ഇരുട്ടില്‍, മഴയില്‍, മഞ്ഞില്‍ നിലാവെഴുതിയ പ്രണയഗീതം

love
SHARE

രഹസ്യമാണത്; മണല്‍ത്തരികളുടെ പ്രണയം. അതിനവരെ പ്രാപ്തരാക്കുന്നതോ അവരുടെ അദ്ഭുതസിദ്ധിയും. ഉദയാസ്തമയങ്ങള്‍ക്കു തൊട്ടുമുന്‍പാണവര്‍ പ്രണയത്തില്‍ ഒന്നാകുന്നത്. അപ്പോഴവര്‍ മനുഷ്യരായി മാറും. ചിരിക്കും, കരയും, കലഹിക്കും. കെട്ടിപ്പിടിക്കും, ഉമ്മവെക്കും. ഇരുട്ടോ വെളിച്ചമോ പരന്നുതുടങ്ങിയാല്‍ അവ മണല്‍ത്തരികളായിത്തന്നെ മാറും. ഒരു ജീവിതത്തില്‍ത്തന്നെ പ്രണയത്തിന്റെ അപരജന്‍മവും ജീവിക്കുന്ന മണല്‍ത്തരികള്‍. അവരുടെ പ്രണയത്തിന്റെ ഇതിഹാസം കിളികള്‍ മരക്കൊമ്പുകളില്‍ കൂടു കൂട്ടുന്നതുപോലെ വാക്കുകളില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട് ടി.പി. രാജീവന്‍. സദാചാരത്തിന്റെ കഴുകന്‍ കണ്ണുകള്‍ക്കു കാണാന്‍ കഴിയാത്ത ഉയരമുള്ള മരത്തിന്റെ ആരും കാണായിടത്ത്. ഒരു കാറ്റിലും ഉലയാത്ത ഒരു കിളിക്കൂട്. പ്രണയത്തില്‍ മാത്രം തുറക്കുന്ന കണ്ണുകള്‍കൊണ്ടു വായിച്ചാല്‍ തെളിഞ്ഞുവരുന്ന ഹൃദയാക്ഷരങ്ങള്‍. അതാണു പ്രണയശതകം എന്ന കവിത; പ്രണയഹൃദയത്തിന്റെ നൂറു ഭാവങ്ങള്‍. ആധുനിക കവിത മലയാളത്തിനു സമ്മാനിച്ച ഏറ്റവും തിളക്കമുള്ള പ്രണയകവിത. പ്രണയം മനുഷ്യരെ തിളക്കമുള്ളവരാക്കുന്നതെങ്ങനെയെന്നു കാണിച്ചുതരുന്ന അദ്ഭുതസൃഷ്ടി. മൗലിക ഭാവനയും ഉദാത്ത കാവ്യതേജസ്സും വാക്കുകളെ കവിതയാക്കുന്നത് അനുഭവിപ്പിക്കുന്ന ‘മാജിക്കല്‍ റിയലിസം’. 

tp-rajeevan

പൂമ്പാറ്റകളെപ്പറ്റി 

പൂക്കള്‍ക്കെന്നും പരാതിയേയുള്ളൂ, 

എന്നെപ്പറ്റിയുള്ള 

നിന്റെ സ്വപ്നങ്ങളെപ്പറ്റി എനിക്കും, 

എത്ര കുറച്ചുനേരമാണ് 

അവ ചുറ്റും പാറിക്കളിക്കുന്നത് ! 

സ്വപ്നങ്ങള്‍ പോലെ ഹ്രസ്വമായ കാവ്യശകലങ്ങളിലൂടെയാണ് പ്രണയശതകവും പുരോഗമിക്കുന്നത്. രണ്ടു വ്യക്തികളുടെ ഉപരിപ്ളവമായ പ്രണയം എന്ന സങ്കല്‍പത്തില്‍നിന്നുമാറി പ്രകൃതി നാനാജാതി വൈവിധ്യങ്ങളോടെയും വ്യത്യസ്തതകളോടെയും മുടിയഴിച്ചാടുന്ന വന്യസങ്കല്‍പങ്ങള്‍. അവയെ പ്രിയതരമാക്കുന്നതോ പ്രണയത്തിന്റെ പരിഭവങ്ങളും പരിപൂര്‍ണതയും. പ്രകൃതി മാത്രമല്ല, മനുഷ്യന്‍ നിര്‍മിച്ച മാളികപോലും പറന്നുയരുന്ന അദ്ഭുതം കാണാം പ്രണയശതകത്തില്‍. അഴിമുഖവും പക്ഷികളും ചെറുദ്വീപും നക്ഷത്രങ്ങളും പകലുറക്കത്തിലായിരുന്ന കിളികളും മാത്രമല്ല ജീവനില്ലാത്ത ഒരു മാളിക പോലും ജീവന്‍വച്ചു പറന്നുപോകുന്ന അദ്ഭുതവുമുണ്ട് പ്രണയശതകത്തില്‍. 

പഴയ മാളികയിലെ പ്രാവുകള്‍ ഒന്നിച്ചു പറന്നുപോയ നിമിഷം. നിന്നെ ഓര്‍മിച്ച നിമിഷം. അതേ നിമിഷത്തില്‍ മറ്റൊരു പ്രാവായി പറന്നുയര്‍ന്നു മാളികയും. 

മണ്ണില്‍ വീണ ഒരു വിത്തു പോലെ ഹൃദയത്തില്‍ ഇടംപിടിച്ച ഒരു മുഖമാണു പ്രണയം. അതു പനിനീര്‍ച്ചെടിയായി വളരണം. നട്ടപ്പോള്‍, വളര്‍ന്നപ്പോള്‍ ആ കൊമ്പില്‍ പൂക്കളും സുഗന്ധവും ഉണ്ടായിരുന്നില്ല. പ്രണയിനിയാകട്ടെ നടാതെതന്നെ പൂത്തുലയുന്നു എന്നതാണ് പ്രണയശതകത്തിന്റെ അതിശയം. മഴ തോര്‍ന്നു മരങ്ങള്‍ പെയ്യുമ്പോള്‍ അസാന്നിധ്യത്തിന്റെ വേദന കാടായി പുഴ കടന്നുവരുന്നതിന്റെ നിത്യാഭ്ദുതം. 

കാമുകി വരുന്നതിനെക്കുറിച്ച് അറിയിപ്പു തന്നത് ഇലഞ്ഞിമരം. മ‍ഞ്ഞുതുള്ളികള്‍ കുടഞ്ഞുകളഞ്ഞ്. വന്നതിനുശേഷമോ അവള്‍ പറയുന്നതൊന്നും അവനു മനസ്സിലായില്ല. അതുകൊണ്ടെന്ത്. വയല്‍വരമ്പിലെ കൈതക്കാടുകള്‍ ഒന്നിച്ചു പൂത്തു. ഒടുവില്‍ അവള്‍ മടങ്ങിയപ്പോള്‍ സാന്നിധ്യത്തിന് തെളിവായി ആകെയുള്ളത് ദു:ഖിതരായി പറന്നുപോകുന്ന പൂമ്പാറ്റകളും. 

ഞാന്‍ തോട്ടക്കാരനും

നീ ചെടിയുമായിരുന്നെങ്കില്‍ 

നിന്നെ നനച്ചും തലോടിയും 

നീ തളിര്‍ക്കുന്നതും പൂക്കുന്നതും കാത്തും 

എനിക്കു കാലം കഴിക്കാമായിരുന്നു; 

പക്ഷേ, രാത്രി 

നിന്നെ സ്വപ്നം കണ്ടു ഞാനുറങ്ങുമ്പോള്‍ 

ഇരുട്ടില്‍, മഴയില്‍, മഞ്ഞില്‍ 

നീ ഒറ്റയ്ക്കായിരിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ 

ഈ മരുഭൂമിയില്‍ 

ഉച്ചവെയിലില്‍ 

ഒരൊറ്റ മരമായി 

ഞാന്‍ കത്തുന്നു. 

കത്തുന്ന ഒറ്റമരക്കാടുകളുടെ വിരഹഗീതം കൂടിയാണ് പ്രണയശതകം. വേദനിപ്പിക്കാത്ത സ്നേഹമില്ലല്ലോ; അവസാനിക്കാത്ത സന്തോഷവും. എങ്കിലും സൃഷ്ടിയുടെ ഒരിക്കലും പൂവണിയാത്ത ഒരു സ്വപ്നത്തില്‍ പ്രണയം സാക്ഷാത്കരിക്കപ്പെടുന്നതിന് നൂറാമത്തെ കവിത സാക്ഷി. 

ദൈവമായിരുന്നെങ്കില്‍ എന്ന ആഗ്രഹം. എങ്കില്‍ മറ്റൊരു ദൈവത്തെ സൃഷ്ടിക്കാമായിരുന്നു. ദൈവത്തിന്റെ എല്ലാ ചുമതലകളും ആ സൃഷ്ടിക്കു കൊടുത്തിട്ട് ഏറ്റവും നിര്‍വൃതിദായകമായ ഒരേയൊരു പ്രവൃത്തിയില്‍ മാത്രം മുഴുകാമായിരുന്നു: 

നിന്റെ കണ്ണില്‍ മാത്രം

നോക്കിയിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA