Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി തേടി അലഞ്ഞ പിതാവ്; പണവും പ്രശസ്തിയുമായി മകന്റെ ജൈത്രയാത്ര

stan-lee-spiderman

ചെയ്യാന്‍ ഒരു ജോലിയുണ്ടായിരിക്കുക എന്നത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. എപ്പോഴും ബിസിയായിരിക്കുക. ആവശ്യമുണ്ടെന്ന തോന്നലുണ്ടായിരിക്കുക. 

ആത്മകഥയില്‍ ഈ വാചകം എഴുതുമ്പോള്‍ സ്റ്റാന്‍ ലീയുടെ മനസ്സില്‍ സ്വന്തം പിതാവുതന്നെയായിരുന്നു. സ്ഥിരമായ ഒരു ജോലിക്കുവേണ്ടി വാതിലുകള്‍ മുട്ടിത്തളര്‍ന്ന ഒരു പിതാവ്. വീട്ടിലെ അടുപ്പിലെ തീ പുകയാന്‍വേണ്ടി എന്തു ജോലിയും ചെയ്യാന്‍ തയാറായ ഒരു മനുഷ്യന്‍. സ്റ്റാന്‍ ലീയുടെ പിതാവിനു ജോലിക്കുവേണ്ടി വാതിലുകള്‍ മുട്ടിത്തളരേണ്ടിവന്നതു ലീയുടെ കുട്ടിക്കാലത്ത്. സാമ്പത്തിക തകര്‍ച്ച അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചുലച്ച വര്‍ഷങ്ങളില്‍. അക്കാലത്തെ സാമ്പത്തികസുരക്ഷിതത്വമില്ലായ്മയുടെ നിഴലില്‍ വളര്‍ന്നുവന്ന ലീ പില്‍ക്കാലത്ത് ഒരു നിമിഷം പോലും വിശ്രമിക്കാന്‍ കിട്ടാതെ തിരക്കേറിയ ജോലി ചെയ്യുന്ന വ്യക്തിയായി. അയാളാണ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയങ്കരനായ സ്പൈഡര്‍മാന്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച് ലോകചരിത്രത്തിലെ കോമിക്​ക്കഥകളുടെ, ബാലസാഹിത്യത്തിന്റെ മുഖം തന്നെ മാറ്റിവരച്ചത്. സ്പൈഡര്‍മാനു പുറമെ അയണ്‍മാന്‍, ദ് ഫന്റാസ്റ്റിക് ഫോര്‍, ഡെയര്‍ ഡെവിള്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുടെയും സ്രഷ്ടാവ്. അമേരിക്കയില്‍ ജനിച്ച് ലോകമെങ്ങുമുള്ള കുട്ടികളുടെ ഹരമായിത്തീര്‍ന്ന സ്റ്റാന്‍ ലീ ഓര്‍മയായിരിക്കുന്നു. ഇനി മരണമില്ലാത്ത കഥപാത്രങ്ങളിലൂടെ ലോകമുള്ള കാലം വരെയും സ്റ്റാന്‍ ലീക്ക് അനശ്വരത. 

സ്റ്റാന്‍ ലീയെക്കുറിച്ചു പറയുമ്പോള്‍ എടുത്തുപറയേണ്ട ചില പേരുകളുണ്ട്. ജാക്ക് കിര്‍ബി, സ്റ്റീവ് ഡിട്കോ തുടങ്ങിവയര്‍. ഈ ത്രിമൂര്‍ത്തികളാണ് ലോകമെങ്ങുമുള്ള കുട്ടികളുടെ ഹരമായി തുടങ്ങി സാഹസികതയ്ക്കും ഹരം കൊള്ളിക്കുന്ന കഥകള്‍ക്കും പുതിയ മാനം നല്‍കിയത്. 1922 ല്‍ ജനനം. സാമ്പത്തിക തകര്‍ച്ച വ്യാപകമായ കാലം. ഗ്രേറ്റ് ഡിപ്രഷന്‍ പിടിമുറുക്കിയ കാലഘട്ടം. ബന്ധു മാര്‍ട്ടിന്‍ ഗുഡ്മാന്‍ നടത്തിക്കൊണ്ടിരുന്ന ഒരു പ്രസിദ്ധീകരണസ്ഥാപനത്തില്‍ ലീയ്ക്ക് ജോലി കിട്ടി. അന്നദ്ദേഹത്തിനു 17 വയസ്സ് മാത്രം. വീരസാഹസിക കഥാപാത്രങ്ങള്‍ക്കു തിരക്കഥ എഴുതിക്കൊണ്ടായിരുന്നു തുടക്കം. 1941 ബന്ധു ഗുഡ്മാന്‍ പബ്ളിഷറുമായി തെറ്റിപ്പിരിഞ്ഞു. അതോടെ 19-ാം വയസ്സില്‍ സ്റ്റാന്‍ലീ എഡിറ്റര്‍ ഇന്‍ ചീഫ് എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സൈന്യത്തിനുവേണ്ടി കുറച്ചുകാലം കോപ്പി  എഡിറ്ററായി ജോലി ചെയ്തതു മാറ്റിനിര്‍ത്തിയാല്‍ പിന്നീടുള്ള 20 വര്‍ഷക്കാലം സ്റ്റാന്‍ ലീ ഒരു നിമിഷം പോലും പാഴാക്കാതെ ജോലി ചെയ്തു. 

കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്റ്റാന്‍ ലീ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിരാളികള്‍ സൃഷ്ടിച്ച സൂപ്പര്‍ ഹീറോസ് നന്നായി ക്ലിക്ക് ആയി. ലീയുടെ കമ്പനിക്കും എന്തെങ്കിലും ചെയ്യാതിരിക്കാനാവാത്ത സ്ഥിതി വന്നു. വര്‍ഷം 1974. സ്വന്തമായി, പ്രത്യേകതയുള്ള എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന അവസ്ഥയായി. ലോകം ആവശ്യപ്പെടുന്നതു കൊടുക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥ. ജാക്ക് കിര്‍ബിക്കുവേണ്ടി സ്റ്റാന്‍ ലീ ഒരു തിരക്കഥയെഴുതി. ബാക്കിയെല്ലാം ചരിത്രം. പക്ഷേ, ഫന്റാസ്റ്റിക് ഫോറിന്റെ രചനാത്തുടക്കത്തെക്കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് കിര്‍ബി പങ്കുവയ്ക്കുന്നത്. ഫന്റാസ്റ്റിക് ഫോര്‍ തന്റെ മാത്രം ആശയമായിരുന്നെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നുംകൂടി അദ്ദേഹം അവകാശപ്പെട്ടു. താനും ലീയും ഒരുമിച്ച് ഒരക്ഷരം പോലും എഴുതിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷം മാര്‍വല്‍ കമ്പനിയില്‍നിന്നും ദശലക്ഷങ്ങളുടെ ഒരു ഓഫര്‍ ലഭിച്ചതിനുശേഷം മാത്രമാണ് ലീയെയും കിര്‍ബിയെയും സഹ എഴുത്തുകാര്‍ എന്നു വിശേഷിപ്പിച്ചതും. 

ഫന്റാസ്റ്റിക് ഫോറിന്റെ പിറവിക്കുശേഷം ലീക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പിന്നീട് ലോകം ആരാധനയോടെ കണ്ട കഥാപാത്രങ്ങള്‍ ഒന്നൊന്നായി അദ്ദേഹത്തിന്റെ ഭാവന സൃഷ്ടിച്ചു. സ്പൈഡര്‍മാന്‍, അയണ്‍മാന്‍, ഡോക്ടര്‍ സ്ട്രെയിഞ്ച്, സില്‍വര്‍ സര്‍ഫര്‍ തുടങ്ങിയവര്‍. കഥാപാത്രങ്ങളുടെ എണ്ണം കൂടിയതോടെ യാഥാര്‍ഥ്യത്തില്‍നിന്നു മാറിയുള്ള ഒരു സങ്കല്‍പലോകം തന്നെ ലീ സൃഷ്ടിച്ചു. ഒരു കഥ മറ്റൊരു കഥയുമായി കൂടിക്കലര്‍ന്നു. ഒരു  കഥാപാത്രം മറ്റു കഥകളിലും ഇടപെട്ടുതുടങ്ങി. ഒരു പുസ്തകം മാത്രം വായിക്കാതെ ലീയുടെ എല്ലാ പുസ്തകങ്ങളും വാങ്ങിവായിക്കേണ്ടിവന്നു കഥ പൂര്‍ണമായി മനസ്സിലാകാന്‍. 

മുപ്പതുവര്‍ഷത്തോളം ഒരുവരിയെങ്കിലും എഴുതാത്ത ഒരുദിവസം പോലും ഉണ്ടായില്ല ലീയുടെ ജീവിതത്തില്‍. തിരക്കിന്റെയും ഭാവനയുടെയും ദിവസങ്ങള്‍. 1972-ല്‍ അദ്ദേഹം പുതിയൊരു ദൗത്യം ഏറ്റെടുത്തു. മാര്‍വല്‍ കോമിക്സിന്റെ പബ്ലിഷര്‍. വര്‍ത്തമാന പത്രങ്ങളിലും ലീയുടെ കഥാപാത്രങ്ങള്‍ കാര്‍ട്ടൂണ്‍, കോമിക്സ് കോളങ്ങളായി വന്നുതുടങ്ങി. 

1980 ല്‍ അദ്ദേഹം ടെലിവിഷനിലും സിനിമയിലേയ്ക്കും തന്റെ കഥാപാത്രങ്ങളെ ഭാഗ്യപരീക്ഷണത്തിന് അയച്ചു. ആദ്യശ്രമങ്ങള്‍ പരാജയമായി. വെളിച്ചം കാണാത്ത വിഡിയോകള്‍ ഇരുട്ടില്‍ തപസ്സിരുന്നു. ഒടുവില്‍ പുതിയനൂറ്റാണ്ടിന്റെ തുടക്കം ലീക്ക് ഭാഗ്യം കൊണ്ടുവന്നു. അതോടെ സിനിമയില്‍ ലീ കഥാപാത്രങ്ങള്‍ പണവും പ്രശസ്തിയും വാരി ഒരു ജൈത്രയാത്ര തന്നെ തുടങ്ങി. 2017-ല്‍ ഭാര്യയുടെ മരണശേഷം തന്റെ പഴയ സ്ഥാപനവുമായി ചില കേസുകളില്‍ ഏര്‍പ്പെട്ട് കോടതി കയറേണ്ടിവന്നെങ്കിലും പിന്നീട് കേസുകളെല്ലാം അദ്ദേഹം പിന്‍വലിച്ചു. 

ഇത്രയും കഥാപാത്രങ്ങള്‍. കഥകള്‍. ചെറിയൊരു കാലയളവില്‍ ഇതെല്ലാം എങ്ങനെ ചെയ്തു എന്നു ചോദിച്ചാല്‍ ലീയുടെ മറുപടി വിനയത്തോടെയാണ്- പാട്ടുപാടിക്കൊണ്ട് ഒരു സംഗീതോപകരണം പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഗായകന്‍ എങ്ങനെയതെല്ലാം ചെയ്യുന്നുവെന്ന് ഞാന്‍ അതിശയിച്ചിട്ടുണ്ട്. എന്റെ കാര്യം പറഞ്ഞാല്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്നു. അതായിരുന്നു എനിക്കറിയാവുന്ന ഏകകാര്യം. ഞാന്‍ അതുനന്നായി ചെയ്തു- ലീ തന്റെ വിജയരഹസ്യം വെളിപ്പെടുത്തി.