sections
MORE

സഹ്യനൊപ്പം തലപ്പൊക്കമുള്ള ആറ്റൂർ കവിതകൾ

attoor
SHARE


സഹ്യനെക്കാൾ തലപ്പൊക്കം

നിളയേക്കാളുമാർദ്രത

ഇണങ്ങി നിന്നിൽ;സൽപ്പുത്ര

ൻമാരിൽ പൈതൃകമിങ്ങനെ

‘മേഘരൂപൻ’ എന്ന പ്രശസ്തമായ കവിതയെഴുതുമ്പോൾ ആറ്റൂർ രവിവർമയുടെ മനസ്സിൽ നിറഞ്ഞുനിന്നത് ഒരു കവി. ഒരു മനുഷ്യൻ. കാണുമ്പോഴൊക്കെ എങ്ങോട്ടാണു പോവുന്നതെന്നു ചോദിക്കുമ്പോൾ ‘എങ്ങോട്ടാണാവോ, നിശ്ചയമില്ല’ എന്ന മറുപടി പറഞ്ഞ, കവിതയെന്ന നിത്യകന്യകയുടെ ആരാധകനായ പി. കുഞ്ഞിരാമൻ നായർ. 

പിയുടെ കാവ്യവ്യക്തിത്വത്തെ അവതരിപ്പിക്കുന്ന മേഘരൂപൻ സ്വന്തം സത്വത്തിലേക്കുള്ള സഞ്ചാരം കൂടിയായിരുന്നു ആറ്റൂരിന്. 

തലയെടുപ്പോടെ, അധികമൊന്നും സംസാരിക്കാതെ നിൽക്കുന്ന എഴുത്തുകാരൻ. തന്റെ പുണ്യപുത്രന് എഴുതാൻ ഭാരതപ്പുഴ പൂഴി വിരിച്ചിരിക്കുന്നു. കണ്ണുകൾക്ക് ആനന്ദം പകരാൻ ആകാശം വിവിധ വർണാങ്കിതമായ പുസ്തകം നിവർത്തിവച്ചിരിക്കുന്നു. തിരുവാതിര തുന്നുന്ന മഞ്ഞക്കുപ്പായം ആ മെയ്യിൽ‌ ചാർത്താനുള്ളതാണ്. ഉഷസ്സുകൾ പട്ടുടുത്ത് വാതിൽക്കൽനിന്ന് കുരവയിടുന്നു. ഇടുങ്ങിയ, നിരപ്പായ തേഞ്ഞ പാതകൾ വിട്ട് ഉന്നതങ്ങളിൽ മേഘങ്ങളൊത്തു മേയുകയാണു മേഘരൂപൻ. 

പിയെ നേരിട്ടുകണ്ടപ്പോൾ ആറ്റൂർ കവിത അദ്ദേഹത്തെ പാടിക്കേൾപിച്ചു. ഞാൻ മേഘമൊന്നുമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൗനത്തെ ഉപാസിച്ച മലയാളത്തിലെ മേഘരൂപനായിരുന്നു ആറ്റൂർ രവിവർമയും. ഏഴുപതിറ്റാണ്ടു നീണ്ട കാവ്യജീവിതത്തിൽ നൂറിൽത്താഴെമാത്രം കവിതകൾ. അളവിനെക്കാൾ ഗുണത്തിൽ വിശ്വസിച്ച കവി. കവിതയൂറുന്ന ഗദ്യവും വശമായിരുന്ന ആറ്റൂർ തമിഴിൽനിന്നു സുന്ദരരാമസ്വാമയിയുടെ നോവലുകളും കമ്പരാമായണവും മൊഴിമാറ്റുകയും ചെയ്തു. 

സ്കൂൾ, കോളജ് പഠന കാലത്ത് ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നു ആറ്റൂർ. പാർട്ടിയുടെ നേതാക്കൻമാർ ഒളിവിൽ താമസിക്കുന്ന കാലം. അവരുമായി ഇടപഴകിയതോടെ പാർട്ടിയോട് ആഭിമുഖ്യം വളർന്നു. 1947–48 കാലത്ത് കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടെങ്കിലും ക്രിസ്ത്യൻ കോളജിൽ പ്രവേശനം നേടി പഠനം തുടർന്നു. അന്നു കോളജിലുണ്ടായിരന്നു കവി ആർ.രാമചന്ദ്രൻ ആറ്റൂരിനെ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ്. ഇന്റർമീഡിയറ്റ് കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മലയാളം ഓണേഴ്സ്. പഠനം കഴിഞ്ഞപ്പോൾത്തന്നെ മദ്രാസിലെ പ്രസിഡൻസി കോളജിൽ അധ്യാപകനായി.  അക്കാലത്തുണ്ടായ ഒരു പരിചയം ആറ്റൂരിന്റെ ജീവിതത്തെ സ്വാധീനിക്കുക മാത്രമല്ല, പൂർണമായി മാറ്റുകയും ചെയ്തു– എം.ഗോവിന്ദൻ. ഗോവിന്ദന്റെ സദസ്സിലെ സ്ഥിരം അംഗമായിമാറി ആറ്റൂർ. സൗഹൃദത്തെക്കാൾ ഗുരുശിഷ്യബന്ധം. ഗോവിന്ദനുമായുള്ള ബന്ധം തമിഴ് ഭാഷാ പഠനത്തിലേക്കു നയിച്ചു. പാട്ടുകൾ പഠിച്ചായിരുന്നു തുടക്കം. സുന്ദരരാമസ്വാമിയുടെ നോവൽ ആറ്റൂരിനു വായിക്കാൻ കൊടുക്കുന്നതും ഗോവിന്ദൻ തന്നെ. ജെ.ജെ. ചില കുറിപ്പുകളാണ് ആദ്യം വിവർത്തനം ചെയ്തത്. അതു നന്നായി സ്വീകരിക്കപ്പെട്ടപ്പോൾ പുളിമരത്തിൻ കഥയും മൊഴിമാറ്റി. 

ജീവിതത്തിൽ നാസ്തികനെന്ന് അറിയപ്പെടുമ്പോഴും സാംസ്കാരിക പാരമ്പര്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന, അഭിമാനിക്കുന്ന കവി കൂടിയാണ് ആറ്റൂർ. ഭാരതീയ സംസ്കാരത്തെ അറിയാൻ ശ്രമിച്ചയാൾ. ഹിമാലയത്തിലേക്കു യാത്ര നടത്തിയ സഞ്ചാരി. 

അണുധൂളിപ്രസാരത്തിന്ന–

വിശുദ്ധദിനങ്ങളിൽ 

മുങ്ങിക്കിടന്നു നീ പൂർവ

പുണ്യത്തിൻ കയങ്ങളിൽ.. എന്ന വരികൾ അക്ഷരാർഥത്തിൽ ജീവിതത്തിലും കവിതയും പുലർത്തിയ ദാർശനികൻ. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ പാരമ്പര്യത്തിന്റെ കരുത്തുറ്റ പുണ്യം തേടി ഉപനിഷത്തുകളിലും ഇതിഹാസങ്ങളിലും സഞ്ചരിച്ച പ്രതിഭ. 

അവൻ ഞാനല്ലോ എന്ന കവിതയിൽ താനെന്ന കവിയെക്കുറിച്ചും കവിതയെക്കുറിച്ചും ആറ്റൂർ എഴുതുന്നുണ്ട്. കാലത്തിന്റെ കടൽ കവർന്നെടുക്കുന്ന ജീവിതത്തിന്റെ തുരുത്തിൽ അധിവസിക്കുന്ന ഏകാകി. ഏകാന്തതയെ ധ്യാനിക്കുമ്പോൾതന്നെ ചുറ്റുമുള്ള ജലത്തിന്റെ നീലക്കയത്തിൽ വാക്കുകളുടെ വലയെറിഞ്ഞ കവി. 

നിത്യം കടലെടുത്തീടും 

ജൻമത്തിന്റെ തുരുത്തിൽ ഞാൻ 

വളഞ്ഞിരുന്നു നൂലിട്ടേ–

നതിൻ നീലക്കയങ്ങളിൽ. 

ആശയപ്രധാനമായ കരുത്തുറ്റ കവിതകൾ എഴുതിയ ആറ്റൂർ ജീവിതത്തിന്റെ കാൽപനിക ഭംഗികളെക്കുറിച്ചും തന്റേതായ രീതിയിൽ, വ്യത്യസ്തമായി എഴുതിയിട്ടുണ്ട്. വിവാഹം കഴിഞ്ഞു മധുവിധു കാലത്തിനുശേഷം ദൂരെയുള്ള നഗരത്തിൽ ജോലിക്കു പോകുന്ന ഭർത്താവ് ഭാര്യയ്ക്കെഴുതുന്ന വരികളിൽ മലയാളത്തിന്റെ ലക്ഷണമൊത്ത പ്രണയസങ്കൽപത്തിന്റെ ചാരുതയത്രയും അറിയാം; അനുഭവിക്കാം. 

പോയ മധുവിധു കാലത്തിനേക്കാളും

ഏറെ പ്രിയമുണ്ടെനിക്കു 

നിന്നോടെടോ..

നിന്നഭാവത്തിലനുഭവിക്കുന്നു ഞാൻ 

അമ്മയെ പണ്ടു പിരിഞ്ഞതിൻ വേദന! 

കാൽപനികതയുടെ ശാലീനത ചോർത്തിക്കളഞ്ഞ്, അന്തസ്സും കുലീനതയുമുള്ള ഭാഷയിൽ വിരഹദുഖം ഇത്രമാത്രം തീഷ്ണതയോടെ ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ല മറ്റൊരു മലയാള കവിതയിലും. 

ആറ്റൂരിനെ അടയാളപ്പെടുത്താൻ, അദ്ദേഹത്തിന്റെ കവിതയുടെ ഊർജം ഉൾക്കൊള്ളാൻ മേഘരൂപനെത്തന്നെ ആശ്രയിക്കാം: 

നീ, കൃഷ്ണശില തൻ താളം!

വിണ്ണിലോലുന്ന നീലിമ ! 

ആഴിതൻ നിത്യമാം തേങ്ങൽ,

പൗർണ്ണമിക്കുള്ള പൂർണത ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA