Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേട്ടക്കാരനും ഇരയും: നയ്പാള്‍ എന്ന ഇരട്ടമനുഷ്യന്‍

vs-naipaul

രണ്ടുവഴികളിലൂടെ എത്തിച്ചേരാവുന്ന കടല്‍ത്തീരമാണ് എഴുത്തും എഴുത്തുകാരനും. പുസ്തകങ്ങളിലൂടെയാണ് ഒരു വഴി. എഴുത്തുകാരന്‍ എന്ന വ്യക്തിയെക്കുറിച്ചുള്ള അറിവിലൂടെയാണു രണ്ടാമത്തെ വഴി. ഒരൊറ്റ ലക്ഷ്യത്തിലാണ് എത്തുന്നതെങ്കിലും രണ്ടു വഴികളും തമ്മിലുള്ള അന്തരവും വൈരുധ്യവും ഓര്‍മിപ്പിക്കുന്ന എഴുത്തുകാരനാണ് 85-ാം വയസ്സില്‍ അന്തരിച്ച വി.എസ്. നയ്പാള്‍. 

നയ്പാള്‍ എന്ന എഴുത്തുകാരനെക്കുറിച്ചുള്ള അറിവ് വായനക്കാരെ അദ്ദേഹത്തില്‍നിന്ന് അകറ്റും. നയ്പാളിന്റെ നോവലുകളുടെ വായനയാകട്ടെ എഴുത്തുകാരനെ കൂടുതല്‍ അറിയണം എന്ന ആഗ്രഹവും സൃഷ്ടിക്കും. വൈരുധ്യത്തിന്റെ തീവ്രത കൂടുന്നതനുസരിച്ച് നയ്പോള്‍ എന്ന ദൂരൂഹതയുടെ ആഴവും വര്‍ധിക്കും; ആ സമസ്യയുടെ സങ്കീര്‍ണതയും. സാഹിത്യത്തിനുള്ള നൊബേല്‍ നയ്പാള്‍ സമര്‍പ്പിച്ചത് സ്വന്തം നാടായ ഇംഗ്ലണ്ടിനും മുന്‍ഗാമികളുടെ നാടായ ഇന്ത്യയ്ക്കും. ജന്‍മസ്ഥലമായ ട്രിനിഡാഡ് അദ്ദേഹത്തിന്റെ പരിഗണനകളില്‍ വന്നില്ല; എഴുത്തില്‍ പൊള്ളുന്ന ഓര്‍മ മാത്രമായി നിലകൊണ്ടു. 

അതേ, ഞാന്‍ ട്രിനിഡാഡിലാണു ജനിച്ചത്. അതൊരു തെറ്റായിപ്പോയി എന്നെനിക്കു തോന്നുന്നു.. 

എന്തുകൊണ്ട് ട്രിനിഡാഡിനെ ഒഴിവാക്കുന്നു എന്ന ചോദ്യത്തിനു മറുപടിയായി നയ്പാള്‍ പറഞ്ഞു. കോളജില്‍ പഠിക്കുന്ന കാലം മുതലേ തനിക്കു സുഹൃത്തുക്കളില്ല ആരാധകര്‍ മാത്രമേയുള്ളൂ എന്നു പറഞ്ഞിട്ടുള്ള നയ്പാളിന് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ പിതാവു തന്നെയായിരുന്നു. സാഹിത്യത്തില്‍ ആകൃഷ്ടനായിരുന്ന സീപെര്‍ദാസ്. പിതാവു വായിച്ചുകൊടുത്ത കഥകളിലൂടെയാണ് നയ്പാള്‍ അക്ഷരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്; എഴുത്തുകാരനായതും. ക്രൂരതയാണു തന്റെ മുഖമുദ്ര എന്ന ഭാവം സ്വയം എടുത്തണിഞ്ഞ് സൗഹൃദങ്ങളില്‍നിന്നും സ്നേഹബന്ധങ്ങളില്‍നിന്നും അകന്ന്, അപൂര്‍വം ബന്ധങ്ങളില്‍ ഏകാധിപതിയായി വിരാജിച്ചു നയ്പോള്‍. അതുകൊണ്ടുതന്നെ വിയോഗത്തില്‍ നയ്പോളിനെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളില്‍ ആദരവിനും ആദരാ‍ഞ്ജലിക്കുമൊപ്പം ക്രൂരതയുടെ ഓര്‍മപ്പെടുത്തലുകളും ആശ്വാസത്തിന്റെ നിശ്വാസവുമുള്ളത്. 1994-ല്‍ നയ്പോളുമായി അഭിമുഖം നടത്തിയ ജെയിംസ് വുഡ് രണ്ടു വാക്കുകളില്‍ ആ വ്യക്തിത്വം സംഗ്രഹിക്കുന്നുണ്ട്- മുറിവേറ്റവനായിരുന്നു അദ്ദേഹം. മുറിപ്പെടുത്തുന്നവനും. 

ഇന്‍ എ ഫ്രീ സ്റ്റേറ്റ്- ബുക്കര്‍ പുരസ്കാരം നയ്പോളിനു നേടിക്കൊടുത്ത നോവല്‍. ബോംബെയില്‍നിന്ന് തന്റെ യജമാനനൊപ്പം വാഷിങ്ടണിലെത്തിയ സന്തോഷ്. ഇന്ത്യയെക്കുറിച്ചുള്ള ഓര്‍മകളുമായി സന്തോഷ് അമേരിക്കന്‍ വഴികളിലൂടെ നടക്കുന്നു. ഹരേ കൃഷ്ണ പാടുന്ന ഗായകരെ കാണുമ്പോള്‍ അവര്‍ ഇന്ത്യക്കാരാണെന്നു വിചാരിക്കുന്നു സന്തോഷ്. അവരോടൊപ്പം ചേരാനും അവരില്‍ ഒരാളായി മാറാനും സന്തോഷ് ആഗ്രഹിക്കുന്നു. തന്റെ ആഗ്രഹം യാഥാര്‍ഥ്യമാകില്ല എന്നയാള്‍ക്കറിയാം. എങ്കിലും മറ്റൊരു ജീവിതത്തിന്റെ ഓര്‍മകളും സ്വപ്നങ്ങളുമായി സന്തോഷ് യാത്ര തുടരുന്നു. അമേരിക്കയിലെ ഒരു റസ്റ്റോറന്റ് ഉടമ അയാളോടു പറയുന്നു: ഇതു ബോംബെയല്ല. നിരത്തിലൂടെ നടക്കുമ്പോള്‍ നിങ്ങളെ ആരും തുറിച്ചുനോക്കില്ല. നിങ്ങള്‍ എന്താണു ചെയ്യുന്നതെന്നും ആരും ശ്രദ്ധിക്കില്ല- ആശ്വസിപ്പിക്കുന്നതുപോലെയാണ് അയാള്‍ അതു പറഞ്ഞത്. സന്തോഷിന് അമേരിക്കയില്‍ ഇഷ്ടമുള്ള എന്തും ചെയ്യാമെന്ന്. പക്ഷേ ആരും തന്നെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്ന് അയാള്‍ക്കറിയാം- ആരുമില്ലാത്തവനായതിനാല്‍. ഒടുവില്‍ അയാള്‍ തന്റെ യജമാനനെ ഉപേക്ഷിക്കുന്നു. ഒരു അമേരിക്കക്കാരിയെ വിവാഹം കഴിക്കുന്നു. അമേരിക്കന്‍ പൗരനാകുന്നു. സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തില്‍ സാമ്രാജ്യം ‍സൃഷ്ടിക്കാനൊരുങ്ങുകയാണ് സന്തോഷ്.

സ്വാതന്ത്ര്യം എനിക്കൊരു പുതിയ അറിവു സമ്മാനിച്ചു. എനിക്കൊരു ശരീരമുണ്ട്. മുഖവും. ശരീരത്തിനുവേണ്ട ഭക്ഷണം ഞാന്‍ കഴിക്കണം. വസ്ത്രം ധരിക്കണം. കുറേനാളത്തേക്ക് അതു തുടരണം. അതു കഴിയുമ്പോള്‍ എല്ലാം അവസാനിക്കും. കൊട്ടിഘോഷിക്കുന്ന അമേരിക്കന്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിരര്‍ഥകതയും അര്‍ഥശൂന്യതയുമാണ് സന്തോഷ് വെളിപ്പെടുത്തുന്നത്. സ്വര്‍ഗം തേടിയ കുടിയേറ്റക്കാരന്റെ വിജയനിമിഷത്തിലെ ശൂന്യതയെക്കുറിച്ചുള്ള ബോധം. 

ഈ സന്തോഷിനെ അവതരിപ്പിച്ച അതേ നയ്പാള്‍ തന്നെയാണ് ഒരിക്കല്‍ തന്റെ കാമുകിയെ അടിച്ചുവീഴ്ത്തിയതും. മാര്‍ഗരറ്റിനു മറ്റൊരു പുരുഷനുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞ നിമിഷത്തിലായിരുന്നു ആക്രമണം. ഞാനവളുടെ മുഖം അടിച്ചുകേടുവരുത്തി. ഇനി കുറേനാളത്തേക്ക് അവള്‍ക്കു പുറത്തിറങ്ങി നടക്കാനാവില്ല ... നയ്പാള്‍ തന്റെ മര്‍ദനത്തെക്കുറിച്ചു വിവരിച്ചു. 

ജെയിംസ് വുഡ് എന്ന ലേഖകനാണ് നയ്പാളിന്റെ കുമ്പസാരം ആദ്യം പുറത്തുകൊണ്ടുവരുന്നത്. 1994-ല്‍. അന്ന് നയ്പാളിന്റെ വസതിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിര്‍ത്താതെ ഫോണ്‍ ബെല്ലടിച്ചു. സഹായി അകത്തേക്കുവന്നു. നയ്പാളും സഹായിയും തമ്മില്‍ ചെറിയൊരു സംഭാഷണം. അതിനുശേഷം അദ്ദേഹം ജെയിംസ് വുഡിനോടു പറഞ്ഞു: 

ഞാന്‍ ഖേദിക്കുന്നു. ഇവിടെ ഒരു അസുഖക്കാരിയുണ്ട്. അതുകൊണ്ടുള്ള തടസ്സമാണ് ഇടയ്ക്കു സംഭവിക്കുന്നത്. പട്രീഷയെക്കുറിച്ചാണു നയ്പാള്‍ സംസാരിച്ചത്. പേരു പോലും പറയാതെ. വാക്കുകളില്‍ മൃദുതലത ഒട്ടുമില്ലാതെ. നാലു പതിറ്റാണ്ട് ആ മനുഷ്യനെ സഹിച്ച ഭാര്യയെക്കുറിച്ച്. നിസ്സഹായയായി മരണം കാത്തുകിടന്ന ഒരു സ്ത്രീയെക്കുറിച്ച്. 

തന്റെ ജീവിതകാലത്തെ ഏറ്റവും മികച്ച ഗദ്യകാരന്‍ എന്നാണു നയ്പാള്‍ അറിയപ്പെടുന്നത്. ഏറ്റവും ചീത്ത മനുഷ്യന്‍ എന്നും. നയ്പാളിനെ അറിയാന്‍ തിരഞ്ഞെടുക്കേണ്ട വഴി അദ്ദേഹത്തിന്റെ കൃതികളിലൂടെ മാത്രമാകണം. ആ ജീവിതത്തിലൂടെയാകരുത്. അക്ഷരങ്ങളെ വെറുക്കാന്‍ അതൊരു കാരണമാകരുത്. 

Read More  Articles on Malayalam Literature & Books to Read in Malayalam