Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂതഗാന്ധിയും റോക്ക്സ്റ്റാർസും

എൻ.എസ്. മാധവൻ
thalsamayam

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച്, അഹിംസയുടെ മാർഗത്തിലൂടെ ചരിച്ച് സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയ, ‘അതിർത്തി ഗാന്ധി’ എന്നറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ മുതൽ അമേരിക്കയിലെ കറുത്തവർഗക്കാർക്കു വേണ്ടി പോരാടിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ വരെയുള്ള പല മഹാത്മാക്കളെയും നാം ഓർക്കാറുണ്ട്. 

കൊച്ചിയിലും ഉണ്ടായിരുന്നു ഒരു ഗാന്ധി; 1940കളിൽ ‘ജൂതഗാന്ധി’ എന്നറിയപ്പെട്ടിരുന്ന ഏബ്രഹാം ബാരക് സേലം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായതും, ജനജീവിതത്തെ ബാധിക്കുന്ന മറ്റു സമസ്യകളും പൊതുജനസമക്ഷം വയ്ക്കാൻ അദ്ദേഹം സ്വീകരിച്ച ഉപാധി പ്രസംഗമായിരുന്നു. എറണാകുളം കായലിന്റെ തീരത്ത് അദ്ദേഹം പ്രസംഗിച്ചിരുന്ന സ്ഥലത്തിനു സേലംസ് മൗണ്ട് അഥവാ, സേലത്തിന്റെ കുന്ന് എന്നു പേരുകിട്ടി. അതാണ് ഇന്നത്തെ രാജേന്ദ്രമൈതാനം. 

1882ൽ കൊച്ചിയിൽ ഒരു ജൂതകുടുംബത്തിൽ അദ്ദേഹം ജനിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിൽ പോയി നിയമബിരുദം നേടി. അതിനുശേഷം, എറണാകുളത്ത് പ്രാക്ടീസ് തുടങ്ങി. അദ്ദേഹത്തിന്റെ ആദ്യത്തെ സഹനസമരം, സ്പെയ‌ിനിൽ വച്ച് അടിമകളിൽനിന്നു മതംമാറി ജൂതരായി എന്നു കരുതുന്ന, അദ്ദേഹം ഉൾപ്പെടുന്ന അവാന്തരവിഭാഗത്തോട് സ്പെയിനിൽനിന്നു തന്നെ കുടിയേറിയ പരദേശി ജൂതന്മാർ കാട്ടിയ വിവേചനത്തിന് എതിരായിട്ടായിരുന്നു. സമരത്തിന്റെ ഭാഗമായി അദ്ദേഹവും കൂട്ടരും ജൂതപ്പള്ളി ബഹിഷ്കരിച്ചു. 1930കൾ ആയപ്പോഴേക്കും വിവേചനത്തിനു കുറവുണ്ടായി എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. 

selam ഏബ്രഹാം ബാരക് സേലം.

1929ൽ പൂർണസ്വരാജ് ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയ, കോൺഗ്രസിന്റെ ലഹോർ സമ്മേളനത്തിൽ സേലം പങ്കെടുത്തു. നാട്ടുരാജ്യങ്ങളിൽ കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കാൻ ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ്സ് പീപ്പിൾസ് കോൺഫറൻസ്  രൂപീകരിച്ചപ്പോൾ, സേലം അതിന്റെ മൂന്നു സെക്രട്ടറിമാരിൽ ഒരാളായിരുന്നു. 1933ൽ നടത്തിയ പലസ്തീൻ സന്ദർശനം അദ്ദേഹത്തെ കടുത്ത ഇസ്രയേൽ പക്ഷപാതിയാക്കി. സ്വാതന്ത്ര്യത്തിനു ശേഷം, സേലം അദ്ദേഹത്തിന്റെ ജീവിതം വിനിയോഗിച്ചത് കൊച്ചിയിൽ നിന്നുള്ള ജൂതന്മാരെ ഇസ്രയേലിലേക്ക് കുടിയേറിപ്പാർക്കാൻ സഹായിക്കുന്നതിനായിരുന്നു. 1955 ആയപ്പോഴേക്കും കൊച്ചിയിലെ ഒട്ടുമിക്ക ജൂതന്മാരും ഇസ്രയേലിലേക്കു പോയി. എന്നാൽ, 1967ൽ മരിക്കുംവരെ സേലം കൊച്ചിയിൽത്തന്നെ തുടർന്നു. ഇന്നു ഫോർട്ട് കൊച്ചിയിൽ ജൂതസെമിത്തേരിക്കു സമീപം ഒരു റോഡ് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.

ബോളിവുഡിന് അപ്പുറത്തെ ഇന്ത്യ 

ഇത്തവണത്തെ ഓസ്കറിലേക്ക് ഇന്ത്യ നാമനിർദേശം ചെയ്തത് ‘വില്ലേജ് റോക്ക്‌സ്റ്റാർസ്’ എന്ന അസമീസ് ചിത്രത്തെയാണ്. സാധാരണയായി ഇന്ത്യ ഓസ്കറിന് അയയ്ക്കുക വലിയ ബജറ്റിലുള്ള ബോളിവുഡ് ചിത്രങ്ങളാണ്. ആ പതിവ് ഇത്തവണ സന്തോഷപ്രദമായ രീതിയിൽ തെറ്റിച്ചിരിക്കുന്നു. 

ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ അവാർഡ് അടക്കം പല സമ്മാനങ്ങളും നേടിയ ചിത്രം ഈയിടെ മാത്രമാണു റിലീസ് ചെയ്തത്.

ഈ ചിത്രം ബോളിവുഡിന് അപ്പുറമുള്ള ഇന്ത്യയെക്കുറിച്ച് പുറത്തുള്ള കാണികൾക്ക് ഒരു ധാരണ നൽകും. തികച്ചും പ്രാദേശികമായ ചിത്രം. ഇതിന്റെ ഭാഷ അസമീസ് പോലും അല്ല; അതിന്റെ ഉപഭാഷയായ കാമരൂപിയാണ്. ഇതിൽ പാടങ്ങളുണ്ട്, ദാരിദ്ര്യമുണ്ട്, മഴയുണ്ട്. ഏറ്റവും പ്രധാനം, ജീവിതത്തെ മാറ്റിമറിക്കുന്ന, എല്ലാ വർഷവും എത്തുന്ന പ്രളയമാണ്. ഇതെല്ലാം നോക്കിക്കാണുന്നത് 10 വയസ്സായ ധുനു എന്ന പെൺകുട്ടിയുടെ കണ്ണിലൂടെയാണ്. അവൾക്ക് അച്ഛനെ നഷ്ടപ്പെട്ടത് പഴയൊരു പ്രളയത്തിലാണ്. അവളും ജീവിക്കാൻ പാടുപെടുന്ന അമ്മയുമൊത്തുള്ള ജീവിതം ആഹ്ലാദരഹിതമല്ല. ആശ കൈവിടാതെ, പ്രളയത്തിന്റെ അനിവാര്യതയുടെ നിഴലിൽ അവർ ജീവിക്കുന്നു. 

ധുനുവും കൂട്ടുകാരും ചേർന്നു രൂപീകരിക്കാൻ പോകുന്ന ഒരു റോക്ക് ബാൻഡിനെ ചുറ്റിപ്പറ്റിയാണു കഥ. അതിനുവേണ്ടി സംഭരിച്ചതെല്ലാം പതിവുതെറ്റിക്കാതെ എത്തിയ പ്രളയം കൊണ്ടുപോകുന്നു. ആശ കൈവിടാതെ അവൾ വീണ്ടും ജീവിതത്തെ അഭിമുഖീകരിക്കുന്നു.

ഇന്ത്യയുടെ വൈവിധ്യത്തെ ലോകത്തിനു മുന്നിൽ വയ്‌ക്കാൻ ഇതിനെക്കാൾ പറ്റിയ ചിത്രമില്ല. ഈ ചിത്രത്തിന്റെ നിർമാണം, കഥ, തിരക്കഥ, ക്യാമറ, എഡിറ്റിങ് എന്നിവയെല്ലാം ചെയ്തത് സിനിമയിൽ ഔപചാരിക വിദ്യാഭ്യാസമില്ലാത്ത, അതു സ്വയം പഠിച്ചെടുത്ത റിമ ദാസ് ആണ്. അവർ ഒരു കാനൻ 5 ഡി ക്യാമറയും തൂക്കി അവരുടെതന്നെ ഗ്രാമമായ ഛോയ്ഗാവിൽ ചെന്നെടുത്ത പടമാണിത്. വില്ലേജ് റോക്ക്‌സ്റ്റാർസിന്റെ നിർമാണം മറ്റൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ കഥയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.