ചിന്തകൾക്കു വിലങ്ങു വീഴുമ്പോൾ...

'ബോംബുകള്‍ ഞാന്‍ വിതരണം ചെയ്തിട്ടില്ല

ഭാവങ്ങളെയും ഞാന്‍ വിതരണം ചെയ്തിട്ടില്ല

ഇരുമ്പ് ബൂട്ടു കൊണ്ട് നീ

ഉറുമ്പുപുറ്റുകളെ ചവിട്ടിയപ്പോള്‍

മാളം പൊട്ടി തെറിച്ച് പിറവി കൊണ്ടത്‌

നിനക്കെതിരായുള്ള ഭാവങ്ങളാണ് .

തേന്‍കൂടിനെ നീ

ലാത്തി കൊണ്ടാഞ്ഞടിച്ചപ്പോള്‍

തേനീച്ചകള്‍ പറന്നു പോയ ശബ്ദം

നിന്റെ നെഞ്ചില്‍ ബോംബായി പൊട്ടി .

വടു കെട്ടിയ വിറയ്ക്കുന്ന

നിന്റെ മുഖം മുഴുവനും

ഭയം തിണര്‍ത്തു പൊന്തുന്നു .

ജനത്തിന്റെ നെഞ്ചില്‍

ഒളിച്ചു വെച്ചിരുന്ന വിജയഭേരിയെ

ഒരു വ്യക്തിയെന്ന് തെറ്റിദ്ധരിച്ച്

നീ തോക്ക് പൊട്ടിച്ചു.

നാലു ദിശകളിലും വിപ്ളവം

മാറ്റൊലി കൊള്ളുന്നു'

- വരവരറാവു

ഭയപ്പെട്ട് ഭയപ്പെട്ട് ഒടുവിലൊരു ദിവസം തന്നെക്കൊല്ലാൻ ബോംബുകള്‍ വിതരണം ചെയ്തു എന്ന് പറഞ്ഞ് വേട്ടയാടിപ്പിടിക്കാൻ അയാൾ വരുമെന്ന് വരവരറാവുവിനറിയാമായിരുന്നു. ഇരുമ്പ് ബൂട്ട് കൊണ്ട് ദുർബലരെ ചവിട്ടി മെതിച്ചവൻ, പൊള്ളുന്ന പ്രായത്തെ ലാത്തി കൊണ്ടടിച്ച് കെടുത്തിയവൻ, ഒടുവിലിന്നലെ വരവരറാവുവിനെത്തേടി അയാൾ വന്നു. വരവരറാവുവിനെ, മകള്‍ അനലയെ, അവളുടെ ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കെ.വി.കൂര്‍മനാഥിനെ! വരവരറാവു പക്ഷേ ഞെട്ടിയിരിക്കില്ല. അറസ്റ്റ് അദ്ദേഹമെപ്പോഴും പ്രതീക്ഷിച്ചതാണ്. കുടുംബത്തോടെ ജയിലിൽ പോകാൻ കക്കൂസ് പൊളിക്കും വരവരറാവുവെന്ന് ചിന്തിച്ചവരുടെ യുക്തി പക്ഷേ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും. നരേന്ദ്ര മോഡിയെ കൊല്ലാന്‍ പദ്ധതിയിട്ടു വരവരറാവു എന്നതിനുള്ള തെളിവ് പോലീസിനു നൽകിയതാവട്ടെ ഒരു ന്യൂസ് ചാനലും.

ഭീമ കോറിഗാവില്‍ മറാത്ത സവര്‍ണര്‍ക്കെതിരെ ദലിതുകള്‍ നേടിയ യുദ്ധവിജയത്തിന്‍റെ ഇരുനൂറാം വാര്‍ഷികാഘോഷ പരിപാടികൾക്കിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആഘോഷ പരിപാടികൾക്ക് നേരെ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. അതൊരു ദലിതന്റെ കൊലപാതകത്തിലാണ് ചെന്നു നിന്നത്. സംഘര്‍ഷത്തിന്റെ മുഖ്യ സൂത്രധാരൻ ആരെന്ന് വ്യക്തമായി തെളിവുണ്ടായിട്ടും അന്ന് നടപടികൾ ഒന്നും ഉണ്ടായില്ല.

അറസ്റ്റ് വരവരറാവുവിൽ അവസാനിച്ചില്ല. രാജ്യത്താകമാനം കഴിഞ്ഞദിവസം അടിയന്തിരാവസ്ഥയായിരുന്നു. ഫരീദാബാദിലെ പോലീസുകാർ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ സുധാഭരദ്വാജിനെ അറിയില്ലേ. തന്റെ പതിനൊന്നാം വയസ്സിൽ ഇന്ത്യയിൽ കാലുകുത്തിയ അമേരിക്കക്കാരിയാണ് സുധ. മനുഷ്യാവകാശ പ്രവർത്തകയുടെ കുപ്പായമിട്ട് തെരുവിലിറങ്ങിയ പതിനെട്ടാം വയസ്സിൽ അവർ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു. ട്രേഡ് യൂണിയൻ പോർനിലങ്ങളിൽ പെൺകരുത്തിനെ അടയാളപ്പെടുത്തിയ പത്തു മുപ്പതാണ്ടുകൾ അതിനു ശേഷം കടന്നുപോയി. ബിലാസ്പൂരിലെ വിവാദമായ വന്ധീകരണക്കൊലപാതകത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി വെള്ളം കുടിപ്പിച്ചു അഡ്വക്കറ്റ് സുധാഭരദ്വാജ്. ചത്തീസ്ഗഡിലെ ഗ്രാമീണരെ കൊന്നും വീടുകൾ കത്തിച്ചും പോലീസുകാർ നടത്തിയ തേർവാഴ്ചയെ ചെറുത്ത് സുധാഭരദ്വാജ് നിന്ന നിൽപ് ഇന്ത്യൻ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്.

ചത്തീസ്ഗഢിനാൽ വേട്ടയാടപ്പെട്ട മറ്റൊരാൾ ഗൗതം നവ്‌ലാഖയാണ്. ദില്ലിയിൽ നിന്നു പോലീസുകാർ കൊണ്ടുപോയ ഗൗതം നവ്‌ലാഖയെ ജന്മഭൂമിയായ ഗ്വാളിയോറല്ല പ്രതിപ്പട്ടികയിലെത്തിച്ചത്. കാശ്മീരിനെ നിരന്തരമായി അഡ്രസ് ചെയ്ത അദ്ദേഹത്തിന്റെ കോളങ്ങളും ചത്തീസ്ഗഢിന്റെ മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ രാവും പകലും അടയാളപ്പെടുത്തിയ ഡേയ്സ് ആൻഡ് നൈറ്റ് ഇൻ ദി ഹാർട്ട്ലാൻഡ് ഓഫ് റിബലിയനുമാണ്.

അറസ്റ്റിലായ മറ്റൊരാൾ വെര്‍ണോണ്‍ ഗോണ്‍സാല്‍വസാണ്. വിദർഭയിലെ തൊഴിലിടങ്ങളിലെ സ്വാധീനം മഹാരാഷ്ട്ര പോലീസിനു തലവേദന സൃഷ്ടിച്ച ശേഷം യൂണിയൻ തൊഴിലാളികളെ മാവോയിസ്റ്റുകളാക്കുന്നു എന്ന ആരോപണം പോലീസ് റെക്കോർഡിലെഴുതി നടത്തിയ നിരന്തരമായ വേട്ടയാടലുകളുടെ അവസാനമാണ് മുംബൈ പോലീസ് ഗോണ്‍സാല്‍വസിനെ തടവിലാക്കുന്നത്. അറസ്റ്റിലായ മറ്റൊരു മഹാരാഷ്ട്രക്കാരൻ അരുണ്‍ ഫെരേരയാണ്. ആക്റ്റിവിസത്തിന് ഫെരേര ജയിലറ കാണുന്നത് ഇത് ആദ്യമായിട്ടല്ല. ഭരണകൂടത്തിനെ പ്രതിപ്പട്ടികയിൽ നിർത്തിയ 'കളേഴ്സ് ഓഫ് ദി കെയ്ജ്' എന്ന ഫെരേരയുടെ ജയിലനുഭവങ്ങളുടെ പുസ്തകവും തുടർച്ചയായെഴുതിപ്പോന്ന കോളങ്ങളും പോലീസിനെ ചൊടിപ്പിക്കാവുന്നത്രയും ചൊടിപ്പിച്ചിരുന്നു. തീർന്നില്ല, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അധ്യാപകനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുമ്പടയെ ഗോവൻ പോലീസ് തിരയുകയാണ്. ആദിവാസികളുടെ ജീവിതസമരങ്ങളിൽ മുന്നണിയിലുണ്ടായിരുന്ന റാഞ്ചിയിലെ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വീട് പോലീസ് അരിച്ചുപെറുക്കിയിരിക്കുന്നു.