Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവേചനങ്ങൾക്കു റെഡ് കാർഡ്; ഇതു കാൽപന്തിൻ ചന്തം

എൻ.എസ്. മാധവൻ
Lukaku Colash ലുക്കാകു, ഷാക്കീരി, പോഗ്ബ, സ്റ്റെർലിങ്

ഇത്തവണ ഫുട്ബോൾ ലോകകപ്പിൽ ചാംപ്യന്മാരായ ഫ്രാൻസ് ടീം, ഇതിനുമുൻപ് ജയിച്ച 1998ലെ ലോകകപ്പിനു ശേഷം ഫ്രഞ്ചിൽ അറിയപ്പെടുന്നത് ‘കറുപ്പ്, വെളുപ്പ്, വടക്കൻ ആഫ്രിക്ക’ (black, blanc, beur) എന്ന പേരിലാണ്. ഫ്രാൻസിന്റെ ജനസമൂഹത്തിന്റെ ഭാഷ, വംശം, വർണം തുടങ്ങിയവയുടെ വൈജാത്യം നൽകുന്ന ഊർജമാണ് അവിടത്തെ ഫുട്ബോളിന്റെ ശക്തി എന്നാണ് ഈ മൂന്നു വാക്കുകൾ ധ്വനിപ്പിക്കുന്നത്. ഫുട്ബോളിനെ ഒരു രൂപകമായി കാണുകയാണെങ്കിൽ, എല്ലാ സമൂഹങ്ങൾക്കും മുന്നോട്ടു കുതിക്കാൻ ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കൂടെനിർത്തിയേ പറ്റൂ എന്നാണ് അതു പഠിപ്പിക്കുന്നത്. ഫ്രാൻസിന്റെ ഇത്തവണത്തെ ലോകകപ്പ് വിജയം, കടുത്ത കുടിയേറ്റവിരുദ്ധ നയം പ്രസംഗിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാജയമായി ‘ന്യൂയോർക്കർ’ മാസിക വിലയിരുത്തിയതിനു കാരണവും ഇതുതന്നെയാണ്.   

കുടിയേറ്റക്കാരായ ഫുട്ബോൾ കളിക്കാരെപ്പറ്റിയുള്ള ലോകത്തിന്റെ ചിന്താഗതി മാറ്റിയ കളിക്കാരനാണ് സിനദിൻ സിദാൻ. സിദാൻ അരങ്ങേറ്റം കുറിച്ച 1994ൽ, ഫ്രാൻസ് ലോകകപ്പ് യോഗ്യത പോലും നേടിയില്ല. 1998ൽ ഫ്രാൻസിൽ ലോകകപ്പ് തുടങ്ങുമ്പോൾ ആ രാജ്യത്തിന്റെ ഫിഫ റാങ്ക് 18 ആയിരുന്നു. സിദാനെപ്പോലെ കഴിവുള്ള കുറച്ചു ചെറുപ്പക്കാർ – പലരും കുടിയേറ്റക്കാർ – ഊർജസ്വലമായി കളിക്കുന്ന ടീമെന്നതിൽ കൂടുതൽ, അവർ ലോകകപ്പ് നേടുമെന്ന് ആരും കരുതിയില്ല. ഗ്രൂപ്പുതലം പിന്നിട്ട്, ക്വാർട്ടർ ഫൈനലും ജയിച്ചു സെമിയിൽ എത്തിയ ഫ്രാൻസിന്റെ എതിരാളി, എന്നും അവരുടെ തൊണ്ടയിലെ മുള്ളായിരുന്ന ക്രൊയേഷ്യ ആയിരുന്നു. അവരുടെ എക്കാലത്തെയും നല്ല കളിക്കാരനായ ഡേവോര്‍ സൂക്കർ ഗോൾ നേടിയെങ്കിലും കരീബിയൻ നാടുകളിൽനിന്ന് കുടിയേറിയ ലിലിയൻ തുറാം രണ്ടു ഗോളടിച്ച് ഫ്രാൻസിനെ ജയിപ്പിച്ചു. 

ബ്രസീലുമായിട്ടായിരുന്നു ഫൈനൽ. പരുക്കു കാരണം ആദ്യം കളിക്കില്ലെന്നു വിചാരിച്ച റൊണാൾഡോ ബ്രസീലിനുവേണ്ടി നാടകീയമായി കളത്തിലിറങ്ങി. എന്നാൽ, ആ ദിവസം സിദാന്റെയായിരുന്നു. തുടർച്ചയായി രണ്ടു ഗോളുകൾ അദ്ദേഹം നേടി, 3-0ന് ഫ്രാൻസ് ജയിച്ചു. സിദാനും തുറാമിനും പുറമെ, കുടിയേറ്റ കളിക്കാരായ തിയറി ഒൻറി, ഡിസൈല്ലി, യൂറി ജോർക്കെഫ് തുടങ്ങിയവരും ടീമിലുണ്ടായിരുന്നു. 

ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് ഫ്രാൻസിലെ തീവ്ര വലതുപക്ഷ ദേശീയപാർട്ടിയുടെ നേതാവായിരുന്ന ഴാങ്-മേരി ലെ പെൻ കറുത്തവരും മുസ്‌ലിംകളും വടക്കൻ ആഫ്രിക്കക്കാരും നിറഞ്ഞ ടീമിനെ, അത് ഫ്രാൻസിന്റെ ടീമല്ല എന്നു പറഞ്ഞിരുന്നു. രണ്ടുവർഷം മുൻപ് അൽജീറിയക്കാരായ ഭീകരവാദികൾ പാരിസിലെ മെട്രോ സ്റ്റേഷനിൽ നടത്തിയ ബോംബാക്രമണത്തിൽ കുറേപ്പേർ കൊല്ലപ്പെട്ടിരുന്നു. സിദാൻ അൽജീറിയയിൽനിന്നു കുടിയേറിയ മുസ്‌ലിം മാതാപിതാക്കളുടെ മകനായിരുന്നു. പലരാലും വെറുക്കപ്പെട്ടവനും സംശയത്തോടെ വീക്ഷിക്കപ്പെട്ടവനുമായാണ് സിദാൻ കളിക്കളത്തിൽ ഇറങ്ങിയത്. 

ആ മാസ്മരിക രാത്രിയിലാണ് ഫുട്ബോളിൽ സിദാന്റെ കയ്യൊപ്പു വീണത്. ഫ്രഞ്ചുകാർ അതിനെ ‘സിദാൻ എഫക്റ്റ്’ എന്നു പറയുന്നു. ആ രാത്രി ഫ്രഞ്ചുവിപ്ലവം സംഭാവന ചെയ്ത, ‘സ്വതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന തത്വങ്ങളുടെ ആത്മാവ് ഫ്രാൻസിലെ ജനത വീണ്ടും കണ്ടെത്തി. രാത്രി മുഴുവൻ ഫ്രാൻസിൽ നീണ്ടുനിന്ന ആഘോഷങ്ങൾക്കിടയിൽ മുഴങ്ങിയ മുദ്രാവാക്യം ഇതായിരുന്നു ‘സിസൗ ഫോർ പ്രസിഡന്റ്’, അതായത് സിദാൻ പ്രസിഡന്റാകണം.

ഇത്തവണത്തെ ലോകകപ്പിൽ ഫ്രാൻസിനുവേണ്ടി കളിച്ച പോഗ്ബയും കാന്റെയും കിലിയൻ എംബപെയും, ബൽജിയത്തിലെ ലുക്കാക്കുവും സ്വിറ്റ്സർലൻഡിലെ ജാക്കയും ഷാക്കീരിയും ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെർലിങ്ങും... അങ്ങനെ എത്രയെത്ര പേർ അവരുടെ വംശവും നിറവും മതവും എല്ലാം നിലനിൽക്കെത്തന്നെ, സ്വന്തം രാജ്യങ്ങൾക്കുവേണ്ടി വീറോടെ കളിച്ച് ജനതയുടെ മുഴുവൻ ആവേശമാകുന്നതു നാം കണ്ടു.

ഐ കൺഫസ്

കൊല നടന്ന വീട്ടിൽനിന്നു കൊലയാളി ഇറങ്ങിപ്പോരുന്നത് ളോഹ ധരിച്ചുകൊണ്ടായിരുന്നു. എന്നിട്ട് അയാൾ ആ ളോഹയുടെ ഉടമയായ പള്ളീലച്ചന്റെ അടുത്തുപോയി കൊലക്കുറ്റം ഏറ്റുപറഞ്ഞ് കുമ്പസാരിച്ചു. കുമ്പസാര രഹസ്യത്തിന്റെ പവിത്രത അച്ചൻ കാത്തുസൂക്ഷിക്കുമെന്നു തനിക്ക് ഉറപ്പുണ്ടെന്നു പിന്നീട് അയാൾ ഭാര്യയോടു പറഞ്ഞു. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ക്ലാസിക് ചലച്ചിത്രമായ ‘ഐ കൺഫസ്’ (ഞാൻ കുമ്പസാരിക്കുന്നു, 1953) തുടങ്ങുന്നത് ഇങ്ങനെയാണ്. 

കൊലസ്ഥലത്തുനിന്ന് ളോഹയിട്ട ഒരാൾ ഇറങ്ങിപ്പോകുന്നതു കണ്ടവർ ഉണ്ടായിരുന്നു. അച്ചന്റെ വീട്ടിൽനിന്നു ചോരപുരണ്ട ളോഹ കണ്ടെത്തുകയും ചെയ്തു. അച്ചനും കൊല്ലപ്പെട്ട ആളും തമ്മിൽ പൂർവവൈരാഗ്യത്തിനു തക്കതായ കാരണങ്ങൾ ഉണ്ടെന്ന് പൊലീസ് അനുമാനിച്ചു. തൂക്കുകയർ മുന്നിൽക്കണ്ടിട്ടും അച്ചൻ കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ തയാറായില്ല. ഒടുവിൽ കൊലയാളിയുടെ ഭാര്യയുടെ മൊഴിയാണ് അച്ചനെ രക്ഷിച്ചത്. 

‘ഐ കൺഫസ്’ ഇറങ്ങി വളരെ വർഷങ്ങൾക്കു ശേഷം, കേരളത്തിൽ കുമ്പസാര രഹസ്യം ‘മുതലാക്കി’ ഒരു യുവതിയെ ചൂഷണം ചെയ്തതിന് കുറച്ചു വൈദികർ കുറ്റാരോപിതരായിരിക്കുകയാണ്. പുരോഹിതനും പശ്ചാത്താപിയും തമ്മിലുള്ള സംഭാഷണം പ്രത്യേകാവകാശമുള്ള (privileged) വിനിമയമാണെന്ന് അയർലൻഡ്, യുഎസ്, പോളണ്ട് തുടങ്ങിയ നാടുകൾ നിയമങ്ങളിലൂടെ അംഗികരിക്കുന്നു. ഇതിന്റെ അർഥം കുറ്റത്തെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിയാമെങ്കിലും പുരോഹിതൻ അത് സാക്ഷിക്കൂട്ടിൽനിന്നു പറയേണ്ടതില്ല. 

പൊതുസമൂഹത്തിലെ മറ്റു പല വ്യവസ്ഥകളിലും ഇത്തരത്തിലുള്ള വിനിമയങ്ങളുണ്ട്: ഉദാഹരണത്തിന് വക്കീലും കക്ഷിയും, അല്ലെങ്കിൽ മനശ്ശാസ്ത്രജ്ഞനും ചികിത്സതേടി എത്തുന്നവരും. ഇത്തരം ലോലമായ നൂലുകൾകൊണ്ടു മെനയുന്ന സാമൂഹികബന്ധങ്ങൾ പൊട്ടിപ്പോകാതെ സൂക്ഷിക്കാൻ അവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ബാധ്യസ്ഥമാണ്. വെറും ക്രിമിനൽ കേസിനപ്പുറം നൈതികവും സാമൂഹികവുമായ പല മാനങ്ങളും പറയപ്പെടുന്ന സംഭവത്തിനുണ്ട്.  

സ്കോർപ്പിയോൺ കിക്ക്: പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിരത്തുകളിലെ കുഴിയെണ്ണി.

കുഴിയെണ്ണിയാൽ മാത്രം പോരാ, അപ്പം തിന്നവരെ അഴിയും എണ്ണിക്കണം.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം