Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവളതാ പറന്നു പോകുന്നു ബസന്തിയെപ്പോലെ, രുദാലിയെപ്പോലെ!

ലിജീഷ് കുമാർ
kalpana-lajmi കൽപന ലജ്മിക്കായി അമ്മ ലളിത ലജ്മി വരച്ച ചിത്രങ്ങളിൽ ഒന്ന്

ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ കഴിഞ്ഞ ഫെബ്രുവരി 27 ന് ലളിത ലജ്മിയുടെ പെയിന്റിംഗ് എക്സിബിഷനുണ്ടായിരുന്നു. അതിൽ കണ്ട പടങ്ങളിലൊന്നാണിത്. ആശുപത്രിക്കിടക്കകൾ, മകളെ പരിചരിക്കുന്ന അമ്മ, വേദന, മരണം, ഹൊ! ഈ ചിത്രങ്ങളെല്ലാം എന്താണിങ്ങനെ? 

"അതോ, കൽപന എന്റെ മകളാണ്. അവൾക്ക് വയ്യാതായിരിക്കുന്നു. ഈ ചിത്രങ്ങളിൽ മുഴുവൻ അവളാണ്."

കൽപന, ലളിത ലജ്മിയുടെ മകളായിരുന്നു. ഓസ്കാർ അവാർഡിന് ഇന്ത്യയിൽ നിന്നു നോമിനേറ്റ് ചെയ്യപ്പെട്ട സംവിധായിക. സിനിമ രുദാലി. മരണവീടുകളിൽ കരച്ചിൽത്തൊഴിൽ ചെയ്യുന്ന രാജസ്ഥാനി സ്ത്രീകളുടെ കഥയാണത്. ഉന്നത കുലങ്ങളിൽ ആണുങ്ങൾ മരണപ്പെട്ടാൽ പെണ്ണുങ്ങൾക്ക് പരസ്യമായി കരയാൻ വിലക്കുണ്ട്. അവരുടെ കുടുംബമഹിമ കാക്കാനുള്ള പകരക്കാരാണ് രുദാലികള്‍, കരച്ചില്‍ തൊഴിലാക്കിയ പെണ്ണുങ്ങൾ. 

kalpana കൽപന ലജ്മി, ലളിത ലജ്മി (ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്)

മഹാശ്വേതാ ദേവിയുടെ കഥ, ഗുല്‍സാറിന്റെ തിരക്കഥയും സംഭാഷണവും, ഭൂപന്‍ ഹസാരികയുടെ മ്യൂസിക്, ലതാ മങ്കേഷ്‌കറിന്റെ പാട്ടുകൾ! എന്നിട്ടും അന്നൊന്നും ഞാൻ രുദാലി കണ്ടില്ല. 93 ൽ രുദാലി പുറത്തിറങ്ങുമ്പോൾ ഞാൻ രണ്ടാം ക്ലാസിലാണ്. അക്കൊല്ലത്തെ എന്റെ പടങ്ങൾ ഗോളാന്തര വാർത്തയും മണിച്ചിത്രത്താഴുമാണ്. വർഷങ്ങൾക്കിപ്പുറത്താണ് ഡിംപിള്‍ കപാഡിയയെയും രാജ് ബബ്ബറിനെയും ഞാൻ കണ്ണു നിറഞ്ഞിരുന്ന് കണ്ടത്. ദില്‍ ഹൂം ഹൂം കരേ ... എന്ന് ഡിംപിളിരുന്ന് പാടുന്നത് എനിക്കിപ്പഴും കേൾക്കാം. 

കൽപന അവസാനമായി സംവിധാനം ചെയ്ത സിനിമ 2006 ൽ പുറത്തിറങ്ങിയ ചിംഗാരിയാണ്. സുസ്മിത സെന്നിന്റെ പടം. എന്റെ വാൾ സ്ക്രീനിൽ അവളുണ്ട്, സുസ്മിതയുടെ ബസന്തി. അവളെ നക്കിത്തിന്നുന്ന ഒരു മൃഗത്തിന് മുമ്പിൽ നനഞ്ഞൊട്ടി അവളതാ കിടക്കുന്നു. എല്ലു മുറിയുന്ന വേദനയിലും കരഞ്ഞ് കൊണ്ട് ചിരിച്ച്... ഒരഭിസാരികയുടെ കണ്ണുനീരൊക്കെ നിങ്ങളെ പൊള്ളിക്കുമോ ?

കൽപനയ്ക്ക് കിഡ്‌നിക്ക് ക്യാന്‍സറായിരുന്നു. ലളിത ലജ്മിയുടെ കാൻവാസിൽ നിന്ന് അവളതാ പറന്ന് പറന്ന് പോകുന്നു, വേദന കൊണ്ട് പുളയുമ്പോഴും ചിരിച്ചു കൊണ്ട് ബസന്തിയെപ്പോലെ, രുദാലിയെപ്പോലെ ... 

കൽപന ലജ്മിക്ക് ശാന്തി...