Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൃത്തം ചെയ്യാതെ പോയ കുടകൾ

m-mukundan എം. മുകുന്ദൻ

മനഃസ്താപത്തില്‍നിന്നു മുക്തനല്ലാത്ത മാധവനില്‍നിന്നാണു നൃത്തം ചെയ്യുന്ന കുടകള്‍ തുടങ്ങുന്നത്. കുട നന്നാക്കുന്ന ചോയിയുടെ രണ്ടാം ഭാഗമെന്നോ പൂര്‍ത്തീകരണമെന്നോ വിശേഷിപ്പിക്കാവുന്ന എം.മുകുന്ദന്റെ പുതിയ നോവല്‍. ഫ്രാന്‍സിലേക്കു പോയ ചോയി തന്റെ മരണശേഷം മാത്രം തുറന്നുവായിക്കണമെന്നു ശട്ടം കെട്ടിയിരുന്ന ലക്കോട്ട് വായിക്കുന്ന മാധവനിലായിരുന്നു ചോയിയുടെ കഥ മുകുന്ദന്‍ അവസാനിപ്പിച്ചത്. 

ചോയിയുടെ ആഗ്രഹത്തിനു വിപരീതമായി ലക്കോട്ടില്‍ ഇല്ലാതിരുന്നതാണു മാധവന്‍ നാട്ടുകാരുടെ മുന്നില്‍ വായിച്ചത്. അങ്ങനെ തെറ്റിച്ചും തിരുത്തിയും വായിച്ചതിലൂടെ നാട്ടിലേക്കു കാവിയുടുപ്പുകാരെ കൊണ്ടുവന്നു. കാക്കി ട്രൗസറുകാരെ കൊണ്ടുവന്നു. തന്റെ വായനക്കാര്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം മാധവന്‍ വരുത്തിയ തിരുത്തില്‍ അസംതൃപ്തരാണെന്ന ബോധത്തില്‍നിന്നുമാണ് മുകുന്ദന്‍ ചോയിക്ക് രണ്ടാം ഭാഗം എഴുതുന്നത്. താനൊരു ഇന്ത്യന്‍ പൗരനാണെന്നും മരിച്ചുകഴിഞ്ഞാല്‍ ഭൗതികശരീരം ദേശീയപതാകയില്‍ പുതച്ച് ചിതയിലേക്ക് എടുക്കണമെന്നുമാണു ചോയി ആഗ്രഹിച്ചിരുന്നതെങ്കില്‍ കാവിപ്പതാക പുതപ്പിക്കണമെന്നു മാധവന്‍ തിരുത്തി വായിച്ചതോടെ അണഞ്ഞുപോയതു ചുവന്നവെളിച്ചം. അടഞ്ഞുപോയതു ചുവന്നകുട. മാധവന്‍ ഏറെ ആഗ്രഹിച്ചതും ഫ്രാന്‍സില്‍നിന്നു ചോയി കൊടുത്തുവിട്ടതുമായ ചുവന്ന വലിയ കുട. മാധവനെക്കൊണ്ടു വീണ്ടും കുട കയ്യിലെടുപ്പിക്കാന്‍ ശ്രമിക്കുന്ന മുകുന്ദനെ നൃത്തം ചെയ്യുന്ന കുടകളില്‍ കാണാം. ഒപ്പം കാവിയുടുപ്പുകാരെയും കാക്കി ട്രൗസറുകാരെയും നാട്ടില്‍നിന്നു തുരത്തുന്ന മാധവനെയും. 

തുടക്കം റിയലിസത്തിലായിരുന്നെങ്കിലും എം.മുകുന്ദന്‍ അറിയപ്പെടുന്നത് ആധുനികതയുടെ പ്രയോക്താവും പ്രചാരകനുമായി. എന്താണ് ആധുനികത എന്നൊരു പുസ്തകം തന്നെ അദ്ദേഹം എഴുതിയിട്ടുമുണ്ട്. ആധുനിക കാലത്തെ എഴുത്തുകാരില്‍ ഏറ്റവും ശക്തമായി അസംബന്ധജീവിതത്തിനു വ്യാഖ്യാനം ചമച്ച എഴുത്തുകാരനും മുകുന്ദന്‍ തന്നെയാണ്. ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഈ ലോകം അതിലൊരു മനുഷ്യന്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ഇന്നും വായിക്കപ്പെടുന്നുമുണ്ട്. ഈ കൃതികളുടെ പേരില്‍ വലിയ ആരോപണങ്ങളും എഴുത്തുകാരന്‍ നേരിട്ടിട്ടുണ്ട്. ഒരു തലമുറയെ വഴിപിഴപ്പിച്ചു എന്നതായിരുന്നു ആരോപണങ്ങളില്‍ പ്രധാനം. ചരസ്സു വലിക്കാനും കഞ്ചാവു വലിക്കാനും പ്രലോഭിപ്പിപ്പിച്ചെന്ന കുറ്റം. ജീവിതത്തെയും പ്രണയത്തെയും തള്ളിക്കളഞ്ഞ് അസംബന്ധവിചാരങ്ങളില്‍ മുഴുകാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റം. ദശകങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍നിന്നു തിരിച്ചുവന്നപ്പോള്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുമുണ്ട് മുകുന്ദന്‍. 

അന്നോ അതിനുശേഷമോ അദ്ദേഹം മനസ്താപമോ പശ്ഛാത്താപമോ പ്രകടിപ്പിച്ചിട്ടില്ല. പ്രായശ്ചിത്തം അദ്ദേഹത്തെക്കൊണ്ട് ഒരു ചെറുകഥ പോലും എഴുതിച്ചിട്ടുമില്ല. ആധുനികത കൊടിയിറങ്ങി ഉത്തരാധുനികതയുടെ കൊടി ഉയര്‍ന്നപ്പോള്‍ ആദിത്യനും രാധയും മറ്റുചിലരും എന്ന നോവലിലൂടെ പുതിയ പ്രസ്ഥാനത്തിന്റെയും പ്രചാരകനായിട്ടുണ്ട് മുകുന്ദന്‍. എഴുതിയതിലെല്ലാം ഉറച്ചുനില്‍ക്കുകയും വീണ്ടുമെഴുതാന്‍ ധൈര്യം കാണിക്കുകയും ചെയ്ത അതേ മുകുന്ദന് പക്ഷേ, ചോയിയുടെ കാര്യത്തില്‍മാത്രം വീണ്ടുവിചാരം ഉണ്ടായി. മനഃസ്താപം ഉണ്ടായി. പ്രായശ്ചിത്തമായി ഒരു നോവല്‍തന്നെ എഴുതുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ എഴുത്തച്ഛന്‍ പുരസ്കാരത്തിനും അര്‍ഹനായ മുകുന്ദന്റെ വീണ്ടുവിചാരത്തില്‍ എത്രമാത്രം സത്യസന്ധതയുണ്ട്. ആത്മാര്‍ഥതയും പ്രതിബദ്ധതയുമുണ്ട്. എവിടെയാണ്, ഏതുപക്ഷത്താണ് എഴുത്തുകാരന്‍ നില്‍ക്കുന്നത്? 

വായനാക്ഷമമായ നോവലുകളാണ് കുട നന്നാക്കുന്ന ചോയിയും നൃത്തം ചെയ്യുന്ന കുടകളും. മുന്‍ നോവലുകളില്‍നിന്നു വ്യത്യസ്തമായി ഈ രണ്ടു കൃതികളിലും ഒരൊറ്റ വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ചാണു മുന്നേറുന്നത്. കുട നന്നാക്കുന്ന ചോയിയില്‍ അതു ചോയി 14 വയസ്സുകാരന്‍ മാധവനെ ഏല്‍പിച്ച ലക്കോട്ടായിരുന്നു. ലക്കോട്ടില്‍ എന്തുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം തേടുകയായിരുന്നു നോവല്‍. അതിനൊപ്പം ഒരു വീടു പോലെ സുഖദുഃഖങ്ങള്‍ പങ്കുവച്ചു കഴിയുന്ന ഒരു നാടിന്റെ കഥയും. ചോയിനോവലിന്റെ അവസാനതാളില്‍ ലക്കോട്ടിന്റെ ഉള്ളടക്കവും മാധവന്റെ തിരുത്തും വരുത്തി നോവല്‍ കയ്യിലെടുക്കുന്നവര്‍ അവസാനതാള്‍ വരെ വായിച്ചുവെന്നത് മുകുന്ദന്‍ ഉറപ്പാക്കുന്നു. നൃത്തം ചെയ്യുന്ന കുടകളില്‍ എത്തുമ്പോള്‍ ചോയിയിലെ അതേ കഥാപാത്രങ്ങള്‍തന്നെയാണു വായനക്കാരെ കാത്തിരിക്കുന്നത്. അന്തോണി സായിവും വിദ്വാന്‍ കുഞ്ഞിരാമക്കുറുപ്പു മാഷും വളവില്‍ ആന്റണി പൊലീസും നൂറു കുമാരനും മാധവി അമ്മായിയും കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയും കമലേച്ചിയും വനജയും രാധയുമെല്ലാം. കുട നന്നാക്കുന്ന ചോയിയില്‍ ഈ കഥാപാത്രങ്ങളെ രസംപിടിച്ചിരുന്നു വായിക്കുന്നവര്‍ പോലും നൃത്തം ചെയ്യുന്ന കുടകളില്‍ എത്തുമ്പോള്‍ കുറച്ചൊന്നു മടുക്കാതിരിക്കില്ല. അവരുടെ രുപഭാവങ്ങളും വേഷവിധാനങ്ങളും കൊച്ചുകൊച്ച് ആഗ്രഹങ്ങളുംപോലും വിശദമായി പ്രതിപാദിക്കുന്നതില്‍ താല്‍പര്യം നഷ്ടപ്പെടുന്നതായും തോന്നും. പ്രത്യേകിച്ച് ഒരു വികാരവും സൃഷ്ടിക്കാത്ത വര്‍ണനകള്‍ ചില പേജുകള്‍ വായിക്കാതെ വിടാന്‍പോലും വായനക്കാരെ പ്രേരിപ്പിച്ചേക്കാം. പിടിച്ചിരുത്തി വായിപ്പിച്ച, വായനയിലൂടെ ആസ്വാദകരെ അസ്വസ്ഥതയിലേക്കു തള്ളിവിട്ട ഒരെഴുത്തുകാരനാണ് ഈ ദുര്യോഗം. 

പാപപുണ്യങ്ങളുടെ ഇടുങ്ങിയ സമതലങ്ങള്‍ക്കപ്പുറം വിശാല മാനവികതയില്‍ ജീവിതത്തിന്റെ അര്‍ഥം തേടിപ്പോയ കഥാപാത്രങ്ങളെ സൃഷ്ടിച്ച അതേ എഴുത്തുകാരന്‍ പാപം ചെയ്തുവെന്ന വിചാരത്താല്‍ നടത്തുന്ന പ്രായശ്ചിത്തം. ഒരുപക്ഷേ, മകുന്ദന്റെ എഴുത്തുജീവിതത്തില്‍ ഇതാദ്യമായിരിക്കണം കഥാപാത്രങ്ങള്‍ മനസ്സിനെ സ്പര്‍ശിക്കാതെ പോകുന്നത്. കഥ വെറും കഥയാകുകയും ജീവിതത്തില്‍നിന്ന് അകലുകയും ചെയ്യുന്നത്. ചരസ്സു വലിക്കാനും കഞ്ചാവു പുകയ്ക്കാനും പറയാതിരുന്നപ്പോള്‍പ്പോലും അവയെ ആശ്രയിച്ച വായനാസമൂഹം ഇവിടെ എഴുത്തുകാരന്‍ ആഗ്രഹിക്കുന്നതുപോലെ ചുവന്ന കുട വീണ്ടുമെടുക്കുമോ? ചുവന്ന കുടയെ ഒരു സഖാവിനെയെന്നവണ്ണം അഭിവാദ്യം ചെയ്യുമോ? മുകുന്ദന്റെ ഏറ്റവും പ്രിയപ്പെട്ട ആരാധകര്‍പോലും അത്തരം മൂഡവിശ്വാസങ്ങള്‍ പുലര്‍ത്തുമെന്നു കരുതാന്‍വയ്യ. അഥവാ രചനയിലൂടെ വിശ്വാസ്യതയും പ്രതിബദ്ധതയും തെളിയിക്കുന്നതില്‍ എഴുത്തുകാരന്‍ പൂര്‍ണമായും പരാജയപ്പെടുന്നതിന്റെ ദയനീയ ചിത്രങ്ങളാണ് കുട നന്നാക്കുന്ന ചോയിയും അതില്‍ക്കൂടുതലായി നൃത്തം ചെയ്യുന്ന കുടകളും. 

മയ്യഴിപ്പുഴയിലെ ദാസനും ചന്ദ്രികയും. വെള്ളിയാങ്കല്ല്. തുമ്പികള്‍. മലയാളം ഇന്നും വാഴ്ത്തുന്ന കഥാപാത്രങ്ങളും ബിംബങ്ങളും. തലമുറകള്‍ ഏറ്റെടുത്ത സാംസ്കാരിക ചിഹ്നങ്ങള്‍. ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിലെ രമേശ് പണിക്കരും സുജാതയും. ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോന്‍സച്ചന്‍. പേരെടുത്തുപറഞ്ഞാല്‍ എത്രയെത്ര കഥാപാത്രങ്ങള്‍. കഥകള്‍. കല്‍പനകള്‍. ചോയിയും ചോയിയുടെ നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്ന ചുവന്ന കുടയുമാകട്ടെ മുകുന്ദന്റെ മുന്‍നോവലുകളുടെ ഒരു പാരഡി പോലെയോ അനുകരണം പോലെയോ മാത്രമായാണ് അനുഭവപ്പെടുന്നത്. വായനാക്ഷമതയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും കഥ പറയാനുള്ള എഴുത്തുകാരന്റെ കഴിവും സൂക്ഷമമായ വസ്തുതകളില്‍പ്പോലുമുള്ള ശ്രദ്ധയും അഭിനന്ദിക്കപ്പെടുമെങ്കിലും ആശയപരമായും അനുഭവപരമായും പരാജയപ്പെടാനാണ് ഈ രണ്ടു നോവലുകളുടെയും വിധി. 

പക്ഷം ഏതെന്നു ചോദിക്കുന്നവരോടും സംശയമുള്ളവരോടും താന്‍ ചുവപ്പിന്റെ പക്ഷത്താണെന്നു പറയാനുള്ള വൃഥാശ്രമം. ചുവന്ന കുട ഇന്നും തനിക്കു പ്രിയപ്പെട്ടതെന്ന് വിശ്വസിപ്പിക്കാനുള്ള കഠിനപരിശ്രമം. സഖാവ് എന്ന വാക്കിന് അര്‍ഥം നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യപ്പെടുത്താനുള്ള വ്യായാമം. കാവിയുടുപ്പുകാര്‍ക്കും കാക്കിട്രൗസറുകാര്‍ക്കും ഈ നാട്ടില്‍ ഇനിയും സ്ഥാനമില്ലെന്നു ദുര്‍ബലമായി ആവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരന്റെ കോമാളിനാട്യം. 

വിദ്വാന്‍ കുഞ്ഞിരാമന്‍ മാഷ് പടച്ചോനെ കാണാന്‍പോകുന്നുവെന്ന വാര്‍ത്തയറിയുമ്പോള്‍ അയാളെ ഉറങ്ങാന്‍പോലും സമ്മതിക്കാതെ ആവശ്യങ്ങളുടെ പട്ടിക നിരത്തിയെത്തുന്നവരെ കാണാം നൃത്തം ചെയ്യുന്ന കുടകളിലെ ദൈവത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റ് എന്ന അധ്യായത്തില്‍. കറുത്ത കണ്ണടയും കളസവും പിത്തളക്കുടവും ചിറി ചോപ്പിക്കുന്ന ചായവും മുത്തുമാലയുമൊക്കെയാണ്  നാട്ടുകാരുടെ ആവശ്യങ്ങള്‍. ദൈവത്തിന് സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടെന്നാണോ ഇവരുടെ വിചാരം എന്നു തോന്നിപ്പിക്കുന്ന ആവശ്യങ്ങള്‍. വായനയിലുടനീളം വായനക്കാര്‍ കൊണ്ടുനടന്ന കഥാപാത്രങ്ങള്‍ ദൈവങ്ങളോട് സമ്മാനങ്ങള്‍ ചോദിക്കാന്‍ മാത്രം നിഷ്കളങ്കരും നിരുപദ്രവികളുമാണോ എന്ന സംശയം സ്വാഭാവികം. യുക്തിയെയും വിവേചനബുദ്ധിയെയും തള്ളിക്കളഞ്ഞ്, ഒരുപക്ഷേ ഒരിക്കലും എങ്ങും നിലവിലില്ലാതിരുന്ന ഒരു ഉട്ടോപ്പിയ ആയിരിക്കണം കുട നന്നാക്കുന്ന ചോയിയുടെയും നൃത്തം ചെയ്യുന്ന കുടകളെയും ഭൂമികയായ മയ്യഴി. അവിടെയായിരിക്കണം ചോയി ജീവിച്ചിരുന്നത്. മാധവനും വനജയും രാധയും ജീവിച്ചിരുന്നത്. അവരുടെ കഥകള്‍ വെറും കെട്ടുകഥകള്‍ മാത്രമായി മനസ്സിനെ സ്പര്‍ശിക്കാതെ കടന്നുപോകുന്നതിന്റെ ഉദാഹരണങ്ങളാണ് കൃതഹസ്തനായ, മലയാളത്തിന്റെ അഭിമാനമായ എം.മുകുന്ദന്റെ കുട നന്നാക്കുന്ന ചോയിയും നൃത്തം ചെയ്യുന്ന കുടകളും. മാധവന്‍ നന്നാക്കിയെങ്കിലും നിശ്ചലമാണ് ആ ചുവന്ന കുട. നിശ്ശബ്ദമാണ്. നൃത്തം ചെയ്യുന്നതുപോയിട്ട് അലങ്കാരമാകുമെന്നുപോലും വിചാരിക്കാനാകാത്ത കുട. 

അരികില്‍ക്കിടക്കുന്ന പഴയ ചുവന്ന കുട മാധവന്‍ കൈയിലെടുത്തു.