Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർമാതളം വാടിയ കാലം...

Madhavikutty മാധവിക്കുട്ടി

അക്ഷരങ്ങളിലും വായനയിലും പ്രണയം നിറഞ്ഞപ്പോഴാണു മാധവിക്കുട്ടിയെ ഞാൻ അടുത്തു കാണാൻ ആഗ്രഹിച്ചത്. വളർന്നപ്പോൾ വായനയിലൂടെ പതിയെപ്പതിയെ അവരെ എന്നിലെ കവിതയാക്കി. ഓരോ ഫോട്ടോയിലും അവരോടുള്ള ആരാധന കൂടിക്കൂടി വന്നു. അക്ഷരങ്ങളിലും കാഴ്‌ചയിലും അവർക്ക് ഒരു റാണീരൂപമായിരുന്നു.

മാധവിക്കുട്ടിയുടെ കുപ്പിവളസ്‌നേഹവും വലിയപൊട്ടും അലസമായി അഴിച്ചിട്ട കാർകൂന്തലും വലിയകമ്മലും പട്ടുസാരിച്ചന്തവും എന്നെ പിന്നെയും പിന്നെയും അവരുടെ ആരാധികയാക്കി. വള്ളുവനാടൻ ഭാഷയുടെ ശുദ്ധിയുള്ള പുന്നയൂർക്കുളം ഒരു കാണാമോഹമായി എന്നും ഉള്ളിലുണ്ടായിരുന്നു. പക്ഷേ നീർമാതളച്ചോട്ടിലെത്താൻ കുറേ വർഷങ്ങൾ പിന്നയും വേണ്ടി വന്നു.

ഗുരുവായൂർ ശ്രീകൃഷ്ണയിലെ ടീച്ചറുകാലങ്ങളിൽ ക്ലിന്റ് ടീച്ചറുടെ ബാഗിനുള്ളിലിരുന്ന് ഒരു ദിവസം കുറേ നീർമാതളപ്പൂക്കൾ എന്നെ കൊതിപ്പിച്ചു. മണ്ണും മഴത്തുള്ളികളും മുത്തമിട്ട ആ പൂക്കൾസുഗന്ധം എന്നെയും ഉൻമാദിയാക്കിയിരുന്നു അപ്പോൾ. പലവട്ടം പ്ലാൻ ചെയ്‌ത് മാറ്റിവച്ചതായിരുന്നു പുന്നയൂർക്കുളത്തേക്കുള്ള യാത്ര.  

തൃശ്ശൂരിലെ പിആർഡി കാലത്താണ് ഞാൻ പുന്നയൂർക്കുളം മണ്ണിൽ ആദ്യായി കാലുകുത്തിയത്. സാഹിത്യമണമുള്ള ഒരു ചെറുകാറ്റ് അതിലേ മുളിപ്പാട്ടും പാടി പാറിനടക്കുന്നുണ്ടായിരുന്നു. ചെത്തിയൊതുക്കാത്ത കൽപ്പടവുകളും അലസഗമനസർപ്പക്കാവും കാടുപിടിച്ച നീർമാതളച്ചോടും ഒരു വന്യഭംഗിയാണ് എന്നിലേക്കെത്തിച്ചത്.  

നിറം മങ്ങിയ പഴയ ഫോണിൽ മങ്ങാച്ചിത്രങ്ങളായി അവ ഏറെക്കാലം എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ ഹൃദയത്തോടു ചേർന്ന്... ഭൂഗോളകാൽപ്പനികതയുടെ നറുമണമാണ് ആദ്യകാഴ്‌ചയിൽ നീർമാതളഭൂമി എനിക്കു തന്നത്.

തളിരിലകൾ മാത്രമായി ഒരു പൂവില്ലാമരമായിരുന്നു നീർമാതളം അന്നു നീ....

കുന്നംകുളം കഴിഞ്ഞു പിന്നെ ചോദിച്ചറഞ്ഞ വഴികളിലൂടെയാണ് ഞങ്ങളുടെ വണ്ടി കിതച്ചോടിയത്. വഴി ചോദിച്ചിടത്തെല്ലാം എന്തോ ഒരിഷ്‌ടക്കേട് പലരിലും കണ്ടു. പ്രിയ എഴുത്തുകാരീ നിന്നിലെ കഥയെഴുത്തിനെ ചുറ്റുവട്ടങ്ങൾ അത്രയേറെ ഭയപ്പെട്ടിരുന്നു. പലപ്പോഴും ചുറ്റുവട്ടങ്ങളുടെ കഥ കൂടിയായിരുന്നല്ലോ നീ പറഞ്ഞിരുന്നത്. ജാനുവമ്മയായും കണ്ടൻചേരനായും അവരും നിനക്കൊപ്പം കഥ പറഞ്ഞിരുന്നല്ലോ. പുന്നയൂർക്കുളത്തിന്റെ കാവ്യഭാവനയെ ചേർത്തുവയ്‌ക്കാനുള്ള അടങ്ങാക്കൊതിയിൽ എന്റെ ചോറ്റുപാത്രത്തിൽ കുറച്ചു ചരൽമണ്ണ് വാരിയെടുത്തു ആ സർപ്പക്കാവിൽ നിന്നും. പൂവില്ലാ നീർമാതളക്കാഴ്‌ചയിൽ ആദ്യയാത്ര അന്ന് അങ്ങനെ അവസാനിച്ചു.

പിന്നെ രണ്ടു വർഷങ്ങൾക്കു ശേഷം പുന്നയൂർക്കുളം എന്നെ മാടിവിളിച്ചു. എന്തോ അന്നത്തെ യാത്രാമോഹത്തെ മടക്കിക്കൂട്ടി ബാഗിലിട്ടു വയ്‌ക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. പടിപ്പുരയും ചെത്തിയൊതുക്കാത്ത കൽപ്പടവുകളും സ്‌മൃതിമണ്ഡപത്തിന്റെ കവാടവും എന്നെ നോക്കി അപരിചിതത്വത്തോടെ നെറ്റി ചുളിച്ചു. രണ്ടു വർഷം മുന്നേ ഞാനിവിടെ നിന്നും മടങ്ങുമ്പോൾ  ഇവരൊന്നും ഇവിടെയുണ്ടായിരുന്നില്ലല്ലോ. കൂടെയുള്ള സുഹൃത്ത് കമലാദാസ് കവിതകൾ ഉറക്കെയുറക്കെച്ചൊല്ലി ഞങ്ങളുടെ വരവിനെ അറിയിക്കാൻ നോക്കി.  

എന്റേതാണ്...

എന്റേതാണ്...

ഈ കാൽപനീകഭൂമി

എന്നുറക്കെപ്പറഞ്ഞ് ഞാൻ പെറുക്കിക്കൂട്ടിയെടുത്ത ഇലഞ്ഞിപ്പൂമണങ്ങളും നീർമാതളപ്പൂക്കളും ഇന്നും എന്റെ തടിയലമാരിയിലെ പട്ടുസാരികൾക്കിടയിൽ കാക്കപ്പൊന്നുകളായി ഇരിക്കുന്നുണ്ട്.

കുംഭമാസക്കാറ്റിന്റെ മാദകഗന്ധമായിരുന്നു അന്ന് അവിടെയൊക്കെയും. കാറ്റിൽ പാറിവീണ മാതളപ്പൂക്കളേയും അതിൽ പറ്റിപ്പിടിച്ചിരുന്ന മൺതരികളേയും പെറുക്കിക്കൂട്ടിയാണ് ഇത്തവണ ഞാൻ എന്റെ ചോറ്റുപാത്രം നിറച്ചത്. ഓഫീസ് വിരസതകൾക്കൊടുവിൽ ഒന്നരമാസ ശേഷം ഒരു  ഞായറാഴ്‌ച ഞാൻ വീണ്ടും അവിടേക്കെത്തി.

കുന്നംകുളം ബസ് സ്റ്റാന്റിലിറങ്ങി ഞാനും കൂട്ടുകാരിയും യാത്ര തുടങ്ങി. ആൽത്തറ ജംഗ്‌ഷനിലിറങ്ങി നേരെകണ്ട വെള്ളച്ചാലു വഴിയിലൂടെ ഒരു മൂളിപ്പാട്ടും പടി  നടന്നു. കാൽവണ്ണ വരേം മഴവെള്ളം മൂടിയ ഇടവഴിയിലൂടെയുള്ള യാത്ര ആദ്യാനുഭവമായിരുന്നു.

മുളംതത്തയുടെ പാട്ടിൽ, മയിലിന്റെ ഖാഖാ വിളികളിൽ, കുളത്തിലെ മീനോട്ടങ്ങളിൽ ഒക്കേം ഒരു ആമിമണം ഉണ്ടായിരുന്നു. 

പ്രണയത്തിന്റെയും നൊസ്റ്റാൾജിയയുടെയും പ്രതിരൂപമായ നീർമാതളക്കാലം കൺമുന്നിൽ ആയിരം പീലി വിരിച്ചു നിന്നു ഇത്തവണ.

സ്‌മൃതിമണ്‌ഡപം  കാവൽക്കാരൻ വാതിൽ ഒന്ന് അടച്ചു തുറന്നെങ്കിലും സാങ്കേതികത്വത്തിന്റെ പേരിൽ അകക്കാഴ്‌ചകൾ കാണാൻ പറ്റിയില്ല. യാത്രയ്‌ക്കൊരുങ്ങുന്നവർ മാധവിക്കുട്ടിയുടെ ഛായാചിത്രങ്ങൾ കാണാൻ ആഗ്രഹിയ്‌ക്കുന്നുവെങ്കിൽ സാഹിത്യ അക്കാദമിയിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമായിരുന്നു.

നീർമാതളച്ചോട്ടിലെ ആകാശങ്ങൾക്ക് ഓരോ തവണ കാണുമ്പോഴും പ്രണയം മാത്രമേ എന്നോട് പറയാൻ ഉണ്ടായിരുന്നുള്ളു. പൂക്കാത്ത തളിർക്കാത്ത നീർമാതളവും കാഴ്‌ചഭംഗിയല്ല ആത്മഭംഗിയാണ് എനിക്ക് ഓരോ കാഴ്‌ചയിലും സമ്മാനിച്ചത്. കത്തിയെരിഞ്ഞ നിറം മങ്ങിയ ഓട്ടുവിളക്കുപോലും നമ്മെ കൊണ്ടു പോകുന്നത് പകരം വയ്‌ക്കാനില്ലാത്ത ഒരു നൊസ്റ്റാൾജിയക്കാലത്തിലേക്കാണ്. 

കഴിഞ്ഞ തിരുവനന്തപുരം യാത്രയിൽ കണ്ട പാളയം ശ്‌മശാനഭൂമിയിൽ ഒരു മീസാൻ കല്ലുപോലും കാവൽ ഇല്ലാത്ത ആറടിമണ്ണിലാണ് പ്രിയ ആമീ നിന്റെ വികാരസാമ്രാജ്യം ഒടുങ്ങിയത്.....

മഹാഗണിച്ചോട്ടിലെ ഉച്ചത്തണലിൽ ആമീ നിനക്കൊപ്പം എത്രനേരമാണ് ഞാൻ അന്നു കാവൽ നിന്നത്. ഞാൻ അവിടെകണ്ട അകാശത്തിനും നീർമാതളക്കാവിൽ പലപ്പോഴായി കണ്ടിട്ടുള്ള ആകാശത്തിനും ഒരേ പ്രണയനിറമായിരുന്നു. വേദനയുടെയും വിരഹത്തിന്റേയും നീർമാതളങ്ങൾ വാടിയ കാലമായിരുന്നു പ്രിയ ആമീ നിനക്കും എനിക്കും....