Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാവിഞ്ചി വരച്ച ക്രിസ്റ്റ്യാനോയും മെസ്സിയും

thalsamayam സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു...

ഇന്ത്യയിലെ വളരെച്ചുരുക്കം നഗരങ്ങൾക്കേ, അവയ്‌ക്കു പകരംവയ്‌ക്കാവുന്ന ചിഹ്നങ്ങളുള്ളൂ: ഡൽഹിക്കു കുത്തബ്മിനാർ, ആഗ്രയ്‌ക്കു താജ്മഹൽ; അതുപോലെയാണ് കൊച്ചിക്കു ചീനവലകൾ. വാട്ടർ മെട്രോയുടെ ഭാഗമായി ഈ ചീനവലകളിൽ ചിലതു പൊളിച്ചുകളഞ്ഞ് അവിടെ ജെട്ടി നിർമിക്കുന്നതിനു പദ്ധതി തയാറാക്കി നടപ്പിലാക്കാൻ പോകുന്നതായി പത്രങ്ങളിലൂടെ അറിഞ്ഞു. പതിവുപോലെ, വിധ്വംസനം അവതരിപ്പിക്കുന്നതു വലിയ വികസനപ്രവർത്തനമായിട്ടാണ്. ചീനവലകൾ ‘പുനരുദ്ധരിക്കുക’, അവയെ ഗംഭീരമാക്കുക, ചിലതിനു സ്ഥലംമാറ്റം നൽകുക തുടങ്ങിയ കാര്യങ്ങൾക്കിടയിൽ, ചെറിയ അക്ഷരങ്ങളിൽ പറയുന്നത്, കൊച്ചിയുടെ ചങ്കായ ചീനവലകളിൽ ചിലതു പൊളിച്ചു പകരം ജെട്ടി പണിയും എന്നാണ്. 

cheenavala ഓരോ ചീനവലയ്ക്കും അതിന്റേതായ ചരിത്രമുണ്ട്; പേരും.

ചീനവലയുടെ ചരിത്രം ആരും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. അതിന്റെ ഭാഗങ്ങളുടെ പേരുകൾ പോർച്ചുഗീസ് ഭാഷയിലാണ്; അതിന്റെ പേര് ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ, പണ്ട് കൊച്ചിക്കൊപ്പം പോർച്ചുഗീസ് കോളനിയായ ചൈനയിലെ മക്കാവുവിൽനിന്നായിരിക്കാം ഇവ വന്നത്. ഓരോ ചീനവലയ്ക്കും അതിന്റേതായ ചരിത്രമുണ്ട്; പേരും. ഉദാഹരണത്തിനു പണ്ടു കപ്പൽമാർഗം വന്നിരുന്ന കൽക്കരി സൂക്ഷിക്കാൻ വലിയ ഗുദാമുകൾ അഴിമുഖത്തുണ്ടായിരുന്നു. അതിനടുത്തുള്ള ചീനവലയെ കരിപ്പുരവലയെന്നപേരിലാണ് ഇന്നും വിളിക്കുന്നത്. അങ്ങനെ ഓരോവലയുടെയും പേരും ചരിത്രവും കൊച്ചിക്കാർക്കറിയാം. ചീനവല, വെറും മീൻപിടിക്കുന്ന ഉപകരണമല്ല; അതു പൈതൃകത്തിന്റെ ഭാഗമാണ്. എന്റെ കുട്ടിക്കാലത്ത് വല വെള്ളത്തിൽനിന്നു പൊന്തിയിരുന്നതു നിറച്ചു മീനുകളുമായിട്ടായിരുന്നു; ഇന്നോ, വല കൊണ്ടുവരുന്നതു കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളും. അങ്ങനെ അന്യംനിന്നുതുടങ്ങുന്ന, വളരെപ്പേരുടെ — ഒരു വലയ്‌ക്ക് ഒരു ഷിഫ്റ്റിൽ ആറുപേർ —  ജീവനോപായത്തിന്റെ അന്ത്യം ‌ദ്രുതഗതിയിലാക്കുന്നു വാട്ടർ മെട്രോയുടെ ജെട്ടി നിർമാണപദ്ധതി. ചീനവല പൊളിക്കുമ്പോൾ വിറയൽ വരുന്നതു കൊച്ചിക്കാർക്കു മാത്രമായിരിക്കില്ല; പൈതൃകം നശിപ്പിക്കുന്ന പ്രാകൃതരായി, രാജ്യാന്തരസമൂഹം കേരളത്തെ കാണും. വാട്ടർ മെട്രോ എന്ന നല്ല ആശയം വിവാദങ്ങളിൽ കുടുങ്ങി ഇനിയും വൈകാതിരിക്കാൻ നല്ലത്, ഇപ്പോഴേ ഡ്രോയിങ് ബോർഡിൽ മറ്റൊരു ജെട്ടി അടയാളപ്പെടുത്തുന്നതായിരിക്കും. താജ്മഹൽ പൊളിച്ച് മാൾ കെട്ടുന്നതല്ല വികസനം.

 പേരന്റിങ് ചർച്ചയാകട്ടെ 

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ വീടുകളിലെ ക്യാംപ് ഫോളോവർമാരുടെ ദാസ്യപ്പണിയുടെ നീണ്ടകഥകൾ ദിവസംപ്രതി പുറത്തുവരുന്നു. ഈ അനാവരണം തീർച്ചയായും തിരുത്തലുകൾക്കു വഴിവയ്‌ക്കും. ഇതോടൊപ്പം, ‘കുട്ടികളെ വളർത്തുക’ എന്ന മറ്റൊരു കാര്യത്തിൽക്കൂടി ചർച്ച ആവശ്യമാണ്. പരുക്കേറ്റ പൊലീസ് ഡ്രൈവറെ തൽക്കാലം മാറ്റിനിർത്തുക; പരുക്കേൽപിച്ചുവെന്നു പറയപ്പെടുന്ന, ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളെക്കുറിച്ച് ആലോചിച്ചുനോക്കൂ. സംഭവം അമ്മയുടെ മുന്നിലും, മാതാപിതാക്കളുടെ അറിവും ഒത്താശയോടും കൂടിയും നടന്നു എന്നാണ് ആരോപണം. അപ്പോൾ പ്രശ്നം കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുകൂടിയാകുന്നു.

സംഭവത്തിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂവെങ്കിലും, കുട്ടികളെ വളർത്തുന്നത് (പേരന്റിങ് എന്ന് ഇംഗ്ലിഷിൽ) അടിയന്തരശ്രദ്ധ അർഹിക്കുന്ന വിഷയമാണെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. ആഡംബര കാർ ചെറിയകുട്ടിക്ക് ഓടിക്കാൻ നൽകുക തുടങ്ങി പല നിരുത്തരവാദപരമായ സംഭവങ്ങളും മാധ്യമങ്ങളിലൂടെ നാം പതിവായി അറിയുന്നു.

കൂട്ടുകുടുംബം ഇല്ലാതാകുന്നതു കുട്ടികളെ വളർത്തുന്നതിനെ ബാധിച്ചതായി സാമൂഹിക ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. പരിചയം കുറഞ്ഞ നവമാതാപിതാക്കൾക്കു വഴികാട്ടാൻ പണ്ട് മൂത്തവരുണ്ടായിരുന്നു. പിന്നെ, എപ്പോഴും ഒരു കണ്ണ് കുട്ടികളുടെ മേൽ ഉണ്ടായിരുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും പേരന്റിങ്ങിനെ ബാധിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ജോലിക്കു പോകുമ്പോൾ കുട്ടികളെ ശ്രദ്ധിക്കാൻ പറ്റുന്നില്ല; ആ കുറ്റബോധം മാറ്റുന്നതു പലപ്പോഴും അവരെ തന്നിഷ്ടത്തിനു വിട്ടുകൊണ്ടായിരിക്കാം. പൊലീസ് ഡ്രൈവറുമായി ബന്ധപ്പെട്ട ഈ സംഭവം, അതിന്റെ മൂലകാരണമായ ‘ശരിയല്ലാത്ത പേരന്റിങ്ങി’നെപ്പറ്റിയുള്ള ചർച്ചയ്‌ക്കു കൂടി വഴിയൊരുക്കണം. 

 ഡാവിഞ്ചി വരച്ച ക്രിസ്റ്റ്യാനോയും മെസ്സിയും 

ഫുട്ബോൾ ലോകകപ്പിൽ ഇതുവരെ, വമ്പൻ സ്രാവുകളെക്കാൾ നത്തോലികൾ പുളഞ്ഞുമറിയുന്നതായിട്ടാണു കണ്ടത്. ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നതോ, മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പറ്റിയാണ്. മെസ്സിയും റൊണാൾഡോയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. 

x-default മെസ്സിയും റൊണാൾഡോയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത് - എൻ.എസ് മാധവൻ

ഒരുപക്ഷേ, രണ്ടുപേരെയും വരച്ചിട്ടത് ഒരാളായിരിക്കാം,  ലിയനാഡോ ഡാവിഞ്ചിയെ പോലെ ഒരു പൂർണ നവോത്ഥാന മനുഷ്യൻ.  ആർക്കിടെക്റ്റും എൻജിനീയറുമായ ഡാവിഞ്ചി, നേർവരകളിലൂടെയും വിഷമകോണുകളിലൂടെയും റൊണാൾഡോയെ സൃഷ്ടിച്ചു. മൊണാലിസയും മറ്റും വരച്ച ചിത്രകാരനായ ഡാവിഞ്ചിയായിരിക്കും മെസ്സിയുടെ നിർമിതിക്കു പിന്നിൽ. റൊണാൾഡോ ചതുരവടിവിൽ കളിക്കുന്നു, മെസ്സി ഒഴുകിക്കൊണ്ടു കളിക്കുന്നു.

റൊണാൾഡോ രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ തിളങ്ങുന്നു, മെസ്സിക്കു പലപ്പോഴും അതിനു പറ്റുന്നില്ല. ഒരുപക്ഷേ, അതിനു കാരണം ക്ലബ് ഫുട്ബോളായിരിക്കാം. ബാർസിലോനയ്‌ക്കുവേണ്ടി, പിന്നിലേക്കിറങ്ങി പന്തെടുത്തു മുന്നേറുന്ന മെസ്സിക്ക് അടുത്ത കാലം വരെ, അതു മറിച്ചുനൽകാൻ നെയ്‌മർ ഉണ്ടായിരുന്നു. വീണ്ടും എതിരാളിയുടെ പോസ്റ്റിനു മുന്നിലെത്തുമ്പോൾ മെസ്സിക്കു നെയ്‌മർ പന്തു തിരിച്ചുനൽകും. അർജന്റീന ടീമിൽ അങ്ങനെയൊരാൾ ഇല്ല. ഹിഗ്വെയ്‌നോ മറ്റു കളിക്കാർക്കോ, മെസ്സിക്കു കൃത്യമായി പന്തെത്തിക്കാൻ പറ്റുന്നില്ല. മെസ്സി കൂടുതൽ നിരാശനാകുന്നു. കളി കൂടുതൽ മോശമാകുന്നു. റൊണാൾഡോ, ഒന്നു തൊട്ടാൽപോലും നിലത്തുവീണ് തന്ത്രപൂർവം ഫ്രീകിക്ക് നേടാൻ ശ്രമിക്കും. മെസ്സിയാകട്ടെ, ശരിക്കും ഫൗളേറ്റ് വീണാലും എഴുന്നേറ്റു കളിതുടരുന്ന ശൈലിക്കാരനും. ഇരുവരുടെയും കളി ഒരുമിച്ചെടുത്താൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫുട്ബോൾ മുഴുവനും കിട്ടും.

സ്കോർപ്പിയോൺ കിക്ക്: ബീഫിനെപ്പറ്റി അഭിപ്രായം പറഞ്ഞാൽ ജോലി പോകുമെന്നു മുൻപു പറഞ്ഞ അരവിന്ദ് സുബ്രഹ്മണ്യൻ, കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. 

പോരട്ടെ, ഒരു പ്ലേറ്റ്...

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം