Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ ശവമെടുക്കാൻ ചുമട്ടുതൊഴിലാളികൾ; നെഞ്ചത്തൊരു പിടച്ചില്‍

Abin Joseph കണ്ണീരിന്റെ നനവുള്ള ചില ഓർമകൾ... യുവകഥാകൃത്ത് അബിൻ ജോസഫ് എഴുതുന്നു

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഞാനവരെ കണ്ടത്. 

വേനല്‍ക്കാലത്തെ ഒരു വൈകുന്നേരം. ഒഫീഷ്യല്‍ പരിപാടി കഴിഞ്ഞ് കോഴിക്കോടിന് മടങ്ങാന്‍ നില്‍ക്കുകയാണ്. ടിക്കറ്റെടുത്തു. ട്രെയിന്‍ ലേറ്റാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒരു കാപ്പി കുടിച്ചുകൊണ്ട് നില്‍ക്കുന്നു. സ്‌റ്റേഷനില്‍ സാമാന്യം നല്ല തിരക്കുണ്ട്. പോക്കുവെയിലേറ്റുകിടക്കുന്ന പാളത്തിലേക്കു നോക്കി നില്‍ക്കുമ്പോഴാണ് എന്റെ തൊട്ടുപിന്നില്‍ സംസാരം കേട്ടത്. ചെറിയൊരു ഞെട്ടലോടെ തിരിഞ്ഞുനോക്കി.

അറുപതുവയസിനടുത്തു പ്രായമുള്ളൊരു സ്ത്രീയാണ്. മുഷിഞ്ഞ സാരിയില്‍ അഴുക്കു പിടിച്ചിട്ടുണ്ട്. തലമുടിയൊക്കെ പാറിക്കിടക്കുന്നു. അവര്‍ എന്തോ പറയുകയാണ്. കൈയൊക്കെ പൊക്കി വലിയ ശബ്ദത്തിലാണ് വര്‍ത്തമാനം. പ്ലാറ്റ്‌ഫോമിലുള്ള യാത്രക്കാര്‍ അവരെ ശ്രദ്ധിക്കുന്നുണ്ട്. ചിലര്‍ കൗതുകത്തോടെ നോക്കുന്നു. സ്ഥിരം കാണാറുള്ളതുകൊണ്ടാവാം ചില യാത്രക്കാര്‍ നിസംഗതയോടെ തല വെട്ടിച്ചു. മറ്റുചിലരുടെ മുഖത്ത് ' പാവം' എന്നൊരു ഭാവം കാണാം. അവര്‍ പക്ഷേ, ആരെയും കൂസാതെ വര്‍ത്തമാനം തുടരുകയാണ്. 

കാപ്പിക്കപ്പ് വെയ്സ്റ്റ് ബോക്‌സിലിട്ടശേഷം ഞാനവരുടെ അടുത്തേക്കു നടന്നു. അവര്‍ എന്നെ കാണാന്നുണ്ടായിരുന്നില്ല. സത്യത്തില്‍ അവര്‍ ആ സ്‌റ്റേഷനിലുള്ള ഒരു മനുഷ്യനെയും കാണുന്നുണ്ടായിരുന്നില്ല. സങ്കല്‍പ്പത്തില്‍ മുന്നിലുള്ള ആരോടോ ആയിരുന്നു, അവരുടെ വര്‍ത്തമാനം. ഞാന്‍ പതിയെ കാതോര്‍ത്തു. 

' മൂത്തവന്‍ തല്ലിപ്പൊളിയാ. പ്രശ്‌നമൊണ്ടാക്കും. പറഞ്ഞാക്കേക്കുകേല. സമയത്ത് വരുകേല. തല്ലുകൊള്ളി.'

മൂത്ത മകനെക്കുറിച്ചാണ് അവര്‍ പറയുന്നതെന്ന് എനിക്കും മനസിലായി. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും നാലഞ്ചു ചുവടുവീതം നടക്കുന്നുണ്ട്. 

' എളയോന്‍ പൊണ്ണന്‍. തടിയന്‍. ഒരു കൊണോവില്ല. കുടുംബത്ത് കാര്യമില്ല'. 

അത് രണ്ടാമത്തെ മകനെക്കുറിച്ചാവണം. 

ഞാനവരുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. അവരുടെ കണ്ണുകള്‍ എവിടെയും ഉറയ്ക്കുന്നില്ല. ദൂരെ എവിടേക്കോ ആണ് നോട്ടംപോകുന്നത്. അവര്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നത്, മക്കളെപ്പറ്റിയാണ്. 

എന്തോ, ഞാനപ്പോള്‍ എന്റെ അപ്പനമ്മമാരെ ഓര്‍മിച്ചു. അവര്‍ പണ്ടു പറഞ്ഞ രണ്ടു സംഭവങ്ങള്‍ മനസില്‍വന്നു. 

പപ്പാ ഒരിക്കല്‍ ബസില്‍ പോവുകയായിരുന്നു. ഇടയ്ക്ക് എന്തോ മരംവീണ് റോഡ് ബ്ലോക്കായി. ജനാലയിലൂടെ തലയിട്ടു നോക്കിയപ്പോള്‍ കുറച്ചു ചുമട്ടുതൊഴിലാളികള്‍ ഒരു ശവം കൊണ്ടുപോകുന്നതുകണ്ടു. ബസിലിരുന്നുകൊണ്ട് അതാരുടെ ശവമാണെന്ന് തിരക്കി. പേരു കേട്ടപ്പോള്‍ പുള്ളിക്കാരന്‍ ഞെട്ടി. തറവാടിന്റെ അയല്‍പ്പക്കത്തുണ്ടായിരുന്ന ചേട്ടനാണ്. മക്കളും കൊച്ചുമക്കളുമൊക്കെയുള്ളയാള്‍. എന്തോ പിണക്കത്തില്‍ വീടുവിട്ട് ഇറങ്ങിയതോ മറ്റോ ആണ്. മരിച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ ആരുമുണ്ടായിരുന്നില്ല. അനാഥശവം അധികൃതര്‍ക്കു ബാധ്യതയായി. ഒടുവില്‍ പഞ്ചായത്ത് ഏര്‍പ്പാടാക്കിയ ചുമട്ടുതൊഴിലാളികള്‍ മൃതദേഹവുമായി ശ്മശാനത്തിലേക്കു പോവുകയാണ്. കഷ്ടപ്പാടുകള്‍ക്കിടയില്‍ കുടിയേറി വന്ന മനുഷ്യന്‍. ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്ര കാലം മണ്ണില്‍ കിളച്ചു. അവസാനം മാലിന്യം കൊണ്ടു കളയുന്നതുപോലെ അയാളെ ശ്മശാനത്തില്‍ കത്തിക്കാന്‍ കൊണ്ടുപോവുകയാണ്.  

ഈ കാര്യം പറയുമ്പോള്‍ പുള്ളിയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. 

രണ്ടാമത്തേതും ഒരു ബസ് യാത്രയിലെ കാഴ്ചയാണ്. അച്ചാച്ചിയുടെ ഓര്‍മദിവസം മമ്മിയും പപ്പായും പള്ളിയില്‍ പോയിട്ടുവന്നു. വരുന്ന വഴിക്ക് ആരുമില്ലാത്ത കുട്ടികള്‍ നില്‍ക്കുന്ന ഒരു സ്ഥാപനമുണ്ട്. മെയിന്‍ റോഡില്‍നിന്ന് ചെറിയൊരു കയറ്റത്തിന്റെ അറ്റത്താണ് അത്. അപ്പനും അമ്മയും മരിച്ച കുട്ടികളും ഉപേക്ഷിക്കപ്പെട്ടവരും സാമ്പത്തികമായി ഒന്നുമില്ലാത്തവരും ഒക്കെയാണ് അവിടെ നിന്ന് പഠിക്കുന്നത്. ബസിലിരുന്നപ്പോള്‍ അവര്‍ കണ്ടത്, ഒരു കുഞ്ഞുപെണ്‍കുട്ടിയെയാണ്. തീരെ പൊടി. റോഡ് മുതല്‍ ഹൗസ് വരെയുള്ള നീണ്ട കയറ്റം അടിച്ചുവൃത്തിയാക്കുകയാണ്, അവള്‍. നാലു വയസൊക്കയേ കാണൂ. ഞാനും അനിയനും അന്ന് ചെറുതാണ്. അഞ്ചിലോ, ആറിലോ പഠിക്കുന്നു. നല്ലോര് പെങ്കൊച്ച്. ആരേലും കൊണ്ട കളഞ്ഞതായിരിക്കും. അതിന്റെ അപ്പനും അമ്മയുമുണ്ടായിരുന്നെങ്കില്‍ ഈ പരുവത്തില്‍ ഇങ്ങനെ കഷ്ടപ്പെടണ്ടി വരുകേലാരുന്നു. പാവം തോന്നി. കണ്ടിട്ട് കരച്ചില് വന്നു. 

 പറയുമ്പോള്‍ രണ്ടുപേരുടെയും കണ്ണു നിറയുന്നുണ്ടായിരുന്നു. 

തീവണ്ടിയുടെ അനൗണ്‍സ്‌മെന്റ് മുഴങ്ങി. ആ സ്ത്രീ വലിയ ശബ്ദത്തില്‍ ആരെയോ ശകാരിക്കുന്നുണ്ട്. അവരുടെ തഴമ്പുപിടിച്ചു കിടക്കുന്ന കൈകള്‍ ഞാന്‍ കണ്ടു. നഖങ്ങളൊക്കെ തേഞ്ഞ് തീര്‍ന്നിരിക്കുന്നു. നിരന്തരം നടന്ന് വിണ്ടുകീറിയ കാലുകള്‍. ഒരായുസിന്റെ മുഴുവന്‍ കഷ്ടപ്പാടുകളും ശരീരത്തിലും മനസിലുമായി അവര്‍ പേറുന്നുണ്ട്.  അവരെ നോക്കി നില്‍ക്കുമ്പോള്‍ കുറേ ചോദ്യങ്ങളും ഉത്തരങ്ങളും മനസില്‍ നിറഞ്ഞു. 

 അവര്‍ എങ്ങനെയായിരിക്കും ഇവിടെ എത്തിപ്പെട്ടത്?. 

 സമനില തെറ്റിയ നേരത്ത് വീടുവിട്ടിറങ്ങിയതാവാം. തിരിച്ചുപോകാനുള്ള വഴികളൊന്നും ഓര്‍മയുണ്ടാവില്ല. ഒരുപക്ഷേ, തിരിച്ചുപോകണം എന്നകാര്യംപോലും തലച്ചോറിലെത്തുന്നുണ്ടാവില്ല. പക്ഷേ, അങ്ങനെയാണെങ്കില്‍ മക്കള്‍ അവരെ അന്വേഷിക്കുന്നുണ്ടാവില്ലേ. പോലീസില്‍ പരാതി കൊടുത്താല്‍ അവര്‍ ആദ്യം അന്വേഷിക്കുന്ന ഇടങ്ങളില്‍ ഒന്നാണല്ലോ, റെയില്‍വേ സ്‌റ്റേഷന്‍. അപ്പോള്‍...

മക്കള്‍ അവരെ ഉപേക്ഷിച്ചതാവാം. 

അങ്ങനെയാണെങ്കില്‍ അവരുടെ അയല്‍പ്പക്കത്തുള്ളവരും ബന്ധുക്കളും നാട്ടുകാരും അവരെ ഇവിടെവെച്ച് കണ്ടിട്ടുണ്ടാവില്ലേ. ഒരു പക്ഷേ, മക്കള്‍തന്നെ കണ്ടിട്ടുണ്ടാവില്ലേ. എപ്പോഴെങ്കിലും അവര്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിട്ടുണ്ടാകുമല്ലോ. എത്ര മാറിയാലും ഏതിരുട്ടിലും അവര്‍ അമ്മയെ തിരിച്ചറിയുമല്ലോ. എന്നിട്ടും... 

നെഞ്ചത്ത് വല്ലാത്തൊരു പിടച്ചില്‍ വന്നു. പാളത്തിലേക്ക് തീവണ്ടി വന്നുനിന്നു. തിരക്കുപിടിച്ച മനുഷ്യരെ തള്ളിമാറ്റിക്കൊണ്ട്, രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ഞാന്‍ ഓടിമറഞ്ഞു. 

അവരുടെ തഴമ്പിച്ച കൈകള്‍ ഇപ്പോഴും മനസില്‍ മായാതെ കിടപ്പുണ്ട്.