Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' പാർവതി അങ്ങനെ പറയരുതായിരുന്നു' എന്ന് ചിന്തിക്കുന്നവർക്ക് മറുപടിയുമായ് ലിജീഷ്

parvathi-kasaba

കഥാപാത്രത്തിന്റെ പൊളിറ്റിക്കൽ കറക്ട്നസിനെകുറിച്ചുള്ള ചർച്ച സാഹിത്യത്തിൽ എക്കാലത്തും സജീവമാണ്. കഥയിലെ കഥാപാത്രങ്ങളെല്ലാവരും നല്ലവരാകണമെന്നുണ്ടോ?  പൊളിറ്റിക്കലി കറക്ടായ മനുഷ്യരെ മാത്രം കഥാപാത്രങ്ങളാക്കി എങ്ങനെയാണ് കഥയെഴുതുക എന്നു ചോദിക്കുന്നു എഴുത്തുകാരൻ ലിജീഷ് കുമാർ. പല തരം മനുഷ്യരുണ്ട് നാട്ടിൽ. അവരുടെയെല്ലാം ജീവിതങ്ങളാണ് കഥകളായും സിനിമകളായുമൊക്കെ ആവിഷ്കരിക്കപ്പെടുന്നത്. എന്നും എഴുത്തുകാരൻ പറയുന്നു. 

ലിജീഷിന്റെ കുറിപ്പ് ഇങ്ങനെ– 

ആദ്യം രോഷ്നി ദിനകറിന്റെ മൈ സ്റ്റോറിയിലെ ഹിമയെപ്പറ്റി പറയാം. സമയം രാത്രിയാണ്. ജയ്ക്കൊപ്പം (പ്രിഥ്വിരാജ്) ഒരു പെൺകുട്ടിയുണ്ട്, അവൾ ഫുഡ് കഴിക്കാൻ കമ്പനി കൂടിയതാണ്. അവളെക്കുറിച്ച് ഹിമ (പാർവതി) ജയ്യോട് പറയുന്നു, "ഇതിനെ മുപ്പത് യൂറോയ്ക്ക് റോഡ് സൈഡീന്നു പൊക്കിയതാവുമെന്ന് കണ്ടാലറിയാം"

'ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ് അയാൾ വിലകൊടുത്ത് വാങ്ങിയ അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന യുക്തി എന്തപകടം പിടിച്ച യുക്തിയാണ്. പാർവതി അങ്ങനെ പറയരുതായിരുന്നു.' എന്ന് ചിന്തിക്കുന്ന കാഴ്ചക്കാരോട്, "പാർവതിയല്ലല്ലോ ഹിമയല്ലേ അത് പറഞ്ഞത്, അതവളുടെ യുക്തിയല്ലേ ?" എന്നൊന്നും ചോദിച്ചിട്ടൊരു കാര്യവുമില്ല. അങ്ങനെയൊരു ഡയലോഗ് പറയുന്ന വേഷം പാർവതി സെലക്ട് ചെയ്തത് പോലും തെറ്റായിപ്പോയെന്ന് പറയും ഇക്കൂട്ടർ. എനിക്ക് സംശയമില്ല, ജയകൃഷ്ണനല്ല ഹിമയെന്ന ആയിരം ചിറകുള്ള പക്ഷിയാണ് എന്റെ താരം

സമാനമാണ് നിധിൻ രൺജി പണിക്കർ പരിചയപ്പെടുത്തിയ രാജൻ സക്കറിയയുടെ കാര്യവും. വഷളനാണയാൾ, ഹോട്ടൻ ! കസബയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്, ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ബെൽറ്റിൽ കയറിപ്പിടിച്ച് ഗർഭിണിയാക്കുമെന്ന് വീമ്പിളക്കുന്ന തെമ്മാടിപ്പോലീസുകാരൻ. മമ്മൂട്ടിയെപ്പോലെ അഭിനയ രംഗത്ത് ദീര്‍ഘകാല അനുഭവമുള്ള ഒരു നടന്‍ ഇത്തരം സംഭാഷണങ്ങള്‍ ഉപയോഗിക്കരുതായിരുന്നുവെന്ന് പറഞ്ഞത് വനിതാ കമ്മീഷനാണ്. മമ്മൂട്ടിയല്ലല്ലോ രാജൻ സക്കറിയയല്ലേ അത് പറയുന്നത് ! രാജൻ സക്കറിയ എന്ന വഷളനെ, വഷളന്മാരിലെ എക്സ്ട്രീമാക്കലല്ലേ മമ്മൂട്ടി എന്ന അഭിനേതാവിന്റെ തൊഴിൽ എന്ന് ചോദിച്ചാൽ വനിതാ കമ്മീഷനെങ്ങനെ മനസിലാവാനാണ്.

lijeesh ലിജീഷ് കുമാർ

രാജൻ സക്കറിയ എന്റെ നായകനല്ല. രാജൻ സക്കറിയമാർക്ക് ഗുഡ് ബുക്കൊരുക്കുന്ന സൂത്രപ്പണി സിനിമയിലൂടെ ചെയ്യരുതെന്നും എനിക്കഭിപ്രായമുണ്ട്. കസബയിലെ നായകൻ രാജൻ സക്കറിയയാണ്, മമ്മൂട്ടിയല്ല എന്ന് പറഞ്ഞുവെന്നേയുള്ളൂ.

ഇനി എസ്.ഹരീഷിന്റെ നായകനിലേക്ക് വരാം. ആറു മാസം മുമ്പ് അയാളുടെ കൂടെ നടക്കാറുണ്ടായിരുന്ന സുഹൃത്തിന് - ദിവസോം അമ്പലത്തിൽ വരുന്ന പെണ്ണുങ്ങളെ നോക്കി നിൽക്കുമായിരുന്ന നയനഭോഗിയായ മീശക്കാരൻ സുഹൃത്തിന് "കണ്ടോ, അവളെ കണ്ടാലറിയാം - അവൾ സെക്സിന് റെഡിയാണ്." എന്നല്ലാതെ സന്ദർഭവശാൽ മറ്റെന്ത് ഡയലോഗാണ് പറയാൻ കഴിയുക. പൂജാരിമാർക്ക് സുഖമാണ് - ആർത്തവനാളുകളിൽ അവളെ കാണാതാവുമ്പോൾ വിഷയതല്പരനായ പൂജാരിക്ക് സമയം മോശമാണെന്ന് മനസിലാക്കാനെളുപ്പമാണ്, എന്ന് ചിന്തിക്കുന്ന ഒരാളെ കഥകളിൽ കഥാപാത്രമാക്കരുത് എന്ന വാദം എന്ത് കോത്തായത്തെ വാദമാണ്.

പല തരം മനുഷ്യരുണ്ട് നാട്ടിൽ. അവരുടെയെല്ലാം ജീവിതങ്ങളാണ് കഥകളായും സിനിമകളായുമൊക്കെ ആവിഷ്കരിക്കപ്പെടുന്നത്. എപ്പോഴും ചിലർ മാത്രം ചിത്രീകരിക്കപ്പെട്ടാൽ പോര. പൊളിറ്റിക്കലി കറക്ടായ മനുഷ്യരെ മാത്രം കഥാപാത്രങ്ങളാക്കി എങ്ങനെയാണ് കഥയെഴുതുക ! മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി പോലും മണിയൻ പിള്ള എന്ന കള്ളന്റെ കഥയാണ്. കള്ളനും കാമവെറിയനും ആണും പെണ്ണും ഒരൊറ്റ ജീവിതം കൊണ്ട് ആണും പെണ്ണുമായി ജീവിക്കാൻ ഭാഗ്യം കിട്ടിയവരുമെല്ലാം കഥകളായും സിനിമകളായും ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ, നമുക്കിഷ്ടപ്പെടാത്തവർക്ക് അവരുടെ ജീവിതം അടയാളപ്പെടുത്താനുള്ള പ്ലാറ്റ്ഫോമൊരുക്കൽ കൂടിയാണ്.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം