ആ കവിതയിൽ അമ്മയുണ്ട്: എസ്. കലേഷ്

writers
SHARE

ചുവപ്പു മറക്കാം, പച്ചയെ വരവേൽക്കാം: സേതു

ഓരോ വർഷവും കടന്നുപോകാനൊരുങ്ങുമ്പോൾ പുതിയതൊന്നിനെ വരവേൽക്കാൻ തയാറാകുന്നത് ഒരുപാടു പ്രതീക്ഷകളോടെയാണ്. ഒരു പഴന്തുണിക്കെട്ടായി എറിഞ്ഞുകളയാനായി സുഖദുഃഖങ്ങളുടെ വലിയ മാറാപ്പ് എന്നുമുണ്ടാകുമെങ്കിലും പുതുയുഗപിറവിക്കായി ഇത്രയേറെ കാത്തിരുന്ന മറ്റൊരു കൊല്ലവും മുമ്പുണ്ടായിട്ടില്ല. ഒരു ജനതയുടെ മുഴുവൻ കണ്ണീരും വേദനയും മഹാപ്രവാഹമായി ഒഴുകിയിറങ്ങിയപ്പോൾ, ശപിക്കപ്പെട്ട നാളുകളാണു കടന്നുപോയത്. 

sethu
സേതു

ഒരു മഹാദുരന്തത്തിനു മുമ്പിൽ മരവിച്ചു നിൽക്കേണ്ടിവന്നപ്പോൾ പലരും കരുതിക്കാണും, ഇത്രയേ ഉള്ളൂ മനുഷ്യനെന്ന്. അതുകൊണ്ട് ഒന്നിനെക്കുറിച്ചും പ്രതീക്ഷകൾ അധികം വേണ്ട. എല്ലാം വരുന്നതുപോലെ നേരിടുക. ഇനിയൊരു മറുപിറവിയുടെ കാലമാകട്ടെ; ഒരു നാടിന്റെ, ഒരു ജനതയുടെ. അതുകൊണ്ട്, വരാൻ പോകുന്ന ഓരോ പുതുവർഷത്തെയും സമചിത്തതയോടെ നേരിടാൻ തയാറാവുക. വൻയുദ്ധാനന്തര കെടുതികൾ ഏറ്റുവാങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ജനതയെ പഠിപ്പിച്ച പാഠവും അതായിരുന്നു. അതു തന്നെയാണു വലിയ തിരയിളക്കങ്ങളൊന്നും കാണാതെ, സ്വച്ഛമായ ഓളങ്ങളിൽ നീന്തിപ്പഠിച്ച നമ്മളും തിരിച്ചറിയേണ്ടത്. നിരത്തുവക്കിലെ തൂണുകളിലെ വെളിച്ചക്കണ്ണുകൾ മൂന്നാണ്. പച്ച, മഞ്ഞ, ചുവപ്പ്. ചുവപ്പിനെ മറന്ന്, മഞ്ഞയിൽ കണ്ണുനട്ട്, പച്ചയ്ക്കായി കാത്തുനിൽക്കുക!

എത്ര പെട്ടെന്നു മാഞ്ഞു ആ മായാജാലം: ഗ്രേസി

പ്രളയദിനങ്ങളിൽ കേട്ടതൊക്കെയും യക്ഷിക്കഥകളായിരുന്നു! ജാതി– മത വ്യത്യാസങ്ങളില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രളയക്കെടുതികളെ നേരിടുന്ന മായാജാലം കാണുകയും ചെയ്തു. അപ്പോഴൊക്കെയും ഞാൻ ടി.വി. കൊച്ചുബാവയുടെ ഒരു കഥയാണ് ഓർത്തത്. ഒരു ദീർഘദൂര തീവണ്ടിയിലെ യാത്രക്കാർ പരസ്പരം നോക്കാതെ, ചിരിക്കാതെ, മിണ്ടാതെ ബലം പിടിച്ചങ്ങനെ ഇരിക്കുകയാണ്. 

gracy
ഗ്രേസി

എന്തോ കാരണവശാൽ തീവണ്ടി വിജനമായ ഒരു സ്ഥലത്തു നിന്നുപോയതോടെ യാത്രക്കാർ പരസ്പരം നോക്കാൻ തുടങ്ങി. പിന്നെ സംസാരിക്കാൻ തുടങ്ങി. ഭക്ഷണം പങ്കുവയ്ക്കാൻ തുടങ്ങി. ഒടുവിൽ ആജന്മബന്ധം പോലും തോന്നിത്തുടങ്ങി. അപ്പോഴാണു തീവണ്ടി വീണ്ടും ചലിക്കാൻ തുടങ്ങിയത്. അതോടെ എല്ലാം പഴയ പടിയായി...     

ഇതായിരിക്കും കേരളത്തിന്റെ അവസ്ഥയെന്ന് ഒട്ടുമേ ശുഭാപ്തിവിശ്വാസിയല്ലാത്ത ഞാൻ കണക്കുകൂട്ടി. അതങ്ങനെതന്നെ സംഭവിച്ചു. 

ഇതുവരെയും കണ്ടിട്ടില്ലാത്ത പോർമുഖത്താണു നമ്മളിപ്പോൾ. മനുഷ്യനല്ല, മതങ്ങളും ആചാരങ്ങളുമാണു വലുതെന്നു നാം തെളിയിച്ചുകൊണ്ടിരിക്കുന്നു. പിന്തിരിഞ്ഞു നടക്കുന്ന ഒരു ജനതയിൽനിന്നു പുതുവർഷത്തിൽ ഒന്നും പ്രതീക്ഷിക്കാനില്ല.  

വരാനിരിക്കുന്നത് വായനാവസന്തം: സിപ്പി പള്ളിപ്പുറം

കുട്ടികൾക്കായി ഞാൻ പ്രതീക്ഷയോടെ കാണുന്ന വർഷമാണ് 2019. ഈവർഷം 10 പുസ്തകങ്ങളാണു പ്രസിദ്ധീകരിക്കാൻ പോകുന്നത്. കഥാകവിത രൂപത്തിൽ 31 അധ്യായങ്ങളോടെ ഇറങ്ങുന്ന ‘ദിനോസറും അപ്പുക്കുട്ടനു’മാണ് ഇതിൽ പ്രധാനപ്പെട്ടത്. തുടർന്ന് ‘എളിമയുടെ ഏണിപ്പടികൾ’.  25 മഹാന്മാരുടെ ബാല്യം ചിത്രീകരിക്കുന്നതാണ് ഈ പുസ്തകം. കല്ലും മുള്ളും നിറഞ്ഞ ബാല്യത്തിൽനിന്ന് അവരെങ്ങനെ കരകയറിയെന്നു വ്യക്തമാക്കുന്ന ഈ പുസ്തകവും കുട്ടികൾക്കു പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് എഴുതിയത്.

Sippy Pallippuram
സിപ്പി പള്ളിപ്പുറം

കെടാമംഗലം സദാനന്ദന്റെ ജീവചരിത്രമാണു  മറ്റൊരു സുപ്രധാന ഉദ്യമം. ആയിരക്കണക്കിനു വേദികളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ കെടാമംഗലത്തിന്റെ ജീവചരിത്രം മുസിരിസ് പൈതൃക പദ്ധതിയോടനുബന്ധിച്ചാണു പ്രസിദ്ധീകരിക്കുന്നത്. കുട്ടികൾ വായനയിൽനിന്ന് അകലുന്നുവെന്ന ദുഃഖം നിലനിൽക്കുമ്പോഴാണ് ഈ പുസ്തകങ്ങളെല്ലാം കുട്ടികൾക്കായി എഴുതിക്കൊണ്ടിരിക്കുന്നത്. അവരെ വായനയിലേക്കു തിരിച്ചുകൊണ്ടുവരാൻ  ഈ ശ്രമങ്ങൾ  സഹായകരമാവട്ടെ.

ആ കവിതയിൽ അമ്മയുണ്ട് എസ്. കലേഷ്

2017-ൽ എഴുതി, 2018-ൽ പ്രസിദ്ധീകരിച്ച കവിതയാണ് കോഴിക്കൃഷി. ഡാഡി സർക്കാർ സർവീസ് പെൻഷൻ പറ്റിയ ദിവസങ്ങളിലൊന്നിൽ മല്ലപ്പള്ളിച്ചന്തയിൽ പോയി പത്തുകോഴിക്കുഞ്ഞുങ്ങളെ വാങ്ങി വീട്ടിലെത്തി. 9 പിട. അവയ്‌ക്കൊരു പൂവൻ. നാടൻ കോഴിമുട്ടയുടെ ഗുണഗണം സംബന്ധിച്ചു പുതിയ അറിവുകൾ വീട്ടിൽ മുഴങ്ങിക്കേട്ടു. കോഴികളെല്ലാം മുറ്റത്തും പറമ്പിലും ചുറ്റിപ്പറ്റി വളർന്നു. വിധിവൈപരീത്യമെന്നു പറഞ്ഞാൽ അധികമാകില്ല, വളർന്നപ്പോൾ പത്തും പൂവൻകോഴികളായി മാറി. പത്തു പൂവന്മാരെന്നാൽ പത്ത് അലമ്പ് ആണുങ്ങൾതന്നെയെന്ന് അമ്മ പറഞ്ഞു. പൂവന്മാർ കൊത്തും കൊലവിളികളുമായി കൂടുപേക്ഷിച്ച് അയൽക്കാർക്കും സ്വന്തക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. 

S. Kalesh
എസ്. കലേഷ്

അമ്മയും ഡാഡിയും പൊറുതിമുട്ടി. വൈകാതെ, ഓരോ പൂവനും ഞങ്ങളുടെ അടുക്കളയിൽ കറിയായി തിളച്ചു. ഒരു പ്രത്യേകതരം വിഷാദത്തോടെ, വാരാന്ത്യങ്ങളിൽ വീട്ടിലെത്തി ആ പാപത്തിൽ ഞാനും പങ്കുപറ്റി. ഇപ്പറഞ്ഞതെല്ലാം നടന്നിട്ടു വർഷങ്ങളായെങ്കിലും കവിത പിറന്നത്  2017 നവംബറിൽ. 2018 ലെ ജനുവരിയാദ്യം, ഒരു വൈകിട്ട് അമ്മയെയും ഡാഡിയെയും വിളിച്ചിരുത്തി ഈ കവിത വായിച്ചുകേൾപ്പിച്ചു. കവിയായിട്ടു കുറച്ചു വർഷങ്ങളായിട്ടും ഇങ്ങനെ ഒരു വായന ആദ്യമായിട്ടായിരുന്നു. അമ്മയ്ക്കു ചില വരികൾ ആവർത്തിച്ചു വായിച്ചു കൊടുത്തു. ഇനി അങ്ങനെയൊരുമിച്ചിരുന്നു കവിത വായിക്കാൻ കഴിയില്ല. ഈ വർഷം കഴിയുമ്പോൾ അമ്മയില്ലാതായി. എങ്കിലും ആ കവിതയിൽ അമ്മ ജീവനോടെയുണ്ട്.

സന്തോഷം തുടരുന്നതാണ്: പി.എഫ്. മാത്യൂസ്

മഴയും മരണവും ഇരുട്ടും നിറഞ്ഞ ഒരു സ്ക്രിപ്റ്റ് നേട്ടങ്ങളുടെ വെളിച്ചത്തിൽ തുള്ളിച്ചാടുകയായിരുന്നു! അതുതന്നെയാണ് 2018ന്റെ നിറവ്. ഞാനെഴുതിയ ‘ഈ മ യൗ’ എന്ന സിനിമ ദേശീയ, രാജ്യാന്തര തലങ്ങളിൽ അംഗീകാരങ്ങൾ പലതു നേടി. അക്ഷരങ്ങളുടെ ചോര ചോരാതെ വെള്ളിത്തിരയിൽ പകർത്തിക്കണ്ടു എന്നതാണു സന്തോഷമിരട്ടിപ്പിക്കുന്നത്. 

PF Mathews
പി.എഫ്. മാത്യൂസ്

13 കടൽക്കാക്കകളുടെ ഉപമ, തിര‍ഞ്ഞെടുത്ത കഥകൾ എന്നീ രണ്ടു പുതിയ പുസ്തകങ്ങൾ പുറത്തുവന്നു. ചാവുനിലം എന്ന ആദ്യ നോവലിന്റെ പുതിയ പതിപ്പിറങ്ങിയതും കാര്യങ്ങൾ കളറാക്കി. ഒരു സന്തോഷം കൂടി. ഞാനെഴുതിയ പുതിയ സിനിമയുടെ ചിത്രീകരണം പാതിവഴിയിലാണ്. നവാഗതനായ വിവേക് തോമസാണു സംവിധായകൻ. ഫഹദും പ്രകാശ് രാജും സായ് പല്ലവിയും മുഖ്യ വേഷങ്ങളിൽ. 2019ൽ ഇറങ്ങും. അതെ, 2018 ലെ സന്തോഷം 2019ലും തുടരും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA