Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീസൗഹൃദ തൊഴിലിടങ്ങളും മുല്ലപ്പൂനിറമുള്ള പകലുകളും

എൻ.എസ്. മാധവൻ
benyamin ബെന്യാമിൻ

മീ ടൂ സംഭവങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ എപ്പോഴും ഉയർന്നുവരുന്ന വിഷയമാണ് ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി (ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി - ഐസിസി). ഇത്തരമൊരു കമ്മിറ്റിയുടെ അഭാവത്തിൽ, ലൈംഗിക പീഡനങ്ങൾക്കെതിരെ പരാതിപ്പെടാൻ വേദിയില്ലാതാകുന്നു എന്ന തരത്തിലാണു ചർച്ച. വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിൽ ഐസിസി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

തൊഴിലിടങ്ങളിലെ ലൈംഗികപീഡനം അവസാനിപ്പിക്കാനുള്ള 2013ലെ നിയമം അനുസരിച്ച് ഐസിസികൾ രൂപീകരിക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമകളുടേതാണ്. അതും പത്തിനുമേൽ തൊഴിലാളികൾ ജോലിയെടുക്കുന്ന ഇടങ്ങളിൽ മാത്രം. ഇതിനു പുറമെയാണ്, കെട്ടിടംപണി മുതൽ സിനിമവരെയുള്ള അസംഘടിത മേഖലയിലെ ആയിരക്കണക്കിനു ജോലിക്കാർ. ഇവർക്കുള്ള പോംവഴി എന്താണ്?

ലൈംഗികപീഡനം എന്ന വാക്കിനു നിയമത്തിൽ നൽകുന്ന നിർവചനം വളരെ വിശാലമാണ്. എല്ലായ്പ്പോഴും ശാരീരികാക്രമണം തന്നെയാകണമെന്നില്ല. വാക്കാലോ അല്ലാതെയോ സ്ത്രീകളെ ബുദ്ധിമുട്ടിച്ചാലും 2013ലെ നിയമത്തിന്റെ പരിധിയിൽ വരും. അതുപോലെതന്നെ,  ഇരയാകുന്ന സ്ത്രീകൾ പ്രതിഫലം പറ്റുന്ന ജീവനക്കാർ ആകണമെന്നുമില്ല; സന്ദർശകർക്കും ഇന്റേൺഷിപ് ചെയ്യുന്നവർക്കും വിദ്യാർഥികൾക്കുമെല്ലാം പരാതിപ്പെടാനുള്ള അവസരം നിയമം നൽകുന്നു. എന്തിന്, അഭിമുഖത്തിനു ക്ഷണിക്കപ്പെട്ട, അല്ലെങ്കിൽ സിനിമയിൽ കാസ്റ്റിങ്ങിനായി വിളിക്കപ്പെടുന്ന സ്ത്രീകൾക്കുവരെ ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നു. 

തൊഴിലിടം എന്നു പറഞ്ഞാൽ ജോലിസ്ഥലത്തോട് അനുബന്ധമായ കാർ പാർക്കോ, ശുചിമുറിയോ, അല്ലെങ്കിൽ ജോലി ആവശ്യത്തിന് എന്നു പറഞ്ഞു ഹോട്ടൽ മുറിയിലേക്കു വിളിച്ചാലും അവയെ നിയമമനുസരിച്ചു ജോലിസ്ഥലമായിത്തന്നെ കണക്കാക്കും. നിർവചനങ്ങൾ വിശാലമാകുമ്പോൾ പരാതികളും കൂടാം.  

ഐസിസി ഇല്ലാത്ത ഇടങ്ങളിൽ നിയമം നിർദേശിക്കുന്നതു തദ്ദേശ പരാതിപരിഹാര കമ്മിറ്റികളെ (ലോക്കൽ കംപ്ലെയ്ന്റ്സ് കമ്മിറ്റി - എൽസിസി) സമീപിക്കാനാണ്. ഓരോ ജില്ലയിലും നിയമം നടപ്പിലാക്കുന്നതിനു മേൽനോട്ടം വഹിക്കാൻ ഒരു ജില്ലാതല ഓഫിസറെ നാമനിർദേശം ചെയ്യാനും നിയമം അനുശാസിക്കുന്നു. ഐസിസി ഇല്ലാത്ത ഇടങ്ങളിൽ പരാതി എൽസിസിക്കു നൽകാം. അതുമില്ലെങ്കിൽ ജില്ലാ ഓഫിസർക്കു നേരിട്ടു പരാതി നൽകാം. എൽസിസികളുടെ പ്രധാന ഉത്തരവാദിത്തം, തൊഴിലിടങ്ങളിൽ ഐ‌സിസികൾ രൂപീകരിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുകയാണ്. അപ്രകാരം ചെയ്യാത്ത സ്ഥാപനങ്ങൾക്കു പിഴശിക്ഷ നൽകാനുള്ള അധികാരം എൽസിസിക്ക് ഉണ്ട്.

ലൈംഗികപീഡനത്തിനെതിരായ നിയമത്തിലെ പ്രധാന കണ്ണികളാണ് എൽസിസിയും ജില്ലാതല ഓഫിസറും. ഇവരെ നിയമിക്കുന്നതും നിയന്ത്രിക്കുന്നതും സംസ്ഥാന സർക്കാരുകളാണ്. കേരളത്തിൽ എൽസിസികളുടെയും ജില്ലാതല ഓഫിസർമാരുടെയും സ്ഥിതി തികച്ചും അവ്യക്തമാണ്. അവ ഉണ്ടോ ഇല്ലയോ എന്ന വിവരം പൊതുമണ്ഡലത്തിൽ ലഭ്യമല്ല. തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലെയും എൽസിസികളുടെയും ഓഫിസർമാരുടെയും വിവരം പരസ്യപ്പെടുത്തണം. ഐസിസികൾ അവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കണം. 

സമൂഹമാധ്യമങ്ങളിലെ താൽക്കാലിക പ്രതിഭാസമല്ല മീ ടൂ. ആ പ്രസ്ഥാനം ആവർത്തിച്ചാവശ്യപ്പെടുന്നതു തൊഴിലിടങ്ങളിലെ സുരക്ഷയാണ്. അതിനുവേണ്ട ചട്ടങ്ങളും നിയമങ്ങളുമുള്ള സ്ഥിതിക്ക് അവ നടപ്പിലാക്കാൻ ഇച്ഛാശക്തിയുടെ കുറവൊഴികെ, മറ്റൊരു പ്രയാസവും കാണുന്നില്ല. 

ഇന്ത്യൻ സാഹിത്യത്തിലെ പുതുസുഗന്ധം 

ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകൾ’ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ജാസ്മിൻ ഡേയ്സിന് (പരിഭാഷക – ഷഹനാസ് ഹബീബ്) ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ജെസിബി സാഹിത്യപുരസ്കാരം. ഇത് ഇന്ത്യയിലെ സാഹിത്യത്തിൽ, പ്രത്യേകിച്ച് ഇന്ത്യൻ ഇംഗ്ലിഷ് സാഹിത്യത്തിൽ വലിയൊരു മാറ്റത്തിന്റെ സൂചകമാണ്. ഇന്ത്യയിലെ ഏറ്റവും പ്രബലമായ ഭാഷാസാഹിത്യങ്ങളിലൊന്നായ ഇംഗ്ലിഷിനൊപ്പം,  ഇംഗ്ലിഷിലേക്കുള്ള വിവർത്തനങ്ങളെയും ഈ സമ്മാനത്തിനായി പരിഗണിച്ചു. ബെന്യാമിന്റെ പുസ്തകത്തിനു പുറമെ, പെരുമാൾ മുരുകന്റെ ‘പൂനാച്ചി’ എന്ന തമിഴ്നോവലിന്റെ വിവർത്തനവും ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നു.

ഇന്ത്യയിലെ സാഹിത്യത്തെ ലോകമറിയുന്നത് ഇംഗ്ലിഷിലൂടെയാണ്. 1913ൽ ടഗോറിനു നൊബേൽ സമ്മാനം ലഭിക്കാൻ സഹായിച്ചത് അദ്ദേഹത്തിന്റെ കവിതകളുടെ ഇംഗ്ലിഷ് പരിഭാഷയാണ്. ഇന്ത്യൻ ഇംഗ്ലിഷ് സാഹിത്യം അത്രയധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പതിറ്റാണ്ടുകൾ കടന്നുപോയി. 1981ൽ സൽമാൻ റുഷ്ദിയുടെ ‘മിഡ്‌നൈറ്റ് ചിൽഡ്രൻ’ എന്ന നോവൽ എത്തിയതോടെയാണ് ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാർ ലോക വായനക്കാരെ ആകർഷിക്കാൻ തുടങ്ങിയത്. തുടർന്ന് ഒരുപറ്റം അതിപ്രതിഭാസമ്പന്നരായ എഴുത്തുകാർ – അരുന്ധതി റോയ്, വിക്രം സേത്ത്, അമിതാവ് ഘോഷ് തുടങ്ങിയവർ – ഇന്ത്യയിലെ ഇംഗ്ലിഷ് സാഹിത്യത്തെ മുൻപന്തിയിൽത്തന്നെ നിർത്തി. 

ഈ പാരമ്പര്യം അങ്ങനെതന്നെ തുടർന്നപ്പോൾ, ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തിനു കൂടുതൽ വിശാലമായ സദസ്സു കിട്ടാതെ പോയത് ഇംഗ്ലിഷ് പരിഭാഷകളുടെ കുറവുമൂലമായിരുന്നു. മറ്റൊരു പ്രശ്നം, പരിഭാഷകൾ ഉണ്ടെങ്കിൽത്തന്നെ അവയെ ഇംഗ്ലിഷിലെ മൗലികകൃതികളുമായി തുലനം ചെയ്തിരുന്നില്ല. ജെസിബി സാഹിത്യപുരസ്കാരം ഇത്തരത്തിലുള്ള വേർതിരിവ് അവസാനിപ്പിച്ചിരിക്കുന്നു. ഇംഗ്ലിഷിൽനിന്നു പ്രഗൽഭരുടെ കൃതികളുണ്ടായിട്ടും ബെന്യാമിന് ഈ സമ്മാനം ലഭിച്ചുവെന്നത് ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തിന്റെ വളർച്ചയെ കാണിക്കുന്നു. ഇനിയുള്ള കാലം ഒരുപക്ഷേ, പരിഭാഷകളുടേതായിരിക്കും.  

സ്കോർപ്പിയോൺ കിക്ക്:  സിബിഐ കേന്ദ്രത്തിൽ സിബിഐ റെയ്‌ഡ്.

സേതുരാമയ്യർ Vs സേതുരാമയ്യർ.