Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുതിയ ആൾ വേണ്ടെന്നു പറഞ്ഞപ്പോൾ ആ നോവൽ നിർത്തി: എം.ടി.

vijayalekshmi-mt രാജലക്ഷ്മി, എം.ടി. വാസുദേവൻ നായർ

എസ്. ഹരീഷിന്റെ മീശ എന്ന നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരണം തുടങ്ങി മൂന്നാം ലക്കത്തിലാണ് പിൻവലിച്ചത്. ഇതേപോലെയൊരു നോവൽ മുൻപും മൂന്നാം ലക്കത്തിൽ മലയാളത്തിൽ പിൻവലിച്ചിട്ടുണ്ട്. ആത്മഹത്യയിൽ അഭയം തേടിയ എഴുത്തുകാരി രാജലക്ഷ്മിയുടെ ‘ഉച്ചവെയിലും ഇളനിലാവും’ എന്ന നോവൽ ആണ് കാരണമൊന്നും പറയാതെ നിർത്തിയത്. അന്ന് എം.ടി. വാസുദേവൻനായർ ആയിരുന്നു നോവൽ പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റർ. 

താൻ എഡിറ്ററായിരിക്കുമ്പോൾ ഉണ്ടായ ഒരനുഭവത്തെ ഓർക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി.വാസുദേവൻനായർ. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് എം.ടി. ഇക്കാര്യം വ്യക്തമാക്കിയത്.

‘‘ഞാൻ ഒരു നോവൽ പിൻവലിച്ചിട്ടുണ്ട്. ഇതിന്റെ പേരിലല്ല. ഞാൻ എഡിറ്ററായിരുന്ന കാലത്ത് രാജലക്ഷ്മിയുടെ രണ്ടാമത്തെ നോവൽ. അത് അവരുടെ നിർബന്ധം കൊണ്ടാണ്. പബ്ലിഷ് ചെയ്യാൻ തുടങ്ങി മൂന്ന് ഇഷ്യു കഴിഞ്ഞ്. ഇന്നത്തെ മാതിരിയുള്ള കമ്യൂണിക്കേഷനല്ല. ഒരുപാട് കമ്പികളൊക്കെ വന്നു. 'പ്ലീസ് സ്റ്റോപ്പ്.. പ്ലീസ് സ്റ്റോപ്പ്’ എന്നുപറഞ്ഞു. അതവരുടെ എന്തോ കുടുംബപ്രശ്നങ്ങളായിരുന്നു. എഴുതിയ ആൾ നിർബന്ധമായും വേണ്ടെന്നു പറഞ്ഞപ്പോൾ നിർത്തി. എന്തുകൊണ്ടാണ് നിർത്തിയതെന്നു ഞങ്ങൾ പറഞ്ഞില്ല’’ എന്നാണ് എം.ടി. പറഞ്ഞത്. 

പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിക്കു സമീപം തേക്കത്ത് അമയങ്ങോട്ടുകുറിശ്ശികളത്തിൽ കുട്ടിമാളു അമ്മയുടെയും മാരാച്ച് അച്യുതമേനോന്റെയും മകളായ രാജലക്ഷ്മി 1930 ജൂണിലാണു ജനിച്ചത്. മലയാളത്തിലെ ആദ്യ വനിതാ നോവലിസ്‌റ്റ് ആയ രാജലക്ഷ്‌മി മുപ്പത്തിയഞ്ചാം വയസ്സിലാണ് ജീവിതം സ്വയം അവസാനിപ്പിച്ചത്. ഒരു വഴിയും കുറെ നിഴലുകളും ആയിരുന്നു രാജലക്ഷ്മിയുടെ ആദ്യ നോവൽ. അതിന് 1959ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഉച്ചവെയിലും ഇളംനിലാവും അപൂർണമായി അവസാനിപ്പിച്ചു. 

ഞാനെന്ന ഭാവം. ആയിരുന്നു മൂന്നാമത്തെ നോവൽ.  മകൾ ആയിരുന്നു ആദ്യ കഥ. ‘ഞാനെന്ന ഭാവം’ എന്ന മൂന്നാമത്തെ നോവലിനു ശേഷം 1965 ജനുവരി 18ന് ആണ് രാജലക്ഷ്മി ആത്മഹത്യയിൽ അഭയം പ്രാപിച്ചത്. അവസാന നോവലിന്റെ അവസാന രണ്ട് അധ്യായങ്ങൾ ആഴ്‌ചപതിപ്പിൽ നിന്നു തിരികെ വരുത്തി, തിരുത്തി ഒന്നാക്കി നൽകിയ ശേഷമായിരുന്നു ആ വേർപാട്. അവർ എന്തിന് ആത്മഹത്യ ചെയ്തു എന്നത് അന്ന് സാഹിത്യലോകത്ത് വലിയ ചർച്ചയായിരുന്നു. ‘കഥയെഴുതാതെ ഞാൻ രണ്ടു കൊല്ലം ഇരുന്നുനോക്കി. അതെന്നെക്കൊണ്ടാവില്ല. ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ? ഞാൻ പോകട്ടെ’.. എന്നാണ് അവർ അവസാനമായി സഹോദരിക്ക് എഴുതിയത്.