്രാവിഡും സച്ചിനുമൊന്നുമായില്ല. പക്ഷേ എല്ലാവരും ഉത്തരവാദിത്തമുള്ള കുടുംബനാഥന്മാരായി. അവർ കവർഡ്രൈവ് ചെയ്യുന്ന ലാഘവത്തോടെ ജീവിതം കരുപിടിപ്പിച്ചു. 

ഇൗയടുത്ത കാലത്ത് ചോറു കഴിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ വർഷങ്ങളുടെ പഴക്കമുള്ള ഇൗ കഥ ഞാൻ ഒരു രസത്തിനായി പുറത്തേക്ക് വീണ്ടും വലിച്ചിട്ടു. എന്റെ ഒാരി യാതൊരു ഉത്തരവാദിത്തവുമില്ലാതെ തിന്നാൻ നിങ്ങൾക്കെല്ലാവർക്കും അന്ന് എങ്ങനെ തോന്നി എന്ന എന്റെ ചോദ്യത്തിൽ അമ്മയുടെ നെറ്റി ചുളിഞ്ഞു.

- നിന്റെയോരി തിന്നെന്നോ... ദുഷ്ടത്തരം പറയല്ലേ.. ഞാൻ മൂടി വച്ചിരുന്നതാണല്ലോ അന്ന്.. നീ രാത്രിയിൽ തിന്നതല്ലേ.. എന്റെ നെറ്റിയിലും ചുളിവുകൾ പടർന്നു.

- ഞാനോ? 

എനിക്കൊന്നും മനസ്സിലായില്ല. അമ്മയാണെങ്കിൽ വളരെ നിഷ്ക്കളങ്കമായിട്ടാണ് പറയുന്നതും. അപ്പോൾ അന്നെത്തെ പെരുന്നാൾച്ചോറ് തിന്നതാരാണ്?

- അത് പോട്ടെ, അന്നാരാണ് അടുക്കളവാതിൽ തുറന്നിട്ട് എന്നെ സഹായിച്ചത്? എനിക്ക് അതറിയാനും തിടുക്കമുണ്ടായിരുന്നു.

-ഞാനല്ല. നിന്റെ അച്ഛൻ എന്നെ മുറിക്ക് പുറത്തിറങ്ങാൻ സമ്മതിച്ചിട്ടില്ല അന്ന്. എന്നിട്ടല്ലേ വാതില് തുറന്നിടല്. അമ്മ ആദ്യമേ പറഞ്ഞു.

- പിന്നെയാരാ?

എന്റെ ചോദ്യത്തിൽ മേശുട്ടൻ കൈമലർത്തി. കുഞ്ഞോൾ ഒന്നും അറിഞ്ഞിട്ടുപോലുമില്ലായിരുന്നു.

പിന്നെയാരാണ്?

എന്റെ നോട്ടം അച്ഛന് നേരെയായി.

- അച്ഛനാവും. അമ്മ പതിയെ പറഞ്ഞു

ഞങ്ങളുടെ സംഭാഷണങ്ങളിൽ ശ്രദ്ധിക്കാതിരുന്ന അച്ഛൻ അപ്പോഴും വിഭവങ്ങളിലെ രുചികളിലായിരുന്നു. എനിക്ക് മനസ്സിലായി.

അച്ഛനെ നോക്കി കണ്ണുകൾ നിറയ്ക്കുമ്പോഴും എന്റെയുള്ളിലെ ആദ്യത്തെ ചോദ്യത്തിനുത്തരം കിട്ടിയിരുന്നില്ല.

അപ്പോൾ അന്നത്തെ എന്റെയോരി തിന്നതാരാണ്? പെട്ടെന്ന് പുറത്ത് നിന്നും ഒരു പൂച്ച കരഞ്ഞു.

'പൂച്ചകൾ തുറിച്ച് നോക്കുന്നത്

എന്തിനാണെന്ന് ഇപ്പോൾ ഞാനറിയുന്നു.

അവറ്റകൾ നിശബ്ദമായി പിറുപിറുക്കുന്നതും ഞാൻ കേൾക്കുന്നു'

ഡാ പച്ചാട്ടേ, നിന്നെയല്ല നിന്റെയപ്പനെ വരെ പറ്റിച്ച ചരിത്രമുണ്ടെടാ ഞങ്ങളുടെ തലമുറയ്ക്ക്, അല്ല പിന്നെ...

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.