Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മർഗലീത്ത, ഒന്നരപതിറ്റാണ്ടു മുൻപ് മഠം വിട്ടിറങ്ങിയവൾ

sara-joseph-literature

വിരലുവച്ചാൽ മുറിഞ്ഞുപോകുന്ന മഴയിലൂടെയാണ് അവൾ വന്നത്. ആകാശം പോലെ അവളുടെ മനസ്സും മൂടിക്കെട്ടിയിരുന്നു. ഞാൻ തനിച്ചാണ്. ഞാനൊറ്റയ്ക്കാണ്. എനിക്കു വഴിയറിയില്ല, അവൾക്കു തോന്നിക്കൊണ്ടിരുന്നു. ചൂളംവിളിക്കുന്ന കാറ്റ് ചീറിപ്പാഞ്ഞുപോയി. രാത്രി വന്നതും പെട്ടെന്നായിരുന്നു. ആകെ ഇരുൾമൂടി. സത്യത്തിൽ അതു രാത്രിയല്ലായിരുന്നു. ഒരു ലോകാവസാനമേഘം വന്നു ഭൂമിയെ മൂടിയതായിരുന്നു. കാലുകൾക്കിടയിലൂടെ കലക്കവെള്ളം കുതിച്ചുപായുന്നു. ഇതിൽ ഇടറിവീഴരുത്. മർഗലീത്ത ചുവടുകളമർത്തി പതുക്കെ നടന്നു. 

പെരുമഴയിലൂടെ മർഗലീത്ത എത്തിയതു ജനിച്ചുവളർന്ന വീട്ടിൽ. കുടുംബാംഗങ്ങൾക്കുള്ള അവകാശങ്ങൾ അവൾക്കുമുണ്ട്. എന്നിട്ടും ക്ഷണിക്കപ്പെടാത്ത അതിഥിയാണു മർഗലീത്ത. ആരും കാത്തിരിക്കാനില്ലാത്ത വിരുന്നുകാരിയും. കടം വാങ്ങിയ യോജിക്കാത്ത വസ്ത്രത്തിൽ, ചെരുപ്പുപോലുമില്ലാതെ വിശന്നും തളർന്നും വിവശയായി വീട്ടിൽവന്നുകയറിയ മർഗലീത്തയ്ക്കു ലഭിക്കുന്നത് കായ് പഴുപ്പിക്കാൻ വയ്ക്കുന്ന കാറ്റും വെളിച്ചവും കടക്കാത്ത കുടുസ്സുമുറി. ഇരുട്ട്. കാരണം ‘ഒതപ്പു’ണ്ടാക്കിയ യുവതിയാണ് മർഗലീത്ത. ഒതപ്പ് എന്നാൽ തെറ്റു ചെയ്യാനുള്ള പ്രേരണ. 

പടിയിറക്കിവിട്ടിട്ടും പടി കയറിവന്ന മർഗലീത്തയെക്കുറിച്ച് സാറാ ജോസഫ് എഴുതുന്നത് ഒന്നരപതിറ്റാണ്ടു മുമ്പ് ‘ഒതപ്പ്’ എന്ന നോവലിൽ. ആലാഹയുടെ പെൺമക്കൾക്കും മാറ്റാത്തിക്കും തുടർച്ച സൃഷ്ടിച്ച കൃതി. സ്വയം സത്യസന്ധയാകാനും ദൈവത്തോടു നീതി കാണിക്കാനും കഴിയുന്നില്ലെന്നു ബോധ്യമായപ്പോൾ മഠം വിട്ട് ഇറങ്ങിവന്ന യുവതി. സഹനത്താലും സ്ത്രൈണതയുടെ ആർജവത്താലും മലയാളത്തിൽ വേറിട്ടുനിൽക്കുന്ന സ്ത്രീജൻമം. ഒന്നരപ്പതിറ്റാണ്ടു മുമ്പ് മർഗലീത്ത അത്ഭുതകഥാപാത്രമായിരുന്നെങ്കിൽ അനുവദിക്കപ്പെട്ട കടമയുടെ ഇത്തിരിവട്ടിത്തിൽനിന്നു തെരുവിലേക്കിറങ്ങുന്ന മർഗലീത്തമാരുടെ കാലമാണിന്ന്. അത്ഭുതത്തോടെയല്ലാതെ സ്വാഭാവികതയോടെ മർഗലീത്തമാർ സ്വീകരിക്കപ്പെടുന്ന കാലം. 

റോയ് ഫ്രാൻസിസ് കരീക്കനും മർഗലീത്തയുമാണ് ഒതപ്പിലെ പ്രധാനകഥാപാത്രങ്ങൾ. ഇടവകക്കാരുടെ പ്രിയപ്പെട്ട കൊച്ചച്ചനെ വശീകരിക്കുകയും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണു മർഗലീത്ത ചെയ്യുന്ന കുറ്റം. മനസ്സ് ഇടറി എന്നു ബോധ്യമായപ്പോൾ മഠം വിട്ടിറങ്ങുന്ന മർഗലീത്ത പിന്നീടു നടത്തുന്നത് ഒറ്റയ്ക്കുള്ള യാത്രകൾ. അവൾ ചെയ്ത തെറ്റ് എന്താണോ ആ തെറ്റിന്റെ സഹയാത്രികനായ റോയ് ഫ്രാൻസിസ് കരീക്കനാകട്ടെ അവളോടൊപ്പം പുറത്തിറങ്ങുന്നുണ്ടെങ്കിലും സമാധാനം തേടി ഭാഷ പോലുമറിയാത്ത ഒരു നാട്ടിലെ ദേവാലയത്തിന്റെ നടക്കല്ലിൽ ആശ്വാസം കണ്ടെത്തുന്നു. മർഗലീത്തയാകട്ടെ കണ്ണീരും വിയർപ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാൻ ശ്രമിക്കുന്ന മനുഷ്യരെ ഹൃദയം കൊണ്ടു തൊടുന്നു. പൊടുന്നനെ ഉയർന്നുവന്ന തിരപോലെ അപമാനങ്ങൾക്കിടയിൽനിന്നും ആനന്ദത്തെ വേർതിരിച്ചെടുക്കുന്നു. 

യാത്ര മുഴുമിക്കാതെ അകാലത്തിൽ പെരുമഴയിൽ വീട്ടിൽ തിരിച്ചെത്തുന്ന മർഗലീത്തയാണ് ഒതപ്പിലെ ആദ്യ അധ്യായത്തിലെങ്കിൽ അവസാന അധ്യായത്തിലും മഴയിലൂടെ വീട്ടിലേക്കു തിരിച്ചെത്തുന്ന മർഗലീത്തയെ കാണാം. അഭയം തേടിയായിരുന്നു ആദ്യ യാത്രയെങ്കിൽ അഭയം കണ്ടെത്തി അവസാനവേരും അറുത്ത് യാത്ര പറയാനാണ് ഒടുവിലത്തെ തിരിച്ചുവരവ്. കരഞ്ഞുകൊണ്ടു തിരിച്ചെത്തിയ അതേ വീട്ടിലേക്ക് ചിരിച്ചുകൊണ്ടു യാത്ര പറയാനെത്തുമ്പോൾ അവൾക്കുള്ളിൽ ജീവന്റെ തുടിപ്പുണ്ടായിരുന്നു. ഒരു കുട്ടിയെ മാറോടടുക്കിപ്പിടിച്ചിരുന്നു. 

പള്ളിയിലെ തണുത്ത ഏകാന്തതയിൽ കുന്തിരിക്കം മണക്കുന്ന നിശ്ശബ്ദതയിൽ സമാധാനം കണ്ടെത്തുന്ന റോയ് ഫ്രാൻസിസ് കരീക്കന്റെ യാത്രകൾ അപ്പോഴും അവസാനിച്ചിട്ടുണ്ടായിരുന്നില്ല. തേടിയ സമാധാനം ലഭിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അയാൾ ഇനിയും യാത്രചെയ്യേണ്ടിവരുമെന്ന് ശരിയായി ഊഹിക്കുന്നുണ്ട് എഴുതി മുഴുമിക്കാത്ത കത്തിൽ മർഗലീത്ത. ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ ഭൂമിയിൽ സമാധാനമുണ്ടാകുമെന്ന തിരിച്ചറിവിലാണു മർഗലീത്ത എത്തുന്നത്.  പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത് അധ്യാത്മികാനന്ദമാണെന്ന വെളിപാടിൽ. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കൽപങ്ങൾ ഒടുവിൽ തന്നെത്തന്നെയും പുതുക്കിപ്പണിയുകയാണ് മർഗലീത്ത. 

തണുത്തിട്ടാവും നാണു വല്ലാതെ ചുരുണ്ടുകൂടി. അവന്റെ കൈകൾ മർഗലീത്തയെ തേടി. അവൾ അവനെ തന്നോടു ചേർത്തുകിടത്തി. തണുക്കുന്നോ, മർഗലീത്ത ചോദിച്ചു. നാണു അവളുടെ നെഞ്ചിൽ പറ്റിച്ചേർന്നു. നിനക്കോ, അവൾ വരാൻപോകുന്ന കുഞ്ഞിനോടു ചോദിച്ചു. എനിക്കും– അതു മറുപടി പറഞ്ഞു. നിഗൂഡവും അസ്വസ്ഥവുമായ ഒരാനന്ദത്തോടെ അവർ മൂന്നാളും ഇറുകെകെട്ടിപ്പിടിച്ചുകിടന്നു. 

എന്റെ അപ്പൻ, ഇതുപോലെ ഇടിയും മിന്നലുമുള്ള രാത്രികളിൽ പേടി മാറ്റാൻ എനിക്കു കഥകൾ പറഞ്ഞുതന്നിരുന്നു. ഞാനും നിങ്ങൾക്കു കഥ പറഞ്ഞുതരും. മൂളിക്കേൾക്കണം. അവളുടെ ഇടത്തേക്കൈത്തണ്ടയിൽ നാണുവും വലത്തേ കൈത്തലത്തിന്നടിയിൽ വരാൻപോകുന്ന കുഞ്ഞും കവിളമർത്തിവച്ച് കിടന്നു കഥ കേട്ടു. 

ദൂരെ, ദൂരെ, ഒരു രാജ്യത്ത്, നസ്രത്ത് എന്നു പേരുള്ള ഒരു നഗരത്തിൽ ജോസഫ് എന്നു പേരുള്ള ഒരാശാരി ജീവിച്ചിരുന്നു....