മേളത്തിലെ മിടുക്കൻ

കലാമണ്ഡലം ഗോപിയും കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരിയും

സപ്തതി ആഘോഷിക്കുന്ന കഥകളി മേള ആചാര്യൻ കുറൂർ  വാസുദേവൻ നമ്പൂതിരിയെക്കുറിച്ച് മകനും എഴുത്തുകാരനുമായ മനോജ് കുറൂർ എഴുതുന്നു. 

അച്ഛന് എന്നെക്കാൾ ചെറുപ്പമാണെന്നാണ് എന്റെ കൂട്ടുകാർ പറയാറുള്ളത്.  സമപ്രായക്കാരനായ കൂട്ടുകാരനോടെന്നപോലെയേ എന്നോട് ഇടപെട്ടിട്ടുള്ളൂ. കലയിലെന്നപോലെ പെരുമാറ്റത്തിലും ചെറുപ്പം സൂക്ഷിക്കുന്ന ഒരാൾക്ക് എഴുപതു വയസ്സാകുന്നതു രേഖകളിൽ മാത്രമാവും. എങ്കിലും ജീവിതയാത്രയിലെ ഒരു നാഴികക്കല്ലുകൂടി താണ്ടുന്ന ഈ സന്ദർഭത്തിൽ ആദരത്തോടെ, അതിലേറെ സ്നേഹത്തോടെ, ചിലതു കുറിക്കട്ടെ.

ഞങ്ങളുടെ പേരിനൊപ്പമുള്ള കുറൂർ എന്ന കൂട്ടിച്ചേർക്കലിനു കടപ്പെട്ടിരിക്കുന്നത്, ജീവിതത്തിലെ സമ്പൂർണമായ തകർച്ചയിൽനിന്ന് ഒറ്റയ്ക്കു പൊരുതി അതിജീവിക്കാൻ പ്രയത്നിച്ച മുത്തച്ഛനോടു മാത്രമാണ് (കുറൂർ വലിയ വാസുദേവൻ നമ്പൂതിരി). കാൽ നൂറ്റാണ്ടോളം സ്വന്തമായി ഒരു വീടുപോലുമില്ലാതെ അലഞ്ഞുതിരിയുമ്പോഴും കലാപഠനത്തിനായി സ്വയം സമർപ്പിച്ച ജീവിതമായിരുന്നു, അദ്ദേഹത്തിന്റേത്. മുത്തച്ഛനെ കഥകളിവേഷം പഠിപ്പിക്കാനായി ഇവിടെ വന്നു താമസിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളാശാനാണ് അച്ഛനു 'മിടുക്കൻ' എന്ന വിളിപ്പേരു നൽകിയത്. ചെണ്ടയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചതും അദ്ദേഹംതന്നെ. തുടർന്ന് ആയാംകുടി കുട്ടപ്പമാരാരാശാൻ എത്തി. 

അദ്ദേഹം ചെണ്ടയിൽ മാത്രമല്ല, ജീവിതത്തിന്റെ സമസ്തകാര്യങ്ങളിലും അച്ഛന്റെ ഗുരുനാഥനായി. പിന്നീടു കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ തായമ്പക അരങ്ങേറ്റവും കഴിഞ്ഞു. കലാമണ്ഡലം കൃഷ്ണൻ നായരാശാന്റെ വേഷത്തിനു കൊട്ടിയാണ് അച്ഛൻ കഥകളിയരങ്ങിലേക്കു പ്രവേശിച്ചത്. ആദ്യത്തെ ഇരട്ടമേളപ്പദം കോട്ടയ്ക്കൽ കുട്ടൻ മാരാരോടൊപ്പമായിരുന്നു. 

സംഗീതനാടക അക്കാദമി, കലാമണ്ഡലം എന്നീ സ്ഥാപനങ്ങളുടേതുൾപ്പെടെ ധാരാളം അംഗീകാരങ്ങളും നേടാനായി. ഒരു കലാസ്ഥാപനത്തിന്റെയും മേൽവിലാസമില്ലാതെ കഥകളിരംഗത്ത് ഈ നിലയിലെത്താനായതെങ്ങനെ എന്നു പലരും അമ്പരക്കുന്നതു കണ്ടിട്ടുണ്ട്. അച്ഛന്റെ സ്ഥിരോത്സാഹം അറിയുന്നതുകൊണ്ട് എനിക്ക് അതിൽ അദ്ഭുതമില്ല. മുത്തശ്ശന്റെ ജീവിതമാണ് അതിനു പ്രചോദനമായത് എന്നു തോന്നുന്നു. 

ചെറുപ്പകാലത്തു മുൻതലമുറയിലെ പ്രശസ്തനായ ഒരു ഗായകനിൽനിന്ന് അവമാനം നേരിട്ടപ്പോൾ, അതിനടുത്ത വർഷം കലയിലൂടെത്തന്നെ മറുപടി കൊടുത്തശേഷം അച്ഛൻ അദ്ദേഹത്തോടു പറഞ്ഞതിങ്ങനെ: 'ഞാനൊരു കളിപ്പന്താണ്. എത്ര ശക്തിയിൽ താഴേക്കടിച്ചാലും ഞാൻ അതേ കരുത്തോടെ മുകളിലേക്കു വരും.' 

ദരിദ്രമായിരുന്നു അച്ഛന്റെയെന്നപോലെ ഞങ്ങളുടെയും കുട്ടിക്കാലം. കലാരംഗത്തുനിന്നുള്ള തുച്ഛമായ പ്രതിഫലംകൊണ്ടു സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങൾക്കായി. കലാരംഗത്തു മുതിർന്നപ്പോഴും അച്ഛൻ കലയോ പണമോ ധൂർത്തടിച്ചില്ല. ജീവിതംതന്നെ അച്ഛനോടു കടപ്പെട്ടിരിക്കുന്നതിനാൽ മറ്റെന്താണ് എനിക്ക് ഈ സന്ദർഭത്തിൽ പറയാനാവുക? ആയുരാരോഗ്യസൗഖ്യത്തോടെ കലാരംഗത്ത് അച്ഛനു പ്രവർത്തിക്കാനാകട്ടെ എന്നു പ്രാർഥിക്കുന്നു. ഒപ്പം ഇതുവരെ അറിഞ്ഞോ അറിയാതെയോ ചെയ്ത പിഴകൾക്കു പ്രായശ്ചിത്തമായി അച്ഛന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു.