Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തെ അതിജീവിച്ച എം.ടി.

mt

പ്രളയം മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻനായരുടെ കൂടല്ലൂരിലെ വീടിനെയും വെറുതെവിട്ടില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകി അദ്ദേഹത്തിന്റെ വീടിന്റെ ഉള്ളിൽ വരെയെത്തി. വെള്ളം കുത്തിയൊഴുകിയതിന്റെ അവശേഷിപ്പുകൾ ആ വീട്ടിൽ ബാക്കിയുണ്ട്. എം.ടി. കോഴിക്കോട്ടായതിനാൽ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. 

പ്രളയം എം.ടിയെ നേരിട്ടുബാധിച്ചില്ലെങ്കിലും മുൻപൊരു പ്രളയത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കാര്യം എം.ടി എഴുതിയിട്ടുണ്ട്. ഒരു നദിയുടെ ചരമക്കുറിപ്പ് എന്ന ലേഖനത്തിൽ. തലനാരിഴയ്ക്കായിരുന്നു അന്ന് എം.ടി. രക്ഷപ്പെട്ടത്. ആ സംഭവം ഇങ്ങനെ-

1947ലും 1944ലുമുണ്ടായ വെള്ളപ്പൊക്കത്തിൽ ഭാരതപുഴയുടെ ഭീതിദമായ രൂപം ഞാൻ കണ്ടിട്ടുണ്ട്. നെൽവയലുകൾക്കപ്പുറത്തുള്ള ഉയർന്ന പ്രദേശത്ത് കെട്ടിയതിനാൽ ഞങ്ങളുടെ തറവാട് സുരക്ഷിതമായിരുന്നു. 1924ലെ പ്രളയമായിരുന്നു ഏറ്റവും രൂക്ഷമെന്ന് മുതിർന്നവർ പറയും; അന്നു വെള്ളം പറമ്പിന്റെ താഴെവരെ എത്തിയിരുന്നുവത്രെ.

1944ലെ വെള്ളപ്പൊക്കം എന്റെ ഓർമയിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്. വൈകുന്നേരം എന്തോ സാധനങ്ങൾ വാങ്ങാൻ എന്നെ പലചരക്കുകടയിലേക്ക് അയച്ചതായിരുന്നു. വയലിലൂടെയുള്ള കുറുക്കുവഴിയിലൂടെ വരുന്നതിനു പകരം ഞാൻ പുഴയ്ക്കരികിലുള്ള റോഡിലൂടെയാണ് വീട്ടിലേക്കു മടങ്ങിയത്. ആപത്ശങ്കയുണർത്തും വിധം പുഴ നിറഞ്ഞുകവിഞ്ഞിരുന്നു. പലയിടത്തുനിന്നും മുതിർന്നവർ നോക്കിനിൽക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ വിളിച്ചുപറഞ്ഞു–‘‘ മോനേ ഓടിക്കോ.. ഏത്  സമയവും അണപൊട്ടും..’’ അതു കേട്ടതും ഞാൻ കുതിച്ചോടി. ഞാനെന്റെ വീടിന്റെ വാതിൽക്കൽ എത്തിയപ്പോഴേക്കും പാടത്തേക്കു വെള്ളം കുത്തിയൊഴുകിയിരുന്നു. ഈ വെള്ളപ്പൊക്കം നാലുദിവസം തുടർന്നു.

പുഴയോരത്തെ വീടുകൾ ഉപേക്ഷിച്ചിറങ്ങിയ ബന്ധുക്കളെക്കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു. ആ മഴദിവസങ്ങളിൽ വീടിന്റെ പടിക്കലുള്ള പടവുകളിൽ നിന്നാണ് ഞങ്ങൾ കുളിച്ചിരുന്നത്. പെരുമഴക്കാലത്ത് പകൽ നേരങ്ങളിൽ ഭാരതപ്പുഴ സീൽക്കാരം പുറപ്പെടുവിക്കുകയും രാത്രി നേരങ്ങളിൽ എല്ലാം തകർത്ത് കരകവിഞ്ഞൊഴുകുമെന്ന ഭീഷണി മുഴക്കി അലറുകയും ചെയ്യും. എന്നാലും ഞങ്ങൾക്കു പുഴയെ പേടിയായിരുന്നില്ല. അകലങ്ങളിലുള്ള മഞ്ഞുമൂടിയ മലകളും ഉരുണ്ടുകൂടുന്ന കറുത്ത മഴമേഘങ്ങളും ആവശ്യത്തിനുള്ള മുന്നറിയിപ്പ് തന്നു. തീർച്ചയായും താഴ്ന്ന പ്രദേശങ്ങളിലെ വാസസ്ഥലങ്ങളെ പ്രളയം നശിപ്പിച്ചു. പുഴ കയ്യേറി വാഴയും പച്ചക്കറിയും നട്ട ദുരാഗ്രഹികളായ കൃഷിക്കാർക്കും തിരിച്ചടി കിട്ടി. നദിക്കിരുകരയിലുമുള്ള പരന്ന പ്രദേശങ്ങൾ വെള്ളം കയറാനിടയുള്ള പ്രദേശങ്ങളായി കർഷകർ ഒഴിച്ചിടാറാണ് പതിവ്. ഇതു വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കുറയ്ക്കുമെന്ന് മാത്രമല്ല, നല്ല ഫലഭൂയിഷ്ടമായ മണ്ണ് അവിടെ വന്നടിയുകയും ചെയ്യും. 

വേനൽക്കാലത്ത് നിലാവിൽ കുളിച്ചുനിൽക്കുന്ന ഭാരതപ്പുഴ വിദൂരമെങ്കിലും മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ഒരോർമയാണ്. എന്നാൽ യക്ഷികളുടെയും ഗന്ധർവ്വന്മാരുടെയും കേളീസ്ഥലമാണെന്ന് പറഞ്ഞു മുതിർന്നവർ ‍ഞങ്ങളെ അങ്ങോട്ട് പോകാൻ സമ്മതിക്കാറില്ല. രാത്രിയിൽ പള്ളിപ്പുറത്തു വന്നിറങ്ങുന്നവർ പുഴ മുറിച്ചു കടക്കുമ്പോൾ ഏറെ സൂക്ഷിക്കണം. നിങ്ങളവരെ ഉപദ്രവിച്ചില്ലെങ്കിൽ അവർ നിങ്ങളേയും ഒന്നും ചെയ്യില്ല. അതായിരുന്നു മനുഷ്യരും ഈ ദിവ്യസൃഷ്ടിക്കും ഇടയിലുള്ള ധാരണ.

​ഞങ്ങളുടെ തറവാടിന്റെ പരദേവത പുഴയ്ക്കക്കരെ ആറ് കിലോമീറ്റർ ദൂരെ കൊടിക്കുന്നത്ത് ക്ഷേത്രത്തിലായിരുന്നു. വിശന്നു വലഞ്ഞിരിക്കുന്ന ഞങ്ങളുടെ പൂർവ്വികർക്ക് അന്നവുമായി വന്ന അമ്മദൈവത്തെ സ്നേഹിച്ചുകൊണ്ടാണ് ഞങ്ങൾ വളർന്നത്. പണ്ടൊരു നാളിൽ ഞങ്ങളുടെ വീട്ടിൽ പാവപ്പെട്ട ഒരു വിധവയും അവരുടെ മൂന്നുമക്കളുമാണു താമസിച്ചിരുന്നത് എന്നൊരു പഴങ്കഥ ഞങ്ങളെല്ലാം വിശ്വസിച്ചിരുന്നു. പശുക്കളെ വളർത്തിയിരുന്ന അവർ എല്ലാ ദിവസവും രാവിലെ അമ്പലത്തിൽ പാലു കൊണ്ടുകൊടുക്കും. പകരം ഒരു ദിവസം കഴിക്കാൻ വേണ്ടത്ര ചോറ് അവർക്കവിടെ നിന്നു കിട്ടും. എന്നാൽ ഒരു ദിവസം പുഴ നിറഞ്ഞുകവിഞ്ഞതിനാൽ വഞ്ചിക്കാരന് അവരെ അക്കരെ കടത്താൻ ധൈര്യമുണ്ടായില്ല. വീട്ടിൽ തിരിച്ചെത്തിയ വിധവ ഈ പുഴയിലെ വെള്ളമിറങ്ങുംവരെ ഇനി ചോറ് കിട്ടില്ല എന്നു മക്കളോടു പറഞ്ഞു. പകരം മക്കൾക്കു പാല് കാച്ചിക്കൊടുത്ത് മക്കളെ ഉറക്കി. അന്നു പാതിരായ്ക്ക് ആരോ അവരുടെ വാതിൽക്കൽ മുട്ടിവിളിച്ചു. വാതിൽ തുറന്ന് നോക്കിയപ്പോൾ മേലാകെ മൂടിപ്പുതച്ച് നനഞ്ഞു നിൽക്കുന്ന ഒരു വൃദ്ധ. ആ രാത്രി സന്ദർശ ഒരു ഓട്ടുപാത്രം നിറയെ ചോറ് അവരുടെ മുന്നിൽ വച്ചിട്ടു പറഞ്ഞു– "കുട്ടികളെ വിളിച്ചുണർത്തി ഇതവർക്കു കൊടുക്കൂ". അതും പറഞ്ഞ് അവർ അപ്രത്യക്ഷയായി. നാലാംനാൾ വെള്ളമിറങ്ങിയപ്പോൾ അവർ പതിവുപോലെ പാലുമായി ക്ഷേത്രത്തിലേക്കുപോയി. സംഭവം പൂജാരിയോടു പറഞ്ഞു. ചോറ് കിട്ടിയ ഓട്ടുപാത്രവും കാണിച്ചു. കഥകേട്ട പൂജാരി ശരിക്കും അദ്ഭുതപ്പെട്ടുപോയി. കാരണം മൂന്നുനാൾ മു‍ൻപേ ശ്രീകോവിലിൽ നിന്നും കാണാതെ പോയ പാത്രത്തിലാണ് അവർക്കു ചോറു കൊടുത്തിരുന്നത്. 

തന്നെ ഏറെ പ്രചോദിപ്പിച്ച ഭാരതപ്പുഴയുടെ നാശത്തെക്കുറിച്ച് എം.ടി. പലതവണ എഴുതിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്കു ശേഷം എത്തിയ പ്രളയത്തെക്കുറിച്ച് നിളയുടെ എഴുത്തുകാരൻ പുതുതായി മലയാളിക്കുവേണ്ടി ഇനിയും എഴുതുമെന്നു പ്രത്യാശിക്കാം.

Malayalam Short StoriesMalayalam literature interviews, മലയാളസാഹിത്യം