Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കനും അണ്ണനും മച്ചമ്പിയും, ചന്തം തുളുമ്പും തിരുവന്തോരം ഭാഷ

sasi-bhooshan തിരുവനന്തപുരം ഭാഷയുടെ വാമൊഴി സൗന്ദര്യത്തെക്കുറിച്ച് ഡോ. എം.ജി. ശശിഭൂഷൺ

കേരളപ്പിറവിയെത്തുടർന്നു തിരുവനന്തപുരത്തു ജോലിചെയ്യാൻ എത്തിയ കൊച്ചിക്കാരെയും മലബാറുകാരെയും അമ്പരപ്പിച്ചത്, തിരുവന്തോരം ഭാഷ ആയിരുന്നു. ‘എന്തരപ്പീ, സുഖങ്ങള് തന്നേ’ എന്ന് ഒരു പ്രത്യേക ഈണത്തിൽ ചോദിക്കുന്ന ശ്രീപത്മനാഭന്റെ സ്വന്തം പ്രജകളെ അവർ അദ്ഭുതത്തോടും കൗതുകത്തോടും കൂടി കാണാൻ തുടങ്ങി. 

തിരുവന്തോരം മലയാളം കേട്ടു തെറ്റിദ്ധരിച്ചവരുമുണ്ട്. പണ്ടൊരു വടക്കൻ മേലുദ്യോഗസ്ഥനെ കാണാൻ അയാളുടെ വീട്ടിൽച്ചെന്ന തിരുവനന്തപുരത്തുകാരൻ ചോദിച്ചു: ‘അങ്ങുന്നുണ്ടോ’? വടക്കൻ മേലുദ്യോഗസ്ഥന്റെ ഭാര്യ പ്രതാപം ഒട്ടും കുറയ്ക്കാതെ, ഭർത്താവ് സ്ഥലത്തില്ലെന്നും ടൂറിലാണെന്നും രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മടങ്ങി വരുകയുള്ളൂവെന്നും പറഞ്ഞു. തിരുവനന്തപുരത്തുകാരന്റെ മറുപടി ഇങ്ങനെ: ‘‘എന്നാൽ ഞാൻ വരട്ടോ!’’ മറുപടിയിൽ സഭ്യേതരത സംശയിച്ചിട്ട് അവർ അയാളെ രൂക്ഷമായി ഒന്നു നോക്കി. പടേ എന്ന ശബ്ദത്തോടെ കതകടയ്ക്കുകയും ചെയ്തു. ആട്ടിപ്പുറത്താക്കുന്നതിനു തുല്യമായി അത്. 

‘ഞാൻ വരട്ടോ’ എന്നു തിരുവനന്തപുരത്തുകാരൻ പറഞ്ഞതിൽ ദുസ്സൂചനയില്ലെന്നും ‘ഞാൻ പോയി വരട്ടെ’ എന്നാണ് ഉദ്ദേശിച്ചതെന്നും തിരിച്ചറിയാൻ വടക്കൻ വീട്ടമ്മയ്ക്കു കുറേനാൾ വേണ്ടിവന്നു. 

ഇനിയുമൊരു കഥ ഇങ്ങനെ: വടക്കൻ പ്രദേശത്തുനിന്നു തിരുവനന്തപുരത്തേക്കു സ്ഥലംമാറി എത്തിയ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അന്നൊരു ഞായറാഴ്ച, തിരുവനന്തപുരത്തുകാരനായ സഹപ്രവർത്തകന്റെ വീട്ടിൽ കുശലാന്വേഷണത്തിനു പോയി. ആതിഥേയൻ സംഭാഷണം മുന്നോട്ടുപോകുന്നതിനിടെ ചോദിച്ചു: ‘കുടിക്കാൻ ബോഞ്ചി എടുക്കട്ടാ!’ തിരുവനന്തപുരത്തുകാരുടെ ബോഞ്ചി നാരങ്ങാവെള്ളമാണെന്ന് അറിയില്ലെങ്കിലും അതിഥി തലകുലുക്കി.

ആതിഥേയന്റെ ഭാര്യ കുറച്ചുകഴിഞ്ഞു രണ്ടു ഗ്ലാസ് നാരങ്ങാവെള്ളവുമായി സ്വീകരണമുറിയിൽ എത്തി. ഗൃഹനാഥൻ ഭാര്യയുടെ കയ്യിൽനിന്നു ഗ്ലാസുകൾ വാങ്ങി അതിഥിക്കു നീട്ടുന്നതിനിടയിൽ പറഞ്ഞു: ‘അപ്പി കലക്കിയതാ’. അതിഥി ആ ഗ്ലാസ് വാങ്ങാൻ മടിച്ചു. അപ്പിയെന്നാൽ അമേധ്യമെന്നാണ് തന്റെ നാട്ടിലെ അർഥമെന്ന് അറിയാവുന്നതുകൊണ്ട്. തിരുവനന്തപുരത്തുകാർ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്നത് അപ്പിയെന്നാണെന്നു വടക്കുനിന്നെത്തിയ അതിഥിക്ക് അറിയില്ലായിരുന്നു. കൊച്ചപ്പിയെന്നാൽ പൊടിക്കു​ഞ്ഞാണെന്നും. 

അക്കനും അണ്ണനും മച്ചമ്പിയും

തിന്നാൻ എന്നു പറയുന്നതിനു പകരം തിമ്മാൻ എന്നേ തിരുവനന്തപുരത്തുകാർ പണ്ടൊക്കെ പറയുമായിരുന്നുള്ളൂ. പക്ഷിക്കുഞ്ഞെന്നും പറയുകയില്ല– പക്ഷിക്കുഞ്ചേയുള്ളൂ തിരുവനന്തപുരത്ത്. കുഞ്ചുവീട്ടുകാർ, കുഞ്ചുതമ്പിമാർ എന്നെല്ലാമുള്ള പ്രയോഗങ്ങളും സാധാരണമായിരുന്നു. പെങ്ങളും ഇച്ചേച്ചിയും ഒടപ്പിറന്നോളും തിരുവനന്തപുരത്തില്ല. അക്കനാണ് പകരം. ഏട്ടനും കൊച്ചാട്ടനും ഉടപ്പിറന്നോനും പകരം അണ്ണനേയുള്ളൂ. അളിയനു പകരം മച്ചമ്പിയാണിവിടെ. അടുപ്പമുള്ള സ്നേഹിതനും പൊന്നുമച്ചമ്പിയാണ്. തമ്പിയെന്നാൽ അനിയൻ. രാജകുടുംബവുമായി സംബന്ധമുള്ളവരുടെ ആൺ സന്താനങ്ങൾ തമ്പിയും പെൺസന്താനങ്ങൾ തങ്കച്ചിയുമാണ്. 

വാഴപ്പിണ്ടിക്കു പകരം വാഴത്തടയാണു തിരുവനന്തപുരത്തുകാർക്കു വേണ്ടത്. വാഴത്തൈയ്ക്കുപകരം വാഴക്കന്നും, പശുക്കിടാവിനുപകരം കന്നുകുട്ടിയും, ചീരയ്ക്കും വഴുതനങ്ങയ്ക്കും പകരം കീരയും കത്തിരിയും മതി. 

ചോദിക്കുന്നു എന്നു പറയുന്നതിനു പകരം കേൾക്കുന്നു എന്ന പ്രയോഗം ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലുണ്ട്. ഉണ്ണായിവാര്യർ നളചരിതം എഴുതിയത് തിരുവനന്തപുരത്തു പാർക്കുമ്പോഴായിരുന്നുവെന്ന് ഇനി എന്തിനു സംശയിക്കണം. 

വളത്തിനുപകരം ഉരമാണു വിളകൾക്ക് ഇവിടെ ഇടുന്നത്. കണ്ടത്തിനും നിലത്തിനും പകരം ഏലാകളാണ് ഇവിടെ. കൊയ്ത്തിനുപകരം നെല്ലറപ്പാണ്. നെല്ലുണക്കുന്നത് ചിക്കുപായിലല്ല, പരമ്പിലാണ്. അരിവാളിനു പകരം അറപ്പേത്തി മതി കതിരുകൊയ്യാനും. കഞ്ഞിപ്പകർച്ചയ്ക്കു പകരം കഞ്ഞിവീത്താണിവിടെ. പശുക്കൾക്കു തിരുവനന്തപുരത്തുകാർ കൊടുക്കുന്നതു വൈക്കോലാണ്, കച്ചിയല്ല. പറമ്പിനും പുരിയിടത്തിനും പകരം വിളകളോ വിളാകങ്ങളോ ആണിവിടെ. പടിപ്പുരയ്ക്കു പകരം അനന്തപുരിയിൽ കൊട്ടിയമ്പലമാണ്. കാരണവന്മാരുടെ ഇരിപ്പിടം ഉടമ്പറയാണ്. മരിച്ചുകഴിഞ്ഞ കാരണവന്മാരുടെ ആത്മാവിനെ കുടിയിരുത്തുന്നതു കുര്യാലകളിലല്ല, തെക്കതുകളിലാണ്. തൊണ്ടിനു പകരം കതമ്പയാണ്. കൈലിക്കു പകരം പേശയാണു തിരുവനന്തപുരത്തുകാർ  ഉടുക്കുന്നത്. കയറ്റം കയറുന്നതിനു പകരം തേരി കയറുകയേയുള്ളൂ. ഈന്തപ്പഴത്തിനുപകരം പേരത്തൻപഴമേ അനന്തപുരിയിൽ ലഭിച്ചിരുന്നുള്ളൂ. 

ഈ വാമൊഴി എത്രകാലം!

മരച്ചീനിക്കുള്ള മലബാർ പേര് തിരുവനന്തപുരത്തു തെറിയാണ്. തുറപ്പ, ഊളൻ, അറമ്പാതം, പിറുത്തിച്ചക്ക, പീയണിക്ക, പൊച്ചം, നമ്മാട്ടി, കശാല, കോവിൽ, പപ്പയ്ക്ക, തിറമ്പുക, പുടവകൊട, വെറി, ശേഷാറർ, അമ്പട്ടൻ, മുടുക്കു, നൂരെ, പൊങ്കാല, പങ്കം, പെരട്ടം, പല്ലി, എച്ചം, എതുപ്പ്, കവാലക്കുറ്റി തുടങ്ങിയ എത്രയെത്ര തിരുവന്തോരം പദങ്ങളെ നമ്മുടെ മാധ്യമങ്ങൾ കഴിഞ്ഞ അൻപതു വർഷമായി പരിഷ്കാരശൂന്യമെന്നു കരുതി കാലഹരണപ്പെടുത്തി. മാധ്യമങ്ങൾ‌ക്ക് എപ്പോഴും മാനഭാഷയോടാണ്, അതായത് സ്റ്റാൻഡേഡ് ലാംഗ്വേജിനോടാണു താൽപര്യം. സി.വി.രാമൻപിള്ള മുതൽ ജി.വിവേകാനന്ദൻ വരെയുള്ളവരുടെ നോവലുകളിലും നാട്ടുമ്പുറത്തുകാരുടെ വാമൊഴികളിലുമായി തിരുവന്തോരം ഭാഷ ഇന്നും നിലനിൽക്കുന്നു; എത്രകാലം കൂടിയെന്നു പറയാനാവില്ലെങ്കിലും...