Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരൂരിന്റെ താരതമ്യങ്ങൾ

ns-madhavan-sasi-tharoor സമകാലിക വിഷയങ്ങളെ വിശകലനം ചെയ്ത് എൻ.എസ് മാധവൻ എഴുതുന്നു...

2019ൽ ബിജെപി വീണ്ടും ഭരണത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നും ന്യൂനപക്ഷങ്ങൾക്കു തുല്യതയില്ലാത്ത ഇന്ത്യ, ഒരു ‘ഹിന്ദു പാക്കിസ്ഥാൻ’ ആകുമെന്നുമുള്ള ശശി തരൂരിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കു തിരികൊളുത്തി. ഇന്ത്യയുടെ ജനാധിപത്യത്തിനും ഹിന്ദുക്കൾക്കും എതിരായ ആക്രമണമാണിതെന്നും തരൂർ മാപ്പുപറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. പലപ്പോഴും പ്രതിഷേധം വാക്കുകളിൽ ഒതുങ്ങിയില്ല. തരൂരിന്റെ തിരുവനന്തപുരത്തെ ഓഫിസ് ആക്രമിക്കപ്പെട്ടു. ഇത്തരം അക്രമസംഭവങ്ങളെ, തരൂർ ‘ഹിന്ദു താലിബാൻ’ എന്നു വിശേഷിപ്പിച്ചു.

തരൂർ മുന്നോട്ടുവച്ച വാദങ്ങൾ നേരിടേണ്ടതു പ്രതിവാദങ്ങളിലൂടെയാണ്. അതിനുപകരം, നിയമം കയ്യിലെടുക്കുന്നതു തികച്ചും അപലപനീയമാണ്. അതൊടൊപ്പം തന്നെ, ഇതിനൊരു മറുഭാഗമുണ്ട്. എന്തുകൊണ്ട് മതരാഷ്ട്രീയം അഴിച്ചുവിടുന്ന അക്രമങ്ങൾ കണ്ടാലുടനെ പാക്കിസ്ഥാന്റെയും താലിബാന്റെയും പേര് ആദ്യം വായിൽവരുന്നു? തരൂരിനു മുൻപ് സീതാറാം യച്ചൂരിയും ‘ഹിന്ദു പാക്കിസ്ഥാൻ’ എന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനു ശേഷം, മമത ബാനർജി ‘ഹിന്ദു താലിബാൻ’ എന്ന പ്രയോഗം ഏറ്റെടുത്തിട്ടുണ്ട്. ഒരു മതത്തിലെ തീവ്രപ്രവർത്തനങ്ങൾ വിവരിക്കാൻ മറ്റൊരു മതത്തിൽനിന്ന് ഉപമകൾ തേടുന്നത് എത്രത്തോളം ഉചിതമാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ, മതാധിഷ്ഠിതമായ ഭരണം നടത്തുന്ന, ന്യൂനപക്ഷാവകാശങ്ങൾ നിഷേധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമല്ല പാക്കിസ്ഥാൻ. തരൂരിന് അത്തരം മറ്റൊരു രാജ്യത്തോടുതന്നെ ഭാവിയിലെ ഇന്ത്യയെ തുലനം ചെയ്യണമെങ്കിൽ ഹിന്ദു ഇസ്രയേൽ എന്നോ മറ്റോ പറയാമായിരുന്നു. അതുപോലെ, താലിബാൻ മാത്രമല്ല, ലോകത്തിലെ മതത്തിലൂന്നിയ ഒരേയൊരു അക്രമിസംഘടന. സംശയമുണ്ടെങ്കിൽ തൊട്ടടുത്തു കിടക്കുന്ന ശ്രീലങ്കയിലേക്കോ മ്യാൻമറിലേക്കോ നോക്കിയാൽ മതി. 

thalsamayam 2007ൽ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ഒരു ക്യാച്ചെടുത്തു. മൈക്ക് തുറന്നിരിക്കുകയാണെന്ന് മറന്നുകൊണ്ട്, കമന്ററി ടീമിലുണ്ടായിരുന്ന ഡീൻ ജോൺസ് പറഞ്ഞു: “ഭീകരവാദിക്ക് ഒരു ക്യാച്ചുകൂടി കിട്ടി.”

വാക്കുകൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും പുറത്തുവരുന്നത് അബോധമനസ്സാണ്. 2007ൽ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് കളിക്കുമ്പോൾ, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ഒരു ക്യാച്ചെടുത്തു. മൈക്ക് തുറന്നിരിക്കുകയാണെന്ന് മറന്നുകൊണ്ട്, കമന്ററി ടീമിലുണ്ടായിരുന്ന ഡീൻ ജോൺസ് പറഞ്ഞു: “ഭീകരവാദിക്ക് ഒരു ക്യാച്ചുകൂടി കിട്ടി.” താടിവളർത്തിയ അംലയെ കണ്ടാൽ പ്രകടമായും ഇസ്‌ലാംമത വിശ്വാസിയാണെന്നു മനസ്സിലാകും. ലോകവ്യാപകമായ പ്രതിഷേധത്തെ തുടർന്നു ഡീൻ ജോൺസിന്റെ ജോലി നഷ്ടപ്പെട്ടു. അദ്ദേഹം തെന്നിവീണ പഴത്തൊലി, പടിഞ്ഞാറൻ രാജ്യങ്ങളിൽ പടർന്നിരിക്കുന്ന ‘ഇസ്‌ലാം ഭയം’ (Islamophobia) ആയിരുന്നു. അത്തരം വാർപ്പുരൂപങ്ങളെ സ്വാംശീകരിക്കാതെ, എല്ലാ മതങ്ങളിലെ തീവ്രവാദങ്ങൾക്കും അവയുടേതായ പ്രത്യേകസ്വഭാവം ഉണ്ടെന്നുകരുതി എതിർക്കുകയായിരിക്കും‌, കൂടുതൽ ശരിയായ രാഷ്ട്രീയം. 

 എഴുത്ത്, ജീവനകൗശലം

കുറച്ചു ലക്കങ്ങൾ മാത്രം പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിലെ, ഇനിയും വികസിപ്പിച്ചെടുക്കാത്ത ഒരു കഥാപാത്രത്തിന്റെ ചില സംഭാഷണങ്ങൾ ഉയർത്തിക്കാട്ടി സൈബർലോകത്തും പുറത്തുമുണ്ടായ ആക്രമണങ്ങൾ ആ നോവലിന്റെ പ്രസിദ്ധീകരണം നിർത്തിച്ചു. പെരുമാൾ മുരുകന്റെ, പൂർണമായും പ്രസിദ്ധീകരിച്ച ‘മതുരോഭാഗൻ’ എന്ന നോവലിൽ, തിരുച്ചെങ്കോട് പ്രദേശത്ത് പണ്ടു നിലനിന്നിരുന്നെന്നു കരുതുന്ന ഒരു ആചാരത്തെ പരാമർശിച്ചതിനെതിരായ ജാതീയപ്രക്ഷോഭങ്ങൾ, അദ്ദേഹത്തെക്കൊണ്ട് ‘എഴുത്തുകാരനായ പെരുമാൾ മുരുകൻ ആത്മഹത്യ ചെയ്തു’വെന്നു പറയിപ്പിച്ചു. ഹരീഷിനെപ്പോലെ, നോവൽ പിൻവലിക്കുകയും, പെരുമാൾ മുരുകൻ ചെയ്തതിലും കൂടുതലായി, എഴുത്തല്ല, സ്വന്തം ജീവൻതന്നെ ഒടുക്കുകയും ചെയ്ത ഒരു എഴുത്തുകാരി മലയാളത്തിലുണ്ട്, രാജലക്ഷ്മി. ജീവിച്ചിരുന്നാൽ എഴുതിപ്പോകുമെന്നായിരുന്നു അവരുടെ അവസാനത്തെ കുറിപ്പ്. 

രാജലക്ഷ്മി ജീവിച്ചിരുന്നാൽ എഴുതിപ്പോകുമെന്നായിരുന്നു രാജലക്ഷ്മിയുടെ അവസാനത്തെ കുറിപ്പ്.

രാജലക്ഷ്മിയുടെ ആത്മകഥാപരമായ നോവലിനെതിരെ തിരിഞ്ഞതു കുടുംബമാണെങ്കിൽ, മറ്റ് എഴുത്തുകാർക്കു നേരിടേണ്ടിവന്നത് ആൾക്കൂട്ടവെറിയായിരുന്നു. ‘വികാരം വ്രണപ്പെട്ടു’ എന്നതാണ് പറയപ്പെടുന്ന കാരണം. ഇതിനെ എഴുത്തുകാർ എങ്ങനെ നേരിടും? ഒന്നുകിൽ പെരുമാൾ മുരുകനെപ്പോലെ കളംവിടാം. പക്ഷേ, സാധാരണ സംഭവിക്കുന്നതു മറ്റൊന്നാണ്: ഉപബോധ തലത്തിലെങ്കിലും എഴുത്തുകാർ സ്വയം സെൻസർ ചെയ്യാൻ തുടങ്ങുന്നു. എഡിറ്റർമാർ ഭൂതക്കണ്ണാടി വച്ച് എഴുതിയതു പരിശോധിക്കുന്നു. സർഗാത്മകത വറ്റുന്നു; എഴുത്തിന്റെ മുനയൊടിയുന്നു. എഴുത്തുകാർ നിർവീര്യമാകുന്നതിലൂടെ പ്രതിഷേധക്കാർ അവരുടെ ലക്ഷ്യം കൈവരിക്കുന്നു. ഈ അവസ്ഥയിൽ എഴുത്തുകാരന് അല്ലെങ്കിൽ എഴുത്തുകാരിക്കു മുൻപിൽ രണ്ടു വഴികളുണ്ട്: ഒന്നുകിൽ അവർക്കു സുരക്ഷിതമായി സ്വയം സെൻസർ ചെയ്തുകൊണ്ട് എഴുതാം; അല്ലെങ്കിൽ അതിജീവനത്തിനായി പുതിയ മാർഗങ്ങൾ തേടണം. ഒ.വി.വിജയൻ ചെയ്തത് അതാണ്.  

അദ്ദേഹം ‘ധർമപുരാണം’ എഴുതിയത് അടിയന്തരാവസ്ഥയ്‌ക്കു മുൻപായിരുന്നെങ്കിലും, അതിലെ ഒരു അധ്യായത്തിനിട്ട പേര് ‘അടിയന്തരാവസ്ഥ’ എന്നായിരുന്നു! നോവൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ്, അതിന്റെ പ്രസിദ്ധീകരണാവകാശം നേടിയ ‘മലയാളനാട്’ വാരിക തുടർച്ചയായി നോവലിനെക്കുറിച്ചു പരസ്യം നൽകിയിരുന്നു. അപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിജയൻ പത്രാധിപർക്ക് എഴുതി, ‘പ്രിയപ്പെട്ട എസ്‌കെ, ചരിത്രം നമ്മളെ കടത്തിവെട്ടി’. പറഞ്ഞ സമയത്തു നോവൽ പുറത്തുവന്നില്ല. പിന്നീട് അടിയന്തരാവസ്ഥയ്‌ക്കു ശേഷം പല തിരുത്തലുകൾ കഴിഞ്ഞ് (‘അടിയന്തരാവസ്ഥ’ എന്ന അധ്യായത്തിന്റെ പേര് ‘പ്രതിസന്ധി’ എന്നായി) നോവൽ വെളിച്ചംകണ്ടു. ഇന്നും മൂന്നാംലോകത്തിൽ കണ്ടുവരുന്ന ഏകാധിപത്യ രാഷ്ട്രീയത്തെ നിശിതമായി പരിഹസിക്കുന്ന ഒരു ക്ലാസിക്കായി ആ നോവൽ വായിക്കപ്പെടുന്നു. ആവിഷ്കാരസ്വാതന്ത്ര്യം അപകടത്തിലാകുന്ന അടിയന്തരാവസ്ഥ പോലത്തെ സമയങ്ങളിൽ എഴുത്തും ഒരു ജീവനകൗശലമാണ്. 

സ്കോർപ്പിയോൺ കിക്ക്:  ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ജക്കാർത്തയിൽ നടക്കുന്ന എഷ്യൻ ഗെയിംസിലേക്ക് സിലാട്ട്‌, സാമ്പോ, കുറാഷ് എന്നീ കായിക ഇനങ്ങളിലേക്കു 37 കളിക്കാരെ അയയ്‌ക്കുന്നു. 

ഫുട്ബോൾ എന്ന പേരു മാത്രം കേൾക്കാത്തതു കൊണ്ടായിരിക്കും, ആ ഇനത്തിലേക്ക് ആരെയും അയയ്ക്കാത്തത്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം