Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പ്രളയം തകർത്തത് നമുക്കിടയിലെ മതിലുകൾ' കുറിപ്പ് വൈറൽ

ravivarma

അതിരുകളില്ലാത്ത മനസ്സുകളുടെയും മതിലുകളില്ലാത്ത വീടുകളുടെയും കഥയുമായി എത്തിയ നോവലാണ് രവിവർമ തമ്പുരാന്റെ പൂജ്യം. പ്രളയദിനങ്ങളിലെ രക്ഷാപ്രവർത്തനത്തെ ഏറ്റവുമധികം തടസ്സപ്പെടുത്തിയതും വീടിനു ചുറ്റും പണിതുയർത്തിയ കൂറ്റൻ മതിലുകളാണ്. പല മതിലുകളും പ്രളയം മായ്ക്കുകയും ചെയ്തു. മതിലുകളില്ലാത്ത വീടുകൾ സ്വപ്നംകണ്ട പൂജ്യത്തിന്റെ എഴുത്തുകാരൻ എഴുതുന്നു –

ഇന്നലത്തെ പത്രത്തിൽ വന്ന, പ്രളയം ആ മതിൽ മായ്ച്ചു; നന്ദി വാക്കുകളുമായി വൈദികൻ മസ്ജിദിൽ എന്ന തലക്കെട്ടിലുള്ള വാർത്തയാണ് ഈ കുറിപ്പിന് ആധാരം. പ്രളയ ദുരിത കാലത്ത് നൽകിയ സഹായത്തിനു നന്ദി പറയാനാണ് വൈക്കം വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സനു പുതുശേരി വെച്ചൂർ അൻസാറുൽ ഇസ്ലാം ജുമാ മസ്ജിദിൽ എത്തിയത്. വൈദികൻ എത്തുമ്പോൾ ഇമാം അസ്ഹർ അൽ ഹാസിമി ജുമ പ്രാർഥനയ്ക്കു മുന്നോടിയായി പ്രസംഗിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. അപ്രതീക്ഷിത അതിഥിയെ കണ്ട് ഇമാം പ്രസംഗം ഇടയ്ക്കു വച്ച് നിർത്തി വൈദികനെ പള്ളിക്കുള്ളിലേക്ക് ക്ഷണിക്കുകയും പ്രസംഗിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. പ്രളയം നമുക്കിടയിലെ മതിലുകളാണ് ആദ്യം തകർത്തതെന്ന് മസ്ജിദിൽ നടത്തിയ പ്രസംഗത്തിൽ ഫാ.സനു പറഞ്ഞു. 

മുസ്ലീം പള്ളിക്കുള്ളിൽ അന്യമതസ്ഥർക്ക് സാധാരണയായി, പ്രവേശനം നൽകാറില്ല. പക്ഷേ പതിവുകൾ മറികടക്കാൻ ഇമാമിനും വൈദികനും അനായാസം കഴിഞ്ഞു. അതു സാധിച്ചത് ഒരു പെരും പ്രളയമാണെന്നു മാത്രം. പ്രളയത്തിന്റെ ആദ്യ ദിനങ്ങളിൽ വന്ന മറ്റൊരു വാർത്തയും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. കോട്ടയം നീലിമംഗലത്തെ കുരിശുപളളി വെള്ളം കയറി മുങ്ങിയപ്പോൾ വികാരിയും ഇടവക അംഗങ്ങളും പരിഭ്രാന്തരായി ചെന്ന് കുരിശുപള്ളിക്കുള്ളിലെ മാതാവിന്റെ ചിത്രം എടുത്ത് അടുത്തുള്ള ഹിന്ദു ഭവനത്തിൽ കൊണ്ടുചെന്നു വച്ചു. അവിടത്തെ ഗൃഹനാഥൻ ആലോചിച്ചപ്പോൾ അനേകർ ആരാധിച്ച ചിത്രമാണ്. ഉചിതമായി സൂക്ഷിക്കണം. അദ്ദേഹം സ്വന്തം വീട്ടിലെ പൂജാമുറിയിൽ മറ്റ് ദേവീ ദേവന്മാരുടെ ചിത്രങ്ങൾക്കും വിഗ്രഹങ്ങൾക്കുമൊപ്പം മാതാവിന്റെ ചിത്രം വച്ച് വിളക്കു കൊളുത്തി പ്രാർഥന തുടങ്ങി. 

ആ വാർത്ത വന്ന ദിവസം, പൂജ്യം നോവൽ വായിച്ച് സുഹൃത്തായി തീർന്ന ടി.കെ. സുധർമ ഫെയ്സ് ബുക്ക് മെസഞ്ചറിൽ വന്ന് പറഞ്ഞു, പൂജ്യം ഒരു പ്രവചനമായിരുന്നല്ലോ എന്ന്. ഏതാനും ദിവസമായി എത്രയോ പേർ ഫോണിലും വാട്സാപ്പിലും മെസഞ്ചറിലുമൊക്കെ വന്ന് ഇതേ കാര്യം പറയുന്നു. മതിലുകളില്ലാത്ത ഭവന നഗരി പണിയാൻ ആഗ്രഹിച്ച സ്നേഹ കൂട്ടത്തിലേക്ക് പുതുതായി വന്ന ബബ്ബർ സ്വന്തം വീടിന് മതിൽ നിർമിക്കുകയും വീടുവച്ച മറ്റ് പലരെയും തന്റെ ഒപ്പം നിർത്തി അവരുടെ വീടുകൾക്കു ചുറ്റും മതിൽ കെട്ടിക്കുകയും ചെയ്യുന്നു. അവസാനം, ബബ്ബർ വീട്ടിലില്ലാത്തപ്പോൾ അവിടെ ഒരു ദുരന്തമുണ്ടാകുന്നു. മറ്റുള്ളവർക്ക് ഉള്ളിൽ കടന്ന് വീട്ടിലുള്ള രണ്ടു സ്ത്രീകളെ രക്ഷിക്കാൻ കഴിയാതെ വരുന്നു. അപ്പോൾ ദൂരെയിരുന്ന് ആധികൊണ്ട ബബ്ബർ കോളനിയിലെ പരിചയക്കാരെ വിളിച്ച് മതിൽ തകർത്തിട്ടായാലും അവരെ ആശുപത്രിയാൽ എത്തിക്കാൻ കരഞ്ഞപേക്ഷിക്കുന്നു. അതോടെ മതിൽ തകർക്കപ്പെടുന്നു. പിന്നീട് എല്ലാവരും ചേർന്ന് കോളനിയിലെ എല്ലാ മതിലുകളും ആരാധനാലയങ്ങളും തകർത്ത് സ്നേഹത്തിന്റെ ഹൃദയനഗരി സൃഷ്ടിക്കുന്നു. പ്രാണവായു നൽകുന്ന, തണൽ നൽകുന്ന, പച്ചപ്പു നൽകുന്ന മരങ്ങൾ പിന്നീട് വ്യാപകമായി നടുന്നു. 

പൂജ്യം 2017 ഓഗസ്റ്റ് 17 നാണ് പ്രസിൽ നിന്ന് പുറത്തുവന്നത്. ഓഗസ്റ്റ് 24ന് ആയിരുന്നു പ്രകാശനം. കൃത്യം ഒരു വർഷം കഴിയുമ്പോൾ അതായത് 2018 ഓഗസ്റ്റ് 14, 15, 16, 17 തീയതികളിൽ കേരളം പ്രളയത്തിൽ പെടുന്നു. അലറിപ്പാഞ്ഞ പ്രളയജലം ഒരുപാടു മതിലുകൾ തച്ചുതകർത്തു. വീടുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ചെന്ന സൈനികരും മൽസ്യത്തൊഴിലാളികളും ഫയർഫോഴ്സും പൊലീസും നാട്ടുകാരുമൊക്കെ മതിലുകൾക്കുള്ളിലേക്കു കടക്കാനാവാതെ വിഷമിക്കുകയായിരുന്നു. അവസാനം മതിൽ തകർത്താണ് അവരെല്ലാം ഉള്ളിലുള്ളവരെ പുറത്തു കൊണ്ടുവന്ന് ജീവിതത്തിലേക്ക് ആനയിച്ചത്. പൂജ്യം പുറത്തു വന്നപ്പോൾ പലരും പറഞ്ഞത് ഉട്ടോപ്പിയൻ ആശയമാണെങ്കിലും നോവൽ കൊള്ളാം എന്നാണ്. പ്രകൃതി തകർത്ത, പ്രളയം തകർത്ത മതിലുകളുടെ ശവപ്പറമ്പാണ് ഇന്ന് കേരളത്തിലെ മിക്ക പ്രദേശങ്ങളും . വീടും വിലപ്പെട്ട മറ്റനേകം സ്വത്തുക്കളും നഷ്ടപ്പെട്ടവരാണ് മലയാളികളിൽ നല്ല ശതമാനം ആളുകളും. പ്രളയ ദുരിതം അനുഭവിക്കുന്ന ഒട്ടേറെപ്പേരെ നേരിട്ടറിയാം. അവരുടെ സങ്കടങ്ങൾ വളരെ വലുതാണ്. നഷ്ടങ്ങൾക്ക് എത്രയൊക്കെ പരിഹാരം ലഭിക്കും എന്നും അറിഞ്ഞുകൂടാ. എങ്കിലും സർക്കാരിനോടും പ്രളയബാധിതരായ സഹോദരങ്ങളോടും ഒന്നു ചോദിച്ചോട്ടേ . പൊളിഞ്ഞു പോയ മതിലുകളുടെ സ്ഥാനത്ത് വലിയ പണം മുടക്കി പുതിയ കോട്ടകൾ നിർമിക്കാതിരിക്കാൻ നമ്മുക്ക് ആവില്ലേ? പുരയിടങ്ങളെ വേർതിരിക്കുന്ന മുരുപ്പുകളും ജൈവവേലികളും പോരേ നമുക്ക്.