ADVERTISEMENT

കൊച്ചു ദുഃഖങ്ങളുടെ പച്ചത്തുരുത്തിനെക്കുറിച്ച് ആലോചിക്കുക. അവിടെ അലയടിക്കുന്ന ഒരു സംഗീതമുണ്ട്. ഏകാന്തതയുടെ ശ്രുതിയില്‍ ഒറ്റക്കമ്പിയുള്ള തംബുരുവില്‍നിന്നുയരുന്ന വിഷാദഗീതം. അടിസ്ഥാനഭാവം ദുഃഖമെങ്കിലും വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ചുള്ള പ്രതീക്ഷയും ലയിച്ചുചേര്‍ന്ന സ്വരവും താളവും. അതാണ് ഒഎന്‍വി- 

ഒരു ദുഃഖത്തിന്‍ വെയിലാറുമെന്‍ മനസ്സിലും 

ഒരു പൂ വിരിയുന്നു പേരിടാനറിയില്ല... 

പേരിടാനറിയാത്ത ദുഃഖത്തിന്റെ നിത്യഗായകനാണ് ഒഎന്‍വി. പേരിടാനറിയാത്ത ദുഃഖങ്ങളുടെ തടവുകാരാണ് നമ്മള്‍ ഓരോരുത്തരും. അതുകൊണ്ടുതന്നെ ഒഎന്‍വി നമുക്ക് പ്രിയപ്പെട്ട കവി മാത്രമല്ല, ഗായകന്‍ മാത്രമല്ല, നമ്മുടെ ഒരു ഭാഗം തന്നെയാണ്. നാം തന്നെയാണ്. നമ്മിലെ നാം അറിയപ്പെടാത്ത ആത്മഭാവമാണ്. 

കേവലം മര്‍ത്യഭാഷ കേള്‍ക്കാത്ത വ്യക്തി പോലും ഒഎന്‍വിയുടെ പാട്ട് അറിയുന്നുണ്ട്, അനുഭവിക്കുന്നുണ്ട്, ഉള്‍ക്കൊള്ളുന്നുണ്ട്. കവിതയും ഗാനവും എന്നും മലയാളത്തില്‍ രണ്ടു വിഭാഗങ്ങളാണ്. പരസ്പരം വേര്‍പിരിഞ്ഞുനില്‍ക്കുന്ന രണ്ടു ധാരകള്‍. ഒരുപക്ഷേ ഒഎന്‍വി ആയിരിക്കും കവിതയെ ആദ്യമായും അവസാനമായും ഗാനവുമായി ഇണക്കിച്ചേര്‍ത്തതും ഗാനത്തില്‍ കവിതയെ ഉള്‍ക്കൊള്ളിച്ചതും. 

ജ്ഞാനപീഠ സമ്മാനം ലഭിക്കേണ്ട കവികള്‍ മലയാളത്തില്‍  ജി.ശങ്കരക്കുറുപ്പിനുശേഷം അനേകം പേരുണ്ട്. പി.കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി... ആ നിര നീളുന്നു. അവര്‍ക്കൊന്നും കയറാനാവാത്ത ജ്ഞാനപീഠത്തിലേക്ക് ഒന്‍വിയെ കൈപിടിച്ച് ഉയര്‍ത്തിയത് ആ കവിത മാത്രമല്ല, ഗാനങ്ങള്‍ കൂടിയാണ്. പ്രത്യേകിച്ചും നാടകഗാനങ്ങളും ചലച്ചിത്രഗാനങ്ങളും. പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നവളെക്കുറിച്ചുള്ള നാടകഗാനം മുതല്‍ ചൈത്രം ചായം ചാലിച്ചതും അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്നതുമുള്‍പ്പെടെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ ഗാനങ്ങള്‍. രണ്ടോ രണ്ടരയോ മണിക്കൂര്‍ ഒരു തിയറ്ററില്‍ ജീവിക്കേണ്ട ഗാനശകലങ്ങളെ മലയാളിയുടെ എന്നുമുള്ള ജീവിതത്തിന്റെ സ്വരവും താളവൂമാക്കിയ ലയഭംഗിയാര്‍ന്ന വരികള്‍. 

തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു... 

ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീ എന്റെ മുന്നില്‍ നിന്നു... 

ഒരു ജോലിയുടെ ഭാഗമായെന്നോണം ചലച്ചിത്രഗാനരചന നിരന്തരമായി തുടര്‍ന്നതിനൊപ്പമാണ് ഗൗരവമുള്ള കവിതയുടെ കൈവഴിയിലൂടെ തന്റെ ഒറ്റത്തോണിയില്‍ ഒഎന്‍വി യാത്ര തുടര്‍ന്നതും. അവിടെ പ്രത്യയശാസ്ത്രത്തിന്റെ പരിമിതികളും ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ആശയങ്ങളുടെ കരുത്തും അവ പരാജയപ്പെട്ടപ്പോഴുള്ള നിഷ്ഫലതയും ഉണ്ടായിരുന്നു. എങ്കിലും എന്നും ശുഭപ്രതീക്ഷയുടെ തംബുരുവില്‍ വാഗ്ദത്ത ഭൂമിയെക്കുറിച്ച് അദ്ദേഹം ആവേശഭരിതനായി പാടി. സഹജീവിയുടെ കണ്ണിലെ കണ്ണീരില്‍ കവിത കണ്ടു. ആരുമറിയാതെ ചൊരിയുന്ന കണ്ണീരില്‍ കവിത കേട്ടു. തന്നെ വണങ്ങുന്ന കേവലരെപ്പോലെ നിത്യനിദാനങ്ങളൊന്നുമില്ലെങ്കിലും അമ്പലമണി പോലും മുഴങ്ങാത്ത കോവിലില്‍ ആര്‍ക്കോ വേണ്ടി പുഞ്ചരിച്ച ദേവന്റെ നിത്യസാന്നിധ്യവും അറിഞ്ഞു. 

പുതുതലമുറയ്ക്ക് ഒഎന്‍വി ഒരു പുരാതന കിന്നരം ആയിരിക്കും. ആ കിന്നരത്തില്‍ നിന്ന് ഉതിരുന്നതാകട്ടെ ആധുനിക യുഗത്തിലും മനസ്സു മന്ത്രിക്കുന്ന നിസ്സഹായ ദുഃഖങ്ങളും ദുരിതങ്ങളുമായിരിക്കും. അവയ്ക്ക് അവസാനമില്ല. മനുഷ്യനുള്ള കാലത്തോളം. ഭൂമിയുള്ള കാലത്തോളം. 

രാത്രിമഴ പെയ്തു തോര്‍ന്ന നേരം..

ഇലച്ചാര്‍ത്തില്‍.... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com