Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപസ് രാഷ്ട്രീയത്തെ വിഴുങ്ങി പൊതു രാഷ്ട്രീയം

x-default

പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാലു സർക്കാർ കോളജുകൾ കേരളത്തിലുണ്ട്; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ്, പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണൻ. ഇന്ത്യയിലെ മറ്റിടങ്ങളിൽ അപൂർവമായി കാണുന്ന ഈ പൈതൃകം, ഉന്നതവിദ്യാഭ്യാസരംഗത്തു കേരളത്തിനു വലിയ കുതിപ്പു നൽകേണ്ടതായിരുന്നു. ഒരു കാലംവരെ, ഈ കലാലയങ്ങൾ പ്രശസ്തരായ ശാസ്ത്രജ്ഞരെയും പണ്ഡിതരെയും ഭരണകർത്താക്കളെയും ഇന്ത്യയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. ഇതിനു പുറമേയാണ് എഴുത്തുകാരും രാഷ്ട്രീയക്കാരും സിനിമാക്കാരും; പക്ഷേ, അവരെ സാധാരണയായി സ്വാധീനിച്ചിരുന്നതു ക്ലാസ്മുറിയിലെ പഠനത്തെക്കാൾ അതിനു പുറത്തുള്ള അന്തഃരീക്ഷവും സൗഹൃദങ്ങളുമായിരുന്നു. ഈ കോളജുകളിൽ പ്രവേശനം കിട്ടാൻ, ഇന്നും വളരെയധികം മാർക്കു വേണം. നിയമം അനുശാസിക്കുന്ന രീതിയിലുള്ള സംവരണവും ഈ കോളജുകളിൽ ലഭ്യമാണ്. സമർഥരായ, വരേണ്യേതര വിദ്യാർഥിസമൂഹമാണ് ഈ കലാലയങ്ങളിൽ പ്രവേശിക്കുന്നത്. പിന്നെ, അവർക്ക് എന്തു സംഭവിക്കുന്നു?

അധ്യാപനത്തിലെ മൂല്യശോഷണമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം. കേരളത്തിലെ ആദ്യത്തെ നാലു സർക്കാർ കലാലയങ്ങളിലും അതിപ്രഗല്‍ഭരായ അധ്യാപകർ പഠിപ്പിച്ചിരുന്നു. പാണ്ഡിത്യത്തിന്റെ ഗരിമകൊണ്ടാണ് അവർ വിദ്യാർഥികളുടെ ബഹുമാനം പിടിച്ചുപറ്റിയിരുന്നത്. ഇന്ന്, പല അധ്യാപകരും വിദ്യാർഥികളുടെ തോളിൽ കൈയിട്ടുനടന്നോ, ഫെയ്സ്ബുക് സൗഹൃദങ്ങളിലൂടെയോ അല്ലെങ്കിൽ, ഇന്റേണൽ അസസ്മെന്റിന്റെ വിരട്ടലിലൂടെയോ ഒക്കെയാണു ക്ലാസ്മുറികളിൽ പിടിച്ചുനിൽക്കുന്നത്. 

വിദ്യാർഥിക്കും മാറ്റംവന്നു. 1960കളിൽ ലോകത്തെ മാറ്റിമറിച്ചവയാണു വിദ്യാർഥിപ്രസ്ഥാനങ്ങൾ. അതിനുശേഷവും വിദ്യാർഥിസമൂഹത്തിന്റെ അസ്വസ്ഥത, മാറ്റങ്ങൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. അവർ എപ്പോഴും ആദർശജീവികളും ധിക്കാരികളും ആയിരുന്നു. ലോകശ്രദ്ധ നേടിയ വിദ്യാർഥിപ്രസ്ഥാനങ്ങളുടെ മുഖമുദ്രയായിരുന്നു, കൂസലില്ലായ്മയും ആദർശധീരതയും. ഇന്നു സംഘടനാഭേദമെന്യേ, അവർ എതെങ്കിലും രാഷ്ട്രീയകക്ഷിയുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പൊതുരാഷ്ട്രീയം ക്യാംപസ് രാഷ്ട്രീയത്തെ വിഴുങ്ങിയിരിക്കുന്നു. മഹാരാജാസ് കോളജിൽ നടന്ന സംഭവത്തിന്റെ പഴി, ക്യാംപസ് രാഷ്ട്രീയത്തിനുമേൽ വയ്‌ക്കുന്നവർ ഓർക്കേണ്ടത് ഇപ്പോൾ അങ്ങനെയൊന്ന് അവശേഷിക്കുന്നില്ല എന്നതാണ്. 

കത്തിപോലെ എംബപെ 

കഴിഞ്ഞ സെപ്റ്റംബറിൽ ഞാൻ പാരിസ് നഗരത്തില്‍നിന്നു പുറത്തേക്കു കാറിൽ യാത്ര ചെയ്യുമ്പോൾ, നഗരത്തിൽനിന്ന് അകലുംതോറും, പെയിന്റ് അടർന്നുപോയ, പരിചരണം കിട്ടാത്തതുകൊണ്ട് അതിവേഗം നശിക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ കാണാൻ തുടങ്ങി. ഡ്രൈവ് ചെയ്തിരുന്ന സുഹൃത്തു പറഞ്ഞു, “ഇവയാണു പാരിസിലെ ചേരികൾ. ഇവിടെ ഫ്രാൻസിലേക്കു കുടിയേറിയിട്ടുള്ള അൽജീറിയക്കാരും ആഫ്രിക്കയിലെ മറ്റ് പഴയ ഫ്രഞ്ച് കോളനിക്കാരും തിങ്ങിപ്പാർക്കുന്നു.” പെട്ടെന്ന് അത്തരത്തിലൊരു കെട്ടിടത്തിന്റെ ഒരു വശത്ത് മുകളിലത്തെ അഞ്ചുനിലകൾ മുഴുവൻ നിറഞ്ഞുനിൽക്കുന്ന, വിരലുകൾ ഹൃദയത്തിന്റെ ആകൃതിയിൽ ചേർത്തുപിടിച്ച ഒരു ഫുട്ബോൾ കളിക്കാരന്റെ ചിത്രം കണ്ടു. 

“അതാണ് കിലിയൻ എംബപെ, കേട്ടുകാണും.” സുഹൃത്ത് പറഞ്ഞു. എനിക്ക് ആ പേരു പരിചിതമായിരുന്നു. കുറച്ചുനാളുകൾക്കു മുൻപായിരുന്നു, എംബപെയെ പിഎസ്‌ജി എതാണ്ട് 1500 കോടി രൂപ കൊടുത്തു വാങ്ങിയത്. ലോകത്തിലെ രണ്ടാമത്തെ വിലപിടിപ്പുള്ള കളിക്കാരൻ. ആദ്യത്തേതിനും, പിഎസ്‌ജിയുടെ മുതലാളിമാരായ ഖത്തറിലെ ഷെയ്‌ക്കുമാർതന്നെയാണു മുതലിറക്കിയത്; നെയ്മർ – ഏകദേശം 1800 കോടി രൂപ. 

“ഇവിടെയടുത്ത് ബോണ്ടിയിലാണ് എംബപെ ജനിച്ചത്; കുടിയേറ്റക്കാരുടെ കേന്ദ്രം. പാരിസിനെ നടുക്കിയ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ബോണ്ടിയിലെ ആളുകളുണ്ടെന്നാണു പറയുന്നത്. പാരിസുകാർ തമാശയ്‌ക്കു പറയുന്നതു ബോണ്ടിയിലേക്കു പോകാൻ പ്രത്യേക വീസ വേണമെന്നാണ്.” – സുഹൃത്ത് പറഞ്ഞു. ഇപ്പോൾ ബോണ്ടിക്കു പഴയ ചീത്തപ്പേരില്ല; കാരണം അത് എംബപെയുടെ ജന്മസ്ഥലമാണല്ലോ. തുടർന്ന് എംബപെയുടെ കളി, ഞാൻ പലതവണ കണ്ടു. നന്നായി കളിക്കുന്നുണ്ട് എന്നതിൽ കൂടുതലായി എനിക്കൊന്നും തോന്നിയില്ല. പക്ഷേ, ലോകകപ്പിനു മുൻപുള്ള സൗഹൃദമത്സരങ്ങള്‍ ഈ പത്തൊൻപതുകാരന് എന്തോ പ്രത്യേകതയുണ്ടെന്നു തോന്നിപ്പിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിലെ അർജന്റീന – ഫ്രാൻസ് മത്സരത്തിൽ, പോഗ്ബ ആർക്കോവേണ്ടി നീട്ടിയടിച്ച പന്ത് വരകടക്കുമെന്നായപ്പോൾ, ടെലിവിഷന്റെ താഴത്തെ മൂലയിൽ അവിചാരിതമായി പ്രത്യക്ഷപ്പെട്ട കാലുകൾ ആ പന്ത് ഏറ്റുവാങ്ങി. ആ നിമിഷം മുതലാണു ലോകത്തിലെ ഫുട്ബോൾ ആരാധകരുടെ മനസ്സിലേക്ക് എംബപെ പിറന്നുവീഴുന്നത്. പിന്നെ, ഉസൈൻ ബോൾട്ടിനെ ഓർമിപ്പിക്കുന്ന വേഗത്തിൽ 70 മീറ്റർ ഓടി, പെനൽറ്റി ബോക്സിൽ റോഹോയുടെ ഫൗളിൽവീണ എംബപെ ഫ്രാൻസിനു പെനൽറ്റി കിക്ക് വാങ്ങിക്കൊടുത്തു. 

ലീഗ് തലത്തിൽ അത്ര ശോഭിക്കാതിരുന്ന ഫ്രാൻസിനെ, അർജന്റീനയ്‌ക്കെതിരായ കളിയിൽ മാറ്റിയെടുത്തതു കോച്ച് ദിദിയെ ദെഷാം ആണ്. എംബപെയെ സ്വതന്ത്രനായിവിട്ട്, പ്രതിരോധത്തിന്റെ ചുമതലയില്ലാതെ മുന്നിൽ കളിപ്പിച്ചതു ദെഷാമിന്റെ ബുദ്ധിയാണ്. അതിനുവേണ്ടി 4-3-3 അല്ലെങ്കിൽ 4-4-2 എന്നു മാറിമാറിയാണു ടീം വിന്യസിച്ചത്. പ്രസിദ്ധരായ ഗ്രീസ്മാനും ജിറൂദിനും, എംബപെയ്ക്ക് പന്തെത്തിക്കാനുള്ള മനഃസ്ഥിതി രൂപപ്പെടുത്തിയതും അദ്ദേഹമായിരിക്കും. അതിനുവേണ്ടി കോച്ച് കുറെ സമയം ചെലവിട്ടുകാണും; ഫുട്ബോൾ കളിക്കാരുടെ അഹന്ത, പ്രത്യേകിച്ചും ഫ്രാൻസിലെ, വളരെ വലുതാണല്ലോ. 

വെണ്ണപോലുള്ള അർജന്റീനയുടെ പ്രതിരോധത്തിൽ കത്തിപോലെ ഇറങ്ങിയ എംബപെയുടെ ശരിയായ പരീക്ഷണം ഇന്നാണ്. ഇന്നത്തെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിന്റെ എതിരാളിയായ യുറഗ്വായുടെ പ്രതിരോധം പാറപോലെ ഉറച്ചതാണ്. അതിനെ വിജയകരമായി നേരിട്ടാൽ, ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരെന്നു ഞാനടക്കം പല ഫുട്ബോൾ പ്രേമികളും കരുതുന്ന ഹംഗറിയുടെ ഫെറെങ്ക് പുസ്കാസ് (85 കളികളിൽ 84 ഗോളെന്ന അദ്ദേഹത്തിന്റെ യൂറോപ്യൻ റെക്കോർഡ്, 33 വർഷങ്ങൾക്കു ശേഷം മറികടക്കാൻ റൊണാൾഡോയ്ക്ക് 152 കളി വേണ്ടിവന്നു), ലോകകപ്പ് ഒരിക്കലും കളിക്കാത്ത വടക്കൻ അയർലൻഡിന്റെ  ജോർജ് ബെസ്റ്റ്, പെലെ, മറഡോണ എന്നിവർക്കും സമകാലികപ്രതിഭകളായ റൊണാൾഡോയ്‌ക്കും മെസ്സിക്കും ഒപ്പം വയ്‌ക്കാവുന്ന പേരാകാനുള്ള സാധ്യത എംബപെ വർധിപ്പിക്കും.  

സ്കോർപ്പിയോൺ കിക്ക്: എഎംഎംഎയിലെ കാര്യങ്ങൾ പാർട്ടി ഓഫിസിൽ പറഞ്ഞോളാമെന്ന് നടൻ മുകേഷ്. 

ജനം സിനിമയ്‌ക്ക് ടിക്കറ്റ് എടുക്കുന്നതും അവിടന്നാണല്ലോ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.