Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം രാമായണം വായിക്കേണ്ടതുണ്ട്

lijeesh

"രാമായണങ്ങള്‍ പലതും കവിവര-

രാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍

ജാനകിയോടു കൂടാതെ രഘുവരന്‍

കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?"

- എഴുത്തച്ഛൻ

അധ്യാത്മരാമായണം കിളിപ്പാട്ട്.

സീത ചോദിക്കുന്നു, പല രാമായണങ്ങള്‍ ഞാന്‍ പാടിക്കേട്ടിട്ടുണ്ട്. അതിലേതിലെങ്കിലും സീതയോടൊപ്പമല്ലാതെ രാമന്‍ വനവാസത്തിന് പോയിട്ടുണ്ടോ! ഇന്ത്യയിലുണ്ടായ അനേകം രാമായണപാഠങ്ങൾക്ക് എഴുത്തച്ഛന്റെ സാക്ഷ്യമാണത്. ഒരു കഥ പലരാൽ പ്രചരിക്കപ്പെട്ടതല്ല, ഒരു കഥാവസ്തുവിനെ പിൻപറ്റി പലകോണിൽ നിന്നുണ്ടായ ആവിഷ്കാരങ്ങളാണ്, അവയുണ്ടാക്കിയ വികാരവിചാരങ്ങളും പലതാണ്. മൂലകഥ ഒന്നായാലും ഇന്ത്യക്കാരന്റെ രാമായണമല്ല ഇന്തോനേഷ്യക്കാരുടേത്. അതല്ല ചൈനക്കാരുടേത്. മലേഷ്യക്കാരുടെയും തായ്​ലന്‍ഡ്കാരുടെയും രാമായണം ഏകരൂപിയല്ല. ബര്‍മ, ടിബറ്റ്, ബാലി, ഗ്രീസ്, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, ജാവ, സുമാത്ര... രാമായണകഥ പടര്‍ന്ന് കിടക്കുന്ന ലോകഭൂപടം വലുതാണ്. രാമായണമെന്ന ബഹുരൂപിയുടെ ഇന്ത്യൻരൂപമാണ് വാല്മീകിരാമായണം. അതുമാത്രമല്ല വസിഷ്ഠരാമായണം, അഗസ്ത്യരാമായണം, അത്ഭുതരാമായണം, അധ്യാത്മരാമായണം, ആനന്ദരാമായണം, അങ്ങനെ എത്രയെത്ര പ്രാകൃതരൂപങ്ങൾ. ഇന്ത്യയിൽ തന്നെ മലയാളിയുടെ രാമായണമല്ല ബംഗാളിയുടേത്. സംസ്കൃതരാമായണമല്ല മലയാളിയുടേത് പോലും. ഗുജറാത്തിയിലും കന്നടയിലും കശ്മീരിയിലും മറാഠിയിലും കേൾക്കുന്ന രാമായണം ഇന്ത്യൻപ്രാകൃത രാമായണമല്ല. തമിഴ്, തെലുഗു, അസമീസ്, ഒഡിയ... ഇന്ത്യൻ രാമായണം തന്നെ ബഹുരൂപിയാണ്. ഗാന്ധിയുടെ രാമായണമല്ലല്ലോ ആർ.എസ്.എസ്സിന്റേത്. അതിലേക്ക് വരാം, അതിലേക്കാണ് വരേണ്ടതും.

കശ്മീരികളുടെ രാമാവതാരചരിതവും ആന്ധ്രയിലെ ശ്രീരംഗനാഥരാമായണവും തമിഴന്റെ കമ്പരാമായണവും മറാത്തിയിലെ ഭാവാര്‍ത്ഥരാമായണവും അസമിലെ കഥാരാമായണവും കന്നടയിലെ കുമുദേന്ദുരാമായണവും മലയാളികളുടെ തന്നെ വയനാടന്‍ രാമായണവും മാപ്പിളരാമായണവും പോലെ ഇന്ത്യയിലെ വിവിധ മതങ്ങൾക്കും ഭാഷകൾക്കും ആദിവാസി ഗോത്രങ്ങൾക്കുമെല്ലാം പ്രാദേശിക രാമായണങ്ങളുണ്ട്. അവരത് കഥയായും കവിതയായും നാടകമായും പാവകളിയായും നൃത്തരൂപങ്ങളായും ചിത്രങ്ങളായും സിനിമകളായും ടെലിവിഷൻ പരമ്പരകളായും ആവിഷ്കരിച്ചു.

അമര്‍ചിത്രകഥകളുടെ ഒട്ടിപ്പോ സ്റ്റിക്കറുകൾ കുഞ്ഞുങ്ങളുടെ മസ്തിഷ്കച്ചുവരിൽ പതിപ്പിച്ച വില്ലാളിവീരനായ രാമൻ, കൺകണ്ട രാമനാകുന്നത് 30 വർഷങ്ങൾക്ക് മുമ്പ് 1987 ജനുവരിയിലാണ്. രാമാനന്ദ് സാഗറിന്റെ സീരിയൽ രാമനെക്കാണാൻ ദൂരദർശനുമുമ്പിൽ ജനം കാത്തിരുന്ന് തുടങ്ങി. രാമാനന്ദ് സാഗറിന്റെ രാമനെയും സീതയെയും ജനം ആരാധിച്ചാഘോഷിച്ചു, അരുൺ ഗോവിലിനെയും ദീപിക ചികാലിയെയും നാം വർഷങ്ങൾക്കിപ്പുറം ലോക്സഭാംഗങ്ങളായിക്കണ്ടു. പൗരോഹിത്യത്തിന്റെ രാമൻ, യജ്ഞ-യാഗങ്ങളുടെ രാമൻ, ക്ഷത്രിയവീര്യത്തിന്റെയും ബ്രാഹ്മണധര്‍മത്തിന്റെയും നായകനായ ഉന്മൂലന ശേഷിയുള്ള രാമൻ, ആർ.എസ്.എസിന്റെ രാമൻ. 

അങ്ങനായിരുന്നില്ല വാല്മീകിയുടെ രാമൻ. കാരുണ്യവാനായ രാമനാണ് വാല്മീകിയുടേത്. അഹിംസയുടെയും ആദര്‍ശത്തിന്റെയും അവതാരമായിരുന്ന ഈ രാമനാണ് ഗാന്ധിജിയുടെ രാമന്‍. മര്യാദപുരുഷോത്തമന്‍ എന്ന് ഗാന്ധി വിളിച്ച രാമനെ കൊല്ലാനാണ് അന്ന് ഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യത്തെ കൊന്നിട്ടു വേണമായിരുന്നു, അവർക്ക് രാമരാജ്യമുണ്ടാക്കാൻ.

പറഞ്ഞു വന്നത് വാല്മീകി രാമായണത്തിന്റെ വീണ്ടെടുപ്പ് ആർ.എസ്.എസിന്റെ അജണ്ടയല്ല എന്നു തന്നെയാണ്, അവർക്ക് വേണ്ടത് അവരുടെ ഹിന്ദുരാഷ്ട്രസങ്കൽപ്പത്തിലെ നായകനായ വസിഷ്ഠ രാമായണത്തിലെ രാമനെയാണ്. സി.പി.എം രാമായണം വായിക്കുമ്പോൾ ഗ്വാ ഗ്വാ വിളികൾക്കപ്പുറത്ത്, ട്രോളുകൾക്കപ്പുറത്ത്, ഉയരേണ്ട രാഷ്ട്രീയ ജാഗ്രത ഏത് രാമായണമാണ് സി.പി.എം വായിക്കാൻ പോകുന്നത് എന്നതാണ്.

കമ്യൂണിസ്റ്റുകാർക്ക് രാമനുണ്ടോ എന്ന ചോദ്യം എന്റെ ഉള്ളിലില്ല. ഹിന്ദുക്കളല്ലാത്തവർക്ക് രാമനുണ്ടോ എന്നതാണ് അതിനെ പിൻപറ്റി വരുന്ന അടുത്ത ചോദ്യം, ഉണ്ട് എന്നാണ് മറുപടിയെങ്കിൽ അതീ രാഷ്ട്രം ഒരു ഹിന്ദുരാഷ്ട്രമായി നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ ഉള്ളിൽ സ്ഥാപിക്കപ്പെട്ടതുകൊണ്ടല്ലേ, ഓണം ദേശീയോത്സവമായത് പോലല്ലേ തുടങ്ങിയ ഉത്തരം പറഞ്ഞ് തീരാത്ത ചോദ്യാവലിയുടെ പെരുപ്പം ഞാനൂഹിക്കുന്നുണ്ട്. ഇന്തോനേഷ്യ ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യങ്ങളിലൊന്നാണ്. അവരുടെ ജീവിതസംസ്കാരത്തിന്റെ പ്രബലമായ വേര് രാമായണത്തിന്റേതാണ്. 

രാമായണ ഭൂപടത്തിന്റെ വ്യാപ്തി കാണിച്ചു കൊണ്ട് ഞാൻ മേൽപരാമർശിച്ച രാഷ്ട്രങ്ങൾ ഹിന്ദുരാഷ്ട്രങ്ങളല്ല. ഹിന്ദു മതം പോലും അവിടങ്ങളിലില്ല. ഇവിടെ അതുണ്ട്, ഇവിടെ രാമൻ അവരുടെ നായകനാണ്. നിങ്ങളയാളെ സ്തുതിക്കാൻ പോകുന്ന കറുത്ത കർക്കിടകം വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളെ മുക്കിക്കൊല്ലാൻ ശേഷിയുള്ള പേമാരിയുത്പാദിപ്പിക്കും എന്നൊക്കെയുള്ള വാദങ്ങൾ ന്യായവും യുക്തി ഭദ്രവുമാണ്. രാമായണം വായിക്കുന്ന ഇന്ത്യൻഹിന്ദുവിനെ, വായിക്കുന്ന എന്നതിനെക്കാൾ പ്രാക്ടീസ് ചെയ്യുന്ന എന്ന പ്രയോഗമാവും നിലവിൽ കറക്ട്, ശരി - അയാളെക്കൊണ്ട് വസിഷ്ഠ രാമായണത്തിന് പകരം വാല്മീകിരാമായണം വായിപ്പിക്കേണ്ടതില്ലേ ? അയാളെക്കൊണ്ട് ആർ.എസ്.എസ്സിന്റെ രാമായണത്തിന് പകരം ഗാന്ധിജിയുടെ രാമായണം വായിപ്പിക്കേണ്ടതില്ലേ ? ഏതായാലും കുടിക്കുന്നുണ്ട്, എങ്കിൽപ്പിന്നെ നല്ല ബ്രാന്റ് കുടിച്ചു കൂടെ എന്ന് മാത്രം.

ഭവഭൂതിയുടെ ഉത്തരരാമചരിതവും തുളസീദാസിന്റെ രാമചരിതമാനസവും ഭാസന്റെ നാടകങ്ങളും കാളിദാസന്റെ രഘുവംശവും നമ്മുടെ അനുഭവത്തിലുണ്ട്. ബെൽജിയംകാരനായ വൈദികൻ, ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ക്രിസ്തീയ ഹിന്ദി പണ്ഡിതൻ ഫാദര്‍ കാമില്‍ബുല്‍ക്കെ എണ്ണിയ മുന്നൂറ് രാമായണങ്ങളുണ്ട്. മുന്നൂറ്റി ഒന്നാമത്തെ ഒന്നാവും സി.പി.എമ്മിന്റെ രാമായണം എന്ന് ഞാൻ കരുതുന്നില്ല. ആർ.എസ്.എസ്സുകാർ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോൾ അതിനെക്കാൾ പകിട്ടോടെ അതിന്റെ കളർ ഫോട്ടാസ്റ്റാറ്റെടുക്കുന്ന മെഷീൻ സി.പി.എം ഓഫാക്കിയാൽ നല്ലത്. ആർ.എസ്.എസ്സിനൊപ്പം കൈകോർത്ത് രാമായണമാസം കൊണ്ടാടാതിരുന്നാലും നല്ലത്.

നടഭൈരവി എന്നൊരു രാഗമുണ്ട്. നടഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്. അത് കഴിഞ്ഞാൽ എം.കെ.അർജുനനും രവീന്ദ്രൻ മാഷും. അഭിമന്യു എന്ന പടത്തിൽ രവീന്ദ്രൻ മാഷിന്റെ നടഭൈരവിയിലെ പാട്ടാണ് രാമായണക്കാറ്റേ, ഓർക്കുന്നില്ലേ -

'കുങ്കുമം പെയ്യുമീ വേളയിൽ

രാത്രി ബന്ധനങ്ങളിൽ സൗഹൃദം പകർന്നു വരൂ 

രാമായണക്കാറ്റേ ..' എന്ന പാട്ട്.

കാവിമഴയ്ക്ക് കോപ്പുകൂട്ടുന്ന കർക്കിടകമാണ്. ആണത്തത്തിലൂറ്റം കൊള്ളുന്നവർക്ക് ഇരട്ടച്ചങ്കുള്ള വില്ലാളിവീരനായ രാമനാണ് നായകൻ. അയാളെ ചവറ്റുകൊട്ടയിലെറിഞ്ഞ്, കാരുണ്യവാനായ മര്യാദാപുരോഷോത്തമനായ രാമന്റെ കഥ പറയുമോ സി.പി.എം ! ആർ.എസ്.എസ്സിന്റെയും സി.പി.എം ന്റെയും നായകസങ്കല്പം എവിടെ വെച്ച് പിരിയുമെന്നും എവിടെ കൂട്ടിമുട്ടുമെന്നും കാത്തിരുന്ന് കാണാം. കേവലാഘോഷത്തിനപ്പുറത്ത് രാഷ്ട്രീയ ജാഗ്രതയോടെ തുനിഞ്ഞിറങ്ങിയതാണ് സി.പി.എമ്മെങ്കിൽ അവർക്കു വേണ്ടി പാടുന്നു രവീന്ദ്രൻ മാഷിന്റെ നടഭൈരവി,

'കുങ്കുമം പെയ്യുമീ വേളയിൽ

രാത്രി ബന്ധനങ്ങളിൽ സൗഹൃദം പകർന്നു വരൂ 

രാമായണക്കാറ്റേ ..'

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം