sections
MORE

നസീറുദ്ദിൻ ഷാ: ജനിക്കും മുമ്പേ പാക്കിസ്ഥാന്‍ ഉപേക്ഷിച്ച ഇന്ത്യക്കാരൻ

Naseeruddin Shah
SHARE

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തുടരെയുണ്ടാകുന്ന സാമൂഹികാവസ്ഥയില്‍ തന്റെ മക്കളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച നാടകപ്രവര്‍ത്തകനും നടനുമായ നസീറുദ്ദിന്‍ ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് അയച്ചുകൊടുക്കാം എന്നു വാഗ്ാദനം ചെയ്തവരുണ്ട്. പാക്ക് പ്രധാമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അവസരം മുതലെടുത്ത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് പ്രസ്താവന നടത്തുകയും ചെയ്തു. സ്വന്തം രാജ്യത്തെ കാര്യം നോക്കാന്‍ ഇമ്രാന്‍ ഖാനോട് ഉപദേശിച്ച നസീറുദ്ദിന്‍ ഷാ യഥാര്‍ഥത്തില്‍ ജനനത്തിനും മുമ്പേ പാക്കിസ്ഥാന്‍ ഉപേക്ഷിച്ച് ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച മതേതരവാദിയാണ്. ‘അങ്ങനെ ഒരു ദിനം’ എന്ന ആത്മകഥ ഷാ തുടങ്ങുന്നതുതന്നെ വിചിത്രവും രസകരവുമായ ആ കഥ പറഞ്ഞുകൊണ്ടാണ്. 

സ്വാതന്ത്ര്യാനന്തര തലമുറയില്‍പ്പെട്ടയാളാണ് നസീറുദ്ദിന്‍ ഷാ. സ്വാതന്ത്ര്യത്തിന്റെ സന്തോഷവും വിഭജനത്തിന്റെ വേദനയും രാജ്യം ഒരുപരിധിവരെ അനുഭവിച്ചുകഴിഞ്ഞതിനുശേഷം മാത്രം ജനിച്ചയാള്‍. എന്നാല്‍ തന്റെ ജനനവര്‍ഷമോ മാസമോ ഇന്നും ഷായ്ക്ക് കൃത്യമായി അറിയില്ല; കുടുംബത്തിലുള്ളവര്‍ക്കും. 

1949 ജൂലൈ. അല്ലെങ്കില്‍ 1950 ഓഗസ്റ്റ്. ഇതില്‍ ഏതോ ഒരു വര്‍ഷം ഉത്തര്‍പ്രദേശിലെ ലക്നൗവിനടുത്തുള്ള ഒരു ചെറിയ പട്ടണമായ ബാരാബങ്കിയില്‍ ഷാ ജനിച്ചു. ‘നീ റംസാനിലാണ് പിറന്നത്’ എന്ന് ഷാ പലവട്ടം കേട്ടിട്ടുണ്ട്. പക്ഷേ കൃത്യമായി ഏതു വര്‍ഷം ഏതു മാസം ദിവസം എന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. അക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരുന്നു. കുട്ടികള്‍ പലപ്പോഴും അവരുടെ ബാല്യം കടന്നില്ല. അല്ലെങ്കില്‍ അസൂഖം മൂലം ചില വര്‍ഷങ്ങള്‍ നഷ്ടപ്പെടുന്ന പതിവുണ്ടായിരുന്നു. ഇതു രണ്ടിനെയും മറികടക്കാന്‍ ജനനവര്‍ഷം 1950 എന്നു തീരുമാനിക്കുകയായിരുന്നു മാതാപിതാക്കള്‍ എന്നാണ് ഷായുടെ നിഗമനം. പക്ഷേ, ദിവസം ജൂലൈ 20 ഓഗസ്റ്റ് 16-ലേക്ക് മാറ്റിയത് എന്തിനെന്ന് ഇന്നും ഷായ്ക്ക് അറിയില്ല. രാജ്യം സ്വതന്ത്രമായപ്പോഴേക്കും ഷായുടെ പിതാവ് അലി മൊഹമ്മദ് ഷാ ബ്രിട്ടിഷ് സര്‍ക്കാരിന്റെ സിവില്‍സര്‍വ്വീസില്‍ കയറിപ്പറ്റിയിരുന്നു. പക്ഷേ, വിഭജനത്തിന്റെ നാളുകളില്‍ ഇന്ത്യയില്‍ത്തന്നെ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പിതാവിന് ഏഴും മാതാവിന് പത്തും സഹോദരീ സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. പിതാവിന്റെ രണ്ടു സഹോദരന്‍മാര്‍ രാജ്യം വിട്ടു. മാതാവിന്റെ സഹോദരന്‍മാരില്‍ പലരും. ഷായുടെ മൂത്തജ്യേഷ്ഠന്‍ സഹീറിന് അന്ന് രണ്ടുവയസ്സ്. അടുത്തയാള്‍ സമീര്‍ നവജാതശിശു. ഷായാണെങ്കില്‍ ജനിച്ചിട്ടേയില്ല. അതായത് ഇന്ത്യയില്‍ തന്നെ തുടരണോ പാക്കിസ്ഥാനിലേക്ക് പോകണോ എന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കാവുന്ന അവസ്ഥയിലായിരുന്നില്ല ഷായോ സഹോദരന്‍മാരോ. 

ആത്മകഥയില്‍ ഷാ എഴുതുന്നു: 

എങ്കിലും, അക്കാര്യത്തില്‍ ഞങ്ങള്‍ അച്ഛന്റെ തീരുമാനത്തിനൊപ്പമായിരുന്നിരിക്കും എന്നതില്‍ സംശയമില്ല; ഞങ്ങളിലാര്‍ക്കും തന്നെ ചൂതാട്ട മനസ്ഥിതി ഉണ്ടായിരുന്നില്ല. ബാബ(പിതാവ്) യുടെ പേരില്‍ ഇന്ത്യയില്‍ ആസ്തികളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതിനാല്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നും മനസാക്ഷിക്ക് അനുസൃതമായി ഒന്നും അവകാശപ്പെടാന്‍ കഴിയുമായിരുന്നില്ല. തന്നെയുമല്ല, ആയുസ്സിന്റെ നല്ല ഭാഗം പിന്നിട്ടുകഴിഞ്ഞ് സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ച് പുതിയൊരു ജീവിതം കെട്ടിപ്പടുക്കുക അത്രതന്നെ ആകര്‍ഷകമായി അദ്ദേഹത്തിനു തോന്നിയിരിക്കില്ല. ഇതുകൊണ്ടൊക്കെയാവാം പുതുതായി സ്വാതന്ത്ര്യം കൈവരിച്ച ‘ഹിന്ദുരാജ്യത്ത്’തന്നെ തുടരാന്‍ തീരുമാനിച്ചത്. 

മക്കളുടെ ശ്രേയസ്സ് ഇന്ത്യയില്‍ത്തന്നെ എന്നുറപ്പിച്ച ബാബയുടെ തീരുമാനം തെറ്റിയിട്ടില്ല എന്നു പിന്നീട് ജീവിതം കൊണ്ട് തെളിയിക്കുകയും ചെയ്തു ഇന്ത്യ കണ്ട മഹാനടന്‍മാരില്‍ ഒരാളായ നസീറുദ്ദീന്‍ ഷാ. 

എന്റെ മക്കളെക്കുറിച്ചോർത്ത് എനിക്കു ആശങ്ക തോന്നുന്നു. നാളെ അവരെ ആൾക്കൂട്ടം വളഞ്ഞ്, ഹിന്ദുവാണോ മുസ്ലിമാണോ എന്നു ചോദിച്ചാൽ അവർക്കു മറുപടി ഉണ്ടാവില്ല. വിഷം പരന്നു കഴിഞ്ഞു. ഈ ജിന്നിനെ വീണ്ടും കുപ്പിയിലടയ്ക്കാൻ വലിയ വിഷമമായിരിക്കും. ഒരു പൊലീസുകാരൻ കൊല്ലപ്പെടുന്നതിനേക്കാൾ പ്രാധാന്യം പശു ചാകുന്നതിനു ലഭിക്കുന്ന അവസ്ഥയാണു രാജ്യത്തു പലയിടത്തും. നിയമം കയ്യിലെടുക്കുന്നവരുടെ കൂസലില്ലായ്മ അമ്പരപ്പിക്കുന്നു എന്നാണ് അടുത്തിടെ ഷാ അഭിപ്രായപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഹിന്ദു സംഘനടകളുടെ പ്രതിഷേധം രൂക്ഷമാകുകയും അജ്മേര്‍ സാഹിത്യോല്‍സവത്തിലെ ഷായുടെ ചടങ്ങ് റദ്ദാക്കേണ്ടിയും വന്നു. 

വ്യക്തിത്വത്തിന്റെ സവിശേഷതയാലും ആവിഷ്ക്കരണത്തിന്റെ പുതുമയാലും അടുത്തിടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് നസീറുദ്ദിന്‍ ഷായുടെ ആത്മകഥ- അങ്ങനെ ഒരു ദിനം 

(മലയാള പ്രസിദ്ധീകരണം തൃശൂര്‍ കറന്റ് ബുക്സ്. വിവര്‍ത്തനം പി. എന്‍. വേണുഗോപാല്‍ ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA