നിങ്ങളെന്തുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞത്?

HIGHLIGHTS
  • മിക്കവാറും എല്ലാ താരങ്ങളുടെയും മുകളിലാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സ്ഥാനം.
  • കമലഹാസന്‍ നിരീശ്വരവാദിയായിട്ടുണ്ടെങ്കില്‍ അത് എന്റെ സ്വാധീനത്തില്‍ സംഭവിച്ചാതാകാം.
Prem Nazir
പ്രേം നസീർ
SHARE

ഉയർന്ന സാക്ഷരതാനിരക്കാണ് കേരളത്തിന്റെ രാഷ്ട്രീയ തിരഞ്ഞെടുപ്പിനെ നിർണയിക്കുന്നതെന്ന് ചലിച്ചിത്ര താരം ചാരുഹാസൻ. കൃതി പുസ്തകമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നിങ്ങളെന്തുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞത്? നിങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ട്. മലയാളികള്‍ വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകിയപ്പോൾ തമിഴ്‌നാട്ടിൽ സിനിമയ്ക്കായിരുന്നു പ്രാധാന്യം. ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ 3000 തീയറ്ററുകളുണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നോര്‍ക്കണം. രാജ്യത്തെ 10%-ല്‍ താഴെ എണ്ണം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30% തീയറ്ററുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ പൊതുവേ ഇത് കൂടുതലായിരുന്നു. കേരളത്തില്‍ 1200, കര്‍ണാടകത്തില്‍ 1400. ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്‌കൂളില്‍പ്പോയി. ചാരുഹാസൻ പറഞ്ഞു.

കമലഹാസന്‍ നിരീശ്വരവാദിയായിട്ടുണ്ടെങ്കില്‍ അത് തന്റെ സ്വാധീനത്തില്‍ സംഭവിച്ചാതാകാം. തന്നേക്കാള്‍ 24 വര്‍ഷം ഇളയതാണ് കമല്‍. അപ്പോള്‍ ആ സ്വാധീനം വലുതാകുമല്ലൊ. ഈശ്വരവിശ്വാസവും നിരീശ്വരവാദവുമെല്ലാം കുട്ടിക്കാലം മുതലേ ആരംഭിക്കുന്ന ഇത്തരം സ്വാധീനങ്ങളുടേയും ബന്ധങ്ങളുടേയും മാത്രം ഫലമാണ്. ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ നിരീശ്വരവാദം പ്രചരിപ്പിക്കാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടാകണം. ഇനി ഒരിക്കല്‍ ദൈവം വന്ന് ചാരുഹാസന്‍, ദേ, ഞാന്‍ ദൈവമാണ് എന്നു പറഞ്ഞ് മുന്നില്‍ നിന്നാല്‍ ഞാന്‍ ആ ദൈവത്തിന്റെ കാല്‍ക്കല്‍ വീഴാം.

Charuhasan
ചാരുഹാസൻ

തമിഴ്‌നാട്ടുകാര്‍ വികാരത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാല്‍ കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നതെന്നും ചാരുഹാസന്‍ പറഞ്ഞു. 

എല്ലാവരും ലോകം നശിച്ചു കൊണ്ടിരിക്കുന്നു എന്ന മട്ടില്‍ നിരാശക്കഷായം കുടിച്ച് ജീവിക്കുമ്പോള്‍ ചാരുഹാസന്‍ പറയുന്നത് ലോകം മുന്നേറുകയാണെന്നാണ്. 'സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് മദ്രാസിലെ ടോപ് വക്കീലായരുന്നു എന്റെ അച്ഛന്‍. നമുക്കന്ന് വലിയ നേതാക്കളുമുണ്ടായിരുന്നു. പക്ഷേ എനിക്ക് ചെരിപ്പില്ലായിരുന്നു. ഇപ്പോള്‍ നോക്കൂ, എന്റെ കാലുകളില്‍ ചെരുപ്പുണ്ട്. ഇപ്പോഴത്തെ നേതാക്കന്മാരാണ് പണ്ടത്തെ നേതാക്കളേക്കാള്‍ ഭേദം. നാളത്തെ നേതാക്കള്‍ ഇതിലും നന്നായിരിക്കും. ഈ മുത്തച്ഛന്റെ ജീവിതത്തേക്കാള്‍ നന്നായി മക്കളുടെ ജീവിതം, അതിനേക്കാള്‍ നന്നാവും കൊച്ചുമക്കളുടെ ജീവിതം,' 

തമിഴ്‌നാട്ടിലെ മിക്കവാറും എല്ലാ താരങ്ങളുടേയും മുകളിലാണ് മമ്മൂട്ടിയുടേുയം മോഹന്‍ലാലിന്റേയും സ്ഥാനം. മലയാള സിനിമയും തമിഴ് സിനിമയേക്കാള്‍ ഏറെ മികച്ചതാണെന്നും ഒരു ചോദ്യത്തിനുത്തരമായി ചാരുഹാസന്‍ പറഞ്ഞു. 

പെരിയാര്‍ ഇ വി രാമസ്വാമിയെ കണ്ടാണ് കുട്ടിക്കാലത്ത് ഞാന്‍ വളര്‍ന്നത്. 16 വയസ്സില്‍ അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി കേട്ടു. അണ്ണാദുരെ അധികാരം ആഗ്രഹിച്ചു. അങ്ങനെയാണ് അവര്‍ തെറ്റിയത്. പെരിയാര്‍ ഒരിക്കലും അധികാരം ആഗ്രഹിച്ചില്ല. സമൂഹത്തില്‍ മാറ്റം വരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 

കമലഹാസന്റെ ജ്യേഷ്ഠനും, നടി സുഹാസിനിയുടെ പിതാവുമാണ് ചാരുഹാസൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA