'ഇതിൽ കൂടുതലൊന്നും വളരാനില്ല എന്ന് പ്രചരിപ്പിക്കുന്നവർ സമൂഹത്തെ പിന്നോട്ട് നയിക്കുന്നു'

saradakutty
SHARE

എല്ലാം മുൻപേ ഇവിടെയുണ്ടായിരുന്നതാണ് എന്നു വിശ്വസിപ്പിക്കുകയും അതിനപ്പുറമിനി വളരാനൊന്നുമില്ല എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവർ സമൂഹത്തെ  പിന്നോട്ടാണ് നയിക്കുന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നെന്നും ദശാവതാരങ്ങള്‍ ‍ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തേക്കാള്‍ മികച്ചതാണെന്നും ബയോടെക്‌നോളജിസ്റ്റും ആന്ധ്ര സർവകലാശാല വൈസ് ചാന്‍സലറുമായ പ്രഫ. ജി നാഗേശ്വര റാവു നൂറ്റിയാറാമത് ശാസ്ത്ര കോൺഗ്രസിൽ പ്രസംഗിച്ചത് ചർച്ചയായിരുന്നു. വാല്മീകിയും വ്യാസനുമൊക്കെ ദീർഘദർശികളും ഭാവനാസമ്പന്നരുമായ കവികളായിരുന്നു എന്നത് സത്യം. അവരെഴുതിവെച്ചതെല്ലാം ശാസത്രീയ സത്യങ്ങളായിരുന്നുവെന്നു പ്രചരിപ്പിക്കുന്നത് കള്ളം. രണ്ടും ഒന്നല്ല. രണ്ടാണെന്നും എഴുത്തകാരി സമൂഹമാധ്യമത്തിൽ പങ്കു വെച്ച കുറിപ്പിൽ പറഞ്ഞു.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണ രൂപം– 

"പാവന"മായ ഒന്നിനെ കുറിച്ചു സംസാരിക്കേണ്ടതുണ്ടെങ്കിൽ താൻ പാവനമായി കരുതുന്ന ഒന്നേയുള്ളുവെന്നും അത് മനുഷ്യന് തന്നോടു തന്നെയുള്ള അസംതൃപ്തിയും ഇനിയും നന്നാകാനുള്ള അയാളുടെ കഠിനമായ പരിശ്രമവും മാത്രമാണെന്ന് മാക്സിം ഗോർക്കി പറഞ്ഞിട്ടുണ്ട്. ശരിയാണ്, അസംതൃപ്തരായ മനുഷ്യരാണ് വികാസത്തിന്റെ പാതയിൽ മുന്നേറുന്നത്. എല്ലാം മുൻപേ ഇവിടെയുണ്ടായിരുന്നതാണ് എന്നു വിശ്വസിപ്പിക്കുന്നവർ, അതിനപ്പുറമിനി വളരാനൊന്നുമില്ല എന്ന് പ്രചരിപ്പിക്കുന്നവർ അപകടകരമായി പിന്നോട്ടാണ് സമൂഹത്തെ നയിക്കുന്നത്.

ഗണേശന്റെ കാലത്തു തന്നെ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നു. ആഞ്ജനേയന്റെ കാലത്ത് മുതലേ വാടകക്ക് ഗർഭപാത്രം ഉണ്ടായിരുന്നു. ഗാന്ധാരിയുടെ കാലത്തേ ടെസ്റ്റ് ട്യൂബ് ഗർഭമുണ്ടായിരുന്നു. സയൻസ് ഇവിടെ ഭാരതത്തിൽ നിന്നു പോയതേയുള്ളു. ഇതിൽ കൂടുതലൊന്നും സയൻസിന് ചെയ്യാനില്ല എന്നൊക്കെ 'ഗവേഷണ പ്രബന്ധ'ങ്ങൾ സയൻസ് കോൺഗ്രസിൽ അവതരിപ്പിക്കപ്പെടുന്നതിലെ അപകടങ്ങളെ കുറിച്ച് ബി.ആർ.പി ഭാസ്കർ ഇന്ന് രാവിലെ റേഡിയോ മാംഗോ Paper capsule ൽ ഭംഗിയായി സംസാരിച്ചു. ലോക നിലവാരത്തിലേക്ക് ഇൻഡ്യയിലെ ഗവേഷണ പ്രബന്ധങ്ങൾ എന്തുകൊണ്ട് എത്തുന്നില്ല എന്നതും അദ്ദേഹം വ്യക്തമാക്കി. എല്ലാമിവിടെ ഉണ്ടായിരുന്നു, പുതിയതായൊന്നും സയൻസ് ഉണ്ടാക്കിയിട്ടില്ല എന്ന വാദങ്ങൾ തടയപ്പെടുക തന്നെ വേണമെന്ന് അദ്ദേഹം സമർഥിച്ചു. ഇത്തരം പേപ്പറുകൾ എങ്ങനെ സയൻസ് കോൺഗ്രസുകളിൽ അംഗീകാരം നേടി അവതരിപ്പിക്കാൻ കഴിയുന്നു?

നാം പുലരുന്നതും നമ്മെ വളർത്തിയതുമായ ജീവിതത്തിനു ചുറ്റും അടിഞ്ഞുകൂടുന്ന ചവറുകൾക്കും മാലിന്യങ്ങൾക്കും എതിരെയുള്ള മനുഷ്യന്റെ വെറുപ്പും അസഹിഷ്ണുതയും ആണ് അയാളുടെ ജീവിതത്തിലെ അസൂയക്കും അത്യാർത്തിക്കും കുറ്റകൃത്യങ്ങൾക്കും പകർച്ചവ്യാധികൾക്കും യുദ്ധങ്ങൾക്കും ശത്രുതകൾക്കും കാരണമാകുന്നത്. അതവസാനിപ്പിക്കാനുള്ള അത്യധ്വാനത്തോളം "പാവന"മായി മറ്റൊന്നുമില്ല. മനുഷ്യാവബോധങ്ങളെ പുരോഗതിയിലേക്കു നയിക്കുന്ന ശാസ്ത്രീയ ചിന്തകളാണ് പാവനമെന്ന് പ്രചരിപ്പിക്കുവാനാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ച ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്.

വാല്മീകിയും വ്യാസനുമൊക്കെ ദീർഘദർശികളും ഭാവനാസമ്പന്നരുമായ കവികളായിരുന്നു എന്നത് സത്യം. അവരെഴുതിവെച്ചതെല്ലാം ശാസത്രീയ സത്യങ്ങളായിരുന്നുവെന്നു പ്രചരിപ്പിക്കുന്നത് കള്ളം. രണ്ടും ഒന്നല്ല. രണ്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA