Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മംഗലശേരി നീലകണ്ഠൻ പിറന്നതിങ്ങനെ...

Devasuram

മീശപിരിച്ച പുരുഷന്റെ ആണത്തം അന്നാണു മലയാളി തിരിച്ചറിഞ്ഞത്. കാൽനൂറ്റാണ്ടു മുൻപ്. മംഗലശ്ശേരി നീലകണ്ഠൻ എന്ന പുരുഷൻ ഇനിയും നമ്മുടെ ഹൃദയത്തിൽ നിന്നിറങ്ങിപ്പോയിട്ടില്ല. അതുകൊണ്ടല്ലേ നീണ്ട ഇരുപത്തഞ്ചു വർഷം ആയിട്ടും നമ്മൾ ആ പുരുഷാവതാരത്തെ ഓർക്കുന്നത്. 1993 വിഷുക്കാലത്താണ് മംഗലശ്ശേരി നീലകണ്ഠനായി മോഹൻലാൽ മീശപ്പിരിച്ച്, ആണിനു ചേർന്ന, ആണത്തം നിറഞ്ഞ സംസാരം മാത്രം നടത്തി കൂട്ടുകാരോടൊപ്പം കടന്നുവന്നത്. അതിനു ശേഷം അതുപോലെ മീശയുയർത്തിവച്ച് മോഹൻലാൽ പലതവണയെത്തി. അന്നേരമൊക്കെ മലയാളി ആ രൂപത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

എല്ലാം അവതാരകഥാപാത്രങ്ങളായിരുന്നു. കണിമംഗലം ജഗന്നാഥൻ, പൂവള്ളി ഇന്ദുചൂഢൻ, മംഗലശ്ശേരി കാർത്തികേയൻ.. എന്നിങ്ങനെ എന്തെല്ലാം വേഷത്തിലാണ് മോഹൻലാൽ നമ്മെ ആവേശം കൊള്ളിച്ചത്. എല്ലാറ്റിനും തുടക്കം ദേവാസുരത്തിൽ നിന്നായിരുന്നു. കുടുംബചിത്രങ്ങളുടെ കഥ പറഞ്ഞിരുന്ന രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ദേവാസുരം. നഗരത്തിൽ ചെന്നു രാപാർക്കാം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, ശുഭയാത്ര, പ്രാദേശിക വാർത്തകൾ, ജോർജൂട്ടി കെയർ ഓഫ് ജോർജൂട്ടി എന്നിങ്ങനെ ജയറാമിന്റെ സിനിമകളുടെ തിരക്കഥാകൃത്തായി ചെറിയ ചെറിയ വിജയങ്ങളിൽ കഴിഞ്ഞിരുന്ന രഞ്ജിത്തിന്റെ തൂലികയിൽ നിന്നു പിറന്ന അതിശക്തമായ കഥാപാത്രമായിരുന്നു മംഗലശേരി നീലകണ്ഠൻ. ഇങ്ങനെയൊരു പുരുഷാവതാരത്തെ സൃഷ്ടിക്കാൻ രഞ്ജിത്തിന് കോഴിക്കോടൊരു മാതൃകയുമുണ്ടായിരുന്നു. മുല്ലശ്ശേരി രാജു. 

സകലതരം വില്ലത്തരവും കൈവശമുണ്ടായിരുന്നു രാജുവിനും. അതോടൊപ്പം സംഗീതത്തെ നെഞ്ചേറ്റാൻ പറ്റിയൊരു മനസ്സും. അതുകണ്ടിഷ്ടപ്പെട്ടുവന്ന ബേബിയെന്നൊരു ഭാര്യയും. ഒടുവിൽ വാഹനാപകടത്തിൽ ശരീരം തളർന്നു കിടക്കുമ്പോഴും രാജു എന്ന വലിയ മനുഷ്യന്റെ മനസ്സിനെ വലുതാക്കി നിർത്തിയിരുന്നത് സംഗീതം തന്നെയായിരുന്നു. അങ്ങനെയുള്ള ആളെ കണ്ടതോടെ രഞ്ജിത്തിന്റെ മനസ്സിൽ പുതിയൊരു കഥാപാത്രം പിറവിയെടുത്തു. സംഗീതത്തെ ഇഷ്ടപ്പെടുന്ന ചട്ടമ്പിയായ നായകൻ. പൊലീസുകാരോടുപോലും എതിർത്തു സംസാരിക്കാൻ ധൈര്യമുള്ള കഥാപാത്രം. അതായിരുന്നു മംഗലശ്ശേരി നീലകണ്ഠൻ. 

മുണ്ടുടുത്ത്, മീശപിരിച്ച്, നെഞ്ചുവിരിച്ച്, ആണിനെപോലെ സംസാരിക്കുന്ന നീലകണ്ഠനെ കടലാസിലേക്കു പകർത്തി രഞ്ജിത്ത് കയറി ചെന്നത് ഐ.വി.ശശി എന്ന സംവിധായക ചക്രവർത്തിയുടെ അടുത്തേക്കായിരുന്നു. ബാക്കിയെല്ലാം ചരിത്രത്തിന്റെ ഭാഗം. രഞ്ജിത്ത് മനസ്സിൽ കണ്ടതെല്ലാം ഐ.വി. ശശി എന്ന സംവിധായകൻ അതിന്റെ പത്തിരട്ടി ശക്തിയിൽ ഭാവനയിൽ കണ്ടു. അങ്ങനെ ദേവന്റെ ഗുണവും അസുരന്റെ സ്വഭാവവുമുള്ള നായകൻ മലയാളത്തിൽ പിറന്നു. മംഗലശ്ശേരി നീലകണ്ഠൻ. 

ഒരുത്സവത്തിനു തുടങ്ങി അടുത്ത ഉത്സവത്തിനു സമാപിക്കുന്നതായിരുന്നു ദേവാസുരം. മുണ്ടക്കൽ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരുടെ ഉത്സവം കലക്കിക്കൊണ്ടാണ് നീലകണ്ഠനെ നമ്മൾ പരിചയപ്പെടുന്നത്. മംഗലശ്ശേരിയും മുണ്ടക്കലും തമ്മിലുള്ള വൈരാഗ്യം മുൻപേയുള്ളതാണ്. മുണ്ടക്കലേക്കു വന്ന കലാകാരന്മാരെ നീലകണ്ഠന്റെ സുഹൃത്തുക്കൾ കൊണ്ടുവരുന്നത് മംഗലശ്ശേരിയിലേക്കാണ്. അവിടെ തകർത്താടുന്ന കലാകാരൻമാരോടു നീലകണ്ഠൻ പറയുന്നുണ്ട്. കാണരുത് എന്നു പറഞ്ഞതേ നീലകണ്ഠൻ കാണൂ എന്ന്. അതാണു സ്വഭാവം. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ മരണത്തോടെ വൈരാഗ്യം അദ്ദേഹത്തിന്റെ അനന്തരവൻ മുണ്ടക്കൽ ശേഖരനുമായിട്ടാകുന്നു. പിന്നീടാണു നീലകണ്ഠന്റെ ചട്ടമ്പിത്തരം ശരിക്കും കാണുന്നത്. അങ്ങനെ നീലകണ്ഠൻ വളർന്നു വലുതായി മലയാള സിനിമയിൽ വലിയൊരു മിത്തായി മാറുന്നു. 

aram-thamburan

മോഹൻലാൽ മുണ്ടുടുത്ത് മീശപ്പിരിച്ചാൽ ആ സിനിമ സൂപ്പർഹിറ്റാകുമെന്നൊരു പ്രയോഗം തന്നെയുണ്ടാകുന്നു. മോഹൻലാൽ എന്ന കച്ചവട സാധ്യതയുള്ള നായകനെ ശരിക്കും കണ്ടെടുത്തത് രഞ്ജിത്തായിരുന്നു. ദേവാസുരത്തിനു ശേഷം ആറാംതമ്പുരാൻ, നരസിംഹം, രാവണപ്രഭു എന്നിങ്ങനെ ലാലിനെ നായകനാക്കി രഞ്ജിത്ത് സൂപ്പർഹിറ്റുകൾ മെനഞ്ഞുകൊണ്ടിരുന്നു. സുരേഷ്ഗോപിയെ വിട്ട് ഷാജി കൈലാസ് എന്ന സംവിധായകൻ ലാലിന്റെ അടുത്തെത്തി. ആറാംതമ്പുരാനും നരസിംഹവും ഒരുക്കിയത് ഷാജി കൈലാസായിരുന്നു. മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകളായിരുന്നു രണ്ടുസിനിമയും. നീലകണ്ഠനോടൊപ്പം തന്നെ ജഗന്നാഥനും ഇന്ദുചൂഢനും സ്ഥാനം പിടിച്ചു. മീശപിരിക്കാത്ത ലാൽ ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ മീശപിരിച്ച സിനിമകൾ ഹിറ്റായിക്കൊണ്ടിരുന്നു. സിനിമയിൽ കഥയ്ക്കുപരി ഹീറോയിസത്തിനു സ്ഥാനം വന്നു. മോഹൻലാലിനെ സാധാരണക്കാരനായി അവതരിപ്പിച്ചിരുന്ന ലോഹിതദാസ് എന്ന തിരക്കഥാകൃത്തിനു പോലും ലാലിനെക്കൊണ്ട് മീശപ്പിരിപ്പിക്കേണ്ടി വന്നു.

അച്ഛനെ പട്ടിയെപോലെ റോഡിലിട്ടു തല്ലുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാൻ പറ്റാതെ, ഗതികേടുകൊണ്ടു പ്രതികരിക്കേണ്ടി വന്ന സേതുമാധവനെയായിരുന്നു കിരീടത്തിൽ ലോഹിതദാസ് അവതരിപ്പിച്ചിരുന്നത്. ദേവാസുരം ഇറങ്ങുന്നതിനു മുൻപായിരുന്നു കിരീടം തിയറ്ററിലെത്തിയത്. കിരീടത്തിനു രണ്ടാംഭാഗമൊരുക്കാൻ ലോഹിതദാസ് ശ്രമിച്ചപ്പോൾ സേതുമാധവനെക്കൊണ്ട് മീശപ്പിരിപ്പിച്ചു.ദേവാസുരത്തിനു ശേഷമായിരുന്നു രണ്ടാംഭാഗമായ ചെങ്കോൽ വന്നത്. മോഹൻലാൽ എന്ന നായകനെ ഒരേ തിരക്കഥാകൃത്തുതന്നെ രണ്ടുരീതിയിൽ ഉപയോഗിക്കേണ്ടി വന്നതിനു കാരണം ദേവാസുരമായിരുന്നു. ഹീറോയിസത്തിന്റെ പരകോടിയിലെത്തിയപ്പോൾ എല്ലാവർക്കും അതുപേക്ഷിക്കേണ്ടി വന്നു. മോഹൻലാലിനും രഞ്ജിത്തും ഷാജി കൈലാസിനുമൊക്കെ. നീലകണ്ഠനും ജഗന്നാഥനും ഇന്ദുചൂഢനും മേലേ ഒരാളെ സൃഷ്ടിക്കാൻ അവർക്കു സാധിച്ചില്ല. അതോടെ അത്തരം അവതാര സൃഷ്ടികൾക്കു വിരാമമായി. ഇടയ്ക്കിടെ ചില സിനിമകളിൽ മീശപിരിച്ചെങ്കിലും മോഹൻലാൽ പഴയ ലാലാകാൻ ശ്രമിച്ചു. പക്ഷേ, കാലം കാൽനൂറ്റാണ്ടു പിന്നിടുമ്പോഴും നീലകണ്ഠനെ സ്ക്രീനിൽ കാണുമ്പോൾ സിരകൾ ഒന്നുപിടയ്ക്കും. മുണ്ടക്കൽ ശേഖരനുമായി ഏറ്റുമുട്ടുമ്പോൾ അറിയാതെ ആവേശത്തോടെ കയ്യടിച്ചുപോകും. വർഷം ഇനിയും പിന്നിടുമ്പോഴും നീലകണ്ഠൻ പഴയ ചട്ടമ്പിയായി ഇവിടെയുണ്ടാകും. അതുകാണുമ്പോഴും മലയാളിയുടെ ആവേശം അതേപോലെ തന്നെയായിരിക്കും. ഒരുകാലത്തിനും അതിനെ തല്ലിക്കെടുത്താൻ കഴിയില്ല.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം