Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇത് ആവിഷ്കാരസ്വാതന്ത്ര്യല്ല, ഇത്തിൾക്കണ്ണി കൃഷി' എൻ.എസ്. മാധവൻ

എൻ. എസ്. മാധവൻ
unni-r-writer

ഉണ്ണി. ആറിന്റെ പ്രശസ്ത കഥയായ ‘വാങ്ക്’ ഒരു കൂട്ടർ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ, ‘കിത്താബ്’ എന്ന പേരിൽ നാടകമാക്കി ജില്ലാ സ്കൂൾ കലോൽസവത്തിൽ അവതരിപ്പിച്ചു. തന്റെ കഥയുടെ രാഷ്ട്രീയം പൂർണമായി ചോർത്തിക്കളഞ്ഞ്, പകരം ‘ഇസ്‌ലാംഭയം’ കുത്തിനിറച്ചതായി കഥാകൃത്തിനു തോന്നി. ആ നാടകം തന്റേതല്ലെന്ന് അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു. 

ഇത് ആദ്യമായിട്ടല്ല നടക്കുന്നത്. ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഒരു കൂട്ടർ വിജയന്റെ അനന്തരാവകാശികളിൽ നിന്നു സമ്മതം വാങ്ങാതെ നാടകമാക്കി വിജയകരമായി അവതരിപ്പിച്ചു. മഹത്തായ സാഹിത്യകൃതികളെ സമകാലികരുചികൾക്കും രാഷ്ട്രീയത്തിനും അനുസൃതമായി വളച്ചൊടിച്ചു കയ്യടി വാങ്ങുന്നതിൽ പരാന്നഭോജനത്തിന്റെ സുഖമേയുള്ളു. വിജയന്റെ മകൻ മധു ഇതിനെതിരായി കോടതിയിൽനിന്നു സ്റ്റേ വാങ്ങി. 

എഴുത്തുകാരന് അല്ലെങ്കിൽ എഴുത്തുകാരിക്ക് സ്വന്തം സൃഷ്ടി, അതിന്റെ ഊന്നൽ, അതിന്റെ രാഷ്ട്രീയവിവക്ഷകൾ എന്നിവയ്‌ക്കുമേൽ ഉടമസ്ഥാവകാശം ഉറപ്പിക്കാനാണ് കോപ്പിറൈറ്റ് നിയമം. ഇന്ത്യയിൽ എഴുത്തുകാർ മരിച്ചതിനു ശേഷം 60 കൊല്ലംവരെ കൃതികളുടെ പകർപ്പവകാശം അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്കുള്ളതാണ്. 

പകർപ്പവകാശം എഴുത്തുകാരന് അല്ലെങ്കിൽ എഴുത്തുകാരിക്ക്, മലയാളംപോലെ വലിയ പുസ്തകവിപണിയില്ലാത്ത ഭാഷയിൽ വാണിജ്യപരമായ ഗുണം ചെയ്യുന്നുണ്ടെന്നത് അത്ര പ്രധാനമല്ല. അതിനപ്പുറം, തന്റെ കൃതിയുടെ അന്തഃസത്തയും സൗന്ദര്യവും രാഷ്ട്രീയവും രൂപാന്തരത്തിൽ നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള അവസരം ലഭിക്കുന്നു. അതായത് ഒരു സാഹിത്യകൃതിയെ അതെഴുതിയ മട്ടിൽ കുറച്ചുകാലം ജീവിക്കാൻ അനുവദിക്കുക. അതിനുശേഷം പൊതുമണ്ഡലത്തിൽ എത്തുമ്പോൾ, അല്ലെങ്കിൽ എഴുതിയ ആളിന്റെ സമ്മതത്തോടെ, അല്ലെങ്കിൽ രചയിതാവ് പകർപ്പവകാശം സ്വയം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ മാത്രം, മറ്റുള്ളവർ അതിൽ കൈവയ്ക്കുക. 

എഴുത്തുകാരെ ഇരുട്ടിൽ നിർത്തി അവരുടെ കൃതികളിലൂടെ ആരെങ്കിലും അവരുടെ സർഗാത്മകത തുറന്നുവിടുകയാണെങ്കിൽ അതിനെ ആവിഷ്കാരസ്വാതന്ത്ര്യം എന്നു വിളിക്കാൻ പറ്റില്ല. മറിച്ച്, അത് ഇത്തിൾക്കണ്ണി കൃഷിയാണ്.