Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്തൊരു പെണ്മ, നടനെ നോക്കിയിരുന്ന ഞാൻ കണ്ണുകൾ മാറ്റുന്നത് നാടകം തീരുമ്പോഴാണ് '

pen-nadan 'പെൺ നടൻ' നാടകത്തിൽ നിന്ന് ഒരു രംഗം (ചിത്രത്തിന് കടപ്പാട്– സമൂഹമാധ്യമം)

എഴുത്തുകാരന്‍ തോമസ് ജോസഫിന്റെ ചികിത്സാസഹായാർഥം സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച ‘പെണ്‍നടന്‍’ നാടകത്തിന് ആരാധകരുടെ അഭിനന്ദന പ്രവാഹം. നാടകം കണ്ടു പത്തു ദിവസത്തിനുശേഷവും കഥാപാത്രം മനസ്സിൽ നിന്നിറങ്ങിപോയിട്ടില്ലെന്ന് എഴുത്തുകാരി തനുജഭട്ടതിരി പറയുന്നു. ഓച്ചിറ വേലുക്കുട്ടി എന്ന നാടകനടന്റെ കഥ പറയുന്ന ഏകപാത്രനാടകമാണ് പെണ്‍നടന്‍. സ്ത്രീവേഷം മാത്രം ചെയ്യാൻ വിധിക്കപ്പെട്ട എന്നാൽ, കർണനെപ്പോലെ ഉശിരുള്ള കഥാപാത്രത്തെ തനിക്കു ജ്വലമാക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്ന പെൺനടന്റെ കഥ പറയുകയാണ് ഈ നാടകം.

നാടകാനുഭവം എഴുത്തുകാരി തനൂജ ഭട്ടതിരി സമൂഹമാധ്യമത്തിൽ പങ്കുവെയ്ക്കുന്നതിങ്ങനെ –

"പെൺനടൻ നാടകം കണ്ടിട്ട് ദിവസം പത്താകുന്നു. കഥാപാത്രം മനസ്സിൽ നിന്നും ഇപ്പോഴും ഇറങ്ങി പോയിട്ടില്ല. ഒരു നടന്റെ കലാഭിമാനത്തോടെ ജീവിക്കുകയും, എന്നാൽ സ്ത്രീവേഷം മാത്രം ചെയ്യാൻ വിധിക്കപ്പെടുകയും, കർണനെപ്പോലെ ഉശിരുള്ള കഥാപാത്രത്തെ തനിക്കു ജ്വലമാക്കാൻ സാധിക്കുമെന്നും വിശ്വസിക്കുന്ന പെൺനടൻ. വേലുക്കുട്ടി ആശാൻ ഹൃദയമെടുത്തു കാണികൾക്ക് കാണിച്ചു തന്നു. സാധാരണ, പുരുഷന്മാർ സ്ത്രീവേഷം കെട്ടുമ്പോൾ അതിലൊരു പുരുഷഛായ വരാറുണ്ട്. വളരെ സ്വാഭാവികമായ അംഗ ചലനങ്ങൾ ‘ആൺ നടൻ' സ്വായത്തമാക്കിയതിൽ അത്ഭുതം തോന്നി. ആശാന്റെ വ്യക്തിജീവിതത്തിലാണത് തെളിഞ്ഞു കണ്ടത്. നാടകത്തിനുള്ളിലെ നാടകത്തിൽ അന്നത്തെ കാലത്തെ പെൺനടന്റെ എല്ലാ സ്വാഭാവികതകളും കൊണ്ടുവരികയും ചെയ്തു. വളരെ സൂഷ്മമായ അഭിനയ ഇടപെടലുകളാണ് സന്തോഷ് കീഴാറ്റൂർ നടത്തിയിരിക്കുന്നത്. സുഹൃത്ത് തോമസ് ജോസഫിനുവേണ്ടി ഫൈൻ ആർട്സ് ഹാളിൽ ഒരുക്കിയ നാടകം കാണാൻ നിറയെ സുഹൃത്തുക്കളുണ്ടായിരുന്നു. എല്ലാവരെയും കണ്ട് നാടകം തുടങ്ങി അൽപം കണ്ടതിനു ശേഷം തിരികെ പോകണം എന്നു കരുതിയാണ് ഞാൻ ചെന്നത്. ആദ്യ പത്തു നിമിഷത്തിൽ സമയമായിതിരികെ പോയാലോ എന്നോർക്കുകയും ചെയ്തു. എന്നാൽ, പിന്നെ, പെൺ നടനെ നോക്കിയിരുന്ന ഞാൻ കണ്ണുകൾ മാറ്റുന്നത് നാടകം തീരുമ്പോഴാണ്. 

എങ്ങനെയാണ് ഒരു നടന്, തനിയെ, ഒരു നാടകം, ഒന്നര മണിക്കൂറോളം സമയം, കാഴ്ചക്കാരെ ശ്രദ്ധയോടെ പിടിച്ചിരുത്താനാകുക! വശം തിരിഞ്ഞുനിൽക്കുന്ന പെൺനടന്റെ പിൻ ശരീര ഭാഷ! എന്തൊരു പെണ്മയാണ്! ചുമപ്പുസാരിയിൽ തീജ്വാലയായി ലഹരി പിടിപ്പിച്ചും, ചാര നിറ സാരിയിൽ, ജീവിത തോൽവിക്കഥയുടെ തളർച്ചയിലും ആ ശരീരം ഉണർന്നും കുഴഞ്ഞും വ്യതിയാനപ്പെടുന്നത് അത്‌ഭുതത്തോടെ ഞാൻ നോക്കിയിരുന്നു. തീവണ്ടിയിൽ നടൻ സഞ്ചരിച്ചപ്പോൾ എന്റെ ശരീരം പതിയെ താളത്തിനൊത്ത് ചലിച്ചു. ഹൊ.. സംഗീതത്തെ കുറിച്ച് പറഞ്ഞില്ല. അസാധ്യമായിരുന്നു പശ്ചാത്തല സംഗീതം. സ്റ്റേജ് ഒരു ദേവസ്ഥാനം പോലെ തോന്നി. മീനിനെ കാണിക്കുന്ന ഭാഗം പ്രോപ്പർട്ടീസിൽ വേണ്ടായിരുന്നുവെന്നും. എല്ലാവിധ സാങ്കേതികത്വവും നാടകത്തിനുണ്ടായിരുന്നെങ്കിലും നാടകം പെൺനടന്റേതായിരുന്നു. സന്തോഷ് കീഴാറ്റൂരിന്റേതായിരുന്നു. ഒരു നടന് അഭിനയത്തിന്റെ സൂക്ഷ്മതലങ്ങളിൽ കഴിവ് നാടകത്തിൽ കാണിക്കാനാവുക പ്രയാസകരവും അഭിമാനകരവുമാണ്. സ്ത്രീകളെ, സാരി നാൽപത് വർഷമായി ഉടുക്കുന്ന സ്ത്രീകളെ, അത്ഭുതപ്പെടുത്തിക്കൊണ്ട് 15 സെക്കന്റിൽ സാരി അതിമനോഹരമായി ഉടുത്ത സന്തോഷ് സ്ഥൂലാഭിനയത്തിലും ജീവിച്ചു. 

അഭിനയ കാര്യത്തിൽ ഒരു അഭിപ്രായം മാറി തോന്നിയത് ഭാര്യയോട് പ്രശ്നമായപ്പാൾ പഴയ കാമുകിയുടെ ഭർത്താവിന്റെ കത്ത് വന്നിടത്താണ്. തകർന്നിരിക്കുമ്പോൾ കാമുകിയുടെ അവസ്ഥയെ കുറിച്ചറിയുമ്പോൾ അവൾ പ്രസവിച്ച കുട്ടി തന്റേതാണെന്നറിയുമ്പോൾ ഭാര്യയോടുള്ള അനിഷ്ടം കാണിക്കാതെ കാമുകിയോടുള്ള സ്നേഹാർദ്രത മാത്രം മതിയായിരുന്നെന്ന് തോന്നി. സന്തോഷ്, ഞാനിത് എഴുതുന്നത് താങ്കളെ സന്തോഷിപ്പിക്കാനല്ല. സമൂഹത്തിന് ഒരു കടമയുണ്ട്. കാണേണ്ടത് കാണേണ്ട സമയത്ത് കാണാൻ! പറയേണ്ടത് പറയേണ്ട സമയത്ത് പറയാൻ! ജനങ്ങളുടെ ദൃശ്യ താൽപര്യത്തിന്റെയും ചരിത്രാവബോധത്തിന്റെയും വികാര ജീവിതത്തിന്റെയും ഒരു കണ്ണിയായി നിന്ന് ഇത്രയെങ്കിലും പറഞ്ഞുവെന്നേയുള്ളു. ഇനിയും നാടകങ്ങൾ ഉണരട്ടെ!"

ഗുരുതരമായ പക്ഷാഘാതത്തെ തുടര്‍ന്ന് നടത്തിയ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന തോമസ് ജോസഫിന്റെ ചികിത്സാർഥം കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും തോമസ് ജോസഫിന്റെ സുഹൃദ്‌സംഘവും ചേര്‍ന്നാണ് നാടകം പ്രദര്‍ശനത്തിനെത്തിച്ചത്. 

നാൽപതുവർഷമായി സാഹിത്യ രംഗത്തുള്ള തോമസ് ജോസഫിന്റെ  പത്തോളം കൃതികൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി ഒട്ടേറെ വേദികള്‍ പിന്നിട്ട സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്റെ ആദ്യ അരങ്ങേറ്റം 2015 ൽ ആയിരുന്നു. സന്തോഷ് കീഴാറ്റൂര്‍ തന്നെയാണ് നാടകത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.