അടുക്കളയിലെ ജോലികൾ പലതും യന്ത്രങ്ങൾക്കു വഴിമാറിയിട്ട് കാലം അധികം ആയിട്ടില്ല. 'അടുക്കളയിൽ തേഞ്ഞുതീരുന്ന യന്ത്രമാകുന്നു ഞാൻ' എന്നെഴുതിയത് സാവിത്രി രാജീവനാണ്. യന്ത്രംപോലെ പണിയെടുത്തിരുന്ന കാലഘട്ടത്തിൽനിന്ന് യന്ത്രത്തിന്റെ സഹായത്തോടെ പണിയെടുക്കുന്ന കാലഘട്ടത്തിൽ എത്തി നിൽക്കുമ്പോഴും ഓർമകളിൽ യന്ത്രം പോലെ തിരിയുന്ന ഒരു അമ്മയുണ്ടായുണ്ടാവും. അത്തരം ഒരു ഓർമ പങ്കുവയ്ക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.
വിജില ചിറപ്പാട് എഴുതിയ 'മുൻപേ പറന്നവൾ' എന്ന കവിത വായിക്കുമ്പോൾ ദഹിക്കാതെ ഉള്ളിൽ കിടക്കുന്നതൊക്കെ വീണ്ടും വീണ്ടും ഓർമകളിലേക്ക് എത്തുന്നു എന്നെഴുതുന്നു ശാരദക്കുട്ടി. കേരളത്തിന്റെ ഇന്നലകളുടെ വ്യക്തമായ ഒരു ചിത്രം വരച്ചുകാട്ടുന്നുണ്ട് വിജിലയുടെ കവിത.
വിജിലയുടെ കവിതയ്ക്കൊപ്പം ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്–
എല്ലാ ദിവസവും ഗ്രൈൻഡറിൽ അരിയുമുഴുന്നുമരച്ചെടുക്കുമ്പോൾ ഓർമ വരും. മണിക്കൂറുകളോളം ആട്ടുകല്ലിനപ്പുറവുമിപ്പുറവും, കാലുകളകറ്റിവെച്ച്, ഒരു കൈ കൊണ്ട് കുഴവി വട്ടത്തിലും മറുകൈ കൊണ്ട് മാവ് കുഴിയിലേക്ക് നീക്കിയിട്ടും മാവാട്ടുന്ന അമ്മ. രണ്ടു കൈകളും നിർത്താതെ ചലിപ്പിക്കുമായിരുന്നു. സ്വിച്ചിട്ടാലെന്നതു പോലെ. തെറ്ത്തു കയറ്റി വെച്ച മുണ്ടിനു കീഴെ കൊതുകു വന്നിരുന്നു കടിക്കുമ്പോൾ മാത്രം ഞങ്ങളെ വിളിക്കും.
തീയലിനു വറുത്തത് മിക്സിയിലിടുമ്പോൾ അതാ അമ്മ വീണ്ടും. വെള്ളം തൊടാതെ മിനുമിനാന്ന് അരകല്ലിൽ അരച്ച് ഉരുട്ടിയെടുക്കുന്നു. അമ്മേ.. എന്നറിയാതെ ഉള്ളൊന്നു പിടയും.
അമ്മയിൽ നിന്നെനിക്കുമോചനമില്ല. അമ്മക്ക് അകാലത്തിൽ സുഖമില്ലാതായപ്പോൾ പിന്നെ അത് ലക്ഷ്മിക്കുട്ടിയമ്മയായി, ഭവാനിയമ്മയായി, കാർത്യായനിയമ്മയായി, ശാരദച്ചേച്ചിയായി, ഓമനയായി, രാധയായി, ഗീതയായി.... ഞങ്ങളോ അന്നൊക്കെ കണക്കും സാമൂഹ്യചരിത്രവും അമ്മയെക്കുറിച്ചുള്ള സാഹിത്യവും പഠിക്കുകയായിരുന്നു.
പിന്നീടാണവരെല്ലാം ചേർന്ന് മിക്സിയും വാഷിങ്ങ് മെഷീനും ഗ്രൈൻഡറുമായത്... മോചനമില്ല .. വീടാക്കടങ്ങൾ.. വിജിലയുടെ ഈ കവിത... ദഹിക്കാതെ ഉള്ളിൽ കിടക്കുന്നതൊക്കെ തേട്ടിത്തേട്ടി വരുന്നു.