ADVERTISEMENT

കഥകളി രംഗത്തെ ആദ്യ സ്ത്രീസാന്നിദ്ധ്യമായിരുന്ന ചവറ പാറുക്കുട്ടി ഇനി ഓർമ. പുരുഷൻമാർ വാണിരുന്ന കഥകളി അരങ്ങിലേയ്ക്ക് നിശ്ചയദാർഢ്യത്തിന്റെ ആദ്യചുവടെടുത്തുവെച്ച പാറുക്കുട്ടി അരനൂറ്റാണ്ടിലേറെക്കാലം അരങ്ങിലെ സജീവ സാന്നിധ്യമായി. 

കലയോടുള്ള അടങ്ങാത്ത സമർപ്പണത്തെ പ്രതിരോധത്തിനുള്ള ആയുധമാക്കിയ, എല്ലാത്തരം അധീശത്വത്തിനെതിരെയും കുറിയ ഒറ്റയുടൽ കൊണ്ടു പൊരുതിയ, കലാകാരികളുടെ സ്വാതന്ത്ര്യബോധവും അന്തസ്സും കാത്തുസൂക്ഷിക്കുവാൻ കഷ്ടതകൾ സഹിച്ചു മുന്നേറിയ വലിയ കലാകാരിയാണ് അരങ്ങൊഴിഞ്ഞതെന്ന് എഴുത്തുകാരി ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. 

ശാരദക്കുട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം–

"80 കളുടെ മധ്യത്തിലാണ്. തിരുനക്കരയമ്പലത്തിനടുത്ത് ശ്രീരംഗം ഓഡിറ്റോറിയത്തിൽ 'കളിയരങ്ങി'ന്റെ പ്രതിമാസ കഥകളി പരിപാടി വൈകിട്ട് കൃത്യം 6 മണിക്കാണ് തുടങ്ങുക. 9 മണിയോടെ അവസാനിക്കും. ഉച്ച കഴിയുമ്പോൾ ഞാനെന്റെ വീടിന്റെ മതിലിനരികിൽ ചെന്നു നിൽക്കും. പ്രശസ്തരും അപ്രശസ്തരുമായ കഥകളി കലാകാരന്മാരെല്ലാം ഞങ്ങളുടെ വീടിന്റെ മുന്നിലൂടെ നടന്ന് ശ്രീരംഗത്തിലേക്ക് പോകും. അതു കാണാനാണ്. അവരിൽ ചെണ്ടയും മദ്ദളവും തോളിലിട്ടു നടക്കുന്ന വാദ്യക്കാർ, കുട്ടിവേഷക്കാർ, പ്രമുഖ നടന്മാർ ഒക്കെയുണ്ടാകും. ഗോപിയാശാനും കോട്ടക്കൽ ശിവരാമനും നെല്ലിയോടും മാത്തൂർ ഗോവിന്ദൻ കുട്ടിയും കലാകേന്ദ്രം മുരളീകൃഷ്ണനും സദനം കൃഷ്ണൻകുട്ടിയും മാർഗി വിജയകുമാറും കലാമണ്ഡലം കേശവനും തിരുവല്ല ഗോപിക്കുട്ടനും.. എല്ലാ മാസവും കാണുന്നവരെത്തന്നെ വീണ്ടും വീണ്ടും കാണാൻ ഞാനവിടെ കാത്തു നിന്നു. അങ്ങനെ ഒരു പെണ്ണ് മതിലിങ്കൽ പോയി ആട്ടക്കാരെ കാണാൻ നിൽക്കുന്നതൊന്നും നല്ല 'കുല' ലക്ഷണമല്ലായിരുന്നു. പക്ഷേ, എന്റെ വീട്ടിൽ അതൊക്കെ സാധ്യമായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ഭാഗ്യം ഭാഗ്യം എന്നേ പറയാനുള്ളു.

ആ ആട്ടക്കാരുടെ കൂടെ ഒരൊറ്റ സ്ത്രീ ഉണ്ടായിരുന്നു. പുളിയിലക്കരയുള്ള മുണ്ടും നേരിയതും ചുറ്റിപ്പുതച്ച്, തോളിലൊരു വലിയ ബാഗും തൂക്കി ചവറ പാറുക്കുട്ടി തനിയെ നടന്നു പോകുന്നു. ആണുങ്ങളുടെ മാത്രം കളിയരങ്ങിലേക്ക്. കനക ദുർഗ്ഗക്കോ ബിന്ദുവിനോ ഒക്കെ എത്രയോ മുൻപ് പെണ്ണുകയറാമലയിലേക്ക് നിശ്ശങ്കം നടന്നു കയറിയ 'ആട്ടക്കാരി'.

അന്നൊക്കെ അവർക്ക് അപ്രധാന വേഷങ്ങളായിരുന്നു.നോട്ടീസിൽ പേര് അവസാനഭാഗത്താകും. പ്രബുദ്ധ 'പരമ്പരാഗത ' കഥകളിയാസ്വാദകർ പരമപുച്ഛത്തോടെ 'ചവറ പാറുക്കുട്ടി ' എന്ന് അശ്ലീലച്ചുണ്ടു കോട്ടുന്നത് ഞാനെത്രയോ തവണ കണ്ടിട്ടുണ്ട്. ഉയരക്കുറവിനെ പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. അവരുടെ ധൈര്യത്തിൽ അന്നൊക്കെ അമ്പരന്നിട്ടുണ്ട്.

പക്ഷേ, ആ ആണരങ്ങുകളിലെല്ലാം അവർ പതിവായി വന്നു. തന്റെ വേഷം പരമാവധി സമർപ്പണത്തോടെ ചെയ്ത് നിശ്ശബ്ദയായി തനിയെ തിരികെ പോയി.

മറക്കില്ല ആ പുളിയിലക്കര പുതമുണ്ടും തോളിൽ തൂങ്ങുന്ന കറുത്ത ബാഗും. കയറ്റം കയറുന്നോൾ വലതു കൈ ആയത്തിൽ പിന്നിൽ നിന്ന് മുന്നോട്ടെടുത്താണ് അവർ നടന്നിരുന്നത്. ചൂണ്ടുവിരൽ നീട്ടി പിടിച്ചിരിക്കും. അവർ എത്ര യുദ്ധങ്ങൾ നടത്തിയിരിക്കും. കരഞ്ഞിട്ടുണ്ടാകും...എത്ര കുത്തുവാക്കുകൾ.. എത്ര പരിഹാസങ്ങൾ...ഉറപ്പല്ലേ... സംശയിക്കാനില്ല.

പരിഹസിക്കുന്നവരെ അവഗണിക്കുവാൻ അവരെങ്ങനെ പരിശീലിച്ചുവെന്ന് പല അഭിമുഖങ്ങളിലും വായിച്ചിട്ടുണ്ട്. കലയോടുള്ള അടങ്ങാത്ത സമർപ്പണത്തെ പ്രതിരോധത്തിനുള്ള ആയുധമാക്കിയ, എല്ലാത്തരം അധീശത്വത്തിനെതിരെയും കുറിയ ഒറ്റയുടൽ കൊണ്ടു പൊരുതിയ, കലാകാരികളുടെ സ്വാതന്ത്ര്യബോധവും അന്തസ്സും കാത്തുസൂക്ഷിക്കുവാൻ കഷ്ടതകൾ സഹിച്ചു മുന്നേറിയ വലിയ കലാകാരിയാണ് അരങ്ങൊഴിഞ്ഞത്.

കലയിലെ, സാംസ്കാരിക ബോധ്യങ്ങളിലെ ഫാസിസത്തെ ധിക്കരിച്ചു കൊണ്ട് പിൽക്കാലത്തെ കലാകാരികൾക്ക് പ്രതീക്ഷയോടെ മുന്നോട്ട് മുന്നോട്ട് എന്ന് ദിശ കാണിച്ച് ചുണ്ടുവിരൽ നീട്ടി നടന്നു പോയ ആദരണീയ ആയ കലാകാരി ചവറ പാറുക്കുട്ടിയമ്മയുടെ കാൽക്കൽ സാഭിമാനം സാഷ്ടാംഗം പ്രണമിക്കുന്നു.

അമ്മേ, നിങ്ങളുടെ ഒരു ശ്രമവും വൃഥാവിലായില്ല. കലാകാരികൾ കേരളത്തിൽ പ്രതിരോധ സമരങ്ങളുടെ മുൻ നിരയിലുണ്ട്.. ഞങ്ങളുടെ കാതിനരികിലൂടെ ഭൂതകാലത്തിന്റെ ഒരു തേനീച്ച മൂളിപ്പാഞ്ഞു പോകുന്നുണ്ട്."

പുരുഷന്‍മാര്‍ മാത്രം മികവ് തെളിയിച്ചിരുന്ന കഥകളി രംഗത്തെ ആദ്യ സ്ത്രീസാന്നിധ്യമായിരുന്നു ചവറ പാറുക്കുട്ടി. ചെറുപ്പം മുതലേ നൃത്തത്തില്‍ നിപുണയായിരുന്ന പാറുക്കുട്ടി കോളജ് പഠനകാലത്താണ് കഥകളി അഭ്യസിച്ച് തുടങ്ങിയത്. പിന്നീട് അരനൂറ്റാണ്ടിലേറെക്കാലം അരങ്ങിലെ സജീവ സാന്നിധ്യമായി. പൂതനാമോക്ഷത്തിലെ ലളിത പൂതനയായി ആയിരുന്നു അരങ്ങേറ്റം.  ദേവയാനി, ദമയന്തി, പൂതനാലളിത, ഉര്‍വശി, സതി, കുന്തി തുടങ്ങിയവയും പാറുക്കുട്ടിയുടെ പ്രശസ്തമായ വേഷങ്ങളാണ്.

കപ്ലിങ്ങാടന്‍ സമ്പ്രദായത്തില്‍ സ്ത്രീവേഷങ്ങള്‍ക്കൊപ്പം പുരുഷവേഷങ്ങളിലും തിളങ്ങി. പരശുരാമനാണ് പാറുക്കുട്ടിയുടെ ശ്രദ്ധേയമായ പുരുഷവേഷം. കേരള കലാമണ്ഡലം അവാര്‍ഡ്, സംഗീതനാടക അക്കാദമി പുരസ്കാരം, ഹൈദരലി സ്മാരക കഥകളി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com