ഒളിച്ചോട്ടം, 20–ാം വയസ്സിൽ 34കാരിയുമായി വിവാഹം; നസീറുദ്ദിന്‍ ഷായുടെ ജീവിതം

Naseeruddin-Shah
SHARE

ആള്‍ക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ എതിരാളികൾ പാക്കിസ്ഥാന്‍ വീസ സംഘടിപ്പിച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട് നസീറുദ്ദിന്‍ ഷായോട്. പാക്കിസ്ഥാന്‍ വീസയുടെ സ്നേഹവും സങ്കടവും ഒരുമിച്ചനുഭവച്ചിട്ടുണ്ട് ഷാ; 19-ാം വയസ്സില്‍. അതദ്ദേഹത്തിന്റെ പ്രണയജീവിതത്തിലെ ആദ്യത്തെ ഘട്ടമാണ്. കാലമെത്തുന്നതിനുമുമ്പേ നടന്ന വിവാഹവും ആദ്യത്തെ മകളും ആദ്യത്തെ അകല്‍ച്ചയും സ്വാഭാവികമായ വേര്‍പിരിയലും. ‘അങ്ങനെ ഒരു ദിനം’ എന്ന ആത്മകഥയിൽ ഷാ വിവരിക്കുന്നുണ്ട്.

അഭിനയമോഹം തലയ്ക്കുപിടിച്ച് 16-ാം വയസ്സില്‍ ബോംബെയിലേക്ക് (ഇന്നത്തെ മുംൈബ) ഒളിച്ചോടിയ വിദ്യാര്‍ഥി. അക്കാലത്തെ തന്നെക്കുറിച്ച് മുടിയനായ പുത്രന്‍ എന്നാണ് ഷാ സ്വയം വിശേഷിപ്പിക്കുന്നത്. വീട്ടില്‍ ഒരു വാക്കു പോലും പറയാതെ ഒരു പെണ്‍സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു യാത്ര. അധികകാലം അവിടെ തുടരാന്‍ പറ്റാതായതോടെ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും ചെലവുകുറഞ്ഞ ലോ‍ഡ്ജുകളിലുമൊക്കെയായി താമസം. ഇതിനിടെ രണ്ടു ചിത്രങ്ങളില്‍ എക്സ്ട്രാ നടനായി അഭിനയം. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോള്‍ ഭൂതക്കണ്ണാടി വച്ചു നോക്കിയിട്ടുപോലും ഷായ്ക്കോ മറ്റാര്‍ക്കെങ്കിലുമോ അദ്ദേഹത്തെ ഒരു രംഗത്തില്‍പ്പോലും കണ്ടെത്താനും ആയില്ല. ഒടുവില്‍ വീട്ടുകാര്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഷായെ തേടിപ്പിടിച്ചു. വീട്ടിലേക്കു മടക്കിയയച്ചു. 

സ്കൂള്‍ ഫൈനല്‍ വിജയിച്ചതോടെ ഉപേക്ഷിച്ച പുസ്തകങ്ങളിലേക്കും പഠനത്തിലേക്കും മടങ്ങേണ്ടിവന്നു നസിറുദ്ദീന്‍ ഷായ്ക്ക്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ ആര്‍ട്സ് കോഴ്സിനു ചേരുന്നു. ഒപ്പം വിദേശ നാടകങ്ങളുടെ പഠനവും വായനയും നാടകാഭിനയവും. ഇക്കാലത്താണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വൈകാരിക സ്വാധീനം എന്നു ഷാ വിശേഷിപ്പിക്കുന്ന ഒരു യുവതിയെ അദ്ദേഹം കാണുന്നതും പരിചയപ്പെടുന്നതും- പര്‍വീണ്‍ മൊറാദ്. പര്‍വീണിന് അന്ന 34 വയസ്സുണ്ട്. ഷാ 19 കഴിഞ്ഞ് 20 ലേക്ക് പ്രവേശിക്കുന്നു. രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസം 14 വയസ്സ്. 

ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനായിരുന്നു അന്നു പര്‍വീണ്‍. അമ്മ അലിഗഡിലെ അധ്യാപിക. അച്ഛനുമായി വേര്‍പിരിഞ്ഞുള്ള ജീവിതം. കുട്ടിക്കാലം അച്ഛനുമൊത്ത് പാക്കിസ്ഥാനിലെ കറാച്ചിയിലായിരുന്നു പര്‍വീണ്‍. പാക്കിസ്ഥാന്‍ പൗരത്വമാണുള്ളത്. പഠനം തുടങ്ങേണ്ട കാലമായപ്പോള്‍ സ്റ്റുഡന്റ് വീസയില്‍ ഇന്ത്യയിലേക്കു വന്നു. അന്നുമുതല്‍ അമ്മയോടൊപ്പം നിന്ന് ഇന്ത്യയില്‍ പഠനം. ഇന്ത്യാ-പാക്കിസ്ഥാന്‍ ബന്ധം മോശമായ സമയമായിരുന്നു അത്. പാക്കിസ്ഥാന്‍ പൗരത്വമുള്ളവര്‍ എപ്പോഴും നിരീക്ഷണത്തില്‍. ഒരു കോഴ്സ് കഴിഞ്ഞ് അടുത്ത കോഴ്സ് എന്ന മട്ടില്‍ പര്‍വീണ്‍ പഠനം തുടരാന്‍ കാരണം പാക്കിസ്ഥാന്‍ പൗരത്വം തന്നെ. പഠനം കഴിഞ്ഞാല്‍ മടങ്ങിപ്പോകണം. പോകാന്‍ പര്‍വീണ്‍ തയാറുമല്ല. 

നസീറുദ്ദിന്‍ ഷായും പര്‍വീണും പരിചയത്തിലാകുന്നു. ഒരുദിവസം ഒരു നിമിഷം പോലും വേര്‍പിരിഞ്ഞിരിക്കാനാവാത്ത രീതിയില്‍ പ്രണയബദ്ധരുമാകുന്നു. ഷായുടെ താമസം ഏതാണ്ട് പര്‍വീണിന്റെ വീട്ടില്‍ത്തന്നെ. ഷായുടെ അഭിനയമോഹത്തിനു ചിറകു നല്‍കിയതും പര്‍വീണ്‍ തന്നെ. അസ്വാദകയായും വിമര്‍ശകയായും അടുത്തിരുന്ന് ഒരു നടനായി അദ്ദേഹത്തെ വാര്‍ത്തെടുത്തതും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് പഠിക്കണമെന്നു പ്രേരിപ്പിക്കുന്നതും എല്ലാം പര്‍വീണ്‍ തന്നെ. അതിതീഷ്ണമായ ഒരു വൈകാരിക ബന്ധമായിരുന്നു അവരുടേത്. എംബിബിഎസ് പര്‍വീണ്‍ പൂര്‍ത്തിയാക്കുന്നു. ഇനി പഠിക്കാന്‍ കോഴ്സുകളൊന്നും ഇല്ല. അതായത് പര്‍വീന്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകണം. ഒഴിവാക്കാന്‍ ഒരു മാര്‍ഗമുണ്ട്. ഒരു ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുക. സുഹൃത്തായും കാമുകനായും നസീറുദ്ദിന്‍ ഷാ അടുത്തുള്ളപ്പോള്‍ അധികമാലോചനയുടെ ആവശ്യം തന്നെയെന്ത്. അധികമാരെയും അറിയിക്കാതെ ആ വിവാഹം നടക്കുന്നു- 1969 നവംബര്‍ ഒന്നാം തീയതി. പര്‍വീണിന്റെ വീട്ടിലേക്ക് ഷാ പൂര്‍ണമായും മാറുകയും ചെയ്യുന്നു. വിവാഹം ഷാ സ്വന്തം വീട്ടില്‍ പറയുകപോലും ചെയ്യുന്നുമില്ല. 

ഏതാനും മാസത്തിനകം ഷായ്ക്ക് സ്വപ്നസാഫല്യമായി ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം കിട്ടുന്നു. പര്‍വീണ്‍ അലിഗഡില്‍ത്തന്നെ തുടരുന്നു. ഇടയ്ക്കിടെ സന്ദര്‍ശനങ്ങള്‍. ഏതാനും മാസം കഴിഞ്ഞു. ഗര്‍ഭിണിയായ പര്‍വീണ്‍ ആശുപത്രിയിലായി എന്ന വാര്‍ത്തയറിഞ്ഞ് ഡല്‍ഹിയില്‍നിന്ന് അലിഗഡില്‍ എത്തിയപ്പോഴേക്കും ഷാ ഒരു പെണ്‍കുട്ടിയുടെ പിതാവായിക്കഴിഞ്ഞിരുന്നു- 21-ാം വയസ്സില്‍. പര്‍വീണിന് അന്ന് 35 വയസ്സ്. 

പര്‍വീണിന്റെ ശ്രദ്ധ പൂര്‍ണമായും കുട്ടിയിലേക്കു മാറുന്നു. ഹീബാ. ദൈവത്തിന്റെ വരപ്രസാദം എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും കുട്ടിയോട് വലിയ സ്നേഹമോ ആത്മാര്‍ഥതയോ അക്കാലത്ത് ഒരിക്കലും ഷാ കാണിച്ചിട്ടില്ല. അതേപ്പറ്റി കുറ്റബോധവും പശ്ഛാത്താപവും നിറഞ്ഞ വാക്കുകളിലാണ് അദ്ദേഹം പിന്നീട് ഓര്‍മിച്ചിട്ടുള്ളതും. ഷാ അഭിനയത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പതുക്കെപതുക്കെ അവര്‍ക്കിടയിലുള്ള സന്ദര്‍ശനങ്ങള്‍ കുറയുന്നു. അഭിനയത്തിനൊപ്പം മറ്റു പെണ്‍കുട്ടികളിലേക്കും ഷായുടെ ശ്രദ്ധ മാറിപ്പോകുന്നു. പര്‍വീണ്‍ അലിഗഡില്‍ത്തന്നെയാണെങ്കിലും ദുരെയെവിടെയോ എന്ന മട്ട്. ആദ്യമൊക്കെ തുടര്‍ച്ചയായി കത്തെഴുതിയിരുന്നു. പിന്നീട് അതും കുറഞ്ഞു. പിന്നെ ഇല്ലാതെയായി. 

പിന്നീട് അലിഗഡില്‍ എത്തിയാലും ഷാ പര്‍വീണിനെയോ മകളെയോ സന്ദര്‍ശിക്കാതെയുമായി. കുറേ മാസങ്ങള്‍ക്കുശേഷം ഒരു ദിവസം പര്‍വീണ്‍ ഷായെ കാണാന്‍ ഡല്‍ഹിയിലെത്തി. പക്ഷേ, എത്രയും പെട്ടെന്ന് പര്‍വീണിനെ ഒഴിവാക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം. 

ആ ബന്ധത്തിന്റെ അവസാനം ഷായുടെ തന്നെ വാക്കുകളില്‍: അടുത്ത ദിവസങ്ങളില്‍ത്തന്നെ അവള്‍ ലണ്ടനിലേക്കു പോയി. ഒപ്പം ഹീബായും അവള്‍ക്കുണ്ടായ മറ്റൊരു കുഞ്ഞും. അടുത്തിടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് നസീറുദ്ദിന്‍ ഷായുടെ ആത്മകഥ- അങ്ങനെ ഒരു ദിനം. മലയാള പ്രസിദ്ധീകരണം തൃശൂര്‍ കറന്റ് ബുക്സ്. വിവര്‍ത്തനം പി. എന്‍. വേണുഗോപാല്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA