കാമുകനെ കുറിച്ചുള്ള തുറന്നെഴുത്തിന് നിരോധനം നേരിട്ട എഴുത്തുകാരി

Taslima Nasrin
തസ്ലീമ നസ്രീന്‍
SHARE

നിരോധനങ്ങള്‍ ഒന്നിലേറെത്തവണ ഉണ്ടായിട്ടുണ്ട് തസ്ലീമ നസ്രീന്‍ എന്ന എഴുത്തുകാരിക്കു നേരെ; പലായനങ്ങളും. തന്റെയും ജീവിക്കുന്ന കാലഘട്ടത്തിന്റെയും താന്‍ പരിചയിച്ചവരുടെയും സ്വാഭാവവും പെരുമാറ്റവും അവസ്ഥകളും മറയില്ലാതെ എഴുതിയതുമുതല്‍ ആഗ്രഹിച്ച സ്വാതന്ത്ര്യത്തിലേക്ക് പറന്നെത്താന്‍ കഴിയാത്തതിന്റെ വിഷാദങ്ങളും രോഷാകുലയാക്കിയിട്ടുണ്ട് തസ്ലീമയെ. ജനിച്ചുവളര്‍ന്ന രാജ്യത്തുനിന്ന് പലായനം. ഇഷ്ടനഗരത്തിലെ ഒളിവുജീവിതം. ഭീഷണികളും ആക്രമണങ്ങളും അതിജീവിച്ചും തുടരുന്ന എഴുത്ത്. വൈദ്യശാസ്ത്രം പഠിച്ച് ഡോക്ടറായി ജീവിക്കാന്‍ തുടങ്ങിയെങ്കിലും എഴുത്തുകാരിയും വിവാദനായികയുമായി അറിയപ്പെടേണ്ടിവന്ന തസ്ലീമയ്ക്ക് ആദ്യമായി നിരോധനം നേരിടേണ്ടിവന്നത് പ്രണയത്തെക്കുറിച്ച് എഴുതിയപ്പോള്‍. ആദ്യവിവാഹത്തിലെ പരാജയത്തെക്കുറിച്ച് കരളുനൊന്ത് കരഞ്ഞപ്പോള്‍. അന്നാണ് ചില വാക്കുകള്‍ എഴുതരുതെന്നും ചില ഭാവങ്ങള്‍ ആവിഷ്ക്കരിക്കരുതെന്നും അവര്‍ മനസ്സിലാക്കുന്നത്. എഴുത്തിലെ പരുഷ യാഥാര്‍ഥ്യവുമായുള്ള ആദ്യത്തെ ഏറ്റുമുട്ടല്‍. നീണ്ടുനിന്ന നിരോധനത്തിന്റെ ആദ്യത്തെ കറുത്ത അധ്യായം. 

കവിയായിരുന്നു തസ്ലീമയുടെ പ്രണയനായകന്‍. ബംഗ്ലാദേശിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍. ‘ആര്‍’ എന്ന പേരിലാണ് കാമുകനെ ആത്മകഥയിലൂടനീളം തസ്ലീമ പരിചയപ്പെടുത്തുന്നത്. വൈദ്യശാസ്ത്ര പഠനം കഴിഞ്ഞ് ഫാമിലി പ്ലാനിംങ് സെന്ററുകളിലുള്‍പ്പെടെ ഡോക്ടറായി സേവനം നടത്തുകയായിരുന്നു അക്കാലത്ത് തസ്ലീമ. 

നിയതി (വിധി) എന്ന കവിത പ്രണയത്തെക്കുറിച്ചാണ്. പക്ഷേ, അശ്ളീലമെന്നു മുദ്ര കുത്തിയാണ് ആ കവിത നിരോധിക്കാന്‍ നീക്കം നടന്നത്. കവിത തസ്ലീമ എഴുതുന്നത് ആദ്യവിവാഹത്തിന്റെ അവസാനനാളുകളില്‍. പ്രണയം പരാജയപ്പെടുകയും വിവാഹം അനിവാര്യമായ പരാജയത്തിലേക്കു നീങ്ങുകയും ചെയ്യാന്‍ കാരണമായ കാമുകന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ തുറന്നെഴുത്ത്. 

ഓരോ രാത്രിയും ഷണ്ഡനാക്കപ്പെട്ട ഒരു പുരുഷന്‍ എന്റെ കിടക്കയിലേക്ക് വരുന്നു.... എന്ന വരിയിലാണ് വിധിയുടെ തുടക്കം. ശരീരത്തിന്റെ കാമനകളാണ് അയാളുടെ ശക്തി; ദൗര്‍ബല്യവും. വായനക്കാർക്കു മുന്നിൽ തുറന്നിടപ്പെട്ട കിടപ്പറ എന്നപോലെ വാക്കുകൾ കൊണ്ട് തന്റെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട് തസ്ലീമ. ദാഹാര്‍ത്തമായ സ്വന്തം ശരീരത്തെക്കുറിച്ചും തസ്ലീമ എഴുതുന്നുണ്ട്. ആഗ്രഹിച്ച പുരുഷന്‍ തൊടുമ്പോഴേക്കും പൊട്ടിത്തെറിക്കാന്‍ കാത്തിരുന്ന ശരീരത്തിന്റെ അദമ്യമായ ദാഹത്തെക്കുറിച്ച്. 

ആകാശത്തിലുദിച്ച ശീതകാലചന്ദ്രന്റെ 

മടിയില്‍ കിടന്നുകൊണ്ട് 

അയാള്‍ എന്നിലെ അഗ്നിക്കു തീ കൊടുക്കുന്നു. 

ഞാന്‍ കത്തിത്തുടങ്ങുമ്പോഴേക്കും 

അയാളോ തിരിഞ്ഞുകിടന്ന് ഉറങ്ങുന്നു. 

വേര്‍പെട്ട്, ഉറങ്ങുന്ന പുരുഷനെ നോക്കിക്കൊണ്ട് 

ഞാനപ്പോള്‍ കരഞ്ഞു; ഒരു തുള്ളി ജലത്തിനുവേണ്ടി... 

കവിത ആദ്യം പ്രസിദ്ധീകരിച്ചത് ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍. അന്നത് ഒരു വിവാദവും സൃഷ്ടിച്ചില്ല. അല്ലെങ്കില്‍ വിവാദത്തിന്റെ അലയൊലികള്‍ പുറത്തുകേട്ടില്ല. പക്ഷേ, കവിതയുള്‍പ്പെട്ട പുസ്തകം പുറത്തുവന്നപ്പോഴാണ് ആദ്യത്തെ നിരോധനം തസ്ലീമയ്ക്കു നേരെ വാളോങ്ങിയത്. 

ശ്ളീലവും അശ്ളീലവും തീരുമാനിക്കുന്നത് ആരാണ്? തസ്ലീമ ചൊദിച്ചുകൊണ്ടിരുന്നു. ആരും ഉത്തരം പറഞ്ഞില്ലെന്നു മാത്രമല്ല, കവിതയില്‍ നിന്നു ചില വാക്കുകള്‍ മാറ്റാനായിരുന്നു സഹകവികളുടെ പോലും ഒത്തുതീര്‍പ്പു നിര്‍ദേശം. ചില അവയവങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കുക. ഉപദേശവുമായി മുന്നോട്ടുവന്ന കവികളെക്കുറിച്ചും തസ്ലീമ എഴുതുന്നുണ്ട്. തരം കിട്ടിമ്പോള്‍ ശരീരത്തില്‍ കൈ വയ്ക്കുന്നവര്‍. സുഹൃത്തായി അഭിനയിച്ച് വിശ്വാസം നേടി ശരീരത്തിനുവേണ്ടി യാചിക്കുന്നവര്‍. അവരുടെ പ്രതിനിധികള്‍ തന്നെയാണ് നിരോധനം എന്ന ഭീഷണിയുമായി കവിതയെ കൊല്ലാന്‍ ഇറങ്ങുന്നതും.  

ബുദ്ധികൊണ്ടല്ല, മനസ്സുകൊണ്ടാണ്, ചോരയും കണ്ണീരും കൊണ്ടാണ് താന്‍ എഴുതുന്നതെന്നു പറയുന്നുണ്ട് തസ്ലീമ. കവിതയെ നിരോധിക്കുമ്പോള്‍, പ്രകാശനത്തെ തടയുമ്പോള്‍, കരയാനുള്ള തന്റെ സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്. കരയിച്ച അതേ സമൂഹം തന്നെ കരച്ചില്‍ വെറുക്കുന്നു. മുറിവുകള്‍ സൃഷ്ടിച്ചവര്‍ തന്നെ ആ മുറിവുകളില്‍നിന്ന് ചോര ഒഴുകരുതെന്ന് ആഗ്രഹിക്കുന്നു. സ്ത്രീക്കും പുരുഷനും രണ്ടുനീതിയെന്നതും അംഗീകരിക്കാനാകാതെ വന്നപ്പോള്‍ നിരോധനത്തിന്റെ കറുത്ത കാലത്തുനിന്ന് അവര്‍ വെളിച്ചത്തിലേക്കു നടന്നു; അക്ഷരങ്ങളുടെ കൈപിടിച്ച്. നിയതി എന്ന കവിത നിയതിക്കെതിരെയുള്ള പോരാട്ടമാണ്. അടിച്ചേല്‍പിച്ച നിയതിക്കെതിരെ. സ്വന്തം നിയതി വാക്കുകളാല്‍, അക്ഷരങ്ങളാല്‍ രൂപപ്പെടുത്താന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരിയുടെ ക്രൂരനിയതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA