Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധികർത്താവാകാൻ ഇല്ലെന്ന് അറിയിച്ചിരുന്നു; ദീപ നിശാന്തിന്റെ കുറിപ്പ്

deepa-nisanth ദീപാ നിശാന്ത് (ചിത്രത്തിന് സമൂഹമാധ്യമത്തോട് കടപ്പാട്)

കവിതാ വിവാദത്തിന്റെ അടിസ്ഥാനത്തിൽ കലോത്സവ ജൂറിയിൽ നിന്നും വിട്ടു നിൽക്കാമെന്ന അഭിപ്രായം ക്ഷണിച്ചവരോട് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് ദീപാ നിശാന്ത്. 'രണ്ടാഴ്ച മുൻപാണ് കലോത്സവ ജൂറിയിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടിയത്. ഞാനത് സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കാലമായുള്ള വിവാദപശ്ചാത്തലത്തിൽ വിധികർത്താവിന്റെ വേഷത്തിൽ നിന്നും വിട്ടു നിൽക്കാമെന്ന എന്റെ അഭിപ്രായം എന്നെ ക്ഷണിച്ചവരോട് നേരത്തെ തന്നെ ഞാനറിയിച്ചിരുന്നു.' എന്ന് ദീപാ നിശാന്ത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

ദീപാ നിശാന്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ–

ഇന്നലെ സംസ്ഥാനകലോത്സവവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മേൽപ്പറഞ്ഞ വിവാദം ഞാൻ ക്ഷണിച്ചു വരുത്തിയതാണെന്നും അതൊഴിവാക്കാമായിരുന്നുവെന്നുമുള്ള അഭിപ്രായങ്ങൾ പലതും കണ്ടു. ആരോഗ്യകരമായ എല്ലാ വിമർശനങ്ങളേയും ഞാൻ സ്വാഗതം ചെയ്യുന്നു. അതിനു പിന്നിലെ ചേതോവികാരം മാനിക്കുന്നു.

രണ്ടാഴ്ച മുൻപാണ് കലോത്സവ ജൂറിയിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടിയത്. ഞാനത് സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കാലമായുള്ള വിവാദപശ്ചാത്തലത്തിൽ വിധികർത്താവിന്റെ വേഷത്തിൽ നിന്നും വിട്ടു നിൽക്കാമെന്ന എന്റെ അഭിപ്രായം എന്നെ ക്ഷണിച്ചവരോട് നേരത്തെ തന്നെ ഞാനറിയിച്ചിരുന്നു. പൊതുമണ്ഡലത്തിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനം അബദ്ധമാണെന്നും, ഈയൊരൊറ്റ വിവാദം കൊണ്ട് നശിച്ചുപോകേണ്ടതല്ല എന്റെ ഭാവി പ്രവർത്തനങ്ങളെന്നും പറഞ്ഞ് ആ തീരുമാനത്തോട് ശക്തമായ വിയോജിപ്പ് അറിയിച്ചതനുസരിച്ചാണ് ഞാൻ ആലപ്പുഴയിലേക്ക് പോയത്. കവിതയുമായി ബന്ധപ്പെട്ട വിവാദം ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ഒഴിഞ്ഞു മാറിയാലാണ് അത് ചർച്ചയാവുകയെന്നും പറഞ്ഞപ്പോൾ ഞാനാ വാക്കുകൾ മാനിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരുദ്യോഗസ്ഥനിൽ നിന്നുമുണ്ടായ, എനിക്ക് മാനസികമായി ഊർജം പകർന്ന ആ വാക്കുകളെ ഞാൻ കൃതജ്ഞതയോടെ തന്നെ ഇപ്പോഴും ഓർക്കുന്നു.

ആലപ്പുഴയിലെത്തിയപ്പോൾ, സംഭവം വിവാദമായ സന്ദർഭത്തിൽ എന്നെ വിളിച്ച്, ഞാൻ സ്വമേധയാ മടങ്ങിപ്പോകുകയാണെന്ന് മാധ്യമപ്രവർത്തകരെ അറിയിക്കാൻ പറഞ്ഞപ്പോൾ എനിക്കത് അപമാനകരമായി തോന്നി. പാതിരാത്രി ഒരു കാറിൽ ആലപ്പുഴയിലേക്ക് പുറപ്പെട്ടത് ജൂറിയായിരിക്കാനുള്ള മോഹം കൊണ്ടല്ല. എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം തീർക്കണമെന്ന കർത്തവ്യ ബോധമുള്ളതുകൊണ്ട് മാത്രമാണ്. ഞാൻ ആ അഭിപ്രായത്തോട് വിയോജിച്ചു. സ്വമേധയാ ഞാനൊഴിയില്ലെന്നും എന്നെ ഒഴിവാക്കണമെങ്കിൽ ആവാമെന്നും പറഞ്ഞു. അൽപ്പസമയം കഴിഞ്ഞപ്പോൾ എന്നെ വിളിച്ച് വിധി നിർണയം ആരംഭിച്ചോളാൻ അറിയിച്ചതനുസരിച്ച് ഞാൻ എന്നെ ഏൽപ്പിച്ച ജോലിയിലേർപ്പെട്ടു. അത് ഭംഗിയായി തീർക്കുകയും ചെയ്തു.

അതേ ദിവസം തന്നെ ഉച്ചയ്ക്ക് 3.30 ന് ആലപ്പുഴ മണ്ണഞ്ചേരിയിൽ ഒരു പാലിയേറ്റീവ് സംഗമത്തിന്റെ ഉദ്ഘാടനവും ഏറ്റിരുന്നു. ആ പരിപാടിയുടെ മുഖ്യ സംഘാടകനോട് ഞാൻ ഇത്തരമൊരു വിവാദ പശ്ചാത്തലത്തിൽ ആ പരിപാടിയിൽ ഞാൻ പങ്കെടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. ഒഴിവാകാൻ പരമാവധി ശ്രമിച്ചിരുന്നതുമാണ്. ഇച്ഛാശക്തിയുള്ള ആ സംഘാടകരുടെ നിർബന്ധമാണ് ആ പരിപാടിയിൽ പങ്കെടുക്കാനുള്ള കാരണം. വളരെ ഭംഗിയായി സംഘടിപ്പിക്കപ്പെട്ട ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ ആഹ്ലാദകരമായ അനുഭവം തന്നെയായിരുന്നു. അതിന് അവസരമൊരുക്കിയതിന് ഞാൻ പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ സംഘാടകരോട് നന്ദി പറയുന്നു.