Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാര്‍കേസും മൃണാള്‍ സെന്നും പരാജയപ്പെട്ട കാന്‍ 1982

1982 Canes Jury 1982ലെ കാന്‍ ഫിലിം ഫെസ്റ്റിവെല്‍ ജൂറി സംഘം. പിറകിലെ വരിയില്‍ (വലത്ത്‌ നിന്ന്‌ മൂന്നാമത്‌) മാര്‍കേസിനേയും ഇരിക്കുന്ന മുന്‍വരിയില്‍ മൃണാള്‍ സെന്നിനേയും (ഇടത്തു നിന്ന് ഒന്നാമത്) കാണാം.

ബെന്യാമിനാണ് ആ പുസ്തകം സമ്മാനിച്ചത്. ഗാബോ 1927-2014 എന്ന പൂർണമായും സ്പാനിഷിലുള്ള പുസ്തകം. ഗബ്രിയാ ഗാര്‍സിയ മാര്‍കേസിന്‍റെ നാടു കണ്ട്‌ ബെന്യാമിന്‍ തിരിച്ചെത്തിയപ്പോള്‍ ആ യാത്രയുടെ ഓര്‍മ സമ്മാനമായാണ് പുസ്തകം എന്‍റെ കൈകളിലെത്തിയത്. മിലാന്‍ കുന്ദേര അടക്കമുള്ള പ്രമുഖര്‍ എഴുതിയ ലേഖനങ്ങള്‍ ഉള്ളടക്കത്തിലുണ്. പക്ഷേ, ഒരക്ഷരം പോലും വായിക്കാനാവാത്തത്തില്‍ ഖേദിച്ച് പുസ്തകത്തിന്‍റെ താളുകള്‍ അലസമായി മറിച്ചു നോക്കിയിരുന്നു. മാര്‍കേസിന്‍റെ അപൂര്‍വ്വമായ നിരവധി ചിത്രങ്ങള്‍ക്കിടയില്‍ 140-ാം പേജില്‍ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോയുണ്ട്‌. 1982ലെ കാന്‍ ഫിലിം ഫെസ്റ്റിവെല്‍ ജൂറിമാരുടെ സംഘ ഫോട്ടോ. പിന്‍ നിരയില്‍ നില്‍ക്കുന്നവരില്‍ വലത്തു നിന്ന് മൂന്നാമതായി മാര്‍കേസ്. മുന്‍ നിരയില്‍ ഇരിക്കുന്ന ചാര്‍ളി ചാപ്ലിന്‍റെ മകളും നടിയുമായ ജെറാള്‍ഡിന്‍ ചാപ്ലിനോട് സംസാരിക്കാനായി തല താഴ്ത്തിയാണ് ചിത്രത്തില്‍ മാര്‍കേസിന്‍റെ നില്‍പ്പ്. ഇരിക്കുന്നവരില്‍ ഇടത്ത് നിന്ന് ഒന്നാമനായി മൃണാള്‍ സെന്‍. ഒരു പക്ഷേ ആ പുസ്തകത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഏക ഇന്ത്യക്കാരന്‍ മൃണാള്‍ ദാ ആയിരിക്കും.

1982ലെ കാന്‍ ഫെസ്റ്റിവെലില്‍ ഒരു ക്യൂബന്‍ സിനിമക്ക് പുരസ്ക്കാരമോ ജ്യൂറി പരാമര്‍ശമെങ്കിലുമോ നല്‍കണമെന്ന് മാര്‍ക്കേസ് ആഗ്രഹിച്ചിരുന്നു. (മാര്‍ക്കേസിന്‍റെ ക്യൂബന്‍ പക്ഷപാതിത്വം വിഖ്യാതമാണല്ലോ). ആ സിനിമ മാര്‍ക്കേസിന് ഇഷ്ടമല്ലായിരുന്നിട്ടു കൂടി. ഇക്കാര്യത്തിന് അദ്ദേഹം മൃണാന്‍ സെന്നിന്‍റെ സഹായം തേടി. സെന്നിന് ആ സിനിമ ആദ്യം ഇഷ്ടപ്പെട്ടിരുന്നില്ല. മാര്‍ക്കേസിന്‍റെ അഭ്യര്‍ഥന സിനിമയെ ഇഷ്ടപ്പെടുന്നതിലേക്ക്‌ സെന്നിനെ 'നയിച്ചു'.  ആത്മകഥയായ 'ആള്‍വേയ്സ് ബീയിംഗ് ബോണി'ല്‍ ഇതിനെക്കുറിച്ച് മൃണാള്‍ സെന്‍ വിശദമാക്കുന്നുണ്. ആത്‌മകഥയുടെ കെ.എന്‍. ഷാജി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി തൃശൂര്‍ കറന്‍റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'നിരന്തരജനന'ത്തില്‍ നിന്ന്, 'മധുരമായി നുണ പറയുന്നവന്‍' കഥ പറയാനായി തുടരുന്നു, പറയപ്പെടാത്തവയെ വെറുതെ വിട്ട്‌.... എന്ന പതിനാലാം അധ്യായത്തില്‍ നിന്നാണ്‌ ഈ ഭാഗങ്ങള്‍. 

always-being-born

കാനില്‍ വെച്ച്‌ ആദ്യമായി ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിനെ കണ്ടു. ഇരുപത്തിയൊന്നു വര്‍ഷത്തിനു ശേഷം 2003ല്‍ ഞാനീ പുസ്തകമെഴുതുമ്പോള്‍ അദ്ദേഹത്തിന്‍റെ മൂന്നു ഭാഗങ്ങളിലുള്ള ആ കഥയുടെ ആദ്യ വോള്യം എന്‍റെ കയ്യിലെത്തി- ' കഥ പറയാന്‍ ജീവിച്ചിരിക്കുന്നു' എന്‍റെ പുസ്തകത്തില്‍ ഈ അധ്യായം തുടങ്ങാനായി. ജോവന്‍ ഫോണ്‍ടെയ്‌ന്‍റെ  വരികളോട്‌ താളബദ്ധമായി സാമ്യമുള്ള മനോഹരമായ ആ വരി ഞാന്‍ കടമെടുത്തു. 

'മധുരമായി നുണ പറയുന്നവന്‍' കഥ പറച്ചില്‍ തുടരുന്നു, പറയാതെ വിട്ടവ.

1982ലെ കാനിലെ ജൂറിയില്‍ മാര്‍ക്കേസുമുണ്ടായിരുന്നു; ഞാനും. കൂട്ടത്തില്‍ ബ്രഹ്‌തിന്‍റെ കൂട്ടുകാരനും പ്രശസ്ത ഇറ്റാലിയന്‍ നാടകക്കാരനുമായ ജോര്‍ജിയോ സ്‌ട്രെലര്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള സംവിധായകന്‍ സിഡ്‌നി ലൂമെറ്റ്‌, പ്രമുഖ തിരിക്കഥാകൃത്ത്‌ സൂസൊ സീചി ഡാമികോ, ഫ്രാന്‍സില്‍ നിന്നുള്ള വിശ്രുത സംവിധായകന്‍ ജീന്‍ജാക്ക്വസ് അന്വാഡ്‌, ചാര്‍ളി ചാപ്ലിന്‍റെ മകളും നടിയുമായ ജെറാള്‍ഡിന്‍ ചാപ്ലിന്‍ കൂടാതെ മറ്റു രണ്ടു പേരും... ഞങ്ങള്‍ ഒമ്പതു പേര്‍.

ഒരു ദിവസം രാവിലെ ഞാനും ഗീതയും തീയറ്ററില്‍ നിന്നിറങ്ങുമ്പോള്‍ മാർകേസ്‌ എന്നെ പുറകില്‍ നിന്ന്‌ വിളിച്ചു. അദ്ദേഹവും ഭാര്യയും ഞങ്ങള്‍ക്കൊപ്പമെത്തി. എന്നെ അരികിലേറ്റ്‌ മാറ്റി. 'നിങ്ങള്‍ക്ക്‌ പടം ഇഷ്ടപ്പെട്ടോ?' ഹംബര്‍ട്ടോയുടെ 'സിസിലി'യെയാണ് അദ്ദേഹം ഉദ്ദേശിച്ചത്: ഞങ്ങളത് കണ്ട്‌ ഇറങ്ങിയിട്ടേയുള്ളൂ. കൊളോണിയല്‍ കാലഘട്ടത്തിലെ സങ്കീര്‍ണ്ണമായ ഒരു പ്രണയ കഥ. ക്യൂബന്‍ പെണ്ണ്‌, സ്പെയിന്‍കാരനായ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ചെറുക്കന്‍.

'പടം ഇഷ്ടമായോ' മാര്‍കേസ് വീണ്ടും ചോദിച്ചു. 

'ക്ഷമിക്കണം, ഞാന്‍ വിയോജിക്കുന്നു' ഞാന്‍ പറഞ്ഞു.

'ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ, ഉവ്വോ?'

'താങ്കളുടെ ചോദ്യം! പടം ഇഷ്ടപ്പെട്ടില്ലെന്നാണ് അത്‌ ധ്വനിപ്പിക്കുന്നത്.!'

മാര്‍കേസ് തല കുലുക്കി, എന്‍റെ പുറത്തു തട്ടി.

ആദ്യ വട്ടം (അവാര്‍ഡിനായുള്ള ഷോര്‍ട്ട്‌ ലിസ്‌റ്റ്‌ ഉണ്ടാക്കുന്ന വേളയില്‍) ഞാന്‍ ക്യൂബന്‍ സിനിമയായ സിസിലിയ എടുക്കാന്‍ തയാറായി. അതാര്‍ക്കും ഇഷ്‌ടപ്പെട്ടില്ല. ആരും ഒന്നും പറഞ്ഞില്ല. എനിക്കിഷ്ടമായി, പക്ഷേ, ഞാന്‍ ആവേശഭരിതനായി ഒന്നും പറഞ്ഞില്ല. ഞാനതു വിട്ടു. 

Cesiliya സിസിലിയയുടെ പോസ്റ്റര്‍

ഒരു ജനാധിപത്യ സംവിധാനത്തില്‍ ജൂറിയായപ്പോഴൊക്കെ കാനിലായാലും എവിടെയായാലും അത്തരം പരിധികള്‍ സ്വീകരിച്ച്‌ കരുതലോടെ, വിവേകത്തോടെ പ്രവര്‍ത്തിക്കുകയല്ലാതെ വേറെ വഴിയില്ല. എനിക്കുമാത്രമല്ല, മറ്റുള്ളവര്‍ക്കും. അന്തിമ വിധിയുടെ കാര്യത്തില്‍, സാധ്യതകള്‍ എടുക്കുകയല്ലാതെ മറ്റു പോം വഴികളില്ല. അറ്റകയ്യായി വോട്ടിനിടുക, എണ്ണം നോക്കുക. 

ഗ്രാന്‍റ്‌്‌ ജൂറിയുടെ തീര്‍പ്പുകള്‍ മൊത്തത്തില്‍ നന്നായി സ്വീകരിക്കപ്പെട്ടു എങ്കിലും പ്രത്യേക അവാര്‍ഡിനെ കുറിച്ചോ, മറ്റൊന്നിനെക്കുറിച്ചോ ഞങ്ങള്‍ക്ക്‌ സംശയങ്ങളുണ്ടായിരുന്നു. എനിക്ക്‌ എന്‍റേതായ അഭിപ്രായമുണ്ടായിരുന്നു. ചെറുതും വലുതുമായ എല്ലാ ഫെസ്‌റ്റിവെലിലും അത്‌ അങ്ങിനെ സംഭവിക്കും. കാനും അപവാദമല്ല. ഒന്നു മഹത്താണെന്ന്‌ ഒരാള്‍ ചിന്തിക്കും, മറ്റൊരാള്‍ക്ക്‌ അത്‌ മോശമാവാം- അന്തിമ വിശകലനത്തില്‍ ജനാധിപത്യ തീരുമാനത്തെ നല്ല മനസ്സോടെ സ്വീകരിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. പക്ഷേ, വിചിത്രം, മാര്‍കേസിന്‍റെ പ്രശ്‌നം വ്യത്യസ്തമായിരുന്നു. 

Humbarto Solas ക്യൂബന്‍ സംവിധായകന്‍ ഹംബര്‍ട്ടോ സൊലാസ്

നാലു മണിക്കൂറോ ഏറെയോ ഓരോ സിനിമയും ഞങ്ങള്‍ കാണുകയും വിവിധ രീതികളില്‍ പ്രതികരണം ആരായുകയും ഉറക്കെ സംസാരിക്കുകയും ചെയ്തു. ചില മൃദു ഭാഷികളും ഉണ്ടായിരുന്നു. സംസാരത്തില്‍ വിമുഖര്‍, തുറന്നു പറയുന്നതില്‍ കരുതലുള്ളവര്‍, മാര്‍കേസ്‌ സരസനായ സൂക്ഷ്‌മ ബുദ്ധിയും കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിയുമായിരുന്നു. ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയില്‍ അദ്ദേഹം എന്നോട്‌ കടലിന് അഭിമുഖമായ ബാല്‍ക്കണിയിലേക്ക്‌ ചെല്ലാന്‍ ആവശ്യപ്പെട്ടു. അവിടെ ആരുമില്ലാതിരുന്ന സമയം, അദ്ദേഹം സംസാരിച്ചു. 

'സിസിലിയ ഇഷ്‌ടപ്പെട്ടെന്ന്‌ നിങ്ങള്‍ പറഞ്ഞില്ലേ?' അദ്ദേഹം ചോദിച്ചു.

'ശരിയാണ്' ഞാന്‍ പറഞ്ഞു. 'എന്താ കാര്യം'

ആ സിനിമയെക്കുറിച്ച്‌ ആരും സൂചിപ്പിക്കാതിരുന്നതില്‍ ദുഃഖമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ദുഃഖ കാരണം എനിക്ക്‌ മനസ്സിലായില്ല. കാരണം അദ്ദേഹം അത്‌ ഇഷ്ടപ്പെട്ടിരുന്നില്ല, ഞാനത്‌ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ കൂടി തലേ ദിവസം അദ്ദേഹം ചോദിച്ചതിനെക്കുറിച്ചും ഞാന്‍ പറഞ്ഞതിനെക്കുറിച്ചും ഞാന്‍ ഓർമിച്ചു. സമ്മാനമൊന്നും അര്‍ഹിക്കുന്നില്ലെന്ന്‌ അദ്ദേഹം സമ്മതിച്ചു. പക്ഷേ ജൂറിയിലെ പരാമര്‍ശം അതൊന്നു മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം; ക്യൂബന്‍ സിനിമക്കുള്ള ഒരു ട്രിബ്യൂട്ടായി കണക്കാക്കണം. 

എന്തു കൊണ്ടാണ്‌ അദ്ദേഹം അസംബന്ധമായ അവകാശത്തിനു വേണ്ട  വാശി പിടിക്കുന്നത്‌ എന്ന്‌ ഞാന്‍ അല്‍ഭുതപ്പെട്ടു. പ്രത്യേകിച്ച്‌ ഫെസ്റ്റിവെല്‍ ചട്ടക്കൂടില്‍. സിസിലിയ മറക്കപ്പെടേണ്ടതാണെന്ന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. ലിന്‍ഡേഴ്സന്‍റെ ബ്രിട്ടാനിയ ഹോസ്‌പിറ്റല്‍ പോലെ മറക്കേണ്ടതാണെന്ന്‌ പറയാന്‍ ഞാന്‍ ഒരുമ്പെട്ടു. ക്യൂബയെ മറക്കാന്‍ മാര്‍ക്കേസിന് പ്രയാസമില്ലെന്ന്‌ എനിക്കു മനസ്സിലായി. ക്യൂബയെ ബഹുമാനിക്കാനായി ഒരു 'സെറ്റേഷനുമായി' അദ്ദേഹം വന്നു. ഹംബര്‍ട്ടൊ സൊലാസിന്‍റെ സിസിലിയ പ്രദര്‍ശിപ്പിക്കുമ്പോള്‍ ജൂറി ക്യൂബന്‍ സിനിമക്ക്‌ ആദരം നേരുന്നു.

'സത്യത്തില്‍ എനിക്ക്‌ ഇഷ്ടപ്പെട്ടില്ല. കുറഞ്ഞത് നമുക്ക്‌ ഒരു സംവാദം ആകാം അല്ലേ' മുട്ടായുക്തിയായി അദ്ദേഹം ചോദിച്ചു.

കീഴടങ്ങിക്കൊണ്ട്‌ ഞാന്‍ സമ്മതിച്ചു; ' അത്‌ താങ്കളുടെ പക്കലാണ്'

പക്ഷേ ഞാന്‍ സംഗതി ഉന്നയിക്കണമെന്നാണ് മാര്‍കേസിന്‍റെ വാദം. ക്യൂബയോട്‌ കൂറുള്ള സമീപനം പുലര്‍ത്തുന്നതിനാല്‍ വിട്ടു നില്‍ക്കുന്നതാകും നല്ലതെന്ന്‌ അദ്ദേഹത്തിനു തോന്നി. മനസ്സില്ലാ മനസ്സോടെ ഞാന്‍ ഏറ്റു.

ഊണിനു ശേഷമുള്ള സെഷന്‍ തുടങ്ങി. ചെയര്‍മാനെ സംബോധന ചെയ്‌തു കൊണ്ട്‌ ഞാന്‍ സംഗതി ഉന്നയിച്ചു. അംഗങ്ങള്‍ക്ക്‌ അസുഖകരമായി തോന്നി. ജൂറി ചെയര്‍മാന്‍ ചിന്താക്കുഴപ്പത്തിലായി. അദ്ദേഹം ജൂറി സെക്രട്ടറിയേറ്റ്‌, ഫെസ്‌റ്റിവെല്‍ പ്രസിഡന്‍റ്‌ റോബര്‍ട്ട്‌ ഫാവെര്‍ലി ബ്രറ്റിനോട്‌ ചോദിക്കാനായി തിരക്കിട്ടു പോയി. അദ്ദേഹം തിടുക്കത്തില്‍ വന്നു. എല്ലാം കൊടുങ്കാറ്റിന്‍റെ വേഗതയില്‍. 

ഒരു ദശകമായി കാനിലെ ഫെസ്‌റ്റിവെല്‍ ഡയറക്ടര്‍, വയോവൃദ്ധനായ ഫാവെര്‍ലി ബ്രറ്റ്‌ നിര്‍ദേശം ശ്രദ്ധിച്ചു കേട്ടു. വിചിത്രമെന്ന്‌ പറയട്ടെ, ജൂറി ചെയര്‍മാനെപ്പോലെ അദ്ദേഹത്തിന് ചിന്താക്കുഴപ്പം ഏതുമുണ്ടായില്ല. അദ്ദേഹം ശബ്ദമുയര്‍ത്തി ചോദിച്ചു, 'ആരാണിത് പറഞ്ഞത്?'. ഉടനെ ഞാന്‍ കൈപൊക്കി, 'ഞാനാണ്!' ഒരു കുലപതിയെപ്പൊലെ കാണപ്പെട്ട അദ്ദേഹം തീര്‍പ്പു കല്‍പ്പിച്ചു. എല്ലാം പൂര്‍ണ്ണമായി വ്യക്തമായി.

'മൃണാള്‍' അദ്ദേഹം പറഞ്ഞു: ഒരു സിനിമക്ക്‌ അവാര്‍ഡ്‌ നല്‍കാനാണ് നിങ്ങളോട്‌ ആവശ്യപ്പെട്ടത്‌, രാജ്യത്തിനല്ല. മനസ്സിലായോ? 

അങ്ങിനെ പറഞ്ഞ്‌ അദ്ദേഹം ഞങ്ങളെ വെറുതെ വിട്ടു. ഞങ്ങള്‍ കർത്തവ്യത്തിലേക്ക്‌ മടങ്ങി. 

പിറ്റേന്നായിരുന്നു സമാപനച്ചടങ്ങ്‌. തീയേറ്റര്‍ തിങ്ങി നിറഞ്ഞിരുന്നു. ഒരാളുടെ അഭാവം ശ്രദ്ധേയമായി. ഗബ്രിയ ഗാര്‍സിയ മാര്‍ക്കേസിന്‍റെ. പക്ഷേ ചടങ്ങ്‌ കഴിയും വരെ, അദ്ദേഹത്തിന്‍റെ ഭാര്യ എനിക്കും ഗീതക്കുമൊപ്പമുണ്ടായിരുന്നു.

പിന്‍കുറിപ്പ്: സിനിമ, സര്‍ഗാത്മകത, സെന്‍സര്‍ഷിപ്പ്, ജൂറിയിംഗ് എന്നിവയിലേക്ക് പ്രത്യേക രീതിയില്‍ വെളിച്ചം വീശുന്നതാണ് മൃണാള്‍ സെന്നിന്‍റെ ആത്മകഥ. ജൂറിയിംഗ് മിക്കപ്പോഴും നിഷ്കളങ്കമല്ലെന്ന് മാര്‍കേസ് അനുഭവം പങ്കുവെച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.