Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇംഗ്ലിഷ് കഴിവുകളുടെ മാനദണ്ഡമാവാതിരിക്കട്ടെ'

manoj-kuroor

ഹിമാ ദാസിന് ഇംഗ്ലീഷിലുള്ള പ്രാപ്തിക്കുറവ് എടുത്തു പറഞ്ഞതിന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മാപ്പു പറഞ്ഞു. അക്കാര്യം വലിയ പ്രശ്നമാക്കേണ്ടതില്ല എന്നു ഹിമാ ദാസും സൂചിപ്പിച്ചു. ശരിയാണ്. ഇതൊന്നും പ്രശ്നമാക്കേണ്ടതില്ല; മറ്റു കഴിവുകളുണ്ടായാലും ഇംഗ്ലീഷിന്റെ പേരിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും പുറന്തള്ളപ്പെടുന്ന തരത്തിൽ കൊളോണിയൽ ഹാങ്ങോവർ നിലനില്ക്കുന്ന ഒരു രാജ്യത്താവുമ്പോൾ.

പക്ഷേ ഒന്നുരണ്ടു സന്ദർഭങ്ങൾ ഓർത്തുപോകുന്നു. കുറച്ചു വർഷം മുമ്പ് തിരുവനന്തപുരം ഐഎഫ്എഫ്കെയിൽ ഒരു ജാപ്പനീസ് സംവിധായകൻ അദ്ദേഹത്തിന്റെ ചിത്രം പ്രദർശിപ്പിക്കുന്നതിനുമുമ്പു സംസാരിക്കുകയാണ്. തനിക്ക് ഇംഗ്ലിഷ് അറിയില്ലെന്നു പറഞ്ഞ് ജാപ്പനീസ് ഭാഷയിൽത്തന്നെയാണ് അദ്ദേഹം പ്രസംഗിച്ചത്. (ഐഎഫ്എഫ്കെ പോലുള്ള ഇടങ്ങളുടെ സംസ്കാരം മാറിവരുന്ന ഒരു കാലമായിരുന്നു അതെന്ന് കൂട്ടിച്ചേർക്കുമ്പോൾ പരിഭവിക്കരുത്.) അന്ന് ആ സംവിധായകന്റെ ഭാഷയിലെ വാക്കുകൾക്കു ഹാസ്യാനുകരണങ്ങളുണ്ടാക്കുകയും ആർത്തുവിളിക്കുകയുമൊക്കെ ചെയ്തുകൊണ്ട് കുറേ ചെറുപ്പക്കാർ ബഹളംകൂട്ടിയത് ഓർമയുണ്ട്. ഏതു നാട്ടിലുള്ളയാളായാലും അയാൾക്ക് ഇംഗ്ലിഷ് അറിഞ്ഞിരിക്കണം എന്നു ശഠിക്കാൻ നമ്മളാരാണ്?

1980കളിൽ ഇംഗ്ലീഷിനോടു വിട പറഞ്ഞുകൊണ്ട് പ്രസിദ്ധ ആഫ്രിക്കൻ-ഇംഗ്ലീഷ് എഴുത്തുകാരനായ എൻഗുഗി വാ തിയോഗോ എഴുതിയ Decolonising the mind എന്ന കൃതി ഓർമയുണ്ടാവുമല്ലൊ. ബാല്യത്തിൽ സ്വന്തം ഭാഷയിലൂടെ ആർജ്ജിച്ച, സാംസ്കാരികാനുഭവത്തിന്റെ മുദ്രകളുള്ള, നാട്ടറിവുകളുടെ ലയവും താളവും തകർത്ത ഇംഗ്ലീഷ് സ്കൂൾ അനുഭവങ്ങൾ എൻഗുഗി വിവരിക്കുന്നുണ്ട്. മറ്റേതു മേഖലയിൽ കഴിവു തെളിയിച്ചാലും ഇംഗ്ലിഷ് അറിയില്ലെങ്കിൽ കഴിവു കെട്ടവനായി കണക്കാക്കപ്പെടുന്ന അക്കാലത്തെ അവസ്ഥ അദ്ദേഹം എടുത്തു പറയുന്നുണ്ട്. എൻഗുഗി പിന്നീട് ഇംഗ്ലീഷ് എഴുത്തുകാരനായി പേരെടുത്തു. പക്ഷേ തന്റെ വായനക്കാരെ ഞെട്ടിച്ചുകൊണ്ട്, തന്റെ നാടായ കെനിയയിലെ ഗികുയു എന്ന പ്രാദേശികഭാഷയിലേ ഇനി എഴുതൂ എന്ന് ആ കൃതിയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ജയിംസ് എന്ന പേരുമാറ്റി വാ തിയോഗോ എന്ന ഗോത്രനാമം തന്റെ പേരിനൊപ്പം ചേർക്കുകയും ചെയ്തു.

എൻഗുഗിയുടേത് 'മനസ്സിന്റെ അപകോളനീകരണം' ലക്ഷ്യമാക്കിയുള്ള ഒരു രാഷ്ട്രീയ തീരുമാനമാണ്. അത്ര കടുത്ത തീരുമാനങ്ങൾ നാം നടപ്പാക്കുന്നത് ഭാഷാമൗലികവാദത്തിലേക്കു നയിക്കുകയും ചെയ്തേക്കും. അതുകൊണ്ടുതന്നെ അതിനോടു പൂർണമായി നമുക്ക് യോജിക്കാനാവില്ല. പക്ഷേ അദ്ദേഹത്തെ അതിലേക്കു നയിച്ച സാംസ്കാരികാവസ്ഥയെ തള്ളിക്കളയാനുമാവില്ല.

ഇന്ത്യ പോലൊരു ബഹുഭാഷാസമൂഹത്തിൽ നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ട്. പക്ഷേ സ്വന്തം ഭാഷയാണു പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്. ഇംഗ്ലീഷ് അറിയാത്തവരും കഷ്ടിച്ച് അറിയുന്നവരും ആ ഭാഷയിലോ സ്വന്തം ഭാഷയിലോ ഏത് അന്തർദ്ദേശീയസംഭവത്തിലും സംസാരിക്കാൻ മടിക്കേണ്ടതുമില്ല. സ്വന്തം ഭാഷയാണെങ്കിൽ പ്രായോഗികമായ ഭാഷാസംവേദനം ഒരു ദ്വിഭാഷിയെക്കൊണ്ടു പരിഹരിക്കാവുന്ന പ്രശ്നമാണ്. ഇംഗ്ലീഷ് ഉച്ചാരണത്തെപ്പറ്റിയും വ്യാകരണത്തെപ്പറ്റിയും വല്ലാതെയാലോചിച്ച് സംസാരിക്കാൻ സങ്കോചമുള്ളവരുണ്ട്. അന്തർദ്ദേശീയരംഗത്ത് ഇത്ര വലിയ ഒരു നേട്ടം സ്വന്തമാക്കിയ ഹിമാ ദാസിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള കുറവ് എടുത്തു പറയുമ്പോൾ മറ്റുള്ളവരുടെ ആ സങ്കോചത്തെ ഒന്നുകൂടി ബലപ്പെടുത്തുകയാവും ചെയ്യുക. ഒട്ടേറെ പ്രാദേശികഭാഷകളിലെ ഒട്ടേറെ വാക്കുകളെ സ്വന്തം രീതിയിൽ ഉച്ചരിക്കാനും അവ നമ്മുടെമേൽതന്നെ അടിച്ചേൽപിക്കാനും പോലും ഒരു മടിയും കാണിച്ചിട്ടില്ലാത്ത ഇംഗ്ലീഷുകാരുടെ ഭാഷയോട് അതേ മട്ടിൽ തിരിച്ചു പെരുമാറിയാലും ഒരു തരക്കേടുമില്ല. മന:പൂർവം വികലമാക്കണം എന്നല്ല പറഞ്ഞത്; ആയാലും കുഴപ്പമില്ല എന്നാണ്. അതും കൊളോണിയലിസത്തോടുള്ള പ്രതിരോധത്തിന്റെ കണക്കിൽ ചേർത്താൽ മതി.

കലാരംഗത്തും കായികരംഗത്തും ശാസ്ത്രരംഗത്തുമൊക്കെ പെരുമാറുന്നവർ അവരവരുടെ മേഖലകളിൽ പ്രഗല്ഭരാവട്ടെ. അവർ അവർക്കിഷ്ടമുള്ള രീതിയിൽ സംസാരിക്കട്ടെ. അതു മനസ്സിലാവാത്തവർ ദ്വിഭാഷിയെയോ വിവർത്തനങ്ങളെയോ ആശ്രയിക്കട്ടെ. ഇംഗ്ലീഷ് അവരുടെ മറ്റു കഴിവുകളുടെ മാനദണ്ഡമാവാതിരിക്കട്ടെ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം