ADVERTISEMENT

എഴുത്തോ കഴുത്തോ എന്നത് പോയകാലത്തിന്റെ ചോദ്യമല്ല, ഇന്നത്തെ സത്യമാണെന്നു തെളിയിക്കുന്നു ഇറാഖില്‍നിന്നു കഴിഞ്ഞദിവസം ഉയര്‍ന്ന വെടിയൊച്ചകള്‍. എഴുതുന്നതും വായിക്കുന്നതും പുസ്തകം പ്രസിദ്ധീകരിക്കുന്നതും സാഹിത്യ-സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതും എത്ര അപകടം പിടിച്ച പണിയാണെന്നും. അത്യാധുനിക ആയുധങ്ങളേക്കാള്‍, യുദ്ധവിമാനങ്ങളേക്കാള്‍, മാരകമായ പിസ്റ്റളുകളേക്കാള്‍ സ്ഫോടകശേഷിയുണ്ട് അക്ഷരങ്ങള്‍ക്കെന്നും. 

ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്തതിനുശേഷം വീട്ടിലേക്കു തിരിച്ചതായിരുന്നു ഇറാഖിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍ അലാ മഷ്സൂബ്. അദ്ദേഹം വീടിന് അടുത്തുവരെയെത്തുകയും ചെയ്തു. അമ്പതുവയസ്സുകാരനായ മഷ്സൂബ് ഇരുപതോളം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറാഖിലെ സാംസ്കാരിക നഗരമായ കര്‍ബലയുടെ ചരിത്രവും ഐതിഹ്യവുമയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയങ്ങള്‍. നാടിനെക്കുറിച്ച് അഭിമാനിക്കുകയും നാടിന്റെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനിക്കുകയും ചെയ്ത മഷ്സൂബ് അന്നു വീട്ടിലേക്കു തിരിച്ചുപോകുമ്പോള്‍ ഒരിക്കലും കരുതിയിരിക്കില്ല അത് തന്റെ അന്ത്യയാത്രയാണെന്ന്. എഴുതാനിരുന്ന പുസ്തകങ്ങളായിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍. ഉണര്‍ന്നെണീറ്റ അക്ഷരങ്ങളും. പക്ഷേ, അക്രമികള്‍ക്ക് അതൊന്നും വിഷയമായില്ല. മോട്ടോര്‍സൈക്കിളില്‍‍ എത്തിയ അക്രമികള്‍ തുടരെത്തുടരെ പായിച്ച വെടിയുണ്ടകളില്‍ നടുറോഡില്‍വച്ചുതന്നെ മഷ്സൂബ് വീണു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം ജീവന്‍ വെടിഞ്ഞിരുന്നു. 

കഥകളും നോവലുകളുമായിരുന്നു മഷ്സൂബിന്റെ മാധ്യമങ്ങള്‍. ഒപ്പം സാമൂഹിക സാംസ്കാരിക ജീവിതത്തിലെ സജീവമായ പങ്കാളിത്തവും. പക്ഷേ, മഷ്സൂബിന്റെ ജീവനെടുക്കാന്‍ അക്രമിയെ പ്രേരിപ്പിച്ചത് എന്താണെന്നു വ്യക്തമായിട്ടില്ല. ഒരു സംഘടനയും കൊലപാതകത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുമില്ല. 

ഇറാഖിന്റെ സാംസ്കാരിക സമൂഹത്തിന്് ഒരു നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു... സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്‍ അമൂര്‍ അല്‍ ഹംദാനി വിലപിച്ചു. പക്ഷേ, മഷ്സൂബിന് മതിയായ സുരക്ഷയൊരുക്കാത്തതിന് സുരക്ഷാ സേനയെ കുറ്റപ്പെടുത്തുകയാണ് എഴുത്തുകാരുടെ യൂണിയന്‍. ഒരു എഴുത്തുകാരനെ സംരക്ഷിക്കാനാവാത്ത സര്‍ക്കാരിനെ അവര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. പൊതുജന സുരക്ഷ എന്ന പ്രാഥമിക ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അവര്‍ ആരോപിച്ചു. 

ഇതിനോടകം പ്രാദേശികവും ദേശീയവുമായ ഒട്ടേരെ പുരസ്കാരങ്ങളും കഥകള്‍ക്കും നോവലുകള്‍ക്കും മഷ്സൂബിനു ലഭിച്ചിരുന്നു. പക്ഷേ, അകാലത്തില്‍ സ്വന്തം നാടിനോട് യാത്ര പറയാനായിരുന്നു അദ്ദേഹത്തിന്റെ വിധി. സ്വന്തം വീടിന് വളരെയടുത്ത് വഴിയോരത്ത് വെയിടുണ്ടകളേറ്റ് ചിന്നിച്ചിതറിയ ആ ശരീരം ഒരു തോല്‍വിയുടെ കഥയല്ല പറയുന്നത്. പരാജയത്തിന്റെ ശോകഗാനവും ഉയരുന്നില്ല. അക്ഷരങ്ങളുടെ മഹത്വം ഒരിക്കല്‍ക്കൂടി ആഴത്തില്‍ അനുഭവിപ്പിച്ചിട്ടാണ് അദ്ദേഹം മറയുന്നത്. വെടിയുണ്ടകള്‍ക്ക് കുറച്ചുപേരെ നിശ്ശബ്ദരാക്കാനായേക്കും. പക്ഷേ, അതുകൊണ്ട് സാഹിത്യം ഇല്ലാതാകുന്നില്ല. എഴുത്ത് മരിക്കുന്നില്ല. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാതിരിക്കുന്നില്ല. സാംസ്കാരിക പരിപാടികള്‍ അരങ്ങേറാതിരിക്കുന്നില്ല. ഉച്ചത്തില്‍, വീണ്ടും വീണ്ടും ഉച്ചത്തില്‍ ഉയരുന്ന വാക്കുകളാല്‍ യാത്രാമൊഴി; കര്‍ബലയുടെ വീരനായകന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com