ADVERTISEMENT

മലയാള സാഹിത്യ ചരിത്രത്തിൽ സ്വന്തം ഇടം അടയാളപ്പെടുത്തി കടന്നുപോയ എം.കെ. മാധവൻനായരുടെ ഓർമക്കുറിപ്പുകൾ തുടരുന്നു...

തനിക്കു തരാനുള്ള കാശുപയോഗിച്ചു സംഘം വാങ്ങിയതെന്ന് ബഷീർ കരുതിയ ആ കാറും അതിന്റെ പിൻഗാമികളും സംഘചരിത്രത്തിലെ കഥാപാത്രങ്ങൾ തന്നെയാണ്. ഡീസിക്കും സംഘം പ്രസിഡന്റ് സി.കെ. മാണിക്കുമായിരുന്നു കാർ വാങ്ങാൻ നിർബന്ധം. സംഘം വലിയ അഭിവൃദ്ധിയിലാണെന്ന് ആളുകൾ അറിയണമല്ലോ. അഞ്ചുപൈസ എങ്ങനെ ചെലവാക്കാതെയിരിക്കാമെന്നു ചിന്തിക്കുന്ന കാരൂരിന് ഒടുവിൽ ഡീസിയുടെയും മാണിയുടെയും നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. 

തിരുവനന്തപുരത്തെ മരിക്കാർ മോട്ടോഴ്‌സിൽനിന്നാണു സംഘം ആദ്യത്തെ കാർ വാങ്ങിയത്. കേരളത്തിലെ ആദ്യകാല സിനിമാ തിയറ്ററുകളിലൊന്നായ കാപ്പിറ്റോൾ തിയറ്റർ നിലനിന്നിരുന്ന സ്‌ഥലത്താണ് അന്ന് മരിക്കാർ മോട്ടോഴ്‌സ്. ചുവപ്പു നിറമുള്ള സ്‌റ്റാൻഡേഡ് ടെൻ കാറാണു വാങ്ങിയത്. ഇരുവശത്തും ഈരണ്ടു വാതിലിനു പകരം ഓരോ വാതിൽ മാത്രം. അതിനകത്തു കയറിക്കൂടുക വലിയ പ്രയാസം. സീറ്റ് മടക്കിയും ഒടിച്ചുമൊക്കെ നാലു പേർക്ക് കഷ്‌ടിച്ച് ഇരിക്കാം. 

അന്നത്തെ വ്യവസായമന്ത്രി ടി.വി. തോമസിന്റെ ശുപാർശയോടെ സർക്കാർ ക്വോട്ടയിലാണു വാഹനം വാങ്ങിയത്. കാറു വാങ്ങാൻ കാശുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. 

സംഘം കാറിനൊരു ഡ്രൈവറെയും വച്ചു. ഡ്രൈവറില്ലാത്തപ്പോഴും പ്രശ്‌നമില്ല. മാണിക്ക് ഡ്രൈവിങ് അറിയാം. സംഘത്തിന് പിന്നെയൊരു അംബാസഡർ കാറായി. 

കേശവദേവ് പ്രസിഡന്റായിരുന്നപ്പോൾ യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്നു വരും. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ സംഘം ഡ്രൈവർ തലേന്നു വൈകിട്ടുതന്നെ കാറുമായി പോകും. അവിടുന്ന് തിരിച്ച് ദേവിനൊപ്പം കാറിൽ മൂന്നാലുപേർ കാണും. കെ. സുരേന്ദ്രനും പാറപ്പുറവും സ്‌ഥിരം യാത്രക്കാരാണ്. 

കേസരി എ. ബാലകൃഷ്‌ണപിള്ളയുടെ പ്രബന്ധങ്ങൾ സമാഹരിച്ച് കേസരിയുടെ സാഹിത്യവിമർശനങ്ങൾ എന്ന പേരിൽ പ്രഫ. എം.എൻ. വിജയൻ എഡിറ്റു ചെയ്‌ത് പ്രസിദ്ധീകരിക്കും മുൻപ് സംഘം അത് തിരുവനന്തപുരത്ത് ആരെയോ വായിക്കാനേൽപ്പിച്ചിരുന്നു. കേസരിയെ എഡിറ്റു ചെയ്യാൻ ഇവനാരാ എന്ന ഭാവത്തിൽ പരിശോധിക്കാൻ ആളെ വച്ചതാണ്. വായിച്ചയാൾ അതു തിരികെ ദേവിനെ ഏൽപിച്ചു.   കാറിൽ ദേവുൾപ്പെടെ മൂന്നാലുപേരുണ്ട്. സഞ്ചരിക്കുന്ന മദ്യശാലപോലെ ആ വാഹനം കോട്ടയത്തേക്കോടുകയാണ്. കൊല്ലം നീണ്ടകര പാലമെത്തിയപ്പോൾ, കാറിനുള്ളിലെ മദ്യപാനികളെല്ലാം കൂടി ആ കടലാസുകെട്ട് കായലിലേക്കൊരേറ്! പാവം വിജയന് കേസരിയുടെ വിലപ്പെട്ട ലേഖനങ്ങളെല്ലാം വീണ്ടും സമാഹരിക്കേണ്ടിവന്നു. 

സംഘം പ്രസിഡന്റായിരിക്കുമ്പോഴും പാമ്പാടിയിൽനിന്നു ബസിൽ കയറി കോട്ടയത്തുവന്നിറങ്ങുന്നതായിരുന്നു പൊൻകുന്നം വർക്കിയുടെ ശീലം. ശുദ്ധഹൃദയനായ വർക്കിയോട് പലരും ഉപദേശിക്കും: വർക്കി സാറേ, വണ്ടി വിടാൻ പറഞ്ഞിട്ട് വീട്ടിലിരിക്കണം. ബസിൽ കയറി വരേണ്ടയാളല്ല സംഘം പ്രസിഡന്റ്. 

ഇതു കേട്ട് വർക്കി സാർ ഒന്നു ചിരിക്കും. വാഹന സൗകര്യം പ്രയോജന

പ്പെടുത്തിയില്ലെന്ന പരാതി വേണ്ടെന്നു വച്ചായിരിക്കാം ചിലപ്പോൾ ബസു കയറി കോട്ടയത്തെത്തിയ ശേഷം ഏതെങ്കിലും മദ്യശാലയിൽനിന്ന് സംഘം ഓഫിസിലിരിക്കുന്ന എനിക്കു ഫോൺ ചെയ്യും: മാധവൻകുട്ടീ, ആ വണ്ടിയിങ്ങോട്ടു വിട്! 

ഇത്രയും മാത്രം പറഞ്ഞ് ഫോൺ വയ്‌ക്കും. ഞാൻ കുഴഞ്ഞില്ലേ. വർക്കി സാർ എവിടെ നിന്നാണു വിളിച്ചതെന്ന് ആർക്കറിയാം! ഇങ്ങനെ ആലോചിച്ചു വിഷമിച്ചിരിക്കുമ്പോൾ അതാ അടുത്ത ഫോൺ. മാധവൻകുട്ടീ, വണ്ടി വന്നില്ലല്ലോ. എനിക്കാശ്വാസമാകും- സാറു വീണ്ടും വിളിച്ചതു നന്നായി, എവിടെ നിന്നാണു വിളിക്കുന്നതെന്ന് ചോദിക്കുംമുൻപേ സാർ ഫോൺ വച്ചു കളഞ്ഞില്ലേ. 

എന്റെ മാധവൻകുട്ടീ ഞാനങ്ങോട്ടല്ലേ വരുന്നത്, അതൊക്കെ വന്നിട്ടു പറയാം! വേഗം വണ്ടി വിട്! 

വർക്കി സാർ വീണ്ടും ഫോൺ വച്ചു കളയും! 

എന്റെ മുന്നിൽ പിന്നെ ഒരു മാർഗമേയുള്ളൂ- അദ്ദേഹം സ്‌ഥിരം പോകുന്ന ബാറുകളുടെയെല്ലാം നമ്പർ കറക്കും. വർക്കി സാർ അവിടെയുണ്ടോയെന്നറിയാൻ. സ്‌ഥലം കണ്ടുപിടിച്ച് കാറയയ്‌ക്കും. അത്തരം ചില രസികൻ മണ്ടത്തരങ്ങളുടെ സമ്രാട്ടു കൂടിയായിരുന്നു അദ്ദേഹം. 

തിരക്കു പിടിച്ച ജോലിക്കിടെയാകും, മാധവൻകുട്ടീ വാ എന്നു പറഞ്ഞ് എന്നെയും കൊണ്ട് യാത്ര. ചിലപ്പോൾ തിരുവനന്തപുരം വരെ ഒറ്റപ്പോക്കങ്ങു പോകും. പത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലായി അദ്ദേഹം വണ്ടിയിൽനിന്നിറങ്ങും. നിങ്ങളിനി പൊക്കോ. ഞാൻ പിന്നെ വന്നോളാം എന്നും പറഞ്ഞൊരു പോക്കാണ്. ഞാനും ഡ്രൈവറും തിരിച്ചുപോരും. അല്ലാതെയെന്തു ചെയ്യാൻ! 

വർക്കി സാർ എന്നെ മാധവൻകുട്ടിയെന്നാണു വിളിച്ചിരുന്നത്. അതു കൊണ്ടാവാം, അദ്ദേഹത്തോട് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു എനിക്ക്. അച്‌ഛനും അമ്മയുമല്ലാതെ ഈ ലോകത്തു മറ്റാരും എന്നെ മാധവൻകുട്ടി എന്നു വിളിച്ചിട്ടില്ല. കത്തെഴുതുമ്പോൾ സാമന്തൻ എന്നൊക്കെയാകും തരാതരം പോലെ അഭിസംബോധന. 

കോട്ടയത്ത് അംബാസഡർ ബാറിലേക്ക് എന്നെയും കൂട്ടിയാണു വർക്കി സാറിന്റെ പോക്ക്. ജോലിക്കിടെ പോകുന്നത് എനിക്കൊട്ടും ഇഷ്‌ടമില്ല. പക്ഷേ വർക്കി സാർ വിളിച്ചാൽ പോകാതിരിക്കാതെയും വയ്യ. ബാറിലെത്തുമ്പോൾ ചില രാഷ്‌ട്രീയക്കാരുടെ ശിങ്കിടികൾ റിസപ്‌ഷനിൽ മദ്യം നുണഞ്ഞുകൊണ്ടു നിൽപ്പുണ്ടാകും. ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ ശിങ്കിടികളിലൊരാളെ സ്‌ഥിരം അവിടെ കാണാറുണ്ടായിരുന്നു. വർക്കി സാർ വരുന്നതു കാണുമ്പോഴേ അയാൾ ഒപ്പം കൂടാൻ ക്ഷണിക്കും. അദ്ദേഹം നിരസിക്കും. അൽപം  തിരക്കുണ്ടെന്നും പറഞ്ഞ് വർക്കി സാർ എന്നെയും കൂട്ടി അകത്തേക്കു നടക്കുമ്പോൾ ഞാൻ ചോദിക്കും- സാർ എന്തു മണ്ടത്തരമാണു കാണിച്ചത്. അയാൾ കാശുകൊടുക്കില്ലായിരുന്നോ? 

പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞ വർക്കിസാർ തന്റെ ബൈബിൾവാക്യഭാണ്ഡമഴിക്കുന്നത് അത്തരം വേളകളിലാണ്. അവൻ വിയർക്കാതെ അപ്പം കഴിക്കുന്നവനാണു മാധവൻകുട്ടീ. അവന്റെ മദ്യം നമുക്കു വേണ്ട- ഷർട്ടിന്റെ കൈമടക്കിൽ തിരുകി വച്ച നോട്ടുകളുടെ ചുളിവു നിവർത്തിക്കൊണ്ട് അദ്ദേഹം പറയും. 

ഉടുപ്പിന് കീശയുണ്ടെങ്കിലും കാശു സൂക്ഷിക്കുന്നത് കൈമടക്കിനുള്ളിലാണ്. അഞ്ചോ പത്തോ ഒന്നുമല്ല, ചിലപ്പോൾ ഒരു വലിയ തുക തന്നെ അവിടെ കാണും.    

ഇലക്‌ട്രിസിറ്റി എംപ്ലോയീസ് വർക്കേഴ്‌സ് യൂണിയനിലെ ചിലരും അംബാസഡറിലേക്കുള്ള വഴിയിൽ ഞങ്ങൾക്കൊപ്പം കൂടും. അവർക്ക് സാറിനെ ഒന്നു സൽക്കരിക്കണമെന്നുണ്ട്. പക്ഷേ സാറിനു സമ്മതമാകേണ്ടേ. അപ്പോഴും ഞാനുപദേശിക്കും- കാശ് അവരു കൊടുക്കുമല്ലോ. 

വ്യാപാരം, വ്യവഹാരം, മദ്യപാനം തുടങ്ങിയവയൊക്കെ സമന്മാർക്കൊപ്പം വേണമെന്നാണ് വർക്കി സാർ അപ്പോൾ പറയാറ്. അഭിമാനിയായിരുന്നു അദ്ദേഹം. 

ഒരിക്കൽ തമിഴ്‌നാട് കമ്യൂണിസ്‌റ്റ് പാർട്ടി തൃശിനാപ്പള്ളിയിൽ നടത്തുന്ന സമ്മേളനത്തിലേക്ക് വർക്കി സാറിനെ ക്ഷണിച്ചു. ഞാനും ഒപ്പം ചെല്ലണമെന്ന് സാറിനു നിർബന്ധം. ബസ് പിടിച്ചും ബസ് സ്‌റ്റാൻഡിലിരുന്ന് ഉറങ്ങിയുമൊക്കെ കഷ്‌ടം പിടിച്ച യാത്രയായിരുന്നു. അവിടെയെത്തിയപ്പോഴാകട്ടെ അദ്ദേഹത്തിനു പ്രസംഗിക്കാൻ വയ്യ. അവർ കാലുപിടിച്ചു. സാർ രണ്ടു വാക്കു പറഞ്ഞിട്ടു പോകൂ. സാറുണ്ടോ കേൾക്കുന്നു. വയ്യെന്നു പറഞ്ഞാൽ വയ്യ. അത്ര തന്നെ. 

ഈ വിചിത്ര സ്വഭാവം വൃത്തിക്കാര്യത്തിലെ കണിശതയിലുമുണ്ടായിരുന്നു. അലക്കിത്തേച്ച വെള്ളവസ്‌ത്രം നിർബന്ധം. തുണി അലക്കാനായി ഒരാളെ വീട്ടിൽ നിയമിച്ചിരിക്കുകയാണ്. വൃത്തിയുടെ ഈ ചക്രവർത്തിയിൽനിന്ന് വാർധക്യവും അവശതയും ബാധിച്ച വർക്കിസാറിലേക്കുള്ള പരിണാമം ദയനീയമായിരുന്നു. മൂന്നാലു ദിവസമൊക്കെ കുളിക്കാതെ നാറുന്ന വസ്‌ത്രവുമായി അങ്ങനെയിരിക്കും. അതൊക്കെ ഓർക്കുമ്പോൾ ദുഃഖം നുരഞ്ഞു പതയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT