Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കണ്ണില്ലാത്തവരല്ലേ, ഞങ്ങൾ നാലും ഒഴുകിപ്പോയെന്നു കരുതിയെന്ന് പലരും പറഞ്ഞു'

saradakutty

പ്രളയത്തിൽ അകപ്പെട്ട ബിനുവിനെയും ബിൻസിയെയും മലയാളികൾക്കു പരിചയപ്പെടുത്തിയത് അവരുടെ അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടിയാണ്. ജന്മനാ അന്ധരായ ഭാവിയെകുറിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്യുന്ന ആ കുട്ടികളുടെ വീട് വീണ്ടും താമസയോഗ്യമാക്കിയെടുത്തതിന്റെ കഥ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് ശാരദക്കുട്ടി. 

കുറിപ്പിങ്ങനെ–

അന്ധരും അകലങ്ങൾ കാണുന്നവരും

ഒരു കൊട്ടാരം ദഹിക്കുന്നതിലും ദയനീയമായ ഒരു കാഴ്ചയുണ്ട്. ഒരു കുടിൽ കത്തുന്നത്. അതിൽ ഹൃദയത്തെ മരവിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. 

"25 കോഴികളുണ്ടായിരുന്നു. കുറെ ലവ് ബേർഡ്സുണ്ടായിരുന്നു. വെള്ളം പൊങ്ങി വരുന്നതു കണ്ടപ്പോൾ ആദ്യം ചെയ്തത് അതുങ്ങൾക്ക് ശ്വാസം മുട്ടരുതല്ലോ എന്നു കരുതി തുറന്നു വിടുകയായിരുന്നു. ദിവസം പത്തു പതിനഞ്ചു കോഴിമുട്ട കിട്ടുമായിരുന്നു. അതു കൊണ്ടൊക്കെയാണ് ജീവിച്ചിരുന്നത്. എല്ലാമൊഴുകിപ്പോയി." ഒഴിഞ്ഞ കൂടിരിക്കുന്ന സ്ഥലം കൃത്യമായി ചൂണ്ടിക്കാണിച്ച് ബിൻസിയുടെ കണ്ണുകളില്ലാത്ത അമ്മ പറഞ്ഞു.

വാളുകൾ പോലെ വീശിയടിച്ച തിരകളിൽ വളർത്തു പക്ഷികൾ ഒഴുകിപ്പോകുന്നത് നേരിൽ കണ്ടതുപോലെ ഒരു വേദന അവരുടെ മുഖത്ത് ഒന്നു പിടഞ്ഞു മായുന്നത് ഞാൻ കണ്ടു. കണ്ണില്ലാത്തവരല്ലേ, ഞങ്ങൾ നാലും ഒഴുകിപ്പോയെന്നു നാട്ടുകാർ കരുതിയെന്ന് പലരും നേരിട്ടു പറഞ്ഞു . അവർ കരയുന്നില്ല. നാട്ടുകാരുടെയും കൂട്ടുകാരുടെയും നന്മയെക്കുറിച്ചേ അവർക്കു പറയാനുള്ളു. പക്ഷേ, പുറത്തു ചാടാൻ വഴി നോക്കുന്ന ഒരു മിന്നൽ അവരുടെ വയറ്റിലൊളിക്കുന്നുവെന്നത് ഞാൻ തൊട്ടറിഞ്ഞു. 

അന്ധർ കാണുന്നതൊന്നും കാഴ്ചയുള്ളവർ കാണുന്നില്ലല്ലോ. വീഞ്ഞുപോലെ ഇരുണ്ട ഒരു കടൽ ഹോമറിന് കാണാനായത് അന്ധനായപ്പോഴാണെന്നു കേട്ടിട്ടുണ്ട്. കണ്മുന്നിൽ മനുഷ്യനെ തല്ലിക്കൊല്ലുന്നതു കണ്ടു നിന്ന് ആഹ്ലാദിക്കുന്നവരുടെ കാഴ്ചയേക്കാൾ എത്രയോ തെളിച്ചമുണ്ട് ബിനുവിന്റെ കുടുബത്തിന്റെ അന്ധതക്കും ബധിരതക്കും.

അവരുടെ കോഴികളെയും ലവ് ബേർഡ്സിനെയും ഒക്കെ നമുക്ക് തിരികെ കൊടുക്കണം. പക്ഷിമൃഗാദികൾ ഇവരെപ്പോലുള്ളവരോടാണ് ചേരേണ്ടത്.

ചിരി വരുന്നത് മറ്റൊന്നാലോചിക്കുമ്പോഴാണ്. സമയത്ത് അസൈൻമെന്റ് വെക്കാത്തതിന്, തെരഞ്ഞെടുപ്പു സമയത്ത് അറ്റൻഡൻസ് ഷോർട്ടേജുമായിട്ട് ഹാജർ സർട്ടിഫിക്കറ്റിനു വേണ്ടി ഒക്കെ HoD മാരുടെ വഴക്കു കേട്ട് ദയവു കാത്തു പുറത്തു നിന്നവരുടെ കൂടെ കണ്ട കുട്ടികളാണ് വളരെ ചെറിയ സമയം കൊണ്ട് അവരുടെ വീട് വൃത്തിയാക്കി, വേസ്റ്റൊക്കെ കത്തിച്ച് മുറ്റം ചെത്തി ചരലിറക്കി, പുതിയ വീടാക്കിക്കൊടുത്തത്. ആ ചുണക്കുട്ടന്മാരും എന്റെ കൂടെയുണ്ടായിരുന്നു.

അന്നും അവരോടി നടന്നത് സഹപാഠികളുടെ ബസ് കൺസഷനും മറ്റാനുകൂല്യങ്ങൾക്കും വേണ്ടിയായിരുന്നു. ഇന്നും അവരോടുന്നത് സഹജീവികൾക്കു വേണ്ടിത്തന്നെ. രാജേഷ്, അൻവർ, ബിജേഷ് അങ്ങനെ എത്രയോ പേർ.... അന്നും നിങ്ങൾക്ക് പകുതിപ്പണി എന്നൊന്നില്ല. നിശ്ചയദാർഢൃത്തിൽ മനസ്സില്ലാ മനസ്സ് എന്നൊന്നില്ലല്ലോ.

പുതിയൊരു മനുഷ്യാവബോധത്തിന്റെ ആവശ്യകതയാണ് ഈ ചരിത്ര സന്ദർഭം കേരളത്തിലെ യുവാക്കളെ പഠിപ്പിച്ചത്. പടപൊരുതിയും സൃഷ്ടിച്ചും ജീവിതത്തെ ചൈതന്യവത്താക്കിയും അവർ ഇന്ന് സൃഷ്ടിക്കുന്നതെന്തോ അതാണ് യഥാർഥദൈവം.

നാളെ നിങ്ങളാകും ഭരണാധികാരികളാവുക. അപ്പോൾ അധികാര രാഷ്ട്രീയത്തിന്റെ സ്വാർഥമായ എല്ലാത്തരം ദുഷിപ്പുകളെയും ചതുപ്പുകളെയും അതിജീവിക്കാൻ നിങ്ങൾക്കു കഴിയട്ടെ. തിമിരം ബാധിക്കാത്ത ജനതക്കു മുന്നിൽ വിശ്വ പ്രകൃതി കൈകൂപ്പി കുനിഞ്ഞു നിൽക്കും. തോറോ പറഞ്ഞത് ഇങ്ങനെയാണ്.

"അഭിജാതന്മാർക്കു പകരം മനുഷ്യരുടെ അഭിജാതമായ ഗ്രാമങ്ങൾ നമുക്കുണ്ടാകട്ടെ. ആവശ്യമെങ്കിൽ നദിക്കു മേൽ പണിയുന്ന ഒരു പാലം വേണ്ടെന്നു വെക്കുക, അവിടെ അൽപമൊന്നു വളഞ്ഞു പോകണമെന്നല്ലേയുള്ളു. എന്നിട്ട്, നമ്മളെ വലയം ചെയ്യുന്ന അജ്ഞതയുടെ ഇരുണ്ട പാതാളത്തിനു മുകളിൽ, ചുരുങ്ങിയ പക്ഷം ഒരു കമാനമെങ്കിലും പണിയുക"