sections
MORE

കാരൂരും വയലാറും തമ്മിൽ...

karur-vayalar
SHARE

കാരൂരിന്റെ മകൾ ബി. സരസ്വതിയും കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയും അടുത്ത സുഹൃത്തുക്കളായിരുന്നു. കാരൂരിന്റെ വീട് വയലാറിന് സ്വന്തം വീടുപോലെ. അത്രയ്‌ക്കാണു സ്വാതന്ത്ര്യം. വയലാറിന് തന്നെ ഭാര്യയാക്കണമെന്നുണ്ടായിരുന്നെന്നും കാരൂരിന്റെ എതിർപ്പുമൂലമാണ് ആ വിവാഹം നടക്കാതെപോയതെന്നുമൊക്കെ സരസ്വതി മലയാള മനോരമയിലൂടെ വെളിപ്പെടുത്തിയിരുന്നല്ലോ. പക്ഷേ, കാരൂർ അങ്ങനെ തടസ്സം നിന്നിരിക്കാൻ ഇടയില്ലെന്നാണ് എനിക്കു തോന്നുന്നത്. കാരണം, അദ്ദേഹത്തിന് വയലാറിനെ അത്രയ്‌ക്ക് ഇഷ്‌ടമായിരുന്നു. സരസ്വതിയെ തന്റെ അർധസഹോദരനായ നാരായണൻകുട്ടിയെക്കൊണ്ടു വിവാഹം കഴിപ്പിച്ച് കാൽപനികനായ കവി തന്റെ സ്വതസിദ്ധമായ ശൈലിയിൽ സ്വപ്‌നലോകങ്ങളിൽ സ്വതന്ത്രനായി അലയാൻ കൊതിച്ചുകാണും. 

അഥവാ കാരൂർ തടസ്സം നിന്നിരിക്കാമെങ്കിൽ, അത് പ്രായോഗികചിന്തയുടെ പുറത്തു മാത്രമായിരിക്കാനാണു സാധ്യത. കോട്ടയത്ത് സാഹിത്യപ്രവർത്തക സഹകരണസംഘം രൂപീകരിച്ചപ്പോൾ സംഘത്തിന്റെ ഷെയർ എടുപ്പിക്കാനായി അലഞ്ഞ കാരൂരിനൊപ്പം വയലാറുമുണ്ടായിരുന്നു. കാരൂർ-വയലാർ ബന്ധത്തിന്റെ ആഴം വ്യക്‌തമാക്കുന്ന മറ്റൊരു സംഭവം ഓർമവരുന്നു. എഴുത്തുകാരൻ പാറപ്പുറത്തിന്റെ സരിത പ്രസ് ഉദ്‌ഘാടനച്ചടങ്ങിൽ സംബന്ധിക്കാൻ കാരൂർ സാറും ഞാനും തലേ ദിവസം തന്നെ മാവേലിക്കരയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങുന്നു. തിരുവനന്തപുരം യാത്രയ്‌ക്കിടെ വയലാറും എസ്.കെ. നായരുമുൾപ്പെട്ട സംഘം യാദൃച്‌ഛികമായി അവിടെ വന്നെത്തി. കാരൂർ സ്‌ഥലത്തുണ്ടെന്നറിഞ്ഞപ്പോൾ അവർ മുറിയിലെത്തി. കവിയും കൂട്ടുകാരും നന്നായി മിനുങ്ങിയാണു വരവ്. വയലാർ ഒരു വിദേശമദ്യക്കുപ്പി കാരൂരിന്റെ മുന്നിൽവച്ചു. കാരൂർ സാർ കഴിച്ചേ ഒക്കൂ. പറ്റില്ലെന്നു കാരൂർ. കുടിച്ചേ പറ്റൂ എന്ന് വയലാർ. കുടിച്ചില്ലെങ്കിൽ തലയിൽക്കൂടി കമിഴ്‌ത്തുമെന്നും ഭീഷണി. 

ഞങ്ങളൊക്കെ അമ്പരന്നു നോക്കി നിൽക്കുകയാണ്. ആർക്കും വഴങ്ങുന്നയാളല്ല കാരൂർ. അദ്ദേഹം മദ്യപിച്ച് ഞങ്ങൾ കണ്ടിട്ടുമില്ല. നിർബന്ധിച്ചത് വേറെ ആരെങ്കിലുമായിരുന്നെങ്കിൽ അദ്ദേഹം കൊന്നുകളഞ്ഞേനേ. പക്ഷേ, അന്ന് വയലാറിന്റെ നിർബന്ധത്തിനു വഴങ്ങി കാരൂർ സാർ ഒരു കവിൾ മദ്യം കഴിച്ചു. ഒരു പക്ഷേ, അദ്ദേഹം തന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും മദ്യത്തിന്റെ രുചിയറിഞ്ഞത് അന്നായിരിക്കും! 

അദ്ദേഹം കഴിക്കില്ലെന്നേയുള്ളൂ, മദ്യപാനത്തോടു വിരോധമൊന്നും കാരൂരിനുണ്ടായിരുന്നതായി തോന്നുന്നില്ല. തകഴി ഉൾപ്പെടെ പലരും മദ്യപിച്ച് സംഘത്തിൽ വന്നിട്ടുണ്ട്. ഒരു ദിവസം തകഴിയും കേശവദേവും ബീയർ കുപ്പിയുമായി സംഘത്തിലെത്തിയത് ഓർക്കുന്നു. സംഘം ഓഫിസിലിരുന്ന് അടിക്കാൻ വന്നതാണ്. കേട്ട പാടെ കാരൂർ സാർ എതിർത്തു. തകഴിയെയും ദേവിനെയും മദ്യക്കുപ്പിയെയും ഓഫിസിനു പുറകിലേക്കു പറഞ്ഞു വിട്ടിട്ട് ഞങ്ങളോടു പറഞ്ഞു-   അവർക്ക് ഇവിടെയിരുന്ന് വീശണമെന്ന്. അതൊന്നും ഇവിടെ പറ്റില്ല. പുറകിലെങ്ങാനും പോയിരുന്ന് ആയിക്കോ എന്നു പറഞ്ഞു ഞാൻ ഓടിച്ചു വിട്ടു! 

കാരൂർ സാറിന്റെ മരണശേഷം കേരള സാഹിത്യ അക്കാദമി കോട്ടയത്ത് അനുസ്‌മരണച്ചടങ്ങു നടത്തിയിരുന്നു. അനുസ്‌മരണപ്രഭാഷണം ഞാനാണു നടത്തിയത്. കാരൂരിന്റെ മകൾ ബി. സരസ്വതിയായിരുന്നു ചടങ്ങിൽ അധ്യക്ഷ. ഏറെ കൗതുകമുള്ളൊരു സംഭവമാണ് അന്നവർ സദസിനോടു പങ്കുവച്ചത്. കാരൂർ മരിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം ഒരാൾ അദ്ദേഹത്തെ കാണാൻ വീട്ടിലെത്തി. കുറച്ചു ദൂരെ താമസിക്കുന്ന അയാൾ നേരത്തേ പലതവണ വീട്ടിൽ വന്നിട്ടുള്ളതാണ്. കാരൂരുമായി സംസാരിച്ചിട്ട് സ്‌ഥലം വിടും. അന്നു വന്നപ്പോഴും അയാൾ കാരൂരിനെ അന്വേഷിച്ചു. അച്‌ഛൻ മരിച്ച വിവരം മകൾ അറിയിച്ചു. കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മരണവാർത്ത പത്രത്തിലുണ്ടായിരുന്നതാണ്. അതൊക്കെ അയാൾ വായിച്ചിരിക്കുന്നു. പക്ഷേ താൻ എത്രയോ തവണ വന്നു കണ്ടിട്ടും സംസാരിച്ചിട്ടുമുള്ള ആൾ കാരൂർ നീലകണ്‌ഠപ്പിള്ളയെന്ന എഴുത്തുകാരനായിരുന്നെന്ന് അയാൾക്കറിയില്ലായിരുന്നു! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA