Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിഞ്ഞ മൂന്നു വർഷമായി ഇതാണ് ന്യൂ ഇയർ 'പ്രതിജ്ഞ', ഈ വർഷമെങ്കിലും...

Arya Gopi ആര്യാ ഗോപി

ഒരു പുതുവർഷപ്രതിജ്ഞയ്ക്കും ആഗ്രഹങ്ങളെ വരുതിയിലാക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റയാനെപ്പോലെ തോന്നിയവഴിക്ക് ഓടിപ്പോകുന്ന ചിന്തയും സ്വപ്നങ്ങളും നിശ്ചയദാർഢ്യങ്ങൾ പല ലക്ഷ്യങ്ങളിലേക്ക് ഉന്നം വയ്ക്കുന്നു. ഒരിടത്തേക്കും കുറുക്കുവഴികളില്ല എന്നു ബോദ്ധ്യപ്പെടുത്തുന്ന അനുഭവ കാവ്യങ്ങൾ. ആത്മസംഘർഷത്തിലകപ്പെട്ട മനുഷ്യർ പ്രതീക്ഷ കൈവിടാതെ ഒഴുക്കിനെതിരെ വീണ്ടും മുന്നേറുന്നു. 

2015–ന്റെ പകുതിയിലാണ് വീട് എന്ന സങ്കൽപ്പം മനസ്സിൽ കൂടുകൂട്ടിയത്. സ്വയം ചെയ്തെടുക്കാവുന്ന മറ്റേതു സ്വപ്നങ്ങളെയും പോലെയായിരുന്നില്ല അത്. നമ്മുടെ ഭാവനയ്ക്കൊപ്പം ഒരുപാട് പേരുടെ അദ്ധ്വാനവും വിയർപ്പും കൂടിച്ചേരേണ്ടുന്ന കർമ്മം. ബാല്യം മുതൽ പുലർന്നിടത്തെല്ലാം അച്ഛനമ്മമാർക്കൊപ്പം ഞങ്ങൾ പാർത്തത് ഹൃദയത്തിന്റെ വീട്ടിലായിരുന്നു. ആകാശത്തിലെ സ്വർഗ്ഗം ഭൂമിയിലെ ഞങ്ങളുടെ വീടുകളിൽ നിത്യം ഉണർന്നുറങ്ങി. ആ പാരസ്പര്യലയത്തിലാണ് കുടുംബമെന്ന പവിത്രമായ യഥാർഥ്യം മൺവേരിന്റെ തഴമ്പിലേക്ക് ആഴ്ന്നിറങ്ങുന്നത് കണ്ടത്. അവിടെ സൗഹൃദങ്ങളുടെയും കാരുണ്യത്തിന്റെയും കൈത്താങ്ങുകളുടെയും വാത്സല്യത്തിന്റെയും പച്ചയടയാളങ്ങൾ ബാക്കി കിടന്നു. 

വിവാഹശേഷം ആദ്യവർഷങ്ങളിൽ വാടക ഫ്ലാറ്റുകൾ നിലം തൊടാമൺ വീടുപോലെ ശ്വാസം മുട്ടിച്ചു. പ്രണയം പുകച്ച് തീകാഞ്ഞും ശമ്പളം ചെലവിട്ട് പുസ്തകം വാങ്ങിയും ദൂരദേശങ്ങളിൽ യാത്രകൾ പോയി വന്നും ആ വീടുകളെയും ഞാൻ മൺവേരിൽ നിന്ന് മുളച്ച ഇലത്തഴപ്പിന്റെ തണലായി മാറ്റാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. 

‘‘കവിത ചുരന്ന്

ഞാനൊരു 

വീടുപണിതു...

കഥകൾ മെനഞ്ഞ്

നീയൊരു

മേൽക്കൂര തീർത്തു....’’

എന്നൊരു കവിതയിൽ അക്കാലത്ത് എഴുതിയത് എത്ര ആത്മാർത്ഥമായിട്ടായിരിക്കണം! വാക്കുകൾ കൊണ്ട് എത്രയെത്ര വീടുകളാണ് ഓരോ കവിയും നിത്യം പണിയുന്നത്. കവിത വെട്ടി തിരുത്തും പോലൊരു പുതുക്കിപ്പണിയൽ മറ്റെന്തുണ്ട് ലോകത്തിൽ?

ചുറ്റോടുചുറ്റും നീളൻ വരാന്തയും ആമ്പൽപൊയ്കയും നീന്തൽക്കുളവും പുഴയോരവും കടൽത്തീരവും മലഞ്ചെരിവും മയിലാടുംകുന്നും അങ്ങനെ വീടിന്റെ പശ്ചാത്തലമായി മനസ്സില്‍ നിറം ചാർത്തിത്തുടങ്ങിയതെപ്പോഴാണ്?!

‘‘ഓരോ വീടിനും

ഒരായിരം വാതിലുകളുണ്ട്

കണ്ണാടി വീടുകൾക്കെല്ലാം 

മരുഭൂമിയിലേക്കു തുറക്കുന്ന

മറുവാതിലുകളുണ്ട്

ഹൃദയ വീടുകൾക്കെല്ലാം 

വസന്തകാലത്തേക്ക്

കണ്ണും നട്ടിരിക്കുന്ന 

പ്രണയവാതിലുകളുണ്ട്

വേരാഴ്ത്താതെ

വളർന്ന മരങ്ങളുടെ നടുവിൽ 

വാതിലില്ലാത്ത വീടുകളുടെ 

ശവകുടീരത്തിൽ

വീടുകളില്ലാതായവർ

പൂക്കൾ വെയ്ക്കുന്നു...!!!

വീടുകളില്ലാതായവരുടെ വ്യഥയും േവവലാതിയും കവിതയായി പരിണമിച്ച രാത്രിയിൽ പ്രാണനെ കുടിയിരുത്തുന്ന ശരീരമെന്ന വീടിനെപ്പറ്റി ധ്യാനിച്ച് ഉറമിളച്ചിരുന്നു. ജീവിക്കുന്ന വീടകങ്ങൾ കവിതകൾക്ക് കൂട്ടിരുന്നു. 

ഭാവനയിലെ വീടിന് ഇളം പച്ച നിറമായിരുന്നു. നിശ്വാസത്തിന്റെ ജലസ്പർശം നിറങ്ങളായി അതിനോട് ചേർന്നിരുന്നു. ചെങ്കല്ലിന്റെ പ്രാചീനതയും കളിമൺ തറയുടെ കുളിരും പുസ്തക മണം നിറഞ്ഞ ഇടനാഴികളും വെളിച്ചം പ്രതിഫലിക്കുന്ന കണ്ണാടിച്ചുമരുകളും ഇരുമ്പലമാരയിൽ നിരന്നിരിക്കുന്ന ഫലകങ്ങളും അച്ഛനുമമ്മയ്ക്കും സ്വന്തമായിട്ടുള്ള ഇടങ്ങളും കളിമുറ്റച്ചതുരവും എല്ലാമെല്ലാം ഉൾചേർത്ത് വീടെന്ന വിശുദ്ധ സങ്കൽപ്പത്തെ വരച്ചെടുത്തു. 2016–ൽ വീടുപണി തുടങ്ങിയപ്പോൾ മുതൽ ഒടുങ്ങാത്തിരക്കിന്റെ ചുഴിവലയത്തിൽ പെട്ടതു പോലെ ഭർത്താവും ഞാനും ഉഴറി. പൂർണ്ണ സമയ ഗവേഷണത്തിനായി ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന് സെലക്ഷൻ കിട്ടി ഞാൻ ആ സമയം കോളജിൽ നിന്ന് ലീവെടുത്തു. ഗവേഷണവും വീടുപണിയും എന്നെച്ചുറ്റിവരിഞ്ഞ നാളുകൾ. റിസേർച്ചിന്റെ സംഘർഷച്ചുഴിയിൽ വീണ് എത്ര പെട്ടെന്നാണ് മറ്റെല്ലാം മറന്നുപോയത്. ഭര്‍ത്താവിന്റെ ബിസിനസ്സ് വിപുലീകരണം കൊച്ചിയിലും ബാംഗ്ലൂരിലും ദുബായിലും എത്തിയത് ആ ദിനങ്ങളിലായിരുന്നു. പതിയെ പതിയെ വീടുപണി ഞങ്ങളറിയാതെ ഇഴഞ്ഞു നീങ്ങി. 

ആ വർഷം നവംബർ മാസത്തിലാണ് നോട്ടുപിൻവലിക്കൽ നിയമം ഗവൺമെന്റ് കൊണ്ടുവന്നത്. കൈയിലുള്ള വക പോലും പിൻവലിക്കാനാവാതെ ഞങ്ങൾ കുഴങ്ങി. വീടെന്ന സ്വപ്നത്തിനു മുകളിൽ കരിനിഴലുകൾ പറക്കുന്നതായി തോന്നി. തിരക്കൊഴിയാത്ത ജോലികൾക്കിടയിൽ മാറ്റിവയ്ക്കാനായത് അപൂർണ്ണമായ വീടായിരുന്നു. മറ്റെല്ലാം പൂർത്തിയാക്കാതെ തരമില്ലാത്തവിധം വേണ്ടപ്പെട്ട കാര്യങ്ങളായി തോന്നി. ‘Sob of Strings’ (സോബ് ഓഫ് സ്ട്രിങ്സ്) എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പരിഷ്കരിച്ച പതിപ്പിറങ്ങിയതും ‘പകലാണിവൾ’ എന്ന മലയാളകവിതാ പുസ്തകം സിഡി പുറത്തിറക്കിയതും ആ വർഷമാണ്. അഭിമാനകരമായ ഒരു പാട് അവാർഡുകൾ ലഭിച്ച വർഷം. വർഷാവസാന കണക്കെടുപ്പിൽ വീട് ദുഃഖത്തിന്റെ ചുട്ടി കുത്തി നില കൊണ്ടു.

മേൽനോട്ടത്തിന് സമയം പകുത്തു നൽകാൻ കഴിയാത്തതിനാൽ വീടു പണി ഉറക്കം കെടുത്തി. 2017 ഡിസംബർ ഗവേഷണ പ്രബന്ധം സമർപ്പിക്കേണ്ട മാസമായി മനസ്സിൽ തീ കോരിയിട്ടു. 2018–ന്റെ ഉറക്കമില്ലാത്ത രാത്രികളും ക്ഷീണിച്ച പകലുകളും ഡോക്ടറേറ്റ് എന്ന പ്രയത്നം സഫലമാക്കി. പക്ഷേ, വീടെന്ന സ്വപ്നം കാറ്റത്തു പറന്നു പോയി. ജേണി (Journey) എന്നു പേരിട്ട് ആ സ്വപ്നഗൃഹത്തിന്റെ ഇടനാഴിയിൽ ഞങ്ങളുടെ ശ്വാസനിശ്വാസങ്ങൾ പാർക്കാനെത്തുന്നത് 2019– ലാവാം. ഹാ...! മനുഷ്യനിശ്ചയങ്ങളെ മാറ്റി മറിക്കുന്ന കാലത്തിന്റെ വിരലുകളിൽ കവിതയുടെ മഴയും കാറ്റും വേനലും ഇളവെയിലും മായ പോലെ മാറി മറിയുന്നു.