Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിഞ്ഞൊഴുകുന്ന സ്ത്രീ അഥവാ പഴയ ഭാര്യ

Jisa Jose ജിസാ ജോസ്

ഒരു സെമിനാറിൽ പുതിയകേരളം, പുതിയസ്ത്രീ എന്ന വിഷയത്തിൽ സംസാരിക്കാനുള്ള കാര്യങ്ങളെക്കുറിച്ചാലോചിക്കുന്നതിനിടയിലാണ് അരുൺപ്രസാദിന്റെ കവിത വീണ്ടും ആ പെൺഗ്രൂപ്പിൽ കാണുന്നതും അതിനെക്കുറിച്ചു നടന്ന വീറോടെയുള്ള ചർച്ച ശ്രദ്ധിക്കുന്നതും. അപ്പോൾ തോന്നിയ കൗതുകത്തിനും രസത്തിനും മാത്രമാണ് വിവാഹമോചിതയുടെ മറ്റൊരു തരം തിരിച്ചുവരവ് സങ്കൽപിച്ചതും എഴുതിയതും. (പുതിയ കേരള സ്ത്രീയെക്കുറിച്ചു മനസ്സിലുള്ള സങ്കൽപവും പ്രത്യാശയും കൂടി അതിനു കാരണമായിട്ടുണ്ടാവും.) ഗ്രൂപ്പിലും എഫ്ബിയിലും പോസ്റ്റ് ചെയ്തു. ഒരു തമാശയെന്നേ കരുതിയുള്ളു. ഇത്തരം മറുകവിതകൾ എഴുതുന്നതും ഷെയർ ചെയ്യുന്നതും ഇടയ്ക്കൊക്കെ പതിവാണ്. അതൊക്കെ ചിലപ്പോൾ വായിക്കപ്പെടാറുണ്ട്, ശ്രദ്ധിക്കപ്പെടാറുമുണ്ട്. പക്ഷേ ഈ കവിത ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ വ്യാപകമായി പ്രചരിച്ചു. സ്വാഭാവികമായും ഒസിഡി എന്ന കവിതയെഴുതിയ അരുൺ പ്രസാദിനെയും അദ്ദേഹത്തിന്റെ വായനക്കാരെയും അത് അസ്വസ്ഥരാക്കി. കവിതയിൽ ഊന്നൽ കൊടുത്തത് ഒസിഡിയ്ക്കാണെന്നും അതിനെക്കുറിച്ചുള്ള അജ്ഞതയാണ് ഈ അസംബന്ധപ്രതിരചനയ്ക്കു കാരണമെന്നും അദ്ദേഹവും സുഹൃത്തുക്കളും ആരോപിക്കുന്നതും തീർത്തും സ്വാഭാവികം.

പക്ഷേ, ആ കവിതയിൽ നിന്നു പ്രേരണയുൾക്കൊണ്ട് തീർത്തും സ്വതന്ത്രമായ മറ്റൊന്നെഴുതുമ്പോൾ അത് ആദ്യത്തെ കവിതയുടെ സത്തയുൾക്കൊള്ളാത്തതു കൊണ്ടാണ്, മനസിലാവാത്തതു കൊണ്ടാണ്, എന്നു പറയുന്നതിൽ യുക്തിഭംഗമുണ്ട്. കാരണം ഇതു വേറൊന്നാണ്. ഒസി‍ഡി രോഗിണിയുടെ നിശായാത്രയല്ല ഇതിലെ പ്രമേയം.

ഒസിഡി - ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ പലപ്പോഴും ഗുരുതരമായ മാനസികപ്രശ്നമാണ്, അമിതമായ വൃത്തിഭയം, ഒരേ കാര്യങ്ങൾ ആവർത്തിച്ചു ചെയ്യുക, ചെയ്തോ എന്നു സംശയം തീരായ്ക തുടങ്ങി പലതരം ലക്ഷണങ്ങളുള്ള രോഗം. വിവാഹമോചനമാവട്ടെ സങ്കീർണമായ, വൈകാരിക നൂലാമാലകളുള്ള പ്രതിസന്ധി – രണ്ടിന്റെയും ഇരയായ ഒരു സ്ത്രീയുടെ സ്ഥാനത്ത്, ആരോഗ്യവതിയായ, തന്റേടിയായ സ്ത്രീയെ പകരം വെച്ചു കവിതയെഴുതുമ്പോൾ എല്ലാം മാറും. അത്തരം മാറ്റിയെഴുതൽ എന്തിനാണെന്നതിനു കൃത്യമായ മറുപടിയുണ്ട്. ആദ്യത്തെ കവിതയിലല്ല അഴിച്ചുപണി നടത്തിയിരിക്കുന്നതെന്നതു കൊണ്ട് കവിയോ വായനക്കാരോ അസ്വസ്ഥരാവേണ്ടതുമില്ല. അതവിടെ അങ്ങനെത്തന്നെ നിൽക്കുന്നുണ്ട്.

ഒസി‍‍ഡിയുടെ ഏതു ഭീകരമായ അവസ്ഥാന്തരത്തിലായാലും സ്വയമുപേക്ഷിച്ചതോ ഉപേക്ഷിക്കാൻ നിർബന്ധിതമായതോ ആയ ആ വീട്ടിലേക്ക് ഒളിച്ചുചെന്ന് ഒരു ഫെയറിടെയിൽ മാലാഖയെപ്പോലെ ജോലികളെല്ലാം തീർത്ത് അടുക്കിയും പെറുക്കിയും വെച്ച് മുൻഭർത്താവിനെ പുതപ്പിച്ചു കിടത്തി സ്ഥലം വിടുന്ന വിവാഹമോചിതയെ ആൺകാൽപനികതയുടെ പാരമ്യമായേ കാണാനാവുകയുള്ളൂ. അതത്രയും ഒസിഡിക്കാരിയുടെ ഭ്രമ കൽപനയെന്നു വാദിച്ചാൽത്തന്നെ അവൾക്കു വൃത്തിയാക്കാൻ വേണ്ടി എല്ലാം വീണ്ടും വലിച്ചു വാരിയിടുന്ന ഭർത്താവ് എന്തിന്റെ പ്രതീകമാണ്? നിശ്ചയമായും ഒസിഡി എന്ന രോഗത്തിന്റെ മറവിൽ അരുൺ പ്രസാദിന്റെ കവിത  കുലസ്ത്രീസങ്കൽപത്തെ താലോലിക്കുന്നു. അവളെക്കാത്തിരിക്കുന്ന അയാളിലെ  പരസ്പരം പിരിഞ്ഞിട്ടും വറ്റാത്ത പ്രണയത്തിന്റെ നേർത്ത ഒഴുക്കാണതെന്നൊക്കെ കാൽപനികവൽക്കരിച്ചാലും അതൊരാൺകവിതയാണ്. അവന്റെ സങ്കൽപത്തിലെ സ്ത്രീ, അവന്റെ പ്രിവിലേജുകൾ, രോഗത്തിന്റെ മറയിട്ടതുകൊണ്ട് അതൊന്നും അങ്ങനെയല്ലാതാവുന്നില്ല. കവിതയിലെ സൂചകങ്ങൾ കൃത്യമായി നിർമ്മിച്ചെടുക്കുന്ന സംസ്കാരവ്യവസ്ഥ ആൺകോയ്മയിലൂന്നിയ കുടുംബത്തിന്റേതാണ്. 

അതിനെ നിർദ്ധാരണം ചെയ്യുന്നുവെന്നതോ ചെയ്യാൻ ശ്രമിക്കുന്നുവെന്നതോ ആവണം രണ്ടാമത്തെ രചന കൂടുതൽ വായിക്കപ്പെടാനുള്ള പ്രത്യക്ഷമായ കാരണം. ശക്തമായ, വ്യാപിതമായ മൂല്യങ്ങൾ, എഴുത്തിലെ പുരുഷ സങ്കൽപങ്ങൾ, പുരുഷാധീശത്വത്തെ സ്ഥാപിക്കുന്ന ഭാഷ ഒസിഡി എന്ന കവിതയിലെ ചിഹ്നങ്ങളൊക്കെയും ഈ വ്യവസ്ഥകളെ സംരക്ഷിക്കാനുള്ളതാണ്. കവിതയിലെ സ്ത്രീ ഒരു ഭഗ്നബിംബമാണ്. മുറിവേറ്റവൾ, തളരുന്നവൾ.

പുതിയ സ്ത്രീ അങ്ങനെയല്ല, അവൾ കരുത്തോടെ ആൺനോട്ടങ്ങൾ നിർമ്മിക്കുന്ന, അതിരുകളിടുന്ന ലോകങ്ങൾക്കു വെളിയിലേക്കു കുതറും. തികച്ചും വിമോചിതകളായവർ. ഹെലൻസിക് സുസ് പറയുന്ന കവിഞ്ഞൊഴുകുന്ന സ്ത്രീ. അവരെ കാണാനും വായിക്കാനും അവരെക്കുറിച്ചെഴുതാനും പുതിയ കാലത്തെ സ്ത്രീകൾക്കിഷ്ടമാണ് താനും.