Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിത അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം : രമേശൻ നായർ

s-rameshan-nair

കവിയും ഗാനരചയ്താവുമായ എസ്. രമേശൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ചൈതന്യം അക്ഷരങ്ങളിലാവാഹിച്ച ഗുരുപൗര്‍ണമി എന്ന കാവ്യത്തിനാണ് പുരസ്കാരം. 450 ഓളം ചലച്ചിത്ര ഗാനങ്ങൾ എസ്. രമേശൻ നായർ രചിച്ചിട്ടുണ്ട്. പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മലയാള കവിതയുടെ തിരിച്ചുവരവാണ് ഉണ്ടായതെന്നും എസ്.രമേശൻ നായർ പ്രതികരിച്ചു. കേന്ദ്രപുരസ്കാരം ലഭിച്ചു എന്നതിനൊപ്പം കന്യാകുമാരി ജില്ലയുടെ ഹൃദയമിടുപ്പുകൂടി ചേർന്ന മലയാളം അംഗീകരിക്കപ്പെട്ടു എന്നതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞനൂറ്റാണ്ടിൽ കേരളത്തിൽ സംഭവിച്ച ഏറ്റവും മഹദ് ജനനം ശ്രീനാരായണ ഗുരുവിന്റേതാണ്. അദ്ദേഹത്തെ വേണ്ടവിധം വിലയിരുത്തുവാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്റെ ഭാഗത്തു നിന്ന് അതിനൊരു തിരുത്തൽ എന്ന രീതിയിൽ പിറന്ന കാവ്യമാണ് ഗുരുപൗര്‍ണമി.

കവിത വായിക്കുന്ന ആളും കവിതയ്ക്കുവേണ്ടി മെനക്കെടേണ്ടതുണ്ട്. കവിത അത്രപെട്ടന്ന് മനസിലാവില്ല എന്നൊരു ധാരണ ചിലരിലുണ്ട്. അത് കവിത വായനക്കരുടെ എണ്ണം കുറയ്ക്കാൻ ഒരു കാരണമാകും. മലയാളകവിത അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലിഷ് വിഭാഗത്തിലുള്ള പുരസ്കാരം മലയാളിയായ അനീസ് സലിം 'ദ ബ്ലൈന്‍ഡ് ലേഡീസ് ഡിസന്‍ഡന്റ്സ്' എന്ന നോവലിനു ലഭിച്ചു.